Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

`ജയരാജൻ കമ്യൂണിസ്റ്റ് മനസിനകത്ത് ഉറങ്ങിക്കിടക്കുന്ന കമ്യൂണലിസത്തിന്റെ തനി രൂപം`; നിഖാബ് അഴിച്ച് വോട്ട് ചെയ്യണമെന്ന സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന വിവാദം പുകയുന്നു; എംവി ജയരാജനെ രൂക്ഷമായി വിമർശിച്ച് മുസ്ലിം ലീഗ്; നിഖാബ് വിഷയം സിപിഎമ്മിന്റെ ന്യൂനപക്ഷ അടിത്തറ ഇളക്കാനുള്ള ആയുധമാക്കാനൊരുങ്ങി യുഡിഎഫ്

`ജയരാജൻ കമ്യൂണിസ്റ്റ് മനസിനകത്ത് ഉറങ്ങിക്കിടക്കുന്ന കമ്യൂണലിസത്തിന്റെ തനി രൂപം`; നിഖാബ് അഴിച്ച് വോട്ട് ചെയ്യണമെന്ന സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന വിവാദം പുകയുന്നു; എംവി ജയരാജനെ രൂക്ഷമായി വിമർശിച്ച് മുസ്ലിം ലീഗ്; നിഖാബ് വിഷയം സിപിഎമ്മിന്റെ ന്യൂനപക്ഷ അടിത്തറ ഇളക്കാനുള്ള ആയുധമാക്കാനൊരുങ്ങി യുഡിഎഫ്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: നിഖാബ് ധരിച്ച് പോളിങ് ബൂത്തിൽ എത്തുന്നവരെ വരി നിൽക്കുമ്പോൾ തന്നെ പരിശോധിക്കണമെന്നും വോട്ട് ചെയ്യാൻ അകത്ത് കയറിയാൽ ക്യാമറയിൽ മുഖം കാണുന്ന വിധം വോട്ട് ചെയ്യണമെന്നുമുള്ള സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ പ്രസാതവനയ്ക്ക എതിരെ ശക്തമായ എതിർ്പ്പുമായി മുസ്ലിം ലീഗ് രംഗത്ത്. കമ്യൂണിസ്റ്റ് മനസിനകത്ത് ഉറങ്ങിക്കിടക്കുന്ന കമ്യൂണലിസത്തിന്റെ തനി രൂപമാണു ജയരാജനിലൂടെ പുറത്തുവന്നിരിക്കുന്നതെന്നു ലീഗ് ജില്ലാ നേതൃത്വം പ്രതികരിച്ചു. വിശ്വാസവും ആചാരവും നിരാകരിച്ചുവേണം വോട്ടർമാർ പോളിങ് ബൂത്തിലെത്തേണ്ടതെന്നു പറഞ്ഞാൽ അത് അംഗീകരിക്കാനാകില്ലെന്നു ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽകരിം ചേലേരി പറഞ്ഞു.

റീ പോളിങ് നടക്കുന്ന പിലാത്തറയിൽ എൽഡിഎഫ് പ്രചാരണയോഗത്തിൽ പ്രസംഗിക്കുമ്പോഴായിരുന്നു ജയരാജന്റെ പരാമർശം. വിഡിയോയിൽ കൃത്യമായി പകർത്താൻ കഴിയും വിധം പോളിങ് ബൂത്തിൽ വരി നിൽക്കുന്ന സ്ഥലത്തുവച്ചു മുഖപടം മാറ്റണം. ബൂത്തിലെ വെബ് ക്യാമറയ്ക്കു മുൻപിൽ മുഖപടം ധരിച്ചുവരുന്നവരെ വോട്ട് ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിക്കരുത്. ഇതു നടപ്പായാൽ പാമ്പുരുത്തിയിലും പുതിയങ്ങാടിയിലും കള്ളവോട്ട് പൂർണമായി തടയാൻ കഴിയും. ഈ ബൂത്തുകളിൽ യുഡിഎഫിന്റെ വോട്ട് കുറയുകയും എൽഡിഎഫിന് വോട്ട് കൂടുകയും ചെയ്യുമെന്നും ജയരാജൻ പറഞ്ഞിരുന്നു.

നിഖാബ് ധരിച്ച് വോട്ട് ചെയ്യാൻ അനുവദിക്കരുത് എന്ന സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ പ്രസ്താവന വിവാദമാകുന്നു. ന്യൂനപക്ഷങ്ങളോടുള്ള സിപിഎമ്മിന്റെ യഥാർത്ഥ സമീപനം വ്യക്തമാക്കുന്നുവെന്നും ഇത് ലോക്സഭ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെ ന്യൂനപക്ഷങ്ങൾ കൈവിട്ടതിന്റെ പ്രതികാരമാണ് നിഖാബ് വിഷയത്തിൽ വന്നിരിക്കുന്ന പ്രസ്താവന എന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.മുഖം മറച്ചുകൊണ്ടുള്ള വോട്ട് ചെയ്യൽ അംഗീകരിക്കാനാകില്ലെന്നാണ് കണ്ണൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി പികെ ശ്രീമതി പറഞ്ഞത്.

ജയരാജന്റെ പ്രസ്താവന മുസ്ലിം സമുദായത്തിൽ വലിയ ഭിന്നതയുണ്ടാക്കി. കള്ളവോട്ട് തടയുന്നതിന്റെ ഭാഗമായി കാസർഗോട്ടും കണ്ണൂരും റീ പോളിങ്ങ് നടക്കുന്നുണ്ട്. ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫിന് കേന്ദ്രീകരിക്കുന്നതായി റിപ്പോർട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മുസ്ലിം സ്ത്രീകളെ ബൂത്തിൽ നിന്ന് മാറ്റി നിർത്താനുള്ള ജയരാജന്റെ ശ്രമമായി ഇതിനെ വ്യാഖ്യാനിച്ചത്. കാസർഗോഡ്, കണ്ണൂർ എന്നിവിടങ്ങളിൽ ലീഗിന് വലിയ സ്വാധീനമുള്ള മേഖലകൾ കൂടിയാണ്. ഇവിടെ നിന്ന് മുഖാവരണം ചെയ്ത് സ്ത്രീകളെന്ന വ്യാജേന പുരുഷന്മാർ എത്താൻ സാധ്യതയുണ്ടെന്ന് സിപിഎം കരുതുന്നു. അത്തരത്തിൽ ലഭിക്കുന്ന ആനൂകൂല്യത്തിലൂടെ ലീഗിനും യുഡിഎഫിനും കള്ളവോട്ട് നടത്താൻ കഴിയുമെന്നും മറുവശത്ത് സിപിഎം നില പരുങ്ങലിലാകുമെന്നതുമാണ് ഇതിന് പിന്നിൽ.

റീ പോളിങ്ങുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം കലക്ടർ വിളിച്ചുചേർത്ത യോഗത്തിൽ എൽഡിഎഫ് തിരഞ്ഞെടുപ്പു കമ്മിറ്റി സെക്രട്ടറി കെ.കെ.രാഗേഷ് എംപിയും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. ഇതിനെ യുഡിഎഫിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഏജന്റ് കെ.സുരേന്ദ്രൻ എതിർക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണു ജയരാജന്റെ പരാമർശം വിവാദമായത്. പർദ ധരിച്ച് വോട്ട് ചെയ്യാൻ എത്തിച്ചേരുന്നവരുടെ കാര്യത്തിൽ മുഖാവരണം മാറ്റിയാൽ മാത്രമേ വോട്ടറെ തിരിച്ചറിയാൻ കഴിയൂ എന്നതിനാൽ അത് കർശനമായി നടപ്പാക്കണമന്നാവശ്യപ്പെട്ടു ജയരാജൻ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർക്കും കലക്ടർക്കും പരാതി നൽകി.

ഏപ്രിൽ 23ന് തെരഞ്ഞെടുപ്പ് നടന്നപ്പോൾ പർദ ധരിച്ചെത്തിയ 50ലേറെ പേർ പാമ്പുരുത്തിയിലും നൂറോളം പേർ പുതിയങ്ങാടിയിലും മുഖാവരണം മാറ്റാതെ വോട്ട് ചെയ്തു. ഇവരെ തിരിച്ചറിയാൻ ഉദ്യോഗസ്ഥർക്ക് സാധിച്ചില്ല. ആവശ്യത്തിന് പൊലീസ് ഉണ്ടാകാതിരുന്നതുകൊണ്ട് ഇത്തരം നിയമവിരുദ്ധ നടപടികളുണ്ടായതെന്നും ആവശ്യമായ പൊലീസ് സുരക്ഷ ഏർപ്പെടുത്തണമെന്നും പരാതിയിൽ പറയുന്നു. മുസ്ലിം സമുദായത്തിന്റെ പ്രതിഷേധം തിരിച്ചറിഞ്ഞാണ് കോടിയേരി അതിവേഗ ഇടപെടൽ നടത്തിയത്. ശബരിമല വിവാദത്തോടെ പരമ്പരാഗത ഹിന്ദു വോട്ടുകൾ സിപിഎമ്മിന് നഷ്ടമായിരുന്നു. ഇതിന് പിന്നാലെയാണ് ജയരാജൻ മുസ്ലിം സമുദായത്തിന് വേദനയുണ്ടാക്കുന്ന പ്രസ്താവന നടത്തുന്നതും.

പർദ്ദ ധരിച്ച് എത്തുന്നവരെ വോട്ട് ചെയ്യിക്കരുതെന്ന സിപിഎം. നേതാക്കളുടെ പ്രസ്താവന ദുരുദ്ദേശപരവും അപലപനീയവുമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആര് ഏത് വസ്ത്രം ധരിക്കണമെന്നത് അവരുടെ വ്യക്തിസ്വാതന്ത്ര്യത്തിൽപ്പെട്ടതാണ്. അതിൽ ആർക്കും ഇടപെടാനുള്ള അവകാശമില്ല.ന്യൂനപക്ഷ സമുദായങ്ങൾ എൽ.ഡി.എഫിനെ പൂർണ്ണമായും കൈവിട്ടതിന്റെ ജാള്യത മറയ്ക്കാനാണ് ഇത്തരത്തിൽ പ്രസ്താവനകൾ ഇറക്കിയിരിക്കുന്നത്. തോൽവി മുന്നിൽകണ്ട് നേതാക്കന്മാരുടെ സമനില തെറ്റിയിരിക്കുന്നു. സംഘ്പരിവാർ ശക്തികളുടെ ഭാഷയിലാണ് സിപിഎമ്മിലെ പല നേതാക്കളും ഇപ്പോൾ സംസാരിക്കുന്നത്. നേതാക്കൾ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയുകയാണു വേണ്ടതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP