Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫ്രാങ്കോ പോലും പറഞ്ഞിരിക്കുന്നത് ബലാത്സംഗമല്ല സമ്മതപ്രകാരമാണ് ബന്ധം എന്നാണ്; എന്നിട്ടും സ്റ്റേജിൽ വെച്ച് കാണിക്കണം എന്നു പറയുന്നത് നിയമവിരുദ്ധമാണ്..തെറ്റിദ്ധരിപ്പിക്കലാണ് പിതാവേ; യേശുക്രിസ്തു പഠിപ്പിച്ചിരിക്കുന്നത് കരയുന്നവരോടൊപ്പം നിൽക്കണം എന്നാണ്; ഫ്രാങ്കോ കേസിൽ സത്യമെന്ത് എന്ന് എനിക്കറിയില്ല അത് ദൈവത്തിനും ആ രണ്ടുപേർക്കുമേ അറിയാവൂ എന്ന് പ്രസംഗിച്ച മാർ ജോസഫ് പാംപ്ലാനിക്ക് മറുപടി-രണ്ടാം ഭാഗം

ഫ്രാങ്കോ പോലും പറഞ്ഞിരിക്കുന്നത് ബലാത്സംഗമല്ല സമ്മതപ്രകാരമാണ് ബന്ധം എന്നാണ്; എന്നിട്ടും സ്റ്റേജിൽ വെച്ച് കാണിക്കണം എന്നു പറയുന്നത് നിയമവിരുദ്ധമാണ്..തെറ്റിദ്ധരിപ്പിക്കലാണ് പിതാവേ; യേശുക്രിസ്തു പഠിപ്പിച്ചിരിക്കുന്നത് കരയുന്നവരോടൊപ്പം നിൽക്കണം എന്നാണ്; ഫ്രാങ്കോ കേസിൽ സത്യമെന്ത് എന്ന് എനിക്കറിയില്ല അത് ദൈവത്തിനും ആ രണ്ടുപേർക്കുമേ അറിയാവൂ എന്ന് പ്രസംഗിച്ച മാർ ജോസഫ് പാംപ്ലാനിക്ക് മറുപടി-രണ്ടാം ഭാഗം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ജലന്ധറിലെ മുൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ പീഡനക്കേസിൽ പരാതിക്കാരിയെ ഇകഴ്‌ത്തിയും മാധ്യമങ്ങളെ താറടിച്ചും സിറോ മലബാർ സഭ മീഡിയ കമ്മീഷൻ ചെയർമാനും തലശേരി അതിരൂപത സഹായ മെത്രാനുമായ മാർ ജോസഫ് പാംപ്ലാനി നടത്തിയ പ്രസംഗത്തിന്റെ വീഡിയോ വൈറലായിരിക്കുകയാണ്. കാഞ്ഞിരപ്പള്ളിയിൽ ഞായറാഴ്ച നടന്ന യുവജനങ്ങളുടെ പരിപാടിയിൽ ആണ് ബിഷപിന്റെ വിമർശനം.മാധ്യമങ്ങൾ സഭയ്ക്കെതിരെയാണ് പ്രവർത്തിക്കുന്നതെന്നും അതിന് മാധ്യമങ്ങൾക്ക് തീവ്രവാദ ശക്തികൾ പോലെയുള്ള സംഘടിത ശക്തികളിൽ നിന്ന് പണം കിട്ടുന്നുണ്ടെന്നും മാലിന്യം മാത്രം വിളമ്പുന്ന ഓൺലൈൻ മാധ്യമങ്ങളെ പൂട്ടിക്കണമെന്നും ബിഷപ് പറയുന്നു. നേരോടെ നിർഭയം, അല്ലെങ്കിൽ കച്ചവടം നടത്തുന്നവർ എന്നൊക്കെയാണ് ആഞ്ഞടിച്ചിരിക്കുന്നത്. മറുനാടൻ മലയാളിയുടെ പേര് എടുത്തുപറയുന്നില്ലെങ്കിലും, അദ്ദേഹം ചില ഒളിയമ്പുകൾ എയ്യുന്നുണ്ട്. പൂട്ടിക്കണം എന്നാണ് ആഹ്വാനം. ഇതിനു മുമ്പും മറുനാടൻ സോഷ്യൽ മീഡിയയിൽ നടത്തുന്ന ഇടപെടലിനെതിരെ ഒളിഞ്ഞും, തെളിഞ്ഞും, പ്രഭാഷണം നടത്തിയിട്ടുള്ള വ്യക്തിയാണ് മാർ പാംപ്ലാനി. അദ്ദേഹം കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾക്കുള്ള മറുപടിയുടെ രണ്ടാം ഭാഗം.

മാർ ജോസഫ് പാംപ്ലാനി മാധ്യമങ്ങൾക്കെതിരെ, പ്രത്യേകിച്ച് മറുനാടൻ അടക്കമുള്ള ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ, സോഷ്യൽ മീഡിയിൽ ഇടപെടുന്ന സ്ഥാപനങ്ങൾക്കെതിരെ ആഞ്ഞുവീശിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ നിലപാടുകൾ ഞെട്ടിക്കുന്നതാണ്. മാർ പാംപ്ലാനി ഫ്രാങ്കോ മുളയ്ക്കൽ പീഡനക്കേസിനെക്കുറിച്ച് യുവജനങ്ങളോട് സംസാരിച്ചപ്പോൾ പറഞ്ഞത് സത്യമെന്ത് എന്ന് എനിക്കറിയില്ല, അത് ദൈവത്തിനും ആ രണ്ടുപേർക്കുമേ അറിയാവൂ എന്നാണ്. ആ രണ്ടുപേർ ആരൊക്കെയാണ് എന്നു നിങ്ങൾക്കറിയാം. ഒന്ന് ഫ്രാങ്കോ മുളയ്ക്കലും മറ്റൊന്ന് ലൈംഗിക പീഡനത്തിനിരയായി എന്ന് പരാതി നൽകിയ കന്യാസ്ത്രീയുമാണ്. ഈ മൂന്നുപേർക്കു മാത്രമേ സത്യമറിയാവൂ, എന്താണ് സത്യമെന്ന് അറിയില്ലെന്നും അദ്ദേഹം പറയുന്നു. ഒപ്പം അദ്ദേഹം ഒരുപാട് കാര്യങ്ങൾ പറയുന്നു. മാധ്യമങ്ങൾ സ്വയം ജഡ്ജിമാരാകുന്നു. നിയമത്തിന് വിട്ടു കൊടുത്തിരിക്കുന്നു. നിയമം മുന്നോട്ടു വരട്ടെ. കുറ്റം തെളിയുന്നതു വരെ കുറ്റക്കാരനായി സമ്മതിക്കില്ല. ആരുടെ ഭാഗത്താണ് സത്യം എന്ന് അദ്ദേഹത്തിന് അറിയില്ല എന്നു പറയുന്നു. ഒരു പടികൂടി കടന്ന് പറയുന്നു 'സത്യമറിയാൻ 'ആ പരിപാടി' അതിന് സ്റ്റേജിൽ വെച്ചല്ലല്ലോ നടന്നതെ'ന്ന്. അതായാത് ഫ്രാങ്കോ മുളയ്ക്കൽ എന്ന ജലന്ധർ മെത്രാൻ ആ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തത് സ്റ്റേജിൽ വച്ചല്ലാത്തതിനാൽ എങ്ങനെ സത്യം അറിയുമെന്ന്.

പിതാവേ ഖേദപൂർവ്വം അങ്ങയോടു പറയട്ടെ, അങ്ങേക്ക് രാജ്യത്തെ നിയമമറിയില്ല. അറിയാമെങ്കിൽ വിശ്വാസമില്ല. സഭയുടെ നിയമം അറിയില്ല, അറിയാമെങ്കിൽ വിശ്വാസമില്ല. അങ്ങ് സത്യത്തിന്റെ പേര് പറയുന്നത് പീഡകനൊപ്പം നിന്നുകൊണ്ടാണ്. നിയമ വിരുദ്ധർക്കൊപ്പം നിന്നുകൊണ്ടാണ്, ക്രിമിനൽ കുറ്റത്തിനൊപ്പം നിന്നുകൊണ്ടാണ്.

ഒരുപടികൂടി കടന്നു പറയട്ടെ, അങ്ങ് ഇട്ടിരിക്കുന്ന ഈ തിരുവസ്ത്രം അങ്ങേക്കു ചേരുന്നതല്ല. കാരണം യേശുക്രിസ്തു പഠിപ്പിച്ചിരിക്കുന്നത് കരയുന്നവരോടൊപ്പം നിൽക്കണം എന്നാണ്. പട്ടിണിക്കാരോടൊപ്പം നിൽക്കാനാണ്. അല്ലാതെ കരയിപ്പിക്കുന്നവർക്കൊപ്പം നിൽക്കാനല്ല. രാജ്യത്തെ നിയമം എന്താണ്? ഒരു സ്ത്രീ തന്നെ ഒരാൾ പീഡിപ്പിച്ചു എന്ന് പരാതിപ്പെട്ടാൽ അത് ശരിയാണ് എന്ന് വിശ്വസിക്കണം എന്നാണ് നിയമം. അങ്ങനെയാണ് അനേകം പേർ ശിക്ഷിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ വിചാരണ വേളയിൽ അത് തെളിയിക്കാൻ കഴിയും. അല്ലെങ്കിൽ താൻ നിരപരാധിയാണ് എന്ന് തെളിയിക്കേണ്ട ബാധ്യത കുറ്റാരോപിതനായ വ്യക്തിക്കാണ്. അതുകൊണ്ടു തന്നെ ഒരു കന്യാസ്ത്രി പരാതിപ്പെട്ടാൽ രാജ്യത്തെ നിയമം അനുസരിച്ച് അത് ശരിയാണ് എന്ന് വിശ്വസിക്കണം.

മാത്രമല്ല, പൊലീസ് പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് കേസെടുത്തത്. പ്രാഥമിക അന്വേഷണത്തിൽ പരാതി ശരിയാണ് എന്ന് പൊലീസിന് ബോധ്യമായപ്പോഴാണ് കേസെടുത്തത്. ഫ്രാങ്കോ പോലും പറഞ്ഞിരിക്കുന്നത് ബലാത്സംഗമല്ല, സമ്മതപ്രകാരമാണ് ബന്ധം എന്നാണ്. എന്നിട്ടും സ്റ്റേജിൽ വെച്ച് കാണിക്കണം എന്നു പറയുന്നത് നിയമവിരുദ്ധമാണ് പിതാവേ, തെറ്റിദ്ധരിപ്പിക്കലാണ് പിതാവേ.

ഇനി സഭയുടെ നിയമം എന്താണെന്ന് നോക്കാം. അത് അങ്ങയോടു പറഞ്ഞുതരേണ്ട കാര്യമില്ല. അങ്ങ് മഹാ പണ്ഡിതനാണ്. സഭാനിയമത്തിൽ അവഗാഹമുള്ള ആളാണ്. ഒരു സഭയുടെ തലവനാണ്. ഒരു രൂപതയുടെ തലവനാണ്. അതുകൊണ്ടു തന്നെ മോട്ടു പ്രോപ്രിയോ എന്ന വാക്കിനെക്കുറിച്ച്് ഞാൻ അങ്ങേക്ക് പറഞ്ഞുതരേണ്ട കാര്യമില്ല. എന്താണ് മോട്ടു പ്രോപ്രിയോ? കാലാകാലങ്ങളിൽ സഭാതലവന്മാർ സഭയിലെ അംഗങ്ങൾക്കും പ്രത്യേകിച്ച് പുരോഹിതന്മാർക്കും മറ്റ് പ്രധാനപ്പെട്ട അംഗങ്ങൾക്കും നൽകുന്ന ഉത്തരവാണ് മോട്ടു പ്രോപ്രിയോ. ഈമോട്ടു പ്രോപ്രിയോയിൽ പോപ്പ് എന്തു പറയുന്നോ അതാണ് സഭയുടെ നിയമം.

ഏതാനും ദിവസങ്ങൾക്കു മുമ്പ് ഒരു മോട്ടു പ്രോപ്രിയോ പോപ്പ് ഫ്രാൻസിസ് പുറത്തിറക്കിയിരുന്നു. അത് സഭയിൽ വർദ്ധിച്ചുവരുന്ന ലൈംഗിക പീഡനത്തെ എങ്ങനെ നേരിടണം എന്ന് സഭാ തലവന്മാരെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു. മാധ്യമങ്ങൾ ഒക്കെ എഴുതിയതാണ്. അങ്ങും കണ്ടതാണ്. അതിനകത്ത് സ്റ്റേജിൽ വെച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാൽ മാത്രമേ ഒരു മെത്രാനെതിരെയോ വൈദികനെതിരെയോ നടപടി എടുക്കാവൂ എന്ന് പറഞ്ഞിട്ടില്ല. നേരെ മറിച്ച്, ഒരു സഭാംഗത്തിനെതിരെ, പ്രത്യേകിച്ച് ഒരു വൈദികനെതിരെയോ ഒരു കന്യാസ്ത്രീക്കെതിരെയോ ഒരു മെത്രാനെതിരെയോ അങ്ങനെ ഒരു ആരോപണം ഉണ്ടായാൽ അപ്പോൾ തന്നെ ഒരു കമ്മീഷനെ വെച്ച് അന്വേഷിക്കണം എന്നും നടപടി ഉണ്ടാവണം എന്നും മാറ്റി നിർത്തണമെന്നുമാണ് പറഞ്ഞിരിക്കുന്നത്. അത് സഭാ തലവന്മാരെ അറിയിക്കാം, അപോസ്തലിക് നൂൻഷയെ അറിയിക്കാം, പോപ്പിനെ അറിയിക്കാം.

അതായത്, ലൈംഗിക ആരോപണം ഉണ്ടായാൽ കുറ്റക്കാരനാണ് എന്ന കരുതലോടു കൂടി നേരിടുക. അങ്ങനെ മാറ്റി നിർത്തുക. അന്വേഷണം നടത്തുക. രാജ്യത്തെ നിയമംപോലെ തന്നെ അവരെ നിയമത്തിന് വിട്ടു കൊടുക്കുക. ഇതാണ് പോപ്പ് ഇറക്കിയിരിക്കുന്ന ഉത്തരവിലെ പ്രധാനപ്പെട്ട കൽപന. പോപ്പിന്റെ കൽപന അങ്ങേക്ക് ബാധകമല്ലാത്തതു കൊണ്ടാണോ, പോപ്പിന്റെ കൽപന വായിച്ചിട്ട് അങ്ങേക്ക് മനസ്സിലാകാത്തതു കൊണ്ടാണോ, പോപ്പിന്റ കൽപ്പനയേക്കാളും വലിയ കൽപന എന്റെ കൽപനയാണെന്ന് അങ്ങ് വിശ്വസിക്കുന്നതു കൊണ്ടാണോ? മാർ പാംപ്ലാനിയോട് പറയാനുള്ളത് അങ്ങ് രാജ്യത്തിന്റെ നിയമത്തെയും സഭയുടെ നിയമത്തെയും വെല്ലുവിളിച്ചിരിക്കുന്നു. അവ ലംഘിക്കാൻ യുവജനങ്ങളോട് ആഹ്വാനം ചെയ്തിരിക്കുന്നു.

അച്ചന്മാരുടെയും മെത്രാന്മാരുടെയും പീഡനം മുമ്പൊക്കെ ടെലിഫോൺ കോളിലൂടെ മാധ്യമങ്ങളിൽ വരാതെ മറച്ചുവെച്ചുകൊണ്ടിരുന്ന കാലം മാറിയതു കൊണ്ട് ഇന്ന് സോഷ്യൽ മീഡിയ ഉള്ളതുകൊണ്ട്, മറുനാടനെപ്പോലുള്ള മാധ്യമങ്ങൾ ഉള്ളതുകൊണ്ട് ജനം അറിയുന്നതു കൊണ്ട് അങ്ങേക്ക് അസ്വസ്ഥതയുണ്ടാകുന്നു. വോദനയുണ്ടാകുന്നു. സങ്കടം ഉണ്ടാകുന്നു. അതുകൊണ്ട് അങ്ങ് രാജ്യത്തിന്റെയും സഭയുടെയും നിയമം ലംഘിക്കാൻ പരസ്യമായി ആഹ്വാനം നൽകുന്നു. അങ്ങ് ചെയ്തിരിക്കുന്നത് സഭാവിരുദ്ധ പ്രവർത്തനമാണ്. അങ്ങ് ചെയ്തിരിക്കുന്നത് നിയമവിരുദ്ധ പ്രവർത്തനമാണ്. അങ്ങയുടെ പ്രസ്താവന പോപ്പിന് മുന്നിലെത്തിച്ച് അങ്ങേക്കെതിരെ അച്ചടക്ക നടപടി എടുക്കുകയാണ് വേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP