Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിദ്യാസാഗറിന്റെ പ്രതിമ തകർത്തത് തൃണമൂലിന്റെ തലയിൽ കെട്ടി വയ്ക്കാൻ നാണമില്ലേ? ഈ ആരോപണം തെളിയിച്ചില്ലെങ്കിൽ മോദി താങ്കളെ ജയിലിൽ അടക്കും; ഈ പറയുന്നത് മമതയാണ്; മോദി എന്നാൽ നുണയൻ എന്നായി മാറി അർത്ഥം; ആന്ധ്രയിലും തമിഴ്‌നാട്ടിലും ഒറ്റ സീറ്റിൽ പോലും നിങ്ങൾ ജയിക്കില്ല; ഉറഞ്ഞു തുള്ളി മമത ബാനർജി

വിദ്യാസാഗറിന്റെ പ്രതിമ തകർത്തത് തൃണമൂലിന്റെ തലയിൽ കെട്ടി വയ്ക്കാൻ നാണമില്ലേ? ഈ ആരോപണം തെളിയിച്ചില്ലെങ്കിൽ മോദി താങ്കളെ ജയിലിൽ അടക്കും; ഈ പറയുന്നത് മമതയാണ്; മോദി എന്നാൽ നുണയൻ എന്നായി മാറി അർത്ഥം; ആന്ധ്രയിലും തമിഴ്‌നാട്ടിലും ഒറ്റ സീറ്റിൽ പോലും നിങ്ങൾ ജയിക്കില്ല; ഉറഞ്ഞു തുള്ളി മമത ബാനർജി

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർത്തത് തൃണമൂൽ പ്രവർത്തകരാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണം തെളിയിക്കാൻ വെല്ലുവിളിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മോദി നുണയനാണ്. ആരോപണങ്ങൾ തെളിയിക്കൂ. ഇല്ലെങ്കിൽ ജയിലിലടക്കുമെന്നും മമത പറഞ്ഞു. ബിജെപിയും തൃണമൂലും തമ്മിൽ വൻ ഏറ്റുമുട്ടൽ നടന്നതിനെത്തുടർന്ന് രാത്രി പത്ത് മണിയോടെ പരസ്യപ്രചരണം അവസാനിപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിറക്കിയിരുന്നു. ബംഗാളിൽ 42 സീറ്റുകളിൽ 9 സീറ്റുകളിൽ കൂടിയാണ് ഇനി തിരഞ്ഞെടുപ്പു നടക്കാനുള്ളത്. പ്രചരണം അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് മോദിയെ കടന്നാക്രമിച്ച് മമത എത്തിയത്.

ആന്ധ്രയിലും തമിഴ്‌നാട്ടിലും ബിജെപിക്ക് ഒറ്റ സീറ്റുപോലും കിട്ടില്ല. ഗുണ്ടാപാർട്ടി പണം വിതറി വോട്ടു വാങ്ങുകയാണ്. ബിജെപിയും തിരഞ്ഞെടുപ്പു കമ്മിഷനും തമ്മിൽ സഖ്യം ഉണ്ടാക്കിയിരിക്കുകയാണ്. പ്രതിമ തകർത്തതു ബിജെപി പ്രവർത്തകരാണെന്നതിനു കൃത്യമായ തെളിവുണ്ട്. എന്നിട്ടും തൃണമൂൽ ആണു ചെയ്തതെന്നു പറയാൻ നിങ്ങൾക്ക് ലജ്ജയില്ലേ? പുതിയ പ്രതിമ നിർമ്മിക്കാൻ ബംഗാളിനു പണമുണ്ട്. 200 വർഷത്തെ ബംഗാളിന്റെ പാരമ്പര്യം തിരികെ തരാൻ സാധിക്കുമോ?-ഇതൊക്കെയായിരുന്നു മോദിയെ കടന്നാക്രമിച്ച് മമത പറഞ്ഞത്. പ്രതിമ തകർക്കലിനുപിന്നിൽ ആരാണെന്നു വ്യക്തമായിട്ടില്ലെങ്കിൽ ആരോപണ പ്രത്യാരോപണങ്ങളുമായി ബിജെപിയും തൃണമൂലും രംഗത്തെത്തിയിട്ടുണ്ട്. ഇരുവരും പരസ്പരം ആരോപണം ഉന്നയിക്കുകയാണ്.

ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ അതേ സ്ഥലത്ത് വലിയ രീതിയിൽ പുനർനിർമ്മിക്കുമെന്ന വാഗ്ദാനമാണ് മോദി നടത്തിയത്. മാത്രമല്ല, പ്രതിമ തകർത്തത് തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടകളാണെന്നും മോദി ആരോപിച്ചു. ചൊവ്വാഴ്ച കൊൽക്കത്തയിൽ അമിത് ഷായുടെ റോഡ് ഷോയ്ക്കിടെ, വിദ്യാസാഗർ കോളജിൽ സാമൂഹിക പരിഷ്‌കർത്താവ് ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ ഒരുകൂട്ടമാളുകൾ തകർത്തിരുന്നു. ബംഗാളിന്റെ ചരിത്രത്തിൽ നിർണായക സ്വാധീനമുള്ള വിദ്യാസാഗറിന്റെ പ്രതിമ തകർക്കലിനെ ചുറ്റിപ്പറ്റിയാണ് അവസാന ഘട്ട പോളിങ്ങിന്റെ രാഷ്ട്രീയം. ഈ സാഹചര്യത്തിലാണ് മമതയും മോദിയും ഇതിന്റെ പേരിൽ ഏറ്റുമുട്ടുന്നത്.

പ്രതിമ തകർത്തത് തൃണമൂൽ പ്രവർത്തകരാണെന്നാണ് ബിജെപിയുടെ ആരോപണം. എന്നാൽ ബിജെപി. പ്രവർത്തകരാണ് സംഭവത്തിന് പിന്നിലെന്ന് തൃണമൂലും ആരോപിക്കുന്നു.അമിത് ഷായുടെ റാലിക്കിടെയുണ്ടായ വിവിധ ദൃശ്യങ്ങൾ സഹിതമാണ് ബിജെപി. തൃണമൂൽ കോൺഗ്രസിനെതിരേ ആരോപണമുന്നയിച്ചിരിക്കുന്നത്. ദേശീയ അധ്യക്ഷൻ അമിത് ഷായും ബിജെപി. ഐ.ടി. സെൽ മേധാവി അമിത് മാൽവിയയും ഈ ദൃശ്യങ്ങൾ പങ്കുവെച്ചിരുന്നു. ഇതോടൊപ്പം വിദ്യാസാഗർ കോളേജിലെ ഒരു വിദ്യാർത്ഥിയെന്ന് പരിചയപ്പെടുത്തുന്ന ബിരാജ് നാരായൺ റോയ് എന്ന ഫേസ്‌ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വിവരണക്കുറിപ്പും ബിജെപി. നേതാക്കൾ വ്യാപകമായി ഷെയർ ചെയ്തിട്ടുണ്ട്.

വിദ്യാസാഗർ കോളേജിനകത്ത് നിന്ന് ആദ്യം കല്ലേറുണ്ടായെന്നാണ് ബിജെപി.യുടെ പ്രധാന ആരോപണം. എന്നാൽ ബംഗാളിലെ പ്രാദേശിക പത്രമായ ആനന്ദബസാർ ഈ സംഭവം റിപ്പോർട്ട് ചെയ്തത് നേരേ തിരിച്ചാണ്. ക്യാമ്പസിന് പുറത്ത് നിലയുറപ്പിച്ചവരാണ് ആദ്യം കല്ലെറിഞ്ഞതെന്ന് ആനന്ദബസാർ റിപ്പോർട്ട് ചെയ്യുന്നു. ഇത് സാധൂകരിക്കുന്നതാണ് ചില വീഡിയോ ദൃശ്യങ്ങളും. കാവിനിറമുള്ള നമോ എഗയിൻ ടീഷർട്ട് ധരിച്ചവർ ക്യാമ്പസിനകത്തേക്ക് കല്ലെറിയുന്ന ദൃശ്യങ്ങളാണ് ഇതിനു തെളിവായി ആൾട്ട് ന്യൂസ് പുറത്തുവിട്ടിരിക്കുന്നത്.

ബിജെപി. പ്രവർത്തകർ ഒരിക്കലും ക്യാമ്പസിനകത്തേക്ക് പ്രവേശിച്ചിട്ടില്ലെന്നാണ് ബിജെപി.യുടെ വാദം. പ്രതിമ ക്യാമ്പസിനകത്തെ പ്രത്യേക മുറിയിലാണെന്നും രാത്രി ഗേറ്റുകൾ അടച്ചിട്ടതിനാൽ ബിജെപി. പ്രവർത്തകർ എങ്ങനെ കോളേജിനകത്ത് പ്രവേശിക്കുമെന്നും ബിജെപി. ദേശീയ അധ്യക്ഷൻ അമിത് ഷാ ഉൾപ്പെടെയുള്ളവർ ചോദിച്ചിരുന്നു. പ്രതിമ സ്ഥാപിച്ചിരുന്ന മുറിയുടെ പൂട്ടുകൾ തകർത്തിട്ടില്ലെന്നും അതിനാൽ ആരാണ് മുറികൾ തുറന്ന് പ്രതിമ തകർത്തതെന്നും വ്യക്തമാണെന്നും അമിത് ഷാ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. തൃണമൂൽ പ്രവർത്തകരാണ് സംഭവത്തിന് പിന്നിലെന്ന് തെളിയിക്കാനായിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

എന്നാൽ സംഭവത്തിന്റെ വിവിധ വീഡിയോദൃശ്യങ്ങൾ പരിശോധിച്ചാൽ ബിജെപി.യുടെ വാദം തെറ്റാണെന്നാണ് ആൾട്ട് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. ബിജെപി. പ്രവർത്തകർ കോളേജ് ഗേറ്റിന്റെ പൂട്ട് തകർക്കാൻ ശ്രമിക്കുന്ന വീഡിയോകളും ആൾട്ട് ന്യൂസ് പുറത്തുവിട്ടിട്ടുണ്ട്. ഇതിനുപുറമേ ഒരുകൂട്ടം ബിജെപി. പ്രവർത്തകർ ഗേറ്റിന്റെ പൂട്ട് തകർത്ത് ക്യാമ്പസിനകത്തേക്ക് പ്രവേശിക്കുന്ന ദൃശ്യങ്ങളും ആൾട്ട് ന്യൂസിന്റെ വെബ്സൈറ്റിൽ ഉണ്ട്. വിദ്യാസാഗർ കോളേജ് ക്യാമ്പസിനകത്ത് ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്റെ ഒട്ടേറെ പ്രതിമകളുണ്ടെന്നാണ് പൂർവ്വവിദ്യാർത്ഥിയെ ഉദ്ധരിച്ച് ആൾട്ട് ന്യൂസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ പ്രധാന ഗേറ്റിന് സമീപത്തെ മുറിയിൽ സ്ഥാപിച്ചിരുന്ന പ്രതിമയാണ് തകർക്കപ്പെട്ടത്.

എന്നാൽ ബിജെപി. പ്രവർത്തകർ ഒരിക്കലും ക്യാമ്പസിനകത്ത് കയറുകയോ പ്രതിമ തകർക്കുകയോ ചെയ്തിട്ടില്ലെന്നാണ് ബിജെപി.യുടെ വാദം. എന്നാൽ ഗേറ്റ് തകർത്ത് അകത്തുകയറിയ കാവിവസ്ത്രധാരികൾ പ്രതിമ സ്ഥിതിചെയ്തിരുന്ന മുറിയുടെ വാതിലുകളും തകർത്തതെന്ന് ആൾട്ട് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും ആൾട്ട് ന്യൂസ് വാർത്തയ്ക്കൊപ്പം നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP