Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കരാറുകാരൻ നൽകാനുള്ള പണം കിട്ടാൻ ബംഗാളി സഹായം തേടിയത് സിപിഎം ഓഫീസിൽ; കരാറുകാരനെ വിരട്ടി ലോക്കൽ സെക്രട്ടറി പോക്കറ്റിലാക്കിയത് 30,000 രൂപ; വിവാദമായപ്പോൾ 20,000 തിരികെ നൽകി തലയൂരൽ; നേതാവിന്റെ തട്ടിപ്പു പുറത്താക്കിയ പ്രവർത്തകർക്കെതിരേ നടപടി എടുക്കുമെന്ന് സിപിഎം

കരാറുകാരൻ നൽകാനുള്ള പണം കിട്ടാൻ ബംഗാളി സഹായം തേടിയത് സിപിഎം ഓഫീസിൽ; കരാറുകാരനെ വിരട്ടി ലോക്കൽ സെക്രട്ടറി പോക്കറ്റിലാക്കിയത് 30,000 രൂപ; വിവാദമായപ്പോൾ 20,000 തിരികെ നൽകി തലയൂരൽ; നേതാവിന്റെ തട്ടിപ്പു പുറത്താക്കിയ പ്രവർത്തകർക്കെതിരേ നടപടി എടുക്കുമെന്ന് സിപിഎം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: എല്ലു മുറിയെ പണിയെടുത്ത ബംഗാളിക്ക് കൂലി നൽകാതെ കരാറുകാരന്റെ തട്ടിപ്പ്. അഭയം തേടി ബംഗളി എത്തിയത് സിപിഎം ലോക്കൽ കമ്മറ്റി ഓഫീസിൽ. പ്രശ്നത്തിൽ ഇടപെട്ട ലോക്കൽ സെക്രട്ടറി കരാറുകാരനെ വിരട്ടി പണം വാങ്ങിയെങ്കിലും ബംഗാളിക്ക് കൊടുത്തില്ല. പാർട്ടി പ്രവർത്തകരിൽ ചിലർ വിവരമറിഞ്ഞപ്പോൾ മുഖ്യമന്ത്രിക്ക് പരാതി നൽകി. സംഗതി വിവാദമായപ്പോൾ ലോക്കൽ സെക്രട്ടറി വാങ്ങിയ പണത്തിൽ 20,000 കരാറുകാരന് തിരികെ നൽകി തലയൂരി. ശേഷിച്ച 10,000 തൊഴിലാളിക്ക് കൊടുത്തുവെന്ന് പറഞ്ഞെങ്കിലും കിട്ടിയില്ലെന്ന് അയാൾ അറിയിച്ചതോടെ പണം മടക്കി നൽകാൻ സാവകാശം തേടിയിരിക്കുകയാണ് ലോക്കൽ സെക്രട്ടറി. പുല്ലാട് ലോക്കൽ കമ്മറ്റി സെക്രട്ടറി സന്തോഷാണ് കഥയിലെ വില്ലൻ.

ചെങ്കൊടിയെ വിശ്വസിച്ച് പാർട്ടി ഓഫീസിലെത്തിയ ബംഗാൾ സ്വദേശി സന്മദിനാണ് പണി കിട്ടിയത്. കൈക്കൂലി വാങ്ങിയത് സ്ഥിരീകരിക്കാനായി തെളിവിനായി ശേഖരിച്ച ഫോൺ സംഭാഷണം സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്നതാണ് സംഭവത്തിന്റെ ചുരുളഴിച്ചത്. സിപിഎമ്മിന്റെ മുൻ ഏരിയാ സെക്രട്ടറിയുടെ മകനും ലേബർ കോൺട്രാക്ടറും തമ്മിൽ നടക്കുന്ന സംഭാഷണത്തിൽ പുല്ലാട് ലോക്കൽ സെക്രട്ടറിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്.

സംഭവത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ഞായറാഴ്ച ചേർന്ന ഇരവിപേരൂർ ഏരിയ കമ്മിറ്റി യോഗത്തിൽ ലോക്കൽ സെക്രട്ടറിക്കെതിരെയും സംഭാഷണം പുറത്തു വിട്ടയാളിനെതിരെയും നടപടിക്ക് ശിപാർശ ചെയ്തിട്ടുണ്ട്. പുല്ലാട് മേഖലയിൽ വർഷങ്ങളായി കെട്ടിടം പണി നടത്തുന്ന ബംഗാൾ സ്വദേശിയാണ് സന്മദ്. പണി ചെയ്തതിന്റെ കുടിശിക ഇനത്തിൽ ഇയാൾക്ക് 30,000 രൂപ ലഭിക്കാനുണ്ടായിരുന്നു. ഇതേ ചൊല്ലി ലേബർ കോൺട്രാക്ടറും തൊഴിലാളിയുമായി തർക്കത്തിലായി. ഓഗസ്റ്റ് ആദ്യവാരം നടന്ന സംഭവത്തിൽ നാട്ടുകാരിലാരോ ഉപദേശിച്ചതനുസരിച്ച്, മലയാളം സംസാരിക്കാൻ അറിയാവുന്ന സന്മദ് സിപിഎമ്മിന്റെ ലോക്കൽ കമ്മിറ്റി ഓഫീസിലെത്തി പരാതി പറഞ്ഞു.

പരാതിയുടെ അടിസ്ഥാനത്തിൽ സിപിഎം നേതാവ് കോൺട്രാക്ടറെ വിരട്ടി പണം കൈക്കലാക്കിയെങ്കിലും തൊഴിലാളിക്ക് ഒരു രൂപ പോലും കൊടുത്തില്ല. ഇതേ തുടർന്ന് തൊഴിലാളിക്ക് വേണ്ടി നാട്ടുകാരായ ചിലർ പരാതി തയാറാക്കി മുഖ്യമന്ത്രിക്ക് നൽകി. അപ്പോഴേക്കും സംഭവം പ്രാദേശികമായി പല പാർട്ടി പ്രവർത്തകരും അറിഞ്ഞു. എന്നാൽ താനല്ല കോയിപ്പുറം സ്റ്റേഷനിലെ ഒരു എഎസ്ഐ ആണ് പണം വാങ്ങിയതെന്നായിരുന്നു പ്രാദേശിക നേതാവിന്റെ വെളിപ്പെടുത്തൽ. ഇത് തെറ്റാണെന്ന് തെരഞ്ഞെടുപ്പ് കാലത്ത് അറിഞ്ഞെങ്കിലും പാർട്ടിക്ക് നാണക്കേടാകാതിരിക്കാൻ മൗനം പാലിക്കുകയായിരുന്നു.

മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി പൊലീസിന് കൈമാറിയതോടെ കോൺട്രാക്ടർ കുടിശിക തൊഴിലാളിക്ക് നൽകി പ്രശ്നം തീർത്തു. എന്നാൽ പാർട്ടി നേതാവ് നൽകിയ പണം തിരികെ നൽകാതിരുന്നത് വീണ്ടും വിവാദമായി. ഒടുവിൽ വാങ്ങിയ പണത്തിൽ ഇരുപതിനായിരം കോൺട്രാക്ടർക്ക് തിരികെ നൽകി. തൊഴിലാളിക്ക് പതിനായിരം കൊടുത്തു എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഈ പണവും കോൺട്രാക്ടർക്ക് തിരികെ നൽകാമെന്നാണ് പ്രാദേശിക നേതാവ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

പുല്ലാട്ടെ പാർട്ടി അംഗമായ ജയലാൽ എന്നയാൾ ഇത് സംബന്ധിച്ച് പാർട്ടിക്ക് പ്രത്യേകമായി പരാതി നൽകി. സംസ്ഥാന കമ്മിറ്റിയിൽ വരെയെത്തിയ വിഷയത്തിൽ ഞായറാഴ്ച വൈകിട്ടാണ് ഏരിയ കമ്മിറ്റി ഇടപെട്ടത്. അതേ സമയം അഴിമതി പുറത്തു കൊണ്ടു വന്നവർക്കെതിരെ നടപടി സ്വീകരിക്കാനുള്ള തീരുമാനത്തിനെതിരെ ചില പാർട്ടി പ്രവർത്തകർ പ്രതിഷേധത്തിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP