Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

10ാംക്ലാസ് വിജയിച്ച വിദ്യാർത്ഥികളുടെ ടി.സി. നൽകണമെങ്കിൽ ചാർജ് ഒരു ലക്ഷം നൽകണം; `ടി.സി ഫീസ്` അടച്ചില്ലെങ്കിൽ അതേ സ്‌കൂളിൽ തുടർന്നും പഠിക്കണം; മക്കളെ ഇഷ്ടമുള്ള സ്‌കൂളിൽ പഠിപ്പിക്കാൻ ഇവരുടെ അനുവാദം വേണമോ എന്ന് ചോദിച്ച് രക്ഷിതാക്കൾ'; നിലമ്പൂരിലെ ഗുഡ്ഷെപ്പേർഡ് സ്‌കൂളിനെതിരെ പ്രതിഷേധം ശക്തമാകുന്നു

10ാംക്ലാസ് വിജയിച്ച വിദ്യാർത്ഥികളുടെ ടി.സി. നൽകണമെങ്കിൽ ചാർജ് ഒരു ലക്ഷം നൽകണം; `ടി.സി ഫീസ്` അടച്ചില്ലെങ്കിൽ അതേ സ്‌കൂളിൽ തുടർന്നും പഠിക്കണം; മക്കളെ ഇഷ്ടമുള്ള സ്‌കൂളിൽ പഠിപ്പിക്കാൻ ഇവരുടെ അനുവാദം വേണമോ എന്ന് ചോദിച്ച് രക്ഷിതാക്കൾ'; നിലമ്പൂരിലെ  ഗുഡ്ഷെപ്പേർഡ് സ്‌കൂളിനെതിരെ പ്രതിഷേധം ശക്തമാകുന്നു

ജംഷാദ് മലപ്പുറം

മലപ്പുറം: 10-ാംക്ലാസ് വിജയിച്ച വിദ്യാർത്ഥികളുടെ ടി.സി. ആവശ്യപ്പെട്ട് രക്ഷിതാക്കൾ സ്‌കൂളിലെത്തിയപ്പോൾ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട് സ്‌കൂൾ മാനേജ്മെന്റ്, ഒരു ലക്ഷംരൂപ അടച്ചാൽ മാത്രം കുട്ടിയുടെ ടി.സി നൽകാമെന്നും അല്ലെങ്കിൽ ഇവിടെ തന്നെ പ്ലസ്വൺ, പ്ലസ്ടു പഠനം നടത്തണമെന്നും സ്‌കൂൾ മാനേജ്മെന്റിന്റെ തിട്ടൂരം. നിലമ്പൂർ പാലുണ്ടയിൽ പ്രവർത്തിക്കുന്ന ഗുഡ്ഷെപ്പേർഡ് മോഡേൺ ഇംഗ്ലീഷ് സ്‌കൂളിലാണ് സംഭവം. വൻഫീസുകൊടുത്തുപഠിപ്പിച്ചിട്ടും കുട്ടികൾക്ക് മാർക്ക് കുറഞ്ഞതോടെയാണ് എഡ്വിനേയും, അലീനയേയും രക്ഷിതാക്കൾ 10ക്ലാസിന് ശേഷം സർക്കാർ സ്‌കൂളിലേക്ക് മാറ്റുന്നതിനെ കുറിച്ചു ആലോചിച്ചത്,

അലീനക്ക് 10ക്ലാസിൽ വെറും 62ശതമാനം മാത്രമായിരുന്നു മാർക്ക്, എന്നാൽ ടി.സി ആവശ്യപ്പെട്ട് പ്രിൻസിപ്പലിനെ കണ്ടപ്പോഴാണ് പ്ലസ്വൺ, പ്ലസ്ടു ഫീസായ ഒരു ലക്ഷം രൂപ അടച്ചെങ്കിൽ മാത്രമെ ടി.സി നൽകുകയുള്ളുവെന്ന മറുപടി ലഭിച്ചത്. തുടന്ന് രക്ഷിതാക്കൾ പ്രിൻസിപ്പലിനോട് കയർത്തതോടെയാണ് തനിക്കൊന്നും ചെയ്യാനാകില്ലെന്നും ഡയറ്കടറോട് സംസാരിക്കാനും ആവശ്യപ്പെട്ടു. എന്നാൽ ഇവിടെ പഠിക്കുന്ന കുട്ടികൾ ഏതു ക്ലാസിൽ ചേർന്നാലും പ്ലസ്ടു കഴിയുന്നത് വരെ ഇവിടെതന്നെ പഠിക്കണമെന്ന നിബന്ധനയുണ്ടെന്നും ഇതിനാലാണ് ഇത്തരത്തിൽ തീരുമാനം എടുത്തതെന്നും ഡയറക്ടർ ജോർജ് ഫിലിപ്പ് പറയുന്നത്.

അഡ്‌മിഷൻ എടുത്ത് ഏതു ക്ലാസിൽനിന്നും നിർത്തിയാലും പ്ലസ്ടു വരെയുള്ള മുഴൂവൻ ഫീസും നൽകണമെന്നാണ് മാനേജ്മെന്റ് പറയുന്നത്.
ഇത് കുട്ടികൾ അഡ്‌മിഷൻ എടുക്കുന്ന സമയത്തുതന്നെ പറയാറുണ്ടെന്നും ജോർജ്ഫിലിപ്പ് പറഞ്ഞു. എന്നാൽ തങ്ങളുടെ മക്കൾ എൽ.കെ.ജി മുതൽ ഇവിടെയാണ് പഠിക്കുന്നതെന്നും ഇവരെ ഇവിടെ അഡ്‌മിഷൻ എടുക്കുമ്പോൾ ഈ നിയമം ഉണ്ടായിരുന്നില്ലെന്നും പിന്നീടാണ് നിയമം ഉണ്ടാക്കിയതെന്നും ടി.സി ആവശ്യപ്പെട്ട അലീനയുടെ രക്ഷിതാക്കൾ പറയുന്നു, പ്ലസ് വണിന് അമ്പതിനായിരം, പ്ലസ്ടുവിന് അമ്പതിനായിരം, എന്നിങ്ങനെയാണ് ഇവിടെ ഫീസ്. ഈഫീസാണ് ടി.സി നൽകാനായി ഒരുലക്ഷമായി ആവശ്യപ്പെടുന്നത്.

വൻതുക നൽകി കുട്ടികളെ പഠിപ്പിച്ചിട്ടും ഇവർക്ക് ഇതിനുള്ള ഫലമുണ്ടാകുന്നതായി കാണാഞ്ഞിട്ടാണ് സർക്കാർ സ്‌കൂളിലേക്ക് മാറ്റാൻ ആലോചിച്ചതെന്നും ഇവർ പറയുന്നു. ഒരു വർഷം മൂന്നും നാലും അദ്ധ്യാപകർ ഇവിടെ നിന്നും മാറുന്നുണ്ടെന്നും ശേഷം പുതിയ അദ്ധ്യാപകർ വരുമ്പോൾ കുട്ടികളുടെ പഠനം സുഗമമാകുന്നില്ലെന്നും ഇവർ പരാതിപ്പെടുന്നു. ഇത്തരത്തിൽ ആറു വിദ്യാർത്ഥികളാണ് നിലവിൽ സ്‌കൂളിൽനിന്നും ടി.സി ആവശ്യപ്പെട്ടിട്ടുള്ളത്. ഇവർക്ക് ആർക്കും ഇതുവരെ ടി.സി നൽകിയിട്ടില്ല, ഒരു ലക്ഷം രൂപ ഫീസടച്ച് ടി.സി വാങ്ങാൻ കഴിയില്ലെന്ന നിലപാടിലാണ് കുട്ടികളുടെ രക്ഷിതാക്കൾ. സംഭവത്തിൽ സ്‌കൂൾ മാനേജ്മെന്റിനെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്നും രക്ഷിതാക്കൾ പറഞ്ഞു. ചൈൽഡ്ലൈനും, ബാലവകാശ കമ്മീഷനും അടക്കം പരാതി നൽകാനുള്ള ഒരുക്കത്തിലാണ് കുട്ടികളുടെ രക്ഷിതാക്കൾ, അതോടൊപ്പം സ്‌കൂളിനെതിരെ കോടതിയേയും സമീപിക്കുമെന്ന് രക്ഷിതാക്കൾ പറഞ്ഞു.

സ്ഥിരം അദ്ധ്യാപകരില്ലാത്തത് വലിയൊരു പ്രശ്നമായി രക്ഷതാക്കൾ ചൂണ്ടിക്കാട്ടുന്നു. ഇതോടൊപ്പം തന്നെ പത്താംക്ലാസ് പരീക്ഷാ സമയത്ത് കുട്ടികളുടെ സി.ഇ.ഇ മാർക്ക് കൊടുക്കുന്ന സമയത്ത് സ്‌കൂളിൽ തുടരുമെന്ന് ഉറപ്പുനൽകി രേഖാമൂലം എഴുതിക്കൊടുത്ത കുട്ടികൾക്ക് സി.ഇ.ഇ മാർക്ക് മുഴുവൻ നൽകിയതായും വിദ്യാർത്ഥികൾ ആരോപിക്കുന്നു. പത്താംക്ലാസ് വിദ്യാർത്ഥികളോട് ഇത്തരത്തിൽ വിവേചനം കാണിച്ചതെന്നാണ് പരാതി ഇതിനെതിരെയും ബാലവകാശ കമ്മീഷനിൽ പരാതി നൽകുമെന്ന് രക്ഷിതാക്കൾ പറഞ്ഞു.
എന്നാൽ ഫീസുമായി ബന്ധപ്പെട്ട സംഭവം കുട്ടികളുടെ പ്രവേശന സമയത്ത് തന്നെ രക്ഷിതാക്കളോട് പറഞ്ഞിട്ടുണ്ടെന്നാണ് സ്‌കൂൾ ഡയറ്കടർ ജോർജ്ഫിലിപ്പ് പറയുന്നത്. കുട്ടികൾ ഏതു ക്ലാസിൽനിന്നും പിരിഞ്ഞു പോകുകയാണെങ്കിലും പ്ലസ്ടുവരെയുള്ള ഫീസ് നൽകേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. കാരണം ഒരുവിദ്യാർത്ഥി പെട്ടെന്ന് നിർത്തിപ്പോയാൽ ആ സ്ഥാനത്ത് പിന്നെ മറ്റൊരു കുട്ടിയെ കിട്ടില്ലെന്നും അതിനാലാണ് ഇത്തരത്തിൽ നിയമംവെച്ചതെന്നും അദ്ദേഹം പറയുന്നു.

ഇത് രക്ഷിതാക്കൾക്ക് രേഖാമൂലം നൽകിയ കുറിപ്പിലും പറയുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 20ഏക്കറിൽ പാലുണ്ടയിൽ പ്രവർത്തിക്കുന്ന സ്‌കൂൾ താൻ ഒരു കമ്മ്യൂണിറ്റി സർവീസ് ആയാണ് കാണുന്നതെന്നും ഇതിൽ വലിയ ലാഭം പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു. നിയമം മാറ്റാൻ താൻ ആലോചിക്കുന്നില്ലെന്നും രക്ഷിതാക്കൾ കോടതിയിലോ, ചൈൽഡ്ലൈനിലോ പോകട്ടെയെന്നും സ്‌കൂൾ പൂട്ടാൻ ഉത്തരവുണ്ടായാൽ പൂട്ടാൻ റെഡിയാണെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക നേട്ടമുണ്ടാകാൻ താൻ സ്‌കൂളിനെ ഉപയോഗിച്ചിട്ടില്ല, താനും കുടുംബവും അമേരിക്കയിൽ താമസമാണ്, മക്കൾ അമേരിക്കൻ പൗരന്മാരാണ്,

അവിടെ ബിസിനസ്സുകളുണ്ട്, സ്‌കൂളിൽ ഫീസ് വാങ്ങുന്നത് അതിന്റെ നടത്തിപ്പിനുവേണ്ടിയുംകൂടിയാണ്, അന്താരാഷ്ട്ര നിലവാരത്തിൽ എല്ലാവിധ സൗകര്യങ്ങളോടെയുമാണ് സ്‌കൂൾ പ്രവർത്തിപ്പിക്കുന്നതെന്നും ഇതിനാൽ താൻ ഒരടി പിന്നോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.അതേ സമയം സർക്കാർ സ്‌കൂളുകളിൽ അടക്കം അഡ്‌മിഷൻ സമയം അവസാന ഘട്ടത്തിലെത്തിയിട്ടും ടി.സി നൽകാതെ അവഗണിക്കുന്നത് കുട്ടികൾക്ക് മറ്റു സ്‌കൂളുകളിൽ ഇനി ടി.സി കിട്ടിയാലും അഡ്‌മിഷൻ ലഭിക്കാനില്ല സാധ്യത കുറവാകുമെന്നും മാനേജ്മെന്റ് കളിപ്പിക്കുകയാണെന്നും രക്ഷിതാക്കൾ പരാതിപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP