Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ ആദ്യം പത്ര സമ്മേളനം; വൈകുന്നേരം അഞ്ചര മുതൽ പങ്കജ് ഹോട്ടലിൽ മാധ്യമ പ്രവർത്തകർക്കായി ഒരു അതിഗംഭീര പാർട്ടി; മട്ടനും ചിക്കനും ബീഫും കുഴിമന്തിയും മാത്രമല്ല ഒന്നാന്തരം ജോണിവാക്കറും വിളമ്പും; തെരഞ്ഞെടുപ്പ് പ്രവചനം അടിപൊളിയാക്കാൻ സജീവൻ സ്വാമി ഒരുക്കിയ വിഭവങ്ങൾ കണ്ട് കേസെടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ്; ഇതൊക്കെ എന്തിന് പരസ്യമാക്കിയെന്ന് ചോദിച്ച് പത്രക്കാർ

തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ ആദ്യം പത്ര സമ്മേളനം; വൈകുന്നേരം അഞ്ചര മുതൽ പങ്കജ് ഹോട്ടലിൽ മാധ്യമ പ്രവർത്തകർക്കായി ഒരു അതിഗംഭീര പാർട്ടി; മട്ടനും ചിക്കനും ബീഫും കുഴിമന്തിയും മാത്രമല്ല ഒന്നാന്തരം ജോണിവാക്കറും വിളമ്പും; തെരഞ്ഞെടുപ്പ് പ്രവചനം അടിപൊളിയാക്കാൻ സജീവൻ സ്വാമി ഒരുക്കിയ വിഭവങ്ങൾ കണ്ട് കേസെടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ്; ഇതൊക്കെ എന്തിന് പരസ്യമാക്കിയെന്ന് ചോദിച്ച് പത്രക്കാർ

എം മനോജ് കുമാർ

തിരുവനന്തപുരം: ലോക്‌സഭാ-നിയമസഭാ തിരഞ്ഞെടുപ്പ് സമയങ്ങളിൽ ആര് അധികാരത്തിൽ വരുമെന്ന് വ്യക്തമാക്കി തിരുവനന്തപുരം പ്രസ് ക്ലബിൽ പ്രവചനങ്ങൾ നടത്താറുള്ള സജീവൻ സ്വാമി പ്രവചനത്തിന്റെ പേരിൽ ഇത്തവണ പിടിച്ചത് വൻ പുലിവാല്. മെയ് 20 നു നടത്തുന്ന പ്രവചനം റിപ്പോർട്ട് ചെയ്യാനായി മാധ്യമങ്ങളെ ക്ഷണിച്ച് കത്ത് നൽകിയപ്പോൾ അതോടൊപ്പം മാധ്യമപ്രവർത്തകർക്കായുള്ള അതിഗംഭീര പാർട്ടിയിലെ ജോണി വാക്കർ അടക്കമുള്ള മദ്യങ്ങളുടെ പേരും ചേർത്താണ് സ്വാമി വിവാദങ്ങളിലേക്ക് നടന്നു കയറിയത്. 24 അതിവിശിഷ്ടമായ വിഭവങ്ങളാണ് സ്വാമി ഒരുക്കുന്നത്.

പത്രസമ്മേളനങ്ങളുടെ ഭാഗമായി ഇത്തരം പാർട്ടികൾ പതിവാണ്. അതീവ രഹസ്യമായി സംഘാടകർ പാർട്ടിയെ കുറിച്ച് പത്രക്കാരെ അറിയിക്കും. അവർ പങ്കെടുക്കുകയും ചെയ്യും. ഈ പതിവാണ് സ്വാമി തെറ്റിച്ചത്. പാർട്ടി നടത്തുന്ന കാര്യവും വിശദ മെനുവും പത്രക്കാർക്ക് നൽകി. കൗതുകം തോന്നിയ പത്രക്കാരിൽ ഒരാൾ ഇത് സോഷ്യൽ മീഡിയിൽ ഇടുകയും ചെയ്തു. ഇതോടെയാണ് സംഭവം വൈറലായത്. അതിഗംഭീര പാർട്ടിയിലേക്ക് ക്യാമറാമാനും റിപ്പോർട്ടർക്കുമാണ് ക്ഷണമുള്ളത്. 24 ഇനങ്ങളുള്ള മെനുവിലെ വിഭവങ്ങൾ ഉള്ള പാർട്ടിയുമായി മുന്നോട്ട് പോകാൻ തന്നെയാണ് സജീവൻ സ്വാമിയുടെ ഇപ്പോഴത്തെ തീരുമാനവും.

ഭക്ഷ്യ വിഭവങ്ങളുടെ ലിസ്റ്റിനൊപ്പമാണ് സ്വാമി ജോണി വാക്കറും ബിയറും ചേർത്തത്. ഇതോടെ നടത്താൻ പോകുന്ന പ്രവചനങ്ങളെക്കാൾ വിവാദമായി പ്രവചനത്തിനുള്ള ക്ഷണം മാറുകയും ചെയ്തു. ഒരു സ്വാമി നോൺ അടങ്ങിയ മുഴുവൻ വിഭവങ്ങളും ഒപ്പം ജോണി വാക്കർ അടക്കമുള്ള മദ്യങ്ങളും ഓഫർ നൽകുകയും പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തപ്പോൾ അത് വിവാദങ്ങൾക്ക് മറ്റൊരു നിറം പകരുകയും ചെയ്തു. ഇതിനിടെ ഈ ലിസ്റ്റിനെ കുറിച്ച് പൊലീസും അറിഞ്ഞു. മദ്യ പാർട്ടികൾക്ക് വലിക്കുകൾ ഏറെയാണ്. ബാറുകളിൽ മാത്രമാണ് വിളമ്പാൻ കഴിയുക. ഇതോടെ മദ്യ പാർട്ടി നടത്തുന്ന സ്വാമിയെ കുറിച്ച് പൊലീസ് അന്വേഷണവും നടത്തി. മദ്യം നൽകിയാൽ കേസെടുക്കേണ്ടി വരുമെന്നും പറഞ്ഞു.

സെക്രട്ടറിയേറ്റിനു തൊട്ടുമുന്നിലുള്ള പങ്കജ് ഹോട്ടലിലാണ് മെയ് 20 നു വൈകിട്ട് അഞ്ചു മുതൽ രാത്രി എട്ടുവരെ സ്വാമി മദ്യ മടക്കമുള്ള ഡിന്നർ പ്രഖ്യാപിച്ചത്. സ്വാമി പ്രവചനത്തിനൊപ്പം ഫൈവ് സ്റ്റാർ ഡിന്നർ ഏർപ്പെടുത്തുകയും അതിൽ ജോണി വാക്കർ പോലുള്ള മദ്യത്തിന്റെ പേരുകൾ കൂടി അനൗൺസ് ചെയ്തപ്പോൾ ഇടപെടൽ വന്നത് പൊലീസിന്റെ ഭാഗത്ത് നിന്നുകൂടിയാണ് എന്നത് സ്വാമിക്ക് വ്യക്തിപരമായി ക്ഷീണം കൂടിയായി മാറി. മാധ്യമങ്ങൾക്ക് നൽകിയ കത്തും ഡിന്നർ പാർട്ടിയിലെ വിഭവങ്ങളും സോഷ്യൽ മീഡിയകളിൽ കൂടി പ്രചരിച്ചപ്പോൾ പൊലീസ് ശക്തമായി ഇടപെടുക തന്നെ ചെയ്തു.

ആ രീതിയിലുള്ള വിഭവങ്ങളാണ് മാധ്യമപ്രവർത്തകർക്കായുള്ള ഡിന്നർ മെനുവിൽ കടന്നുകൂടിയതും. മട്ടൻ ഫ്രൈ, ചിക്കൻ ഫ്രൈ, ഫിഷ് ഫ്രൈ, ബീഫ് ഫ്രൈ, കരിമീൻ ഫ്രൈ, മട്ടൻ കുറുമ, ചിക്കൻ കറി, ചിക്കൻ ബിരിയാണി, മട്ടൻ ബിരിയാണി, ബീഫ് ബിരിയാണി. പാലപ്പം, പത്തിരി തുടങ്ങി 24 ഭക്ഷ്യ വിഭവങ്ങളാണ് മാധ്യമ പ്രവർത്തകർക്കായുള്ള ഡിന്നറിൽ സ്വാമി പ്രഖ്യാപിച്ചത്. ഇതിലെ 21, 22 മെനുവാണ് സ്വാമിയെ കുടുക്കിയത്. 21-ഡ്രിങ്ക്‌സ്, 22 -ജോണി വാക്കർ+ബിയർ എന്നാണ് നൽകിയത്.

സ്വാമിയുടെ മെനു പുറത്തു വന്നതോടെ ഈ മെനു സോഷ്യൽ മീഡിയയിൽ സ്വതന്ത്ര സഞ്ചാരം നടത്തുകയും ചെയ്തു. പാർട്ടിയിലെ ജോണി വാക്കർ ഉൾപ്പെടെയുള്ളവ ഉടനടി പിൻവലിക്കാനാണ് സ്വാമിയോട് പൊലീസ് ആവശ്യപ്പട്ടത്. ഇല്ലെങ്കിൽ സ്വാമിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യും എന്നാണ് പൊലീസ് സ്വാമിയെ അറിയിച്ചത്. മാധ്യമ പ്രവർത്തകരും ഒപ്പം എതിർപ്പുമായി വന്നു. ഇതോടെയാണ് ഡിന്നറിൽ നിന്നും ജോണി വാക്കർ പിൻവലിക്കാൻ സ്വാമി തീരുമാനിച്ചത്. എന്നാൽ ബിയർ വിളമ്പുമെന്നും സൂചനയുണ്ട്. ഏതായാലും ഈ പാർട്ടി നിരീക്ഷിക്കേണ്ട അവസ്ഥയിലാണ് പൊലീസ്.

ഈ വിവാദത്തിൽ പുലിവാല് പിടിച്ചത് തിരുവനന്തപുരത്തെ മാധ്യമ ലോകവും കൂടെയാണ്. ഇത്തരം പരിപാടികൾ നടക്കുന്നുണ്ടെന്ന് പുറം ലോകം ചർച്ച ചെയ്യുന്ന അവസ്ഥയിൽ സ്വാമി കാര്യങ്ങളെത്തിച്ചുവെന്നതാണ് ഇതിന് കാരണം. അതിനിടെ ആരോ ചിലർ സ്വാമിയെ തെറ്റിധരിപ്പിച്ചാണ് എല്ലാ മാധ്യമ സ്ഥാപനങ്ങളിലും കുറിപ്പെത്തിച്ചതെന്നും സൂചനയുണ്ട്. ഡിന്നർ മെനു അനൗൺസ് ചെയ്ത് വെട്ടിലായ കഥ സ്വാമിയും മറുനാടനോട് സമ്മതിച്ചിട്ടുണ്ട്. ഏതായാലും വിവാദമൊഴിവാക്കി പ്രവചനത്തിന് ശ്രദ്ധ നൽകാനാണ് സ്വാമിയുടെ ഇപ്പോഴത്തെ തീരുമാനം. പ്രവചനത്തിന് കിട്ടേണ്ട പ്രാധാന്യം വിവാദം കൊണ്ടു പോയതിലും സ്വാമിക്ക് നിരാശയുണ്ട്.

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവചനം നടത്തി വാർത്താതാരമാകാൻ മാധ്യമപ്രവർത്തകർക്ക് മദ്യം ഉൾപ്പെടുത്തി പാർട്ടി നടത്താനുള്ള ജ്യോതിഷി എന്ന് അവകാശപ്പെടുന്ന സജീവൻ സ്വാമിയുടെ ശ്രമം തടഞ്ഞ് എക്സൈസും പൊലീസും തടയുന്നതും സോഷ്യൽ മീഡിയ ആഘോഷിക്കുകയാണ്. ഇരിഞ്ഞാലക്കുട സ്വദേശിയായ സജീവൻ എന്ന ജ്യോതിഷി ചർച്ചകളിലെ താരവുമാകുന്നു. പ്രത്യേകം അനുമതിയില്ലാതെ പാർട്ടി നടത്താനുള്ള ജ്യോതിഷിയുടെ നടപടി ശ്രദ്ധയിൽപ്പെട്ട എക്സൈസ് അത് വിലക്കിയെന്ന് ഉദ്യോഗസ്ഥരും മറുനാടനോട് പറഞ്ഞു..

മാധ്യമപ്രവർത്തകർക്ക് വേണ്ടി വമ്പൻ സൽക്കാരമായിരുന്നു ജ്യോതിഷി തീരുമാനിച്ചിരുന്നത്. മട്ടൻ ഫ്രൈ, ചിക്കൻ ഫ്രൈ, ബീഫ് ഫ്രൈ, ചിക്കൻ, മട്ടൺ, ബീഫ് ബിരിയാണി, ചിക്കൻ കുഴിമന്തി ഉൾപ്പെടെ ഫുഡ് മെനുവിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിന്റെ കൂടെ ജോണിവാക്കറും ബിയറും ഉൾപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ചിലർ എക്സൈസ് വിഭാഗത്തെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വിവരം ആരാഞ്ഞ് എക്സൈസ് സജീവനെ വിളിക്കുകയും പുറത്തു നിന്നുള്ള മദ്യം ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. തൊട്ടുപിന്നാലെ സൽക്കാരം നടത്താൻ ഉദ്ദേശിച്ചിരുന്ന പങ്കജ് ഹോട്ടലിലേക്ക് വിളിച്ച് മദ്യം ഒഴിവാക്കാൻ ആവശ്യപ്പെട്ടതായി സജീവൻ പറയുന്നു. അപ്പോഴും എക്‌സൈസിന് ചില സംശയങ്ങളുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP