Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടെൻഡർ വിളിക്കാതെ നിയമസഭാ ഡിജിറ്റലാക്കാനുള്ള 40 കോടിയുടെ പണിയുടെ കരാർ സിപിഎം ബന്ധമുള്ള ഊരാളുങ്കൽ സൊസൈറ്റിക്ക്; സർക്കാർ നടപടി ടെൻഡർ ഇല്ലാതെ കരാർ നൽകരുതെന്ന സി.എ.ജിയുടെ നിർദ്ദേശം മറികടന്ന്; ഊരാളുങ്കലിനെ തിരഞ്ഞെടുത്തത് കേന്ദ്രസർക്കാരിന്റെ എൻ.ഐ.സി, കെൽട്രോൺ, സി-ഡിറ്റ് തുടങ്ങിയ പ്രമുഖരെ തഴഞ്ഞ്; താത്പര്യപത്രത്തിന്റെയും പദ്ധതി രൂപരേഖയുടെയും അടിസ്ഥാനത്തിൽ ഊരാളുങ്കലിനെ നിശ്ചയിച്ചെന്ന് സ്പീക്കർ; ഡിജിറ്റൽ നിയമസഭ കരാറിൽ അഴിമതി പുകയുന്നു

ടെൻഡർ വിളിക്കാതെ നിയമസഭാ ഡിജിറ്റലാക്കാനുള്ള 40 കോടിയുടെ പണിയുടെ കരാർ സിപിഎം ബന്ധമുള്ള ഊരാളുങ്കൽ സൊസൈറ്റിക്ക്; സർക്കാർ നടപടി ടെൻഡർ ഇല്ലാതെ കരാർ നൽകരുതെന്ന സി.എ.ജിയുടെ നിർദ്ദേശം മറികടന്ന്; ഊരാളുങ്കലിനെ തിരഞ്ഞെടുത്തത് കേന്ദ്രസർക്കാരിന്റെ എൻ.ഐ.സി, കെൽട്രോൺ, സി-ഡിറ്റ് തുടങ്ങിയ പ്രമുഖരെ തഴഞ്ഞ്; താത്പര്യപത്രത്തിന്റെയും പദ്ധതി രൂപരേഖയുടെയും അടിസ്ഥാനത്തിൽ ഊരാളുങ്കലിനെ നിശ്ചയിച്ചെന്ന് സ്പീക്കർ; ഡിജിറ്റൽ നിയമസഭ കരാറിൽ അഴിമതി പുകയുന്നു

പി വിനയചന്ദ്രൻ

തിരുവനന്തപുരം: നിയമസഭ കടലാസ് രഹിത ഡിജിറ്റൽ സഭയാക്കി മാറ്റാനുള്ള കരാർ സിപിഎം നിയന്ത്രണത്തിലുള്ള കോഴിക്കോട്ടെ ഊരാളുങ്കൽ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സൈബർ പാർക്കിന് നൽകിയതിനെച്ചൊല്ലി വിവാദം. കേന്ദ്ര സർക്കാരിന്റെ നാഷണൽ ഇൻഫോമാറ്റിക് സെന്റർ (എൻ.ഐ.സി), കേരളത്തിലെ കെൽട്രോൺ, പൊതുമേഖലാ സ്ഥാപനമായ സി-ഡിറ്റ് എന്നിവയെ തഴഞ്ഞാണ് ഊരാളുങ്കലിനെ ഡിജിറ്റൽ വത്കരണത്തിന്റെ കരാർ ഏൽപ്പിച്ചത്. ടെൻഡർ വിളിച്ച്, ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്യുന്നവർക്ക് കരാർ നൽകണമെന്നാണ് ചട്ടമെങ്കിലും, ടെൻഡർ വിളിച്ചിട്ടില്ലെന്നും താത്പര്യപത്രം (എക്സ്‌പ്രഷൻ ഓഫ് ഇന്ററസ്റ്റ്) ക്ഷണിക്കുക മാത്രമാണ് ചെയ്തതെന്നും സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ വെളിപ്പെടുത്തിയതോടെയാണ് കള്ളക്കളിയുടെ ചുരുളഴിഞ്ഞത്. വേഗത്തിൽ പണി തീർക്കാനുള്ള ഊരാളുങ്കലിന്റെ കഴിവ് പരിഗണിച്ച് അവരെ പണി ഏൽപ്പിച്ചതായാണ് വിവരം. ഈ സർക്കാരിന്റെ തുടക്കം മുതൽ ഊരാളുങ്കലിന് വഴിവിട്ട സഹായം ചെയ്യുന്നതിനെതിരേ സഭയ്ക്കകത്തും പുറത്തും പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു.

കേന്ദ്രസർക്കാരിന്റെ നാഷണൽ ഇ-വിധാൻ സഭ എന്ന സോഫ്റ്റ്‌വെയർ ലഭ്യമായിരിക്കെയാണ് 40കോടി ചെലവിൽ ഊരാളുങ്കലിന്റെ സ്വകാര്യ സോഫ്റ്റ്‌വെയർ വാങ്ങുന്നത്. സംസ്ഥാനത്തിന്റെ പൊതു സാമ്പത്തിക സ്ഥിതി, ക്രമസമാധാന പ്രശ്നങ്ങൾ, കണക്കുകൾ അടക്കം സമഗ്രമായ വിവരങ്ങളാണ് നിയമസഭയുടെ വിവരശേഖരത്തിലുള്ളത്. ഇതും നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ലൈബ്രറിയും സ്വകാര്യ സോഫ്റ്റ്‌വെയറിൽ ഡിജിറ്റലാക്കുന്നതിൽ കള്ളക്കളിയുണ്ടെന്നാണ് ആരോപണം. വിവരങ്ങൾ വിറ്ര് കാശാക്കാൻ വഴിയൊരുക്കുമെന്നും ആശങ്കയുണ്ട്. എംഎ‍ൽഎമാർക്ക് ഏത് രേഖയും വിരൽത്തുമ്പിൽ ലഭ്യമാക്കുമെന്നും നിയമസഭയിൽ വരുന്ന വിവരങ്ങൾ നിശ്ചിതസമയത്തിന് മുൻപ് എംഎ‍ൽഎമാർക്ക് മുന്നിലുള്ള ലാപ്‌ടോപ്പിൽ ലഭ്യമാവുമെന്നുമാണ് സ്പീക്കർ പറയുന്നത്.

ഇതിനായി നിയമസഭയ്ക്കുള്ളിൽ അതിവേഗ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കും. ഇപ്പോൾ സഭയ്ക്കുള്ളിൽ മൊബൈൽ ഡാറ്റാ ജാമർ സ്ഥാപിച്ചിരിക്കുകയാണ്. സ്പീക്കറുമായുള്ള ആശയവിനിമയം, ബഡ്ജറ്റ് അവതരണം, ബഡ്ജറ്റ് വിശദാംശങ്ങൾ എന്നിവയെല്ലാം ഡിജിറ്റലാവും. സഭയുടെ ലൈബ്രറിയും ആർക്കൈവ്സും ഡിജിറ്റലാവും. ഒരുവർഷം പ്രിന്റിംഗിന് 35മുതൽ 40കോടി വരെ ചെലവുണ്ട്. ഈ തുകയ്ക്ക് ഡിജിറ്റലൈസേഷൻ പൂർത്തിയാക്കാമെന്നാണ് സ്പീക്കറുടെ അവകാശവാദം. പ്രിന്റിങ് വിഭാഗത്തിലെ നിരവധി ജീവനക്കാരുടെ ജോലി പോവുന്ന ഇടപാടാണിത്.

കരാർ വിളിച്ചാണോ ഊരാളുങ്കൽ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയെ ഡിജിറ്റലൈസേഷൻ പ്‌റവർത്തനം ഏൽപിച്ചതെന്ന് മാധ്യമ പ്‌റവർത്തകർ ചോദിച്ചപ്പോൾ കരാറിന്റെ ആവശ്യമില്ലെന്നും താൽപര്യപത്‌റം ക്ഷണിച്ചാണ് ഇവരെ തെരഞ്ഞെടുത്തതെന്നും സ്പീക്കർ പറഞ്ഞു. സൊസൈറ്റിയുടെ വൈദഗ്ധ്യവും പദ്ധതി സമയത്തു തീർക്കാനുള്ള മികവും പരിഗണിച്ചാണ് പദ്ധതി ഇവരെ ഏൽപിച്ചത്. കെൽട്‌റോൺ അടക്കമുള്ള സർക്കാർ ഏജൻസികളും താൽപര്യപത്‌റം ക്ഷണിച്ചപ്പോൾ പങ്കെടുത്തിരുന്നു- സ്പീക്കർ വ്യക്തമാക്കി. എന്നാൽ കെൽട്രോണിനെ തഴഞ്ഞ് ഊരാളുങ്കലിനെ വളർത്താൻ എൽ.ഡി.എഫ് സർക്കാർ നടത്തുന്ന ശ്രമങ്ങൾ നേരത്തേയും വിവാദമായിരുന്നു.

2012-ൽ മാത്രമാണ് ഉരാളുങ്കൽ സൊസൈറ്റി സൈബർ രംഗത്തേക്ക് വന്നിട്ടുള്ളത്. എന്നാൽ ദീർഘകാലമായി രംഗത്തുള്ള സി-ഡിറ്റിനെ ഒഴിവാക്കിയത് രാഷ്ട്രീയ താൽപര്യം മാത്രം കണക്കിലെടുത്താണ്. പൊതുമരാമത്ത് വകുപ്പിലെ വൻ തുകയുടെ കരാറുകൾ സിപിഎമ്മിന് ബന്ധമുള്ള ഊരാളുങ്കൽ ലേബർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയെ ഏൽപിച്ചതിന് എതിരെ 2018ൽ പുറത്തുവന്ന സി.എ.ജി (കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ) റിപ്പോർട്ടിൽ രൂക്ഷവിമർശനമുണ്ടായിരുന്നു. 809.93 കോടി രൂപയുടെ പ്രവൃത്തികളാണ് ടെണ്ടർ വിളിക്കാതെ ഊരാളുങ്കൽ ലേബർ കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് നൽകിയത്. ടെണ്ടർ ഇല്ലാതെ കരാർ നൽകിയത് വഴി ഊരാളുങ്കൽ സൊസൈറ്റിക്ക് അനർഹമായ ആനുകൂല്യം കിട്ടിയെന്നാണ് വിമർശനം. കരാറുകൾ നൽകിയതിൽ ഗുരുതരമായ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് സി.എ.ജി റിപ്പോർട്ട് കുറ്റപ്പെടുത്തുന്നുണ്ട്. ഇത്തരത്തിൽ വിമർശനം ഏറ്റുവാങ്ങിയ സ്ഥാപനത്തെ വീണ്ടും സൈറ്റ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിയോഗിച്ചതിലും ദുരൂഹതയുണ്ട്.

നിയമസഭ ഡിജിറ്റൽവത്കരണത്തിനു പുറമേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെയും പൊതുജന പരാതി പരിഹാര സെല്ലിന്റെയും പോർട്ടലുകളായ സി.എം.ഡി.ആർ.എഫിനും സി.എം.ഒയ്ക്കും പുറമേ നിരവധി സൈറ്റുകൾ സി-ഡിറ്റിൽ നിന്നും സ്വകാര്യ സ്ഥാപനങ്ങളിലേക്ക് മാറ്റാൻ നീക്കം നടക്കുന്നുണ്ട്. കെ.എസ്.എഫ്.ഇ, കെ.എസ്.ആർ.ടി.സി ഓൺലൈൻ റിസർവേഷൻ, കേരള സർക്കാർ പദ്ധതിയായ ഓൺലൈൻ ടാക്‌സി, വിവിധ വകുപ്പുകളിലെ ഫയലിൽ ഉദ്യോഗസ്ഥരുടെ ആശയവിനിമയം ഡിജിറ്റലൈസ് ചെയ്യുന്നതിനായി രൂപീകരിക്കുന്ന കേരള കമ്യൂണിക്കേഷൻ സർവീസിന്റെ വെബ്‌സൈറ്റ് എന്നിവയാണ് സി-ഡിറ്റിൽ നിന്നും മാറ്റി സ്വകാര്യ സ്ഥാപനങ്ങൾക്ക് നൽകാനുള്ള നീക്കം സജീവമാക്കിയിട്ടുള്ളത്. സൈറ്റുകളുടെ പ്രവർത്തന നിർവഹണ ചുമതല സ്വകാര്യ സ്ഥാപനങ്ങളെ ഏൽപിക്കുക വഴി നിലവിൽ സി-ഡിറ്റിന് ലഭിക്കുന്ന വരുമാനത്തിൽ ഗണ്യമായ കുറവുണ്ടാവും.

കെ.എസ്.എഫ്.ഇ സൈറ്റിന്റെ പ്രവർത്തനങ്ങൾ സ്വകാര്യ കമ്പനിയായ ഓസ്പിന് നൽകാനുള്ള ശ്രമങ്ങളാണ് ഊർജിതമാക്കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി കെ.എസ്.എഫ്ഇയുടെ പുതിയ ലോഗോ ഓസ്പിനാണ് നിർമ്മിച്ച് നൽകിയത്. സ്വകാര്യ കമ്പനിയായ ഓസ്പിന്റെ ലോഗോയോട് സാമ്യമുള്ള ലോഗോയാണ് ഇപ്പോൾ കെ.എസ്.എഫ്.ഇ ഉപയോഗിക്കുന്നത്. ലോഗോ നിർമ്മാണം, പുറത്തിറക്കൽ ചടങ്ങ് എന്നിവയ്ക്കായി ഒരു കോടി രൂപയോളം ചെലവഴിച്ചെന്നും ആരോപണമുണ്ട്. തൊഴിൽ വകുപ്പിന്റെ ആഭിമുഖ്യത്തിൽ രൂപം കൊള്ളുന്ന കേരള സർക്കാരിന്റെ ഓൺലൈൻ ടാക്‌സി സംവിധാനത്തിന്റെ വെബ്‌സൈറ്റ് നിർമ്മാണ ജോലികൾ ഊരാളുങ്കൽ സൊസൈറ്റിയെ ഏൽപിക്കാൻ തീരുമാനമായിട്ടുണ്ട്.

സംസ്ഥാന ആസൂത്രണ വകുപ്പ് സാമ്പത്തിക സഹായം ചെയ്യുന്ന പദ്ധതി ഊരാളുങ്കൽ സൊസൈറ്റി നൽകിയ പദ്ധതി രേഖ അംഗീകരിച്ചിരുന്നു. പൊതുമേഖലാ സ്ഥാപനമായ സി-ഡിറ്റിനെ നോക്കുകുത്തിയാക്കിയാണ് സിപിഎം ബന്ധമുള്ള ഊരാളുങ്കൽ സൊസൈറ്റിക്ക് പദ്ധതി തീറെഴുതാൻ നീക്കം നടക്കുന്നത്.സി-ഡിറ്റ് നിലവിൽ ബിവറേജസ് കോർപറേഷന് വേണ്ടി ഉൽപാദിപ്പിക്കുന്ന ഹോളോഗ്രാം മുദ്രകൾ മുമ്പ് നൽകിയിരുന്ന സ്വകാര്യ സ്ഥാപനത്തിന് വിട്ടുനൽകാനുള്ള ആലോചനകളും ഊർജിതമായി നടക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP