Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'തലച്ചോർ തിന്നുന്ന അമീബ'; പെരിന്തൽമണ്ണയിൽ പെൺകുട്ടി മരിച്ചത് അമീബിക് മെനിഞ്ചൈറ്റിസ് ബാധിച്ചുതന്നെയെന്ന് സ്ഥിരീകരണം; നീഗ്ലേറിയ ഫൗളേറി അമീബ മനുഷ്യശരീരത്തിൽ പ്രവേശിക്കുക ജലത്തിൽ നിന്ന് മൂക്ക് വഴി; മസ്തിഷ്‌കവീക്കം ബാധിച്ചും മസ്തിഷ്‌കജ്വരം ബാധിച്ചും ഈ വർഷം മരിച്ചത് മൂന്നു പേർ വീതം

'തലച്ചോർ തിന്നുന്ന അമീബ'; പെരിന്തൽമണ്ണയിൽ പെൺകുട്ടി മരിച്ചത് അമീബിക് മെനിഞ്ചൈറ്റിസ് ബാധിച്ചുതന്നെയെന്ന് സ്ഥിരീകരണം; നീഗ്ലേറിയ ഫൗളേറി അമീബ മനുഷ്യശരീരത്തിൽ പ്രവേശിക്കുക ജലത്തിൽ നിന്ന് മൂക്ക് വഴി; മസ്തിഷ്‌കവീക്കം ബാധിച്ചും മസ്തിഷ്‌കജ്വരം ബാധിച്ചും ഈ വർഷം മരിച്ചത് മൂന്നു പേർ വീതം

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം; പെരിന്തൽമണ്ണയ്ക്കു സമീപം കഴിഞ്ഞ ദിവസം പത്തുവയസ്സുകാരി മരിച്ചത് അമീബിക് മെനിഞ്ചൈറ്റിസ് ബാധിച്ചുതന്നെയെന്ന് സ്ഥിരീകരണം. 'തലച്ചോർ തിന്നുന്ന അമീബ' എന്നു വിശേഷണമുള്ള നീഗ്ലേറിയ ഫൗളേറി അമീബ ജലത്തിൽനിന്ന് മൂക്കുവഴിയാണ് മനുഷ്യശരീരത്തിൽ പ്രവേശിക്കുക. പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജിൽ പരിശോധിച്ച സാംപിളുകളിലാണ് അപൂർവ മസ്തിഷ്‌കജ്വരം ബാധിച്ചതായി കണ്ടെത്തിയത്.

അപൂർവ്വമായി ഉണ്ടാകുന്ന ഈ രോഗം ഗ്ലേറിയ ഫൗലേരി എന്ന ഏകകോശ ജീവിയാണ് പരത്തുന്നത്. മലപ്പുറം അരിപ്ര സ്വദേശിയായ ഐശ്വര്യ ഇന്നലെയാണ് അമീബിക് മെനിഞ്ചൈറ്റിസ് ബാധിച്ച് മരിച്ചത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് വിദഗ്ദ്ധ ചികിത്സക്കായി എറണാകുളത്തേക്ക് കൊണ്ടു പോകുന്നതിനിടെയായിരുന്നു മരണം.

ഒഴുക്കുകുറഞ്ഞതോ കെട്ടിക്കിടക്കുന്നതോ ആയ ജലാശയങ്ങളിൽ ഇറങ്ങുമ്പോഴോ ശുദ്ധീകരിക്കാത്ത വാട്ടർ ഹീറ്ററുകളിലെ വെള്ളം ഉപയോഗിക്കുമ്പോഴോ ശരീരത്തിൽ അമീബ കടക്കാം. നേരിട്ട് വെയിലേൽക്കുന്ന ജലാശയമായാൽപോലും 40 ഡിഗ്രി സെൽഷ്യസ് വരെ ചൂടു താങ്ങാൻ ഈ അമീബയ്ക്കു കഴിയും.

ഇന്നലെ ഡിഎംഒ കെ.സക്കീയുടെ നേതൃത്വത്തിൽ ആരോഗ്യവിദഗ്ദ്ധർ യോഗം ചേർന്ന് പ്രതിരോധനടപടികൾക്ക് രൂപംനൽകുകയും ചികിത്സാപ്രോട്ടോക്കോൾ രൂപവൽക്കരിക്കുകയും ചെയ്തു.മെനിഞ്ചൈറ്റിസ് ലക്ഷണങ്ങൾ കാണിക്കുന്നവരിൽനിന്ന് രക്തസാംപിളുകൾ ശേഖരിക്കാനും പരിശോധനയ്ക്കയയ്ക്കാനും സർക്കാർ, സ്വകാര്യ ആശുപത്രികളെ കോർത്തിണക്കി പ്രത്യേകസംവിധാനമൊരുക്കി. 2016ൽ ആലപ്പുഴയിൽ പെൺകുട്ടി മരിച്ചതാണ് കേരളത്തിലെ ആദ്യ അമീബിക് മെനിഞ്ചൈറ്റിസ് മരണം.

2016 മാർച്ചിൽ ആലപ്പുഴയിലാണ് സംസ്ഥാനത്ത് ആദ്യമായി അമീബിക് മെനിഞ്ചൈറ്റിസ് എന്ന അപൂർവ്വ രോഗം റിപ്പോർട്ട് ചെയ്യുന്നത്. പ്ലസ് വൺ വിദ്യാർത്ഥിയും ചുങ്കം സ്വദേശിയുമായ 17 വയസുകാരനാണ് അന്ന് ഈ അസുഖം ബാധിച്ച് മരിച്ചത്. കടുത്ത പനിയും തലവേദനുമായി ആലപ്പുഴ മെഡിക്കൽ കോളേജിലെത്തിച്ച കുട്ടിക്ക് മസ്തിഷിക ജ്വരം അഥവാ മെനിഞ്ചൈറ്റിസിനുള്ള ചികിത്സയാണ് ആദ്യം നൽകിയത്.കുട്ടി കായലിൽ കുളിച്ചിരുന്നു എന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് അമീബിക് മെനിഞ്ചൈറ്റിസിന്റെ സാധ്യത പരിശോധിച്ചത്. പരിശോധനയിൽ ഈ നിഗമനം ശരിയാണെന്ന് തെളിഞ്ഞു. നിഗ്ലേറിയ ഫൗളേറി എന്ന ഏകകോശ ജീവി (അമീബ) ഉണ്ടാക്കുന്ന അസുഖമാണ് അമീബിക് മെനിഞ്ചെറ്റിസ്.

മൂക്കിലൂടെ വെള്ളം ശക്തിയായി കടന്നു പോകുന്നതാണ് രോഗബാധക്ക് കാരണം. വേനലും ജലാശയ മലിനീകരണവും ഒന്നിച്ചായാൽ ഇത്തരം രോഗാണു ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ദ്ധർ പറയുന്നു. 46 ഡിഗ്രീ വരെ താപനിലയുള്ള വെള്ളത്തെ അതിജീവിക്കാൻ ഈ കോശ ജീവികൾക്കാവും എന്നാൽ തീരെ തണ്ണുത്ത വെള്ളത്തിലും ഉപ്പ് വെള്ളത്തിലും ഇവയ്ക്ക് അതിജീവനം സാധ്യമല്ല.

നാഡീവ്യഹത്തെയും തലച്ചോറിനെയും നശിപ്പിക്കും

നാഡീവ്യൂഹത്തെയും തലച്ചോറിനെയും നശിപ്പിക്കുന്നതു വഴി മരണം സംഭവിക്കാം. കടുത്ത പനി, തലവേദന, വയറുവേദന എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ. പിന്നീട് കഴുത്തുവേദനയും മാനസികാസ്വാസ്ഥ്യവും അപസ്മാര ലക്ഷണങ്ങളും കാണിക്കാം. ജലാശയങ്ങളിൽ സാധാരണ കാണാറുള്ള അമീബയാണെങ്കിലും അപൂർവമായാണ് മെനിഞ്ചൈറ്റിസിനു കാരണമാകുന്നത്.കുളിക്കുമ്പോഴോ നീന്തുമ്പോഴോ മൂക്കിലൂടെയാവും ഇത് മനുഷ്യ ശരീരത്തിൽ പ്രവേശിക്കുക. മറ്റു മെനിഞ്ചൈറ്റിസ് രോഗങ്ങളെക്കാൾ കൂടുതൽ വേഗത്തിൽ തലച്ചോറിൽ നാശം വരുത്തുന്നതാണ് അമീബിക് മെനിഞ്ചൈറ്റിസ്. രാജ്യത്താകെ തന്നെ പത്തോളം പേർക്ക് മാത്രമാണ് ഈ രോഗം കണ്ടെത്തിയിട്ടുള്ളുവെന്നാണ് വിവരം.

മൂക്കിനുള്ളിലൂടെ ശരീരത്തിലെത്തുന്ന അമീബ നേരെ മസ്തിഷ്‌കത്തിലേക്കാണ് പ്രവേശിക്കുക. തലച്ചോറിനുള്ളിൽ മണം അറിയാനുള്ള ഞരമ്പിലാവും ഇവയുടെ സാന്നിധ്യമുണ്ടാവാറ്. തലച്ചോറിൽ സംവേദനത്തിനുപയോഗിക്കുന്ന രാസ വസ്തുക്കളാണ് ഇവയുടെ ഭക്ഷണം. ഈ രോഗം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരില്ലെന്നാണ് വിദഗ്ധാഭിപ്രായം.

മണ്ണിലും ഈ ഏകകോശ ജീവിയുടെ സാന്നിധ്യമുണ്ടെങ്കിൽ അവിടെ നിർജീവമായിരിക്കും. എന്നാൽ മലിനപ്പെട്ടതും അൽപം ചൂടുള്ളതുമായ വെള്ളം ലഭിച്ചാൽ ഈ ഏകകോശ ജീവി വളരെ വേഗം പെറ്റുപെരുകും. തടാകങ്ങൾ, പുഴകൾ, തോടുകൾ, നീന്തൽകുളങ്ങൾ എന്നിവയിൽ ഇവ കാണപ്പെടാം.

കൃത്യമായ കാരണമറിയാതെ മസ്തിഷ്‌കജ്വരത്തിന്റെയും മസ്തിഷ്‌കവീക്കത്തിന്റെയും ലക്ഷണങ്ങളുമായി ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം ഉയരുന്നതോടെ ജില്ലയിൽ ഗുരുതര ആരോഗ്യപ്രതിസന്ധി. മെനിഞ്ചൈറ്റിസ്, എൻസഫലൈറ്റിസ് എന്നിവ ബാധിച്ച് ഈ വർഷം ആറുപേർ മരിക്കുകയും 73 പേർ രോഗലക്ഷണങ്ങളുമായി ചികിത്സ തേടുകയും ചെയ്തു.

നേരത്തേ രോഗം ബാധിച്ച് പുറത്തെ ആശുപത്രികളിലേക്ക് റഫർ ചെയ്തവരുടെ പരിശോധനാവിശദാംശങ്ങളോ മുൻകരുതൽ നിർദ്ദേശങ്ങളോ ലഭിക്കാത്തത് സ്ഥിതി സങ്കീർണമാക്കി. ജില്ലയിലെ 9 പ്രധാന ആശുപത്രികളെ കോർത്തിണക്കി, ജില്ലയിൽത്തന്നെ രോഗബാധ പഠിക്കാനും നിരീക്ഷിക്കാനുമുള്ള സൗകര്യമൊരുക്കിയിട്ടുണ്ടെന്നും ഡോക്ടർമാർക്ക് പരിശീലനം നൽകുന്നുണ്ടെന്നുമാണ് ജില്ലാ ആരോഗ്യവിഭാഗത്തിന്റെ വിശദീകരണം.

6 മരണം

മസ്തിഷ്‌കവീക്കം (എൻസഫലൈറ്റിസ്) ബാധിച്ചും മസ്തിഷ്‌കജ്വരം (മെനിഞ്ചൈറ്റിസ്) ബാധിച്ചും മൂന്നു പേർ വീതമാണ് ഈ വർഷം മരിച്ചത്. കഴിഞ്ഞ ദിവസം പെരിന്തൽമണ്ണയിൽ അമീബിക് മെനിഞ്ചൈറ്റിസ് ബാധിച്ചു മരിച്ച പെൺകുട്ടിയും കഴിഞ്ഞ മാസം വെസ്റ്റ് നൈൽ പനി ബാധിച്ച് മരിച്ച ആൺകുട്ടിയും അതിൽപെടും.

4 പേർക്ക് എൻട്രോവൈറസ് ബാധയും 2 പേർക്ക് ബാക്ടീരിയ ബാധയും സ്ഥിരീകരിച്ചു. വൈറസ്, ബാക്ടീരിയ, സൂക്ഷ്മപരാന്നഭോജികൾ എന്നിവ മൂലമുള്ള രോഗങ്ങൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് മസ്തിഷ്‌കജ്വരമുണ്ടാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP