Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

യാത്രക്കാരുടെ പേടിസ്വപ്‌നമായ 'കല്ലടയിലെ ക്രിമിനലുകളെ' രക്ഷിക്കാൻ അട്ടിമറി നീക്കം തകൃതി; തിരിച്ചറിയൽ പരേഡിന് മണിക്കൂറുകൾക്ക് മുൻപ് ഏഴ് പ്രതികൾക്കും ജാമ്യം; പരേഡിന്റെ കാര്യം അന്വേഷണ സംഘം കോടതിയെ അറിയിച്ചതോടെ ജയിൽ വിടാൻ കഴിയാതെ പ്രതികൾ; ജാമ്യത്തുക കെട്ടിവച്ച് ശരവേഗത്തിൽ പുറത്തിറങ്ങി തൃശ്ശൂർ സ്വദേശി ജിതിൻ; ജാമ്യം റദ്ദാക്കണമെന്ന് ഹൈക്കോടതിയോട് ആവശ്യപ്പെട്ട് അന്വേഷണ സംഘം

യാത്രക്കാരുടെ പേടിസ്വപ്‌നമായ 'കല്ലടയിലെ ക്രിമിനലുകളെ' രക്ഷിക്കാൻ അട്ടിമറി നീക്കം തകൃതി; തിരിച്ചറിയൽ പരേഡിന് മണിക്കൂറുകൾക്ക് മുൻപ് ഏഴ് പ്രതികൾക്കും ജാമ്യം; പരേഡിന്റെ കാര്യം അന്വേഷണ സംഘം കോടതിയെ അറിയിച്ചതോടെ ജയിൽ വിടാൻ കഴിയാതെ പ്രതികൾ; ജാമ്യത്തുക കെട്ടിവച്ച് ശരവേഗത്തിൽ പുറത്തിറങ്ങി തൃശ്ശൂർ സ്വദേശി ജിതിൻ; ജാമ്യം റദ്ദാക്കണമെന്ന് ഹൈക്കോടതിയോട് ആവശ്യപ്പെട്ട് അന്വേഷണ സംഘം

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: യാത്രക്കാരുടെ പേടി സ്വപ്‌നമായ 'കല്ലടയിലെ ക്രിമിനലുകളെ' രക്ഷിക്കാനുള്ള നീക്കമാണ് ഇപ്പോൾ തകൃതിയായി നടക്കുന്നത്. സുരേഷ് കല്ലടയുടെ ഉടമസ്ഥതയിലുള്ള കല്ലട ട്രാവത്സിൽ യാത്രക്കാരെ ക്രൂര മർദ്ദനത്തിന് ഇരയാക്കിയ കേസിൽ തിരിച്ചറിയൽ പരേഡ് നടക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കവേയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. തിങ്കളാഴ്‌ച്ചയാണ് തിരിച്ചറിയൽ പരേഡ് നടക്കാനിരിക്കുന്നത്. ഇതിനു മുൻപേ തന്നെ കേസിലെ ഏഴ് പ്രതികളും ജാമ്യം നേടിയിരുന്നു. എന്നാൽ ഇവരുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് അന്വേഷണ സംഘം.

വൈറ്റിലയിൽ വച്ചാണ് കല്ലട ബസിൽ യാത്ര ചെയ്ത വരെ വിളിച്ചിറക്കി കല്ലട ബസിലെ ജീവനക്കാർ മർദ്ദിച്ചത്. ഇവർക്ക് ജാമ്യം അനുവദിക്കരുതെന്ന് കാട്ടി തൃക്കാക്കര എസിപി പ്രോസിക്യൂഷന് റിപ്പോർട്ട് സമർപ്പിച്ചിരുന്നെങ്കിലും സർക്കാർ അഭിഭാഷകൻ ജാമ്യാപേക്ഷയെ എതിർത്തില്ല. ഇതിന് പിന്നാലെയാണ് പ്രതികൾക്ക് എറണാകുളം ജില്ലാ സെഷൻസ് കോടതി ജാമ്യം നൽകിയത്. ജയേഷ്, രാജേഷ് ,ജിതിൻ ,അൻവറുദ്ദീൻ, ഗിരിലാൽ, വിഷ്ണുരാജ്, കുമാർ എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്.

ജാമ്യത്തുക കെട്ടിവച്ച് തൃശൂർ സ്വദേശി ജിതിൻ എന്നയാൾ ജയിലിന് പുറത്തിറങ്ങുകയും ചെയ്തു. എന്നാൽ തിരിച്ചറിയൽ പരേഡ് നടക്കാനിരിക്കുന്ന കാര്യം അന്വേഷണ സംഘം വീണ്ടും കോടതിയെ അറിയിച്ചതോടെ മറ്റ് ആറ് പേർക്ക് ഇത് വരെ ജയിലിൽ നിന്ന് ഇറങ്ങാനായിട്ടില്ല. അതേസമയം ഒരു കോടതി അനുവദിച്ച ജാമ്യം അതേ കോടതിക്ക് തന്നെ റദ്ദാക്കാൻ കഴിയില്ലെന്നിരിക്കെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് അന്വേഷണ സംഘം.

പരാതിക്കാരായ മൂന്ന് പേർ നാളെ ജയിലിലെത്തി പ്രതികളായ ആറ് പേരുടെ തിരിച്ചറിയൽ പരേഡ് നടത്തും. പുറത്തിറങ്ങിയ ആളുടെ തിരിച്ചറിയൽ പരേഡ് മറ്റൊരു ദിവസത്തേക്ക് മാറ്റേണ്ടി വരും. ബെംഗളൂരുവിലേക്കുള്ള 'സുരേഷ് കല്ലട' ബസിലെ യാത്രക്കാരായ 3 യുവാക്കളെ ഏപ്രിൽ ആദ്യവാരത്തിലാണ് ബസ് ജീവനക്കാർ ക്രൂരമായി ആക്രമിച്ചത്.അന്ന് തന്നെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലുമെത്തി. എന്നാൽ പത്രങ്ങളോ മുൻനിര ചാനലുകളോ ഇതിനെ പ്രധാന വാർത്തയാക്കിയില്ല. എന്നാൽ ഇന്നലെ സോഷ്യൽ മീഡിയ ഈ വിഷയത്തിൽ കടന്നാക്രമണം നടത്തി. മറുനാടൻ പുറത്തുവിട്ട വിവരങ്ങളും വൈറലായി. ഇതോടെ കല്ലടയ്‌ക്കെതിരെ ജനരോഷം ശക്തമായി.

മറുനാടൻ വാർത്ത സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ മുഖ്യധാരാ മാധ്യമങ്ങളും കണ്ണു തുറുന്നു. കല്ലടയുടെ കള്ളക്കളികൾ അവരും വാർത്തയാക്കി. വോട്ടെടുപ്പ് കാലമായതു കൊണ്ട് ജനങ്ങൾക്കൊപ്പം രാഷ്ട്രീയക്കാരും നിന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് നടപടിക്ക് തയ്യാറായത്. പിടിച്ചെടുത്ത കല്ലട ബസ് മരട് സ്റ്റേഷനിൽ എത്തിച്ചു. ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. 'സുരേഷ് കല്ലട'യുടെ കേരളത്തിലെ എല്ലാ ഓഫിസുകളും ഇന്നലെ പൂട്ടിയതായി പൊലീസ് അറിയിക്കുകയും ചെയ്തു. ഈ സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് 'സുരേഷ് കല്ലട' ബസിന്റെ പെർമിറ്റ് റദ്ദാക്കുമെന്നു ഗതാഗത കമ്മിഷണർ എഡിജിപി: സുധേഷ് കുമാർ അറിയിച്ചത്. ഈ പരിശോധനയാണ് ഇപ്പോൾ പുരോഗമിക്കുന്നത്.

രാത്രി തിരുവനന്തപുരത്തു നിന്നു ബെംഗളൂരുവിലേക്കു പുറപ്പെട്ട കല്ലട ബസിലെ യാത്രക്കാരായ അജയഘോഷ്, സച്ചിൻ, അഷ്‌കർ എന്നിവർക്കാണു ക്രൂരമർദനമേറ്റത്. അജയഘോഷ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവർ തമിഴ്‌നാട് ഈറോഡിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. ഹരിപ്പാട് വച്ച് കേടായ ബസിനു പകരം ബസ് ഏർപ്പാടാക്കാത്തതു യുവാക്കൾ ചോദ്യം ചെയ്തിരുന്നു. ഇതിനു പ്രതികാരമായാണ് ആക്രമണം നടത്തിയതെന്നു പൊലീസ് അറിയിച്ചു. സോഷ്യൽ മീഡിയ കൃത്യമായി ഇടപെട്ടതാണ് പ്രതികളെ പിടിക്കാൻ കാരണം.

സംഭവത്തിലെ ഗൂഢാലോചനയിൽ കല്ലട സുരേഷ് ബസ് മുതലാളി സുരേഷിനും പങ്കുണ്ടെന്ന് വ്യക്തമാണ്. ഇയാളുടെ അറിവോടെയാണ് അക്രമം നടന്നതെന്നാണ് സൂചന. ഈ കേസിൽ കല്ലട മുതലാളിയെ പൊലീസ് കേസിൽ പ്രതി ചേർത്തിട്ടില്ല. ഇതിനുള്ള കള്ളക്കളികൾ അണിയറയിൽ പുരോഗമിക്കുകയാണ്.

കല്ലടയിലുണ്ടായ ദുരനുഭവങ്ങൾ പുറത്ത് വന്നത് ഫേസ്‌ബുക്ക് കുറിപ്പുകളിലൂടെ

ഇതിനിടെ കല്ലട ബസിലെ ദുരനുഭവം തുറന്ന് പറഞ്ഞ് നടി അരുന്ധതിയും കോളേജ് അദ്ധ്യാപികയായ മായാ മാധവനും അടക്കമുള്ളവർ ഫേസ്‌ബുക്ക് പോസ്റ്റിട്ടതും ഏറെ ചർച്ചയായിരുന്നു. 2015ലെ ഒരു യാത്രക്കിടെ കല്ലട ബസ്സിൽ വെച്ചുണ്ടായ ദുരനുഭവം വിവരിക്കുന്നതാണ് അരുന്ധതി ബിയുടെ ഫേസ്‌ബുക്ക് കുറിപ്പ്. ആർത്തവകാലത്തെ യാത്രക്കിടയിൽ ബസ് നിർത്തിതരാൻ ആവശ്യപ്പെട്ടിട്ടും കല്ലട ബസ്സിലെ ജീവനക്കാർ ബസ് നിർത്തിയില്ലെന്നും താൻ അപമാനിതയായെന്നും അരുന്ധതി പറയുന്നു.

കൊച്ചിയിൽ നിന്നും ഹൈദരാബാദിലേക്കുള്ള യാത്രക്കിടെ ജീവനക്കാരുടെ പെരുമാറ്റവും ക്രൂരതയും വ്യക്തമാക്കുന്ന ദീർഘമായ കുറിപ്പാണ് അരുന്ധതി ഇട്ടത്. 'ഇനി മെഹ്ദിപട്ടണത്തേ സ്റ്റോപ്പുള്ളുവെന്നും, ബ്രേക്ഫാസ്റ്റിന് നിർത്താത്ത വണ്ടിയായതിനാൽ മെഹ്ദിപട്ടണത്തിറങ്ങി എതേലും ടോയ്ലറ്റ് കണ്ടുപിടിച്ചോന്നുമായിരുന്നു മറുപടി. ഒരു പരിചയവുമില്ലാത്ത ആ യാത്രക്കാരൻ എനിക്കുവേണ്ടി പ്രതികരിച്ചു. ബസിൽ ബാക്കിയുണ്ടായിരുന്ന ഞങ്ങൾ ഏഴോ എട്ടോ പേർ ഒന്നിച്ച് ഒച്ചവെച്ചു. എന്നിട്ടും കല്ലടയുടെ സ്റ്റാഫ് അനങ്ങിയില്ല. അവരുടെ ഓഫീസ് നമ്പറിൽ വിളിച്ചു ഒടുക്കം. മെഹ്ദിപട്ടണത്ത് അവരുടെ ഓഫീസിൽ ബസ് നിർത്തുമെന്നും, അവിടുത്തെ ടോയ്ലറ്റ് ഉപയോഗിക്കാമെന്നും ധാരണയായി. ബസ് നിർത്തുമ്പോ നടക്കാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു', അരുന്ധതി കുറിച്ചു.

ഇതിനിടെ കല്ലട ബസിലെ തൊഴിലാളികളിൽ നിന്ന് നേരിടേണ്ടി വന്ന ക്രൂരത വെളിപ്പെടുത്തിയ അദ്ധ്യാപിക മായാ മാധവന് ഭീഷണിയും വന്നിരുന്നു. ഫേസ്‌ബുക്കിലൂടെയാണ് മായാ മാധവന് നേരെ ഭീഷണി നേരിട്ടത്. സംഭവത്തെ തുടർന്ന് പൊലീസിൽ പരാതി നൽകിയതായി മായ വ്യക്തമാക്കി. പരാതിയുമായി മുന്നോട്ട് പോകുമെന്നും ഇടൻ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മായ പറഞ്ഞിരുന്നു.

ചെന്നൈയിൽ നിന്ന് കല്ലടയുടെ ബസ് ബുക്ക് ചെയ്ത തനിക്കും മകൾക്കും ഉണ്ടായ ദുരനുഭവമാണ് മായ പങ്കുവച്ചത്. ചെന്നൈയിൽ നിന്ന് രാത്രി 11 മണിക്ക് വരേണ്ടിയിരുന്ന ബസ് പുലർച്ചെ 5 മണിക്കാണ് എത്തിയത്. അത്രയും സമയം തമിഴ്‌നാട്ടിലെ ഒരു വിജനമായ ഗ്രാമത്തിൽ ഭയപ്പെട്ട് മകൾക്കൊപ്പം തനിച്ച് ഇരിക്കേണ്ടി വന്നു. കല്ലടയുടെ ഓഫീസ് ഉണ്ടായിട്ടും മാനേജർ മൂത്രമൊഴിക്കാൻ പോലും പാതിരാത്രി ഓഫീസ് തുറന്നു തന്നില്ല. ഒടുവിൽ ഗതികെട്ട് ഇരുട്ടിന്റെ മറവിൽ കാളകൾ മേഞ്ഞു നടന്ന അടുത്തുള്ള തുറസായ സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന ലോറിയുടെ മറവിലാണ് മൂത്രമൊഴിച്ചത്.

പുലർച്ചയോടടുത്ത് ഒരു വാഹനം വന്ന് അതിൽ കയറിയെങ്കിലും അതിലെ ജീവനക്കാർ യാത്രക്കാരോട് വളരെ മോശമായാണ് പെരുമാറിയത്. ഭക്ഷണത്തിനും പ്രഥമികവശ്യങ്ങൾക്കും നിർത്താൻ ആവശ്യപ്പെട്ടപ്പോൾ യാത്രക്കാരെ ജീവനക്കാർ കേട്ടാലറയ്ക്കുന്ന തെറി വിളിച്ചുവെന്നും മായ പറഞ്ഞിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP