Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അവസാന ലാപ്പിൽ ഇന്ന് ജനമനസു നിശ്ചയിക്കുക 59 മണ്ഡലങ്ങളിൽ; സ്ഥാനാർത്ഥിയായ മോദി മത്സരത്തിന് മുന്നേ സന്യസിക്കാൻ പോയി; സമുദ്രനിരപ്പിൽ നിന്ന് 15,256 അടി ഉയരെയുള്ള താഷിഗാങ്ങിലെ പോളിങ് ബൂത്ത് അടക്കം എല്ലായിടത്തും കനത്ത സുരക്ഷാ സന്നാഹം; വോട്ടെടുപ്പ് നടക്കുന്ന 59 മണ്ഡലങ്ങളിൽ 44 സീറ്റും ബിജെപിയുടെ സിറ്റിങ് സീറ്റുകൾ

അവസാന ലാപ്പിൽ ഇന്ന് ജനമനസു നിശ്ചയിക്കുക 59 മണ്ഡലങ്ങളിൽ; സ്ഥാനാർത്ഥിയായ മോദി മത്സരത്തിന് മുന്നേ സന്യസിക്കാൻ പോയി; സമുദ്രനിരപ്പിൽ നിന്ന് 15,256 അടി ഉയരെയുള്ള താഷിഗാങ്ങിലെ പോളിങ് ബൂത്ത് അടക്കം എല്ലായിടത്തും കനത്ത സുരക്ഷാ സന്നാഹം; വോട്ടെടുപ്പ് നടക്കുന്ന 59 മണ്ഡലങ്ങളിൽ 44 സീറ്റും ബിജെപിയുടെ സിറ്റിങ് സീറ്റുകൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി;ലോക്‌സഭയിലേക്കുള്ള അവസാനഘട്ട വിധിയെഴുത്ത് ഇന്ന് . ഏഴാം ഘട്ടത്തിൽ പോളിങ് നടക്കുന്ന 7 സംസ്ഥാനങ്ങളിലേയും ഒരു കേന്ദ്ര ഭരണ പ്രദേശത്തേയും 59 ലോക്‌സഭ മണ്ഡലങ്ങളിലാണ് അവസാനഘട്ടത്തിൽ പോളിങ്. ബിഹാറിലെ 8, ഹിമാചൽ പ്രദേശിലെ 4, ജാർഖണ്ടിലെ 3, മധ്യപ്രദേശിലെ 8, പഞ്ചാബിലെ 13, ഉത്തർപ്രദേശിലെ 13, പശ്ചിമ ബംഗാളിലെ 9, ചണ്ഡിഗഢിലെ 1 ഉം സീറ്റുകളാണ് അവസാന ഘട്ടത്തിൽ വോട്ട് ചെയ്യുക. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള പ്രമുഖർ ഈ ഘട്ടത്തിലാണ് ജനവിധി തേടുന്നത്.

ഉത്തർപ്രദേശിലെ വാരണാസിയിൽ നിന്നാണ് നരേന്ദ്ര മോദി ജനവിധി തേടുക. ഉത്തർപ്രദേശിൽ മഹാസഖ്യവും ബിജെപിയും നേരിട്ടാണ് ഏറ്റുമുട്ടുന്നത്. കോൺഗ്രസും ബിജെപിയും നേർക്ക് നേർ വരുന്ന മധ്യപ്രദേശിലും എൻഡിഎ ഘടകക്ഷിയായ ശിരോമണി അകാലിദളിനെതിരെ മത്സരിക്കുന്ന പഞ്ചാബിൽ നിന്നും കോൺഗ്രസ് നേട്ടം പ്രതീക്ഷിക്കുന്നുണ്ട്.കഴിഞ്ഞ ആറാംഘട്ട തെരഞ്ഞെടുപ്പിലെ സംഘർഷ സാധ്യതകൾ കണക്കിലെടുത്ത് എഴുനൂറിലധികം കമ്പനി കേന്ദ്രസേനയെയാണ് പശ്ചിമ ബംഗാളിൽ വിന്യസിച്ചിരിക്കുന്നത്. സുരക്ഷ ക്രമീകരങ്ങൾ പൂർണ്ണമായും സൈന്യം ഏറ്റെടുത്തിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പോളിങ് സ്റ്റേഷൻ ഹിമാചൽ പ്രദേശിലെ ഗോത്ര ഗ്രാമമായ താഷിഗാങ്ങിനെ ഇന്ത്യൻ തിരഞ്ഞെടുപ്പു ഭൂപടത്തിൽ രേഖപ്പെടുത്തുക അങ്ങനെയാണ്. വോട്ടർ പട്ടികയിൽ ആകെയുള്ളത് 49 അംഗങ്ങൾ. സമുദ്രനിരപ്പിൽ നിന്ന് 15,256 അടി ഉയരെയുള്ള താഷിഗാങ്ങിലെ പോളിങ് ബൂത്തിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരിക്കുന്നു.2017ലെ നിയമസഭാ തിരഞ്ഞെടുപ്പു വരെ സമീപത്തെ ഹിക്കിം പോളിങ് സ്റ്റേഷനായിരുന്നു ഏറ്റവും ഉയരത്തിലുണ്ടായിരുന്നത്. ഇന്ത്യയിൽ ഏറ്റവും കുറവ് വോട്ടർമാരുള്ള കാ പോളിങ് സ്റ്റേഷനും ഇന്ത്യയിലെ ഏറ്റവും ആദ്യത്തെ വോട്ടർ എന്നു വിശേഷിപ്പിക്കുന്ന ശ്യാം സരൻ നേഗിയും ഹിമാചലിലാണ്. താഷിഗാങ്ങും കായും ഉൾപ്പെടുന്ന മാണ്ഡി ഉൾപ്പെടെ ഇന്ത്യയിലെ 59 ലോക്‌സഭാ മണ്ഡലങ്ങളിൽ ഇന്നു വോട്ടെടുപ്പ് നടക്കുകയാണ്.

വോട്ടെടുപ്പ് നടക്കുന്ന 59 മണ്ഡലങ്ങളിൽ 44 സീറ്റും ബിജെപിയുടെ സിറ്റിങ് സീറ്റുകളാണ്. ഉത്തർപ്രദേശിലാകട്ടെ പതിനാലിൽ പന്ത്രണ്ടും ബിജെപി കഴിഞ്ഞതവണ ഒറ്റയ്ക്ക് നേടിയതാണ്. ഒരെണ്ണം എൻ.ഡി.എ ഘടകക്ഷിയായ അപ്നാദളിന്റെയും. എന്നാൽ ഇത്തവണ ഈ മണ്ഡലങ്ങളിലെല്ലാം എസ്‌പിബി.എസ്‌പിആർ.എൽ.ഡി മഹാസഖ്യം കടുത്ത വെല്ലുവിളിയാണ് ബിജെപിക്ക് ഉയർത്തുന്നത്.ഡൽഹിയിലെ ഏഴു സീറ്റിലും ഇത്തവണ ശക്തമായ ത്രികോണ മത്സരത്തിനാണ് വേദിയൊരുങ്ങുന്നത്. ഹരിയാനയിലെ പത്ത് സീറ്റുകളിൽ ചതുഷ്‌കോണ പോരാട്ടമാണ് നടക്കുന്നത്. ബിജെപിക്കും കോൺഗ്രസിനും പുറമേ ഐ.എൻ.എൽ.ഡിയും ആം ആദ്മിയുമാണ് രംഗത്തുള്ളത്.ബംഗാളിൽ വോട്ടെടുപ്പ് നടക്കുന്ന തൃണമൂലിന്റെ എട്ടു സിറ്റിങ് സീറ്റുകളിലും ബിജെപി വെല്ലുവിളി ഉയർത്തുന്നുണ്ട്.മലേഗാവ് സ്‌ഫോടനക്കേസ് പ്രതി പ്രജ്ഞാ സിങ് താക്കൂറും കോൺഗ്രസിന്റെ ദിഗ്‌വിജയ് സിംഗും ഏറ്റുമുട്ടുന്ന ഭോപ്പാൽ, മേനക ഗാന്ധി ജനവിധി തേടുന്ന സുൽത്താൻപുർ തുടങ്ങിയവയാണ് ആറാം ഘട്ടത്തിലെ ശ്രദ്ധേയ മണ്ഡലങ്ങൾ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ ഉത്തർപ്രദേശിലെ വാരാണസിയിലും ഇന്നാണു വോട്ടെടുപ്പ്. ഏഴു സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണ പ്രദേശത്തുമായി 10.01 കോടിയിലേറെ വോട്ടർമാരാണ് ഏഴാമത്തെയും അവസാനത്തെയും ഘട്ടം വോട്ടെടുപ്പിൽ സമ്മതിദാനാവകാശം നിർവഹിക്കുക. ഒരുക്കിയിരിക്കുന്നത് 1.12 ലക്ഷത്തിലേറെ പോളിങ് സ്റ്റേഷനുകൾ. വൈകിട്ട് ആറരയോടെ എക്‌സിറ്റ് പോൾ ഫലങ്ങളെത്തും. മെയ്‌ 23ന് വോട്ടെണ്ണലും. 38 ദിവസങ്ങളിലായി ഇതുവരെ നടന്ന ആറു ഘട്ട വോട്ടെടുപ്പിൽ 66.88 ആണ് വോട്ടിങ് ശതമാനം.

നിശ്ശബ്ദ പ്രചാരണദിവസമായ ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി കേദാർനാഥ് ക്ഷേത്രത്തിൽ പ്രാർത്ഥനയ്‌ക്കെത്തി. ബിജെപി അധ്യക്ഷൻ അമിത് ഷാ സോമനാഥ് ക്ഷേത്രത്തിൽ പൂജ നടത്തി. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡുവുമായി ചർച്ച നടത്തി. നായിഡു പിന്നീട് അഖിലേഷ് യാദവിനെയും മായാവതിയെയും കാണാനായി ലഖ്‌നൗവിലെത്തി. നേരത്തെ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, എൻസിപി അധ്യക്ഷൻ ശരദ് പവാർ, ലോക്താന്ത്രിക് ജനതാദൾ നേതാവ് ശരത് യാദവ് എന്നിവരുമായും നായിഡു കൂടിക്കാഴ്ച നടത്തി.

ബിജെപിയുടെ ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി കിഷൻ കപൂർ ഉൾപ്പെടെ അഞ്ച് എംഎൽഎമാർ ഹിമാചലിൽ മത്സരിക്കുന്നുണ്ട്. മുൻ ബിസിസിഐ അധ്യക്ഷൻ അനുരാഗ് ഠാക്കൂർ ബിജെപി ടിക്കറ്റിലും മുൻ കേന്ദ്ര ടെലികോം മന്ത്രി സുഖ് റാമിന്റെ കൊച്ചുമകൻ ആശ്രയ് ശർമ കോൺഗ്രസ് സ്ഥാനാർത്ഥിയായും മത്സരിക്കുന്നു.

മധ്യപ്രദേശിൽ നിലവിൽ ബിജെപിക്കു കീഴിലുള്ള എട്ടു മണ്ഡലങ്ങളിലാണു വോട്ടെടുപ്പ്. മുൻ കേന്ദ്രമന്ത്രിമാരായ കോൺഗ്രസിന്റെ കാന്തിലാൽ ഭൂരിയ, അരുൺ യാദവ് എന്നിവരാണ് മത്സര രംഗത്തെ പ്രമുഖർ. സംഘർഷസാധ്യതയുള്ളതിനാൽത്തന്നെ അരലക്ഷത്തിലേറെ സുരക്ഷാഭടന്മാരെയാണു പോളിങ് മേഖലകളിൽ വിനിയോഗിച്ചിരിക്കുന്നത്.

ഉത്തർപ്രദേശിലെ വാരാണസിയിൽ മോദി ഉൾപ്പെടെ 25 സ്ഥാനാർത്ഥികളാണുള്ളത്. കോൺഗ്രസിന്റെ അജയ് റായി, എസ്‌പിബിഎസ്‌പി സഖ്യത്തിന്റെ ശാലിനി യാദവ് എന്നിവരാണ് എതിരാളികൾ. കേന്ദ്രമന്ത്രി മനോജ് സിൻഹ ഗസ്സിപുരിലും ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ മഹേന്ദ്ര നാഥ് പാണ്ഡെ ചന്ദൗലിയിലും മത്സരിക്കുന്നു. വോട്ടെടുപ്പ് നടക്കുന്ന 13ൽ 11 മണ്ഡലങ്ങളിലും ബിജെപിക്ക് സ്ഥാനാർത്ഥികളുണ്ട്. രണ്ടിടത്ത് സഖ്യകക്ഷിയായ അപ്നാദളാണ്.

പഞ്ചാബിയിൽ ശിരോമണി അകാലിദൾ തലവൻ സുഖ്ബിർ സിങ് ബാദൽ, കേന്ദ്രമന്ത്രിമാരായ ഹർസിമ്രത്ത് കൗർ ബാദൽ, ഹർദീപ് സിങ് പുരി എന്നിവരുൾപ്പെടെ 278 പേർ ഇന്നു ജനവിധി തേടുന്നു. നടൻ സണ്ണി ഡിയോൾ, പഞ്ചാബ് കോൺഗ്രസ് തലവൻ സുനിൽ ജഖാർ, എഎപിയുടെ പഞ്ചാബ് യൂണിറ്റ് തലവൻ ഭഗ്വന്ത് മൻ എന്നിവരും പഞ്ചാബിൽ മത്സരിക്കുന്നു. ബംഗാളിലെ ഒൻപതു സീറ്റിലേക്ക് 111 സ്ഥാനാർത്ഥികളാണു മത്സരിക്കുന്നത്. കൊൽക്കത്തയിൽ ബിജെപി അധ്യക്ഷൻ അമിത് ഷായുടെ റോഡ് ഷോയ്ക്കിടെ അക്രമങ്ങളുണ്ടായ പശ്ചാത്തലത്തിൽ ഒൻപതു മണ്ഡലങ്ങളിൽ പ്രചാരണ ദിവസങ്ങൾ വെട്ടിക്കുറച്ചിരുന്നു. മെയ്‌ 17നു വൈകിട്ട് ആറു വരെ പ്രചാരണത്തിന് സമയമുണ്ടായിരുന്നെങ്കിലും 16നു രാത്രി പത്തിലേക്കു ചുരുക്കുകയായിരുന്നു. ഇന്ത്യയുടെ തിരഞ്ഞെടുപ്പു ചരിത്രത്തിലാദ്യമായിട്ടായിരുന്നു ഇത്തരമൊരു നടപടി.

ബിഹാറിൽ മത്സരിക്കുന്ന 157 സ്ഥാനാർത്ഥികളിൽ കേന്ദ്രമന്ത്രിമാരായ രവി ശങ്കർ പ്രസാദ്, റാം കൃപാൽ യാദവ്, ആർ.കെ.സിങ്. അശ്വിനി കുമാർ തൗബെ എന്നിവരുണ്ട്. രവി ശങ്കറിനെതിരെ പട്‌ന സാഹിബ് മണ്ഡലത്തിൽ മത്സരിക്കുന്നത് ബിജെപി വിട്ട് കോൺഗ്രസിനൊപ്പം ചേർന്ന ശത്രുഘ്‌നനൻ സിൻഹയാണ്. ഝാർഖണ്ഡിൽ മുൻ മുഖ്യമന്ത്രി ഷിബു സോറൻ ഉൾപ്പെടെ 42 പേർ ജനവിധി തേടുന്നുണ്ട്. ബിജെപിയുടെ സുനിൽ സോറനാണ് ഷിബുവിന്റെ എതിരാളി.

കണ്ണൂർ, കാസർകോട് ലോക്‌സഭാ മണ്ഡലങ്ങളിലെ കള്ളവോട്ട് സ്ഥിരീകരിച്ച ഏഴുബൂത്തിൽ ഞായറാഴ്ച റീപോളിങ്. രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്.
കാസർകോട് തൃക്കരിപ്പൂർ നിയോജകമണ്ഡലത്തിലെ കൂളിയാട് ജിഎച്ച്എസ് ന്യൂബിൽഡിങ് (ബൂത്ത് നമ്പർ 48), കല്യാശേരിയിലെ പിലാത്തറ യുപി (ബൂത്ത് നമ്പർ 19), പുതിയങ്ങാടി ജുമാഅത്ത് എച്ച്എസ് നോർത്ത് ബ്ലോക്ക് (ബൂത്ത് നമ്പർ 69), ജുമാഅത്ത് എച്ച്എസ് സൗത്ത് ബ്ലോക്ക് (ബൂത്ത് നമ്പർ 70), കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിലെ ധർമടം നിയോജകമണ്ഡലത്തിലെ കുന്നിരിക്ക യുപിഎസ് വേങ്ങാട് നോർത്ത് (ബൂത്ത് നമ്പർ 52), കുന്നിരിക്ക യുപിഎസ് വേങ്ങാട് സൗത്ത് (ബൂത്ത് നമ്പർ 53) തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ പാമ്പുരുത്തി മാപ്പിള എയുപിഎസ് (ബൂത്ത് നമ്പർ 166) എന്നിവിടങ്ങളിലാണ് റീപോളിങ്. വോട്ടർമാരുടെ ഇടതുകൈയിലെ നടുവിരലിലാകും മഷി പുരട്ടുക.

മുൻ ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ നിര്യാണത്തെത്തുടർന്ന് ഒഴിവു വന്ന പനജിയിലേക്കും, കർണാടകയിലെ കുണ്ടഗോൽ, ചിൻചോലി നിയമസഭാ മണ്ഡലങ്ങളിലേക്കും ഇന്നാണു വോട്ടെടുപ്പ്. തമിഴ്‌നാട്ടിലെ സൂലൂർ, തിരുപ്പ്രംകുണ്ട്‌റം, അരവക്കുറിച്ചി, ഒറ്റപ്പീഡാരം(സംവരണം) എന്നീ നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പും ഇന്നു നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP