Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഡിവൈഎഫ്‌ഐ അംഗത്വ ഫോറത്തിൽ മതം രേഖപ്പെടുത്തുന്ന കോളം പൂരിപ്പിക്കാൻ തയ്യാറാവാതെ പ്രതികരിച്ചു കൊണ്ടു പാർട്ടിയുമായി ഇടഞ്ഞു; ഉമ്മൻ ചാണ്ടിയെ കണ്ണൂരിൽ വെച്ച് കല്ലെറിഞ്ഞു പരിക്കേൽപ്പിച്ച കേസിൽ പ്രതിചേർക്കപ്പെട്ടപ്പോൾ പാർട്ടി തഴഞ്ഞതോടെ അകൽച്ച പൂർത്തിയായി; ഒടുവിൽ ഉമ്മൻ ചാണ്ടിയോട് മാപ്പുപറഞ്ഞു; അക്രമമല്ല സേവനമാണ് രാഷ്ട്രീയ പ്രവർത്തനമെന്ന് പറഞ്ഞ് സിപിഎമ്മിനെ എതിർക്കാൻ ഇറങ്ങി വെട്ടേറ്റ് ആശുപത്രിയിലായ സി.ഒ.ടി. നസീറിന്റെ കഥ

ഡിവൈഎഫ്‌ഐ അംഗത്വ ഫോറത്തിൽ മതം രേഖപ്പെടുത്തുന്ന കോളം പൂരിപ്പിക്കാൻ തയ്യാറാവാതെ പ്രതികരിച്ചു കൊണ്ടു പാർട്ടിയുമായി ഇടഞ്ഞു; ഉമ്മൻ ചാണ്ടിയെ കണ്ണൂരിൽ വെച്ച് കല്ലെറിഞ്ഞു പരിക്കേൽപ്പിച്ച കേസിൽ പ്രതിചേർക്കപ്പെട്ടപ്പോൾ പാർട്ടി തഴഞ്ഞതോടെ അകൽച്ച പൂർത്തിയായി; ഒടുവിൽ ഉമ്മൻ ചാണ്ടിയോട് മാപ്പുപറഞ്ഞു; അക്രമമല്ല സേവനമാണ് രാഷ്ട്രീയ പ്രവർത്തനമെന്ന് പറഞ്ഞ് സിപിഎമ്മിനെ എതിർക്കാൻ ഇറങ്ങി വെട്ടേറ്റ് ആശുപത്രിയിലായ സി.ഒ.ടി. നസീറിന്റെ കഥ

രഞ്ജിത്ത് ബാബു

കണ്ണൂർ: ഡിവൈഎഫ്ഐയുടെ പ്രാദേശിക നേതാവും തലശ്ശേരി നഗരസഭാ കൗൺസിലറുമായിരിക്കേ പാർട്ടിയിലെ ഉന്നത നേതാക്കൾക്കും പ്രവർത്തകർക്കും പ്രിയങ്കരനായിരുന്നു സി.ഒ.ടി. നസീർ. പാർട്ടി പ്രവർത്തനത്തിനൊപ്പം സേവന പ്രവർത്തനവും ലക്ഷ്യമിട്ട് പ്രവർത്തിച്ചിരുന്ന നസീറിന് തലശ്ശേരിയിലെ ജനങ്ങൾക്കിടയിൽ നല്ല സ്വാധീനം നേടിയെടുക്കാൻ കഴിഞ്ഞു. എന്നാൽ പാർട്ടിയിലെ ചില പ്രവർത്തന പോരായ്മകളെ വിമർശിക്കാനും നസീർ മിടുക്ക് കാട്ടിയിരുന്നു. പാർട്ടി അംഗത്വ ഫോറത്തിൽ മതം രേഖപ്പെടുത്തുന്ന കോളം പൂരിപ്പിക്കാൻ തയ്യാറാവാതെ പ്രതികരിച്ചു കൊണ്ടായിരുന്നു നസീർ എതിർപ്പിന്റെ തുടക്കമിട്ടത്. തുടർന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കണ്ണൂരിൽ വെച്ച് ഡി.വൈ. എഫ്.ഐ. പ്രവർത്തകർ കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ച കേസിൽ നസീറും പ്രതിപ്പട്ടികയിൽ പെട്ടിരുന്നു.

ഉമ്മൻ ചാണ്ടി കഴിഞ്ഞ വർഷം തലശ്ശേരി സന്ദർശിച്ചപ്പോൾ റസ്റ്റ് ഹൗസിൽപോയി കണ്ട് താൻ ആ കേസിൽ പ്രതിയാക്കപ്പെട്ടതാണെന്നും അതിൽ താൻ ഖേദിക്കുന്നതായും നസീർ പറഞ്ഞിരുന്നു. എന്നാൽ ഉമ്മൻ ചാണ്ടി നസീറിനെ ആശ്വസിപ്പിച്ച് വിടുകയായിരുന്നു. തലശ്ശേരിയിലെ പ്രശസ്തമായ സി.ഒ.ടി കുടുംബത്തിൽപെട്ട നസീറിന് കുടുംബത്തിനകത്തും പുറത്തും നല്ല സ്വാധീനമുണ്ടായിരുന്നു. പാർട്ടിയിൽ നിന്ന് അകന്നതോടെ കിവീസ് എന്ന പേരിൽ ഒരു സന്നദ്ധ സംഘടനയുണ്ടാക്കി യുവാക്കളെ സംഘടിപ്പിച്ച് പ്രവർത്തിച്ചു വരികയായിരുന്നു നസീർ.

തലശ്ശേരിയിൽ ഈ സംഘടനക്ക് നല്ല സ്വാധീനവുമുണ്ടായി. അതിനിടെയാണ് വടകര ലോകസഭാ മണ്ഡലത്തിൽ മത്സരിക്കാൻ നസീർ ഇറങ്ങി പുറപ്പെട്ടത്. യുവാക്കളുടെ സഹായം കൂടിയായപ്പോൾ പുതിയ ആശയവും പുതിയ രാഷ്ട്രീയവുമാണ് താൻ മുന്നോട്ട് വെക്കുന്നതെന്ന് പറഞ്ഞാണ് നസീർ മത്സരത്തിനിറങ്ങിയത്. അക്രമമല്ല സേവനമാണ് രാഷ്ട്രീയ പ്രവർത്തനമെന്ന് പറഞ്ഞ് സിപിഎമ്മിനെ ആശയപരമായി എതിർക്കുകയും ചെയ്തു. അക്രമ രാഷ്ട്രീയത്തിനെതിരെയായിരുന്നു നസീറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ മുഖ്യ വിഷയം.

തെരഞ്ഞെടുപ്പ് കഴിഞ്ഞ് വോട്ടെണ്ണലിനോട് അടുത്ത ദിവസമാണ് നസീറിനെ മൂന്നംഗ സംഘം ആക്രമിച്ചത്. ഇത് സിപിഎം. തന്നെയാണെന്ന് ബിജെപി.യും കോൺഗ്രസ്സും ഉൾപ്പെടെയുള്ള രാഷ്ട്രീയ കക്ഷികൾ ആരോപണവുമായി രംഗത്ത് വന്നിട്ടുണ്ട്. സിപിഎം. ന്റെ തെറ്റായ ചെയ്തികൾ തുറന്ന് കാട്ടിയതിന്റെ പേരിലാണ് നിഷ്ഠൂരമായ രീതിയിൽ നസീറിനെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് കെപിസിസി. പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചിരുന്നു. പരിശീലനം ലഭിച്ച സിപിഎം. ഗുണ്ടകളാണ് ഇതിന് പിന്നിലെന്നും വടകര മണ്ഡലത്തിലെ സ്ഥാനാർത്ഥി പി.ജയരാജന്റെ അറിവോടെയാണ് സി.ഒ.ടി. നസീറിന്റെ നേരെയുള്ള വധശ്രമമെന്ന് അദ്ദേഹം ആരോപിക്കുന്നു.

ടി.പി. ചന്ദ്രശേഖരനെ അക്രമിച്ച അതേ രീതിയിലാണ് നസീറിനേയും അക്രമിച്ചത്. വടകര മണ്ഡലത്തിൽ ടി.പി. ചന്ദ്രശേഖരൻ മത്സരിച്ചതിനെ തുടർന്നാണ് അദ്ദേഹത്തെ സിപിഎം. കാർ കൊലപ്പെടുത്തിയത്. അതിന്റെ ചുവടു പിടിച്ചാണ് മണ്ഡലത്തിലെ സ്ഥാനാർത്ഥിയായിരുന്ന നസീറിന് നേരെയുള്ള അക്രമമെന്ന് ബിജെപി. ജില്ലാ പ്രസിഡണ്ട് പി. സത്യപ്രകാശും ആരോപിക്കുന്നു. അതേസമയം തന്നെ അക്രമിച്ചവരെ കുറിച്ച് പൊലീസിൽ മോഴി നൽകിയിട്ടുണ്ട് സിഒടി നസീർ. തന്നെ വെട്ടി പരിക്കേൽപ്പിച്ചവരെ ഇതിന് മുൻപ് കണ്ടിട്ടില്ലെന്നും എന്നാൽ ഇനി ഇവരെ കണ്ടാൽ താൻ തിരിച്ചറിയുമെന്നും നസീർ പറയുന്നു. കോഴിക്കോട് ബേബി മെമോറിയൽ ആശുപത്രിയിൽ ചികിത്സയിലുള്ള നസീർ ഇപ്പോൾ അപകട നില തരണം ചെയ്തിട്ടുണ്ട്.

ചികിത്സയിലുള്ള നസീറിന് അടിയന്തര ശസ്ത്രക്രിയ നടത്തി. കൈക്കും കാലിനും തലയ്ക്ക് പുറകിലും വയറിലും പരിക്കുണ്ട്. ഇന്നലെ രാത്രിയാണ് നസീറിനെ ഒരു സംഘം ആക്രമിച്ചത്. നസീർ സഞ്ചരിച്ച ബൈക്ക് ഓടിച്ചിരുന്ന നൗരിഫ് തലശേരി ആശുപത്രിയിൽ ചികിത്സയിലാണ്. സിപിഎം ആസൂത്രിതമായി നടത്തിയ ആക്രമണമാണ് നസീറിനെതിരെ നടന്നതെന്ന് കോൺഗ്രസും ആർഎംപിയും കുറ്റപ്പെടുത്തി. വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി.ജയരാജന്റെ അറിവോടെയാണ് അക്രമം നടന്നതെന്ന് കെ മുരളീധരൻ പ്രതികരിച്ചു. എന്നാൽ ആക്രമണത്തിൽ സിപിഎമ്മിന് പങ്കില്ലെന്നും കൊതുകിനെ കൊല്ലാൻ തോക്കെടുക്കേണ്ടെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP