Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോദി വീണ്ടും പ്രധാനമന്ത്രിയാകാൻ പാലക്കാട് പന്നിയൂർ വരാഹമൂർത്തി ക്ഷേത്രത്തിൽ അഭീഷ്ഠസിദ്ധി പൂജയുമായി ബിജെപിക്കാർ; പൂജ നടത്തിയത് മോദിയുടെ ജന്മനക്ഷത്രമായ അനിഴം ദിനത്തിൽ; പൊന്നാനി പാർലിമെന്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വഴിവാടിൽ പങ്കുകൊള്ളാനെത്തി സ്ഥാനാർത്ഥി വി ടി രമ അടക്കമുള്ളവർ; മോദി ബദരിനാഥിലും കേദാർനാഥിലും ചുറ്റിത്തിരിയുമ്പോൾ ഭക്തിവഴിയിൽ അണികളും

മോദി വീണ്ടും പ്രധാനമന്ത്രിയാകാൻ പാലക്കാട് പന്നിയൂർ വരാഹമൂർത്തി ക്ഷേത്രത്തിൽ അഭീഷ്ഠസിദ്ധി പൂജയുമായി ബിജെപിക്കാർ;  പൂജ നടത്തിയത് മോദിയുടെ ജന്മനക്ഷത്രമായ അനിഴം ദിനത്തിൽ; പൊന്നാനി പാർലിമെന്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വഴിവാടിൽ പങ്കുകൊള്ളാനെത്തി സ്ഥാനാർത്ഥി വി ടി രമ അടക്കമുള്ളവർ; മോദി ബദരിനാഥിലും കേദാർനാഥിലും ചുറ്റിത്തിരിയുമ്പോൾ ഭക്തിവഴിയിൽ അണികളും

ജംഷാദ് മലപ്പുറം

പാലക്കാട്: ഇന്ത്യൻപ്രധാനമന്ത്രിയായി വീണ്ടും നരേന്ദ്ര മോദിയെ തെരഞ്ഞെടുക്കാനായി പാലക്കാട് തൃത്താല കുമ്പിടിയിലെ പന്നിയൂർ വരാഹമൂർത്തി ക്ഷേത്രത്തിൽ അഭീഷ്ഠ സിദ്ധിപൂജ ബിജെപിക്കാർ, ആഗ്രഹസാഫല്യങ്ങൾക്കുപേരുകേട്ട ക്ഷേത്രത്തിൽവെച്ച് ബിജെപി പൊന്നാനി പാർലിമെന്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പൂജാകർമങ്ങൾ നടത്തിയത്. പൊന്നാനി എൻ.ഡി.എ സ്ഥാനാർത്ഥി പ്രൊഫ വി.ടി രമ, തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ കെ.നാരായണൻ മാസ്റ്റർ, മലപ്പുറം ജില്ലാ ജന.സെക്ര രവിതേലത്ത്, മലപ്പുറം ജില്ലാ മീഡിയ കൺവീനർ മീത്തിൽ രവി എന്നിവർ ക്ഷേത്രത്തിൽ നേരിട്ടെത്തിയാണ് പൂജകൾ നടത്തിയത്.

നരേന്ദ്ര മോദിയുടെ ജന്മനക്ഷത്രമായ അനിഴംദിനമായ ഞായറാഴ്‌ച്ച തന്നെ പൂജ നടത്തിയത്. നേരത്തെ തീരുമാനിച്ചുറപ്പിച്ച പ്രകാരമാണ് പൂജ നടത്തിയതെന്നും, അഗ്രഹ സാഫല്യത്തിനുള്ള പൂജയാണ് നടത്തിയതെന്നും, നരേന്ദ്ര മോദി തന്നെ വീണ്ടും ഇന്ത്യൻപ്രധാനമന്ത്രിയായി വരുമെന്ന് തങ്ങൾ ഉറച്ചുവിശ്വസിക്കുന്നതായും പൂജ നടത്തിയ ശേഷം ബിജെപി പൊന്നാനി പാർലമെന്റ് മണ്ഡലം കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മനക്ഷത്രമായ ഇന്നുതന്നെയാണ് അദ്ദേഹം വാരാണസിയിൽ ജനവിധി തേടുന്നതും, മെയ് 19ന് അവസാനഘട്ട വോട്ട് നടക്കന്ന ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാൾ നക്ഷത്രം കൂടിയായതിനാൽ ആനക്കരക്കടുത്തുള്ള പന്നിയൂർ ശ്രീവരാഹമൂർത്തി ക്ഷേത്രത്തിൽ പ്രധാനമന്ത്രിയുടെ പേരിലും അഖിലേന്ത്യാ അധ്യക്ഷന്റെ പേരിലും, സംസ്ഥാനത്തെ എൻ ഡി എ സ്ഥാനാർത്ഥികളുടെ പേരിലും അഭീഷ്ട സിദ്ധി പൂജ നടത്താൻ നേരത്തെ തന്നെ ഭാരവാഹികൾ തീരുമാനിച്ചിരുന്നു. എന്നാൽ ഇന്നു ജനവിധി തേടുന്നത് മോദി മാത്രമായതിനാലാണ് അദ്ദേഹത്തിന്റേത് മാത്രം പൂജ നടത്തിയതെന്ന് ഭാരവാഹികൾ പറഞ്ഞു. ഇന്നു രാവിലെ രാവിലെ 10ഓടെയാണ് ബിജെപി പൊന്നാനി പാർലിമെന്റ് മണ്ഡലം കമ്മിറ്റി ഭാരവാഹികൾ ക്ഷേത്രത്തിലെത്തയത്.

കഴഞ്ഞ മാസം പ്രധാനമന്ത്രിക്കും ബിജെപി അഖിലേന്ത്യാ അധ്യക്ഷനും പുറമെ കേരളത്തിലെ 20 എൻ.ഡി.എ സഥാനാർഥികളുടെ പേരിലും കാടാമ്പുഴ ഭഗവതീ ക്ഷേത്രത്തിൽ അടക്കം മുട്ടറുക്കൽ ഉൾപ്പെടെയുള്ള വഴിവാടുകൾ നടത്തിയിരുന്നു. നരേന്ദ്ര ദാമോദർ ദാസ് മോദി-അനിഴം നക്ഷത്രം, അമിത് ഷാ- ഭരണി നക്ഷത്രം, ഇത്തരത്തിൽ പ്രധാനമന്ത്രിക്കും, ബിജെപി അഖിലേന്ത്യാ അധ്യക്ഷനും പുറമെ കേരളത്തിലെ 20 എൻ.ഡി.എ സഥാനാർഥികളുടെ പേരിലുമാണ് അന്ന് കാടാമ്പുഴ ഭഗവതീ ക്ഷേത്രത്തിൽ അടക്കം മുട്ടറുക്കൽ ഉൾപ്പെടെയുള്ള വഴിവാടുകൾ നടത്തിയിരുന്നത്.

കേരളത്തിലെ 20 ലോകസഭാ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളായ കുമ്മനം രാജശേഖരൻ - അവിട്ടം നക്ഷത്രം, കെ.സുരേന്ദ്രൻ ചിത്തിര, അൽഫോൻസ് കണ്ണന്താനം - പൂയ്യം, തുഷാർ വെള്ളാപ്പള്ളി - ഉത്രട്ടാതി, സുരേഷ് ഗോപി- ചോതി, ശോഭാസുരേന്ദ്രൻ-ഉത്രട്ടാതി, സി.കെ പത്മനാഭൻ-അശ്വതി, പി.സി. തോമസ്-പുരുപുരുട്ടാതി, വി.ഉണ്ണിക്കൃഷ്ണന്മാസ്റ്റർ-രോഹിണി, പ്രൊഫ.വി.ടി രമ-മകീര്യം, അഡ്വ. കെ.പി.പ്രകാശ്ബാബു-ഉത്രട്ടാതി, രവീശ് തന്ത്രി കുണ്ടാർ-വിശാഖം, എ.എൻ രാധാകൃഷ്ണൻ-പുണർതം, തുഷാർ വെള്ളാപ്പള്ളി-ഉത്രട്ടാതി, സി.കൃഷ്ണകുമാർ-ഭരണി, ഡോ.കെ.എസ് രാധാകൃഷ്ണൻ, ടി.വി ബാബു-പൂരം, താഴ്‌വ സഹദേവൻ, വി.കെ സജീവൻ-ചോതി, ബിജു കൃഷ്ണൻ-തിരുവോണം എന്നിങ്ങനെ സ്ഥാനാർത്ഥികളുടെ നാളുകൾ പ്രകാരം ലിസ്റ്റ് നൽകിയാണ് കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ നിന്നും മുട്ടറുക്കൽ നടത്തിയത്.

ഇതിന് പുറമെ പ്രത്യേക പൂജകളും വഴിവാടുകളും നടത്തി. തിരൂർ ആലത്തിയൂർ ഹനുമാൻകാവ് ക്ഷേത്രത്തിൽ അവിൽ നിവേദ്യവും പന്നിയൂർ വരാഹ മൂർത്തി ക്ഷേത്രത്തിൽ അഭീഷീ സിദ്ധിപൂജയും ബുക്ക് ചെയ്തു.ബിജെപി മലപ്പുറം ജില്ലാ മീഡിയാ കൺവീനർ മഠത്തിൽ രവിയുടെ നേതൃത്വത്തിൽ ബിജെപി പ്രവർത്തകരായ രജ്ഞിത്ത് കാടാമ്പുഴ, കൃഷ്ണകമാർ എടയൂർ, രാജേഷ്,, ശിവൻ ബാബു കാർത്തല എന്നിവരുടെ നേതൃത്വത്തിലാണ് അന്ന് പൂജകളും, വഴിപാടുകളും നടത്തിയത്. സ്ഥാനാർത്ഥികളുടെ ദോഷങ്ങൾ മാറാനും, തടസ്സങ്ങൾ നീങ്ങാനുമായാണ് ഇത്തരത്തിൽ വഴിപാടുകൾ നടത്തിയതെന്ന് വഴിപാടുകൾ നടത്താൻ നേതൃത്വം നൽകിയ ബിജെപി മലപ്പുറം ജില്ലാ മീഡിയാ കൺവീനർ മഠത്തിൽ രവി പറഞ്ഞു.

ഇതിന് പുറമെ പാലക്കാട് പന്നിയൂർ മൂർത്തി ക്ഷേത്രത്തിൽവെച്ച് അഭീഷ്ഠസിദ്ദി പൂജ നടത്താനും ബുക്ക് ചെയ്തിട്ടുണ്ടെന്നും ഈപൂജയും ഉടൻ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ആഗ്രഹങ്ങൾ സഫലമാകാനുള്ള പൂജയാണിത്, ചലച്ചിത്രനടനും സ്ഥാനാർത്ഥിയുമായ സുരേഷ്‌ഗോപി പലപ്പോഴും സന്ദർശിക്കാറുള്ള ക്ഷേത്രമാണിത്, നേരത്തെ ഈക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് സൂരേഷ്‌ഗോപി സാമ്പത്തിക സഹായം കൈമാറിയിരുന്നു. ഇത്തവണ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കേരളത്തിൽ ഏറെ അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് കേരളത്തിലുള്ളത്, ശബരിമല വിഷയവും സമരവും തിരഞ്ഞെുപ്പിൽ ബിജെപിക്ക് ഗുണം ചെയ്യുമെന്നാണ്പാർട്ടി കണക്ക് കൂട്ടുന്നത്.

തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ എന്നീ മൂന്നു മണ്ഡലങ്ങളിലാണ് കൂടുതൽ വിജയ പ്രതീക്ഷ നിലനിർത്തുന്നത്. തിരുവനന്തപുരത്ത് ഇത്തവണ വിജയത്തിൽ കുറഞ്ഞതൊന്നും ബിജെപി പ്രതീക്ഷിക്കുന്നില്ല. പലതവണയായി വഴുതിപ്പോയ മണ്ഡലത്തിൽ ഇത്തവണ കുമ്മനം രാജശേഖരന്റെ വിജയം സുനിശ്ചിതമാണെന്നാണ് ബിജെപി വിലയിരുത്തുന്നത്. കോൺഗ്രസിന്റെ ശശി തരൂർ മികച്ച സ്ഥാനാർത്ഥിയാണെങ്കിലും ഇടതുമുന്നണി വോട്ടുമറിച്ചില്ലെങ്കിൽ കുമ്മനത്തിന് വലിയ ഭൂരിപക്ഷം ലഭിക്കുമെന്ന് ബിജെപി നേതാക്കൾ അഭിപ്രായപ്പെടുന്നു.തിരുവനന്തപുരം കഴിഞ്ഞാൽ ബിജെപി ഏറ്റവും കൂടുതൽ സാദ്ധ്യത കൽപ്പിക്കുന്ന മണ്ഡലമാണ് പത്തനംതിട്ട. ശബരിമല സ്ത്രീപ്രവേശനത്തിനെതിരായ സമരം ഏറ്റവും ശക്തമായ മണ്ഡലം എന്നതാണ് പത്തനംതിട്ടയിൽ ബിജെപിയുടെ പ്രതീക്ഷ വർദ്ധിപ്പിക്കുന്നത്. സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന് ശബരിമല സമരത്തിലൂടെ ലഭിച്ച ജനപിന്തുണയും വോട്ടാക്കിമാറ്റാമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP