Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പഞ്ചാബ് കോൺഗ്രസിൽ അടിപൊട്ടി! തന്നെ മാറ്റി പകരം മുഖ്യമന്ത്രിയാവാൻ നവജ്യോത് സിങ് സിദ്ദു ആഗ്രഹിക്കുന്നെന്ന് തുറന്നുപറഞ്ഞ് അമരീന്ദർ സിങ്; എന്റെ ജോലിയെ വെല്ലുവിളിക്കണം എന്നുണ്ടെങ്കിൽ ഹൈക്കമാൻഡിനെ സമീപിക്കുക; അച്ചടക്ക രാഹിത്യത്തിൽ കോൺഗ്രസ് പാർട്ടി വിശ്വസിക്കുന്നില്ലെന്നും പഞ്ചാബ് മുഖ്യമന്ത്രി

തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പഞ്ചാബ് കോൺഗ്രസിൽ അടിപൊട്ടി! തന്നെ മാറ്റി പകരം മുഖ്യമന്ത്രിയാവാൻ നവജ്യോത് സിങ് സിദ്ദു ആഗ്രഹിക്കുന്നെന്ന് തുറന്നുപറഞ്ഞ് അമരീന്ദർ സിങ്; എന്റെ ജോലിയെ വെല്ലുവിളിക്കണം എന്നുണ്ടെങ്കിൽ ഹൈക്കമാൻഡിനെ സമീപിക്കുക; അച്ചടക്ക രാഹിത്യത്തിൽ കോൺഗ്രസ് പാർട്ടി വിശ്വസിക്കുന്നില്ലെന്നും പഞ്ചാബ് മുഖ്യമന്ത്രി

മറുനാടൻ ഡെസ്‌ക്‌

ചണ്ഡീഗഡ്: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണം അവസാനിച്ചതിന് പിന്നാലെ പഞ്ചാബ് കോൺഗ്രസിൽ പൊട്ടിത്തെറി. കോൺഗ്രസിന്റെ താരപ്രചാരകനായിരുന്ന നവജ്യോത് സിങ് സിദ്ധുവിനെതിരെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് രംഗത്തെത്തി. തന്നെ സ്ഥാനത്തു നിന്നും മാറ്റി പകരം മുഖ്യമന്ത്രിയാകാൻ നവജ്യോത് സിങ് സിദ്ദു ആഗ്രഹിക്കുന്നുണ്ടാവാമെന്ന് അമരീന്ദർ സിങ് തുറന്നടിച്ചു. നേരത്തെ സിദ്ദു തനിക്കെതിരെ നടത്തിയ പരോക്ഷ പരാമർശങ്ങൾക്കുള്ള മറുപടിയായാണ് അമരീന്ദർ സിങ് സിദ്ദുവിനെ കടന്നാക്രമിച്ചത്.

ഇതോടെ പഞ്ചാബ് കോൺഗ്രസ് ഘടകത്തിലെ വിഭാഗീയത പുതിയ തലത്തിലേക്ക് എത്തിയിരിക്കയാണ്. സിദ്ധുവിന്റെ കൃത്യമായ ചില ലക്ഷ്യങ്ങൾ ഉണ്ടെന്ന് തുറന്നു പറഞ്ഞു കൊണ്ടാണ് അമരീന്ദർ രംഗത്തുവന്നത്. എല്ലാവർക്കും അവരുടേതായ ആഗ്രഹങ്ങളുണ്ടാവാം. തനിക്ക് സിദ്ദുവിനെ കുട്ടിക്കാലം മുതലേ അറിയാം. സിദ്ദുവുമായി അഭിപ്രായ വ്യത്യാസങ്ങളൊന്നുമില്ല. പക്ഷെ സിദ്ദുവിന് തന്നെ മാറ്റി മുഖ്യമന്ത്രിയാവാൻ ആഗ്രഹമുണ്ടായിരിക്കാം. അത് അദ്ദേഹത്തിന്റെ കാര്യമാണ്. പക്ഷെ ഈ തിരഞ്ഞെടുപ്പിന്റെ സമയം അതിനായി ഉപയോഗിക്കുന്നത് തെറ്റാണ്. അത് ബാധിക്കുക പാർട്ടിയേയും പാർട്ടി സ്ഥാനാർത്ഥികളെയുമാണെന്നും അമരീന്ദർ സിങ് വാർത്താ ഏജൻസിയോട് പ്രതികരിച്ചു.

തന്നെ മാറ്റി മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അദ്ദേഹം ഹൈക്കമാൻഡിനെ സമീപിക്കട്ടെയെന്നും അമരീന്ദർ സിങ് പറഞ്ഞു. കേന്ദ്ര നേതൃത്വമാണ് സിദ്ദുവിനെതിരായി നടപടി സ്വീകരിക്കേണ്ടത്. തിരഞ്ഞെടുപ്പിന് ശേഷം നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അച്ചടക്കരാഹിത്യത്തിൽ കോൺഗ്രസ് പാർട്ടി വിശ്വസിക്കുന്നില്ല. അല്ലാത്ത പക്ഷം ആർക്കും പാർട്ടിക്കെതിരെ എന്തും പറയാം എന്ന അവസ്ഥയുണ്ടാകുമെന്നും അമരീന്ദർ സിങ് കൂട്ടിച്ചേർത്തു.

നേരത്തെ സിദ്ദുവിന്റെ ഭാര്യക്ക് അമൃതസറിൽ സീറ്റ് നിഷേധിച്ചതുമായി ബന്ധപ്പെട്ട പ്രതികരണങ്ങളിലൂടെയാണ് സിദ്ദുവും അമരീന്ദർ സിങും തമ്മിലുള്ള പടലപ്പിണക്കം പരസ്യമാവുന്നത്. കഴിഞ്ഞ വർഷം പാക്കിസ്ഥാനിൽ പോകാൻ സിദ്ദുവിന് അനുമതി നിഷേധിക്കപ്പെട്ടതുമായി ബന്ധപ്പെട്ടും ഇത്തരത്തിലുള്ള പരാമർശങ്ങൾ സിദ്ദു നടത്തിയിരുന്നു. താൻ ക്യാപ്റ്റനായി അംഗീകരിക്കുന്നത് രാഹുൽ ഗാന്ധിയെ ആണെന്നായിരുന്നു സിദ്ദുവിന്റെ അന്നത്തെ പ്രതികരണം. പഞ്ചാബിൽ ക്യാപ്റ്റൻ എന്നറിയപ്പെടുന്ന അമരീന്ദർ സിങിനെ ലക്ഷ്യം വച്ചായിരുന്നു സിദ്ദുവിന്റെ ഈ പ്രസ്താവന.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ താരപ്രചാരകൻ ആയിരുന്നു നവജ്യോത് സിങ് സിദ്ധു. വിവിധ സംസ്ഥാനങ്ങളിലായി ഒരു മാസത്തിനകം സിദ്ദു അഭിസംബോധന ചെയ്തത് 80 റാലികളെയാണ്. ഓരോ റാലികളിലും സിദ്ധുവിന്റെ മണിക്കൂറുകൾ നീണ്ട പ്രസംഗവുമുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രിക്കും എൻ.ഡി.എക്കും എതിരായി പ്രതിപക്ഷത്തുനിന്നും ഉയർന്നുകേട്ട ശബ്ദമായിരുന്നു നവ്ജ്യോത് സിങ് സിദ്ദുവിന്റേത്.

കഴിഞ്ഞ രണ്ടാഴ്ചക്കിടെ അഞ്ച് സംസ്ഥാനങ്ങളിലായി സിദ്ദു പങ്കെടുത്തത് 70 റാലികളിലാണ്. കൂടാതെ 80 റാലികളെയും സിദ്ദു അഭിസംബോധന ചെയ്തു. ഇതോടെ അദ്ദേഹത്തിന് തൊണ്ടായക്ക് തകരാറിലായി ചികിത്സയിലുമാണ്. പ്രധാനമന്ത്രിയെ പരാജയപ്പെടുത്താൻ മുസ്ലിംകൾ ഒറ്റക്കെട്ടായി വോട്ട് ചെയ്യണമെന്ന ബീഹാറിലെ സിദ്ദുവിന്റെ പരാമർശത്തെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ 72 മണിക്കൂർ പ്രചാരണ വിലക്ക് ഏർപ്പെടുത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP