Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശ്രീകണ്ഠൻ ചേട്ടന്റെ അനുയായി ആയി തുടക്കം; സോഷ്യലിസ്റ്റ് പിന്നീട് കരുണാകരന്റെ വിശ്വസ്തനായി; കശുവണ്ടി തൊഴിലാളികളുടെ വേദനകൾ തൊട്ടറിഞ്ഞ നേതാവ്; തൊഴിലാളി ക്ഷേമനിധി അവതരിപ്പിച്ച മന്ത്രി; ലാവ്‌ലിനെ കേരളത്തിൽ നിന്ന് പടിയിറക്കിയ വൈദ്യുതി മന്ത്രി; ശാശ്വതീകാനന്ദ കൊല്ലപ്പെട്ടതാകാമെന്ന് തുറന്നു പറഞ്ഞ കൂട്ടുകാരൻ; ശബരിമലയിലെ അനാചാരങ്ങളെ എതിർക്കാർ ദൈവം സുപ്രീംകോടതിയായി അവതരിച്ചുവെന്ന് വിശ്വസിച്ച വിശ്വാസി; അന്തരിച്ച കടവൂർ ശിവദാസൻ വ്യത്യസ്തനാകുന്നത് ഇങ്ങനെ

ശ്രീകണ്ഠൻ ചേട്ടന്റെ അനുയായി ആയി തുടക്കം; സോഷ്യലിസ്റ്റ് പിന്നീട് കരുണാകരന്റെ വിശ്വസ്തനായി; കശുവണ്ടി തൊഴിലാളികളുടെ വേദനകൾ തൊട്ടറിഞ്ഞ നേതാവ്; തൊഴിലാളി ക്ഷേമനിധി അവതരിപ്പിച്ച മന്ത്രി; ലാവ്‌ലിനെ കേരളത്തിൽ നിന്ന് പടിയിറക്കിയ വൈദ്യുതി മന്ത്രി; ശാശ്വതീകാനന്ദ കൊല്ലപ്പെട്ടതാകാമെന്ന് തുറന്നു പറഞ്ഞ കൂട്ടുകാരൻ; ശബരിമലയിലെ അനാചാരങ്ങളെ എതിർക്കാർ ദൈവം സുപ്രീംകോടതിയായി അവതരിച്ചുവെന്ന് വിശ്വസിച്ച വിശ്വാസി; അന്തരിച്ച കടവൂർ ശിവദാസൻ വ്യത്യസ്തനാകുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: സോഷ്യലിസ്റ്റായി രാഷ്ട്രീയത്തിലെത്തി കോൺഗ്രസിലേക്ക് ചേക്കേറിയ രാഷ്ട്രീയ നേതാവായിരുന്നു കടവൂർ ശിവദാസൻ. കൊല്ലത്തിന്റെ മനസ്സ് അറിഞ്ഞ രാഷ്ട്രീയ വ്യക്തിത്വം. ശ്രീകണ്ഠൻ നായരുടെ ശിഷ്യൻ പിന്നീട് കരുണാകരന്റെ വിശ്വസ്തനായി. 1980 ലും 1982 ലും ആർ. എസ്‌പി സ്ഥാനാർത്ഥിയായും 1991, 1996, 2001 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായും ജയിച്ചു. 2006ൽ കുണ്ടറയിൽ എംഎ ബേബിയോട് തോറ്റതോടെ പാർലമെന്ററീ രാഷ്ട്രീയത്തിൽ നിന്ന് മാറി നിന്നു. എങ്കിലും കോൺഗ്രസ് വേദികളിൽ വേറിട്ട ശബ്ദവുമായി ഈ സോഷ്യലിസ്റ്റ് നേതാവ് എത്തി. നിയമസഭയിൽ കുണ്ടറ, കൊല്ലം മണ്ഡലങ്ങളെ പ്രതിനിധീകരിച്ചിട്ടുണ്ട്.

കെ കരുണാകരന്റെ കൊല്ലത്തെ അതിവിശ്വസ്തനായിരുന്നു കടവൂർ. ഐ ഗ്രൂപ്പ് പ്രതിനിധിയായാണ് മന്ത്രിയാകുന്നത്. അംസംഘടിത മേഖലയിലെ തൊഴിലാളികൾക്കുവേണ്ടി ക്ഷേമനിധി ബോർഡ് രൂപവത്കരിച്ചതിന് പിന്നിൽ കടവൂർ ശിവദാസന്റേതായിരുന്നു. എല്ലാ മേഖലയിലും ക്ഷേമനിധി ബോർഡ് എന്ന ആശയം തന്നെ കേരളത്തിൽ നടപ്പിൽ വന്നത് കടവൂരിന്റെ ഇടപെടൽ കാരണമാണ്. കൊല്ലത്തെ പ്രവർത്തനത്തിനിടെ കശുവണ്ടി തൊഴിലാളികളുടെ ജീവതഭാരം കടവൂർ തിരിച്ചറിഞ്ഞിരുന്നു. ഇതിൽ നിന്നാണ് തൊഴിലാളി വർഗ്ഗത്തിനായി ക്ഷേമനിധി എന്ന ആശയം അവതരിപ്പിച്ചത്. ഇത് കേരളാ മോഡൽ വികസനത്തിലെ നിർണ്ണായക ഏടായി. പിന്നീട് പല സംസ്ഥാനങ്ങളും ഈ മാർഗ്ഗം കടമെടുത്ത് തൊഴിലാളികൾക്ക് ആശ്വാസമെത്തിച്ചു.

എല്ലാവരുടെയും ചേട്ടനായി അറിയപ്പെട്ടിരുന്ന എൻ. ശ്രീകണ്ഠൻ നായരായിരുന്നു ആർഎസ്‌പിയുടെ ജീവാത്മാവും പരമാത്മാവും. സ്വതന്ത്ര കേരള റിപ്പബ്ലിക്ക് എന്ന ആശയത്തോട് വിയോജിച്ചാണ് കേരളാ സോഷ്യലിസ്റ്റ് പാർട്ടിയിൽ നിന്ന് 1949 ൽ ശ്രീകണ്ഠൻ നായരും കൂട്ടരും പുറത്ത് വന്ന് ആർഎസ്‌പിയിൽ ചേർന്നത്. 1940 മുതൽ തൃദിപ് ചൗധരിയുടെ നേതൃതത്തിൽ ദേശീയതലത്തിൽ ആർഎസ്‌പി പ്രവർത്തിച്ചിരുന്നു. ശ്രീകണ്ഠൻ നായർക്കൊപ്പം കെ.ബാലകൃഷ്ണനും ടി.കെ ദിവാകരനും ആർഎസ്‌പിക്കാരായി. പിന്നീട് ശ്രീകണ്ഠൻ നായരുടെ പാർട്ടി ദേശീയ പാർട്ടിയുമായുള്ള ബന്ധം മുറിച്ച് കേരള ആർഎസ്‌പിയായി. പിന്നീട് ദേശീയ ആർഎസ്‌പി സിപിഎം മുന്നണിയിൽ ചേക്കേറി. സ്ഥാപക നേതാവായ ശ്രീകണ്ഠൻ നായരെക്കാൾ പിന്നീട് ആർഎസ്‌പിയും അതിന്റെ നേതാക്കളും വളർന്നു.

ബേബി ജോണാകട്ടെ വലിയ രാഷ്ട്രീയതന്ത്രജ്ഞനായി. 'കേരള കിസിഞ്ജർ' എന്ന പേരും ലഭിച്ചു. ശ്രീകണ്ഠൻ നായർ ആദ്യം എംഎൽഎയും പിന്നീട് കൊല്ലത്തു നിന്നുള്ള സ്ഥിരം എംപിയുമായി. 1980 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ശ്രീകണ്ഠൻ നായർക്ക് യാതൊരു താൽപര്യവുമില്ലായിരുന്നു. മറ്റുള്ളവരുടെ നിർബന്ധത്തിൽ മത്സരിച്ചെങ്കിലും തോൽവിയായിരുന്ന ഫലം. അപ്പോഴേക്കും അധികാരത്തിൽ എത്തിയ ഇ കെ നായനാർ മന്ത്രിസഭയിൽ ആർഎസ്‌പിക്കാർ അംഗങ്ങളായി. ക്രുദ്ധനായ ശ്രീകണൻ നായർ ആർഎസ്‌പി മന്ത്രിമാരുടെ പിടിപ്പുകേടിനെ രൂക്ഷമായി വിമർശിച്ചു. ഇതിൽ പ്രതിഷേധിച്ച് 6 എംഎൽഎമാരിൽ 5 പേരും ശ്രീകണൻ നായർക്കെതിരെ തിരിഞ്ഞു.

കടവൂർ ശിവദാസൻ മാത്രമാണ് ശ്രീകണ്ഠൻ നായർക്കൊപ്പം നിന്നത്. ശ്രീകണ്ഠൻ നായരുടെ ആർഎസ്‌പിയെ സിപിഎം പുറത്താക്കി. അതോടെ ആർ എസ് പി കേരള രാഷ്ട്രീയത്തിൽ ഇല്ലാതായി. 1990ൽ കടവൂർ ശിവദാസൻ കോൺഗ്രസിൽ ചേരുകയും ചെയ്തു. പിന്നീട് കരുണാകന്റെ വിശ്വസ്തനുമായി. കൊല്ലത്ത് ഐ ഗ്രൂപ്പിന് പുൻർ ജീവൻ നൽകിയത് കടവൂരായിരുന്നു. കടവൂർ കോൺഗ്രസിൽ എത്തിയതോടെ കൊല്ലത്ത് കോൺഗ്രസിന് കരുത്ത് കൂടി. 1980ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ശ്രീകണ്ഠൻനായരുടെ തോൽവിയെ തുടർന്നുണ്ടായ അസ്വാരസ്യങ്ങളായിരുന്നു ആർ.എസ്‌പി എസിന്റെ രൂപീകരണത്തിന് കാരണമായത്. ഒടുവിൽ ശ്രീകണ്ഠൻ നായരുടെ മരണശേഷം നേതാക്കൾ പലരും മാതൃസംഘടനയിലേക്കോ മറ്റ് പാർട്ടികളിക്കോ തിരിച്ചുപോയതോടെ ആർ.എസ്‌പി എസ് ഇല്ലാതായി. ആർ.എസ്‌പിഎസിലെ തീപ്പൊരി നേതാവായിരുന്ന കടവൂർ ശിവദാസൻ കോൺഗ്രസിലെത്തി കരുണാകരന്റെ വിശ്വസ്ഥനായി മാറി.കടവൂർ മാത്രമായിരുന്നു ഇതിൽ അതിജീവിച്ചത്. കൊല്ലം തീരമേഖലയുടെ വളർച്ചയ്ക്ക് കടവൂർ നൽകിയ സേവനം വളരെ വലുതായിരുന്നു.

എല്ലാ സമകാലിക വിഷയത്തിലും കടവൂരിന് വ്യത്യസ്ത നിലപാടുണ്ടായിരുന്നു. അത് ശബരിമലയിലും പ്രതിഫലിച്ചു. ശബരിമല പ്രശ്‌നത്തിൽ കോൺഗ്രസ് നിലപാട് തള്ളി കടവൂർ ശിവദാസൻ പരസ്യമായി രംഗത്ത് വന്നു. ശബരിമല പ്രശ്‌നം ശരിയായ ആത്മീയതയിൽ നിന്ന് രാഷ്ട്രീയത്തിലേക്കു വഴിമാറിയെന്നും തന്ത്രിമാർ പറയുന്ന ആചാരങൾ ഹിന്ദു ധർമ്മമല്ലെന്നും അനാചാരങളെ എതിർക്കാർ ദൈവം സുപ്രീംകോടതിയായി അവതരിച്ചതാണെന്നും കടവൂർശിവദാസൻ പറഞ്ഞിരുന്നു. വേദോപനിഷത്തുകളും വ്യാസനും വിവേകാനന്ദനും അപ്രസക്തമാവുകയും തന്ത്രിമാർ രൂപം കൊടുത്ത ആചാരങൾ ശക്തിപ്രാപിക്കുകയും ചെയ്യുന്ന കാലമാണിത്. ദേവിയും ലക്ഷമിയും സരസ്വതിയും ഉൾപ്പെട്ട സ്ത്രീ ദൈവങൾ ഉള്ള രാജ്യത്ത് തത്വമസി എന്നു രേഖപ്പെടുത്തിയ അമ്പലത്തിൽ സ്ത്രീ കയറിയാൽ ദൈവത്തിനിഷ്ടപെടില്ല എന്ന വാദം എങ്ങനെ അംഗീകരിക്കുമെന്ന് കടവൂർ ശിവദാസൻ ചോദിച്ചു. വേദകാലത്ത് ക്ഷേത്രങളൊ ആചാരങളൊ ഇല്ലായിരുന്നു.ബ്രാഹ്മണരൊഴികെ ആരും ക്ഷേത്രത്തിൽ കയറരുതെന്ന ആചാരം ചിത്തിരതിരുനാളിന്റെ കാലത്ത് തിരുത്തിയെന്നും ഇന്നു കോലഹലങൾ ഉണ്ടാക്കുന്നവർ ക്ഷേത്ര പ്രവേശന വിളമ്പരത്തെ കുറിച്ചെന്തു പറയുന്നുവെന്നും കടവൂർ ശിവദാസൻ ചോദിച്ചു.

അഴിമതിയുടെ ഇടപെടൽ മനസ്സിലാക്കി എസ് എൻ സി ലാവ്ലിനുമായുള്ള ധാരണാപത്രം പുതുക്കാതിരുന്ന വൈദ്യുതി മന്ത്രിയും കടവൂരായിരുന്നു. ലാവ്ലിൻ കരാർ പ്രകാരമുള്ള ധാരണാപത്രം പുതുക്കാത്തതിന്റെ പൂർണ്ണ ഉത്തരവാദിത്തം കടവൂർ ശിവദാസനു തന്നെയാണെന്നും, ഒരു തവണ പുതുക്കുകയും രണ്ടാമത് പുതുക്കാതിരിക്കുകയും ചെയ്തതിന്റെ രഹസ്യം കടവൂരാണ് വ്യക്തമാക്കേണ്ടതെന്നും പിണറായി വിജയനും പറഞ്ഞിരുന്നു. ധാരണാപത്രം പുതുക്കാത്തതിന് പിന്നിൽ കടവൂരിന്റെ രഹസ്യ അജണ്ടയുണ്ടെന്ന് പിണറായി ആരോപിച്ചു. ലാവ്ലിൻ കരാർ സംബന്ധിച്ച കമ്പനിയുടെ വിശദീകരണത്തിന് മറുപടി നൽകേണ്ടത് അന്നത്തെ വൈദ്യുത മന്ത്രിയായിരുന്ന കടവൂർ ശിവദാസനാണെന്ന പിണറായിയുടെ വിമർശനത്തെ കടവൂർ പുച്ഛിച്ച് തള്ളി. പിന്നീട് ലാവ്‌ലിനിലെ അഴിമതികൾ പുറത്തായപ്പോൾ കടവൂരിന്റെ നടപടി ശരിയാണെന്ന് തെളിയുകയും ചെയ്തു. അപൂർവ ധാതുക്കളുടെ വിളനിലമായ കൊല്ലം - ആലപ്പുഴ തീരത്തെ കരിമണൽ സംരക്ഷിക്കാനും കടവൂർ മുന്നിൽ നിന്നു. കരിമണ്ണ് ഖനനം ചെയ്യുന്നതിന് സ്വകാര്യസംരംഭകരെ ഉൾപ്പെടുത്തുവാനുള്ള നീക്കം അഭികാമ്യമല്ലെന്ന് തുറന്നു പറഞ്ഞ അപൂർവ്വം നേതാക്കളിൽ ഒരാളായിരുന്നു കടവൂർ. കരിമണൽ കള്ളക്കടത്തിന്റെ ഉറവിടം കണ്ടെത്തി അവിടെ ഉപരോധം ഏർപ്പെടുത്തണമെന്നും കെഎംഎംഎല്ലും ഐആർഇയും അവർക്ക് ആവശ്യമായ ഇൽമനൈറ്റ് സംഭരിക്കുന്നതിന് ഗേറ്റ് കളക്ഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ പ്രാതിനിധ്യം ഉള്ള എല്ലാ സംഘടനകളുമായും ആലോചിച്ച് തീരുമാനമെടുക്കണമെന്നുമായിരുന്നു ഇക്കാര്യത്തിൽ കടവൂരിന്റെ നിലപാട്.

ശാശ്വതീകാനന്ദയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നെ വാദവുമായി കടവൂർ ശിവദാസൻ എത്തിയതും ചർച്ചയായിരുന്നു. നന്നായി നീന്തലറിയാവുന്ന ശാശ്വതീകാനന്ദ മുങ്ങിമരിക്കുമോ എന്ന സംശയം എല്ലാവർക്കുമുണ്ടെന്നും സത്യം തെളിയാൻ സിബിഐ അന്വേഷണമാണ് ഉചിതമെന്നും കടവൂർ ശിവദാസൻ പറഞ്ഞിരുന്നു. ശ്വാശ്വതീകാനന്ദ തന്റെ അടുത്ത സുഹൃത്തായിരുന്നു. നന്നായി നീന്തൽ അറിയാവുന്ന സ്വാമി മുങ്ങി മരിച്ചു എന്നതിൽ കോടതി പോലും സംശയം പ്രകടിപ്പിച്ചു കഴിഞ്ഞു. മരണത്തിൽ അസ്വഭാവിക ഉണ്ടെന്നത് സത്യമാണ്. സത്യം പുറത്തുവരാൻ അന്വേഷണം വേണം. പുതിയ വെളിപ്പെടുത്തലുകൾ ഉണ്ടാവുകയും വെള്ളാപ്പള്ളി ഉൾപ്പടെ അന്വേഷണത്തെ സ്വാഗതം ചെയ്ത സാഹചര്യത്തിൽ സിബിഐ അന്വേഷണം തന്നെയാണ് ഉചിതമെന്നായിരുന്നു കടവൂരിന്റെ നിലപാട്. ശാശ്വതീകാനന്ദ മരിക്കുമ്പോൾ ആന്റണി മന്ത്രിസഭയിലെ വൈദ്യുതി മന്ത്രിയായിരുന്നു കടവൂർ ശിവദാസൻ. ശിവഗിരി മഠത്തിലെ തർക്കം പരിഹരിക്കാൻ സർക്കാർ നിയോഗിച്ച സമിതിയുടെ കൺവീനറുമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP