Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളം ഇന്ത്യയെ വായിച്ചത് ഇവിടുത്തെ അനുരണങ്ങൾ മാത്രം കണ്ട്; ന്യൂപക്ഷ ധ്രുവീകരണം കണ്ട് തെറ്റിധരിച്ചപ്പോൾ മോദിയുടെ പതനം പ്രവചിച്ചു; തോറ്റമ്പിയാൽ പിണറായിയുടെ അധീശത്തിനുമേൽ സിപിഎമ്മിൽ ചോദ്യം ഉയരും; നഷ്ടപ്പെട്ട് പോയ ന്യൂനപക്ഷ വോട്ട് തിരികെ പിടിച്ചതിൽ കോൺഗ്രസിന് ആശ്വസിക്കാം; ലോകസഭയിലും അക്കൗണ്ട് തുറക്കുന്നതോടെ ബിജെപിക്കും ആത്മവിശ്വാസം ഉയരും; എക്‌സിറ്റ് പോളുകൾ കേരളത്തെ ബാധിക്കുന്നത് ഇങ്ങനെ

കേരളം ഇന്ത്യയെ വായിച്ചത് ഇവിടുത്തെ അനുരണങ്ങൾ മാത്രം കണ്ട്; ന്യൂപക്ഷ ധ്രുവീകരണം കണ്ട് തെറ്റിധരിച്ചപ്പോൾ മോദിയുടെ പതനം പ്രവചിച്ചു; തോറ്റമ്പിയാൽ പിണറായിയുടെ അധീശത്തിനുമേൽ സിപിഎമ്മിൽ ചോദ്യം ഉയരും; നഷ്ടപ്പെട്ട് പോയ ന്യൂനപക്ഷ വോട്ട് തിരികെ പിടിച്ചതിൽ കോൺഗ്രസിന് ആശ്വസിക്കാം; ലോകസഭയിലും അക്കൗണ്ട് തുറക്കുന്നതോടെ ബിജെപിക്കും ആത്മവിശ്വാസം ഉയരും; എക്‌സിറ്റ് പോളുകൾ കേരളത്തെ ബാധിക്കുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരനും രമ്യാ ഹരിദാസും കെ മുരളീധരനും രാജ് മോഹൻ ഉണ്ണിത്തനുമാകും കേരളത്തിലെ താരങ്ങളെന്നാണ് എക്‌സിറ്റ് പോളുകൾ പ്രവചിക്കുന്നത്. ഇവരുടെ വിജയങ്ങൾ വോട്ടെണ്ണലിലും സംഭവിച്ചാൽ മുഖ്യമന്ത്രി പിണറായി വിജയന് നെഞ്ചിൽ തറച്ച അമ്പുകളുമാകും. കാസർഗോട്ടും വടകരയും ആലത്തൂരും സിപിഎം കോട്ടകൾ. ഇവിടെ പോലും വിള്ളലുണ്ടായാൽ അത് സിപഎമ്മിൽ പൊട്ടിത്തെറിക്ക് കാരണമാകും. ആലത്തൂരിൽ നിന്ന് പികെ ബിജുവിനെ മാറ്റണമെന്ന് പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് പിണറായി കേട്ടില്ല. സിപിഎമ്മിന്റെ ഉരുക്കു കോട്ടയിൽ സിപിഎം തോറ്റാൽ അത് പാർട്ടിയിൽ പുതിയ പ്രശ്‌നമായിമാറും. ശബരിമലയിലും മറ്റും പിണറായി സർക്കാരെടുത്ത തീരുമാനങ്ങൾ പാർട്ടിക്കാർ ചോദ്യം ചെയ്യും. എക്‌സിറ്റ് പോളുകൾ നൽകുന്ന സൂചന പിണറായിക്ക് എതിരാണ്.

ഇന്ത്യയിൽ മോദി വിരുദ്ധ തരംഗമാണെന്നായിരുന്നു കേരളത്തിലെ പൊതു വികാരം. അതിന് അനുസരിച്ചാണ് കേരളത്തിലെ വോട്ടിംഗും നടന്നത്. ഇത് കോൺഗ്രസിന് തുണയായി. രാഹുൽ ഗാന്ധി അധികാരത്തിൽ എത്തുമെന്ന പ്രതീക്ഷയുണ്ടാക്കാൻ കേരളത്തിൽ കോൺഗ്രസിനായി. വയനാട്ടിൽ രാഹുൽ മത്സരിക്കാനെത്തിയതും ഗുണമായി. കേരളത്തിലെ ന്യൂനപക്ഷ ധ്രുവീകരണവും രാജ്യത്താകെ അലയടിക്കുമെന്ന പ്രവചനം ഉണ്ടായി. എന്നാൽ ഇതൊന്നും സംഭവിച്ചില്ലെന്ന് വ്യക്തമാക്കുന്നതാണ് എക്‌സിറ്റ് പോളുകൾ. എല്ലാ എക്‌സിറ്റ് പോളുകളും ബിജെപിക്കൊപ്പം നിൽക്കുന്നതു കൊണ്ട് തന്നെ അട്ടിമറിക്കുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. അങ്ങനെ വന്നാൽ കേരള രാഷ്ട്രീയത്തെ കേരളം തെറ്റായി വായിച്ചുവെന്ന് വേണം വിലയിരുത്തൽ.

കേരളത്തിലെ എക്‌സിറ്റ് പോളുകൾ പറയുന്നത് ശബരിമല തരംഗത്തെ കുറിച്ചാണ്. തിരുവനന്തപുരത്ത് കുമ്മനത്തിന് വിജയം നൽകുന്നതും ഇത് തന്നെയാണ്. അക്രമ രാഷ്ട്രീയവും വിശ്വാസവും സമാസമം ചേർത്താണ് കോൺഗ്രസ് മുന്നേറ്റമുണ്ടാക്കുന്നത്. രാഹുൽ തംരഗത്തിൽ ന്യൂനപക്ഷ ഏകീകരണം ഉണ്ടാക്കിയ കോൺഗ്രസ് വിശ്വാസികളെ കൂടെ നിർത്തി വടക്കൻ കേരളം പിടിച്ചെടുക്കും. വടകരയും കാസർഗോഡും കണ്ണൂരും ആലത്തൂരും കോൺഗ്രസ് ജയിക്കുമെന്ന എക്‌സിറ്റ് പോൾ പ്രവചനങ്ങൾ ശരിയായാൽ അത് സിപിഎമ്മിന് ഇരുട്ടടിയാകും. അഞ്ച് സീറ്റിൽ താഴെ മാത്രമാണ് സിപിഎമ്മിന് എക്‌സിറ്റ് പോളുകൾ നൽകുന്നത്. ബിജെപി മുന്നണിക്ക് വോട്ട് കൂടുമ്പോഴും മുന്നേറാനായാൽ കോൺഗ്രസിന് ആത്മവിശ്വാസം കൂടും. സംസ്ഥാന രാഷ്ട്രീയത്തിൽ പിണറായി പ്രഭാവം മങ്ങുന്നുവെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

കൈയിലിരിക്കുന്ന എട്ട് സീറ്റിൽ കുറവുണ്ടായാൽ എൽ.ഡി.എഫിൽ പിണറായി വിജയന്റെ അധീശത്വത്തിന് നേരെയാകും ചൂണ്ടുവിരൽ. തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ ഏകീകരണമുണ്ടായെന്ന് സിപിഎം. വിലയിരുത്തിയതാണ്. എന്നാൽ ഇതെല്ലാം വെറുതയാണെന്ന് എക്‌സിറ്റ് പോളുകൾ വിലയിരുത്തിലായാൽ മനസ്സിലാകും. ന്യൂനപക്ഷ ഏകീകരണം ഉണ്ടായെങ്കിൽ പോലും അത് സിപിഎമ്മിന് കിട്ടിയില്ല. എല്ലാം കോൺഗ്രസിനൊപ്പം പോയി. കൂടെ നിന്ന് ഹിന്ദു വോട്ടുകളും ശബരിലമയോടെ കൈവിട്ടു. ഇത് സിപിഎമ്മിനെ വെട്ടിലാക്കുന്നുണ്ട്. എല്ലാത്തിനും കാരണം ശബരിമലയാണെന്ന് സഖാക്കൾ പറയുന്നുണ്ട്. അതുകൊണ്ട് തന്നെ ഇടതുവിരുദ്ധ കേന്ദ്രീകരണത്തിന്റെ ഉത്തരവാദിത്വം പരോക്ഷമായെങ്കിലും മുഖ്യമന്ത്രിയിലേക്ക് ചുരുങ്ങും. മുഖ്യമന്ത്രിക്ക് ഇനി പലതിനും ഉത്തരം പറയേണ്ടിയും വരും. എൽ.ഡി.എഫ്. കൂടുതൽ സീറ്റിൽ ജയിച്ചാൽ, അതിന്റെ തിളക്കവും പിണറായിക്ക് തന്നെയാകും.

മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി. പ്രസിഡന്റായശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. രമേശ് ചെന്നിത്തല പ്രതിപക്ഷനേതാവിന്റെ കസേരയിലും. യു.ഡി.എഫ്. അനുകൂല തരംഗം കേരളത്തിലുണ്ടെന്ന് വിലയിരുത്തലാണ് എക്‌സിറ്റ് പോളുകളിലുള്ളത്. അതിനാൽ വിജയ നായകർ മുല്ലപ്പള്ളിയും ചെന്നിത്തലയുമാകും. ഉമ്മൻ ചാണ്ടിയുടെ ഇടപെടൽ എ ഗ്രൂപ്പും ഉയർത്തിക്കാട്ടും. സ്ഥാനാർത്ഥി നിർണ്ണയ മികവും ചർച്ചായകും. എന്നാൽ 20-20 പ്രതീക്ഷിച്ചിറങ്ങിയ യു.ഡി.എഫിന് വിജയത്തിന്റെ തിളക്കം മങ്ങിയാൽ കോട്ടം മുല്ലപ്പള്ളിക്കും ചെന്നിത്തലയ്ക്കമുണ്ടാകും. പുനഃസംഘടന വരാനിരിക്കുന്നത് മുല്ലപ്പള്ളിക്ക് വെല്ലുവിളിയുമാകും. എന്നാൽ ജയിച്ചാൽ മുല്ലപ്പള്ളിക്ക് ഇഷ്ടം പോലെ പ്രവർത്തിക്കാനാവും. പരാജയത്തിന്റെ ഭാരം ഉമ്മൻ ചാണ്ടി ഏറ്റെടുക്കില്ലെന്നതും ചെന്നിത്തലയ്ക്കും മുല്ലപ്പള്ളിക്കുമുള്ള വെല്ലുവിളിയാണ്.

അക്കൗണ്ട് തുറന്നില്ലെങ്കിൽ ബിജെപിയുടെ സംസ്ഥാന അധ്യക്ഷപദവിയിൽനിന്ന് പി.എസ്. ശ്രീധരൻപിള്ളയ്ക്ക് സ്ഥാനചലനം ഉണ്ടായേക്കും. മറിച്ചായാലും ബിജെപി.യിൽ സ്ഥാന ചലനങ്ങൾ ഉറപ്പ്. കുമ്മനം ജയിക്കുകയും കേന്ദ്രത്തിൽ എൻ.ഡി.എ. അധികാരത്തിലെത്തുകയും ചെയ്താൽ കാബിനറ്റ് റാങ്ക് പദവിയിൽ അദ്ദേഹം എത്താനിടയുണ്ട്. പത്തനംതിട്ടയിൽ അട്ടിമറിവിജയം നേടാനായാൽ കെ. സുരേന്ദ്രന്റെ കേരളത്തിലെ ഗ്രാഫ് മുകളിലേക്കുയരും. പാർട്ടിയിൽ വീണ്ടും മുരളീധര പക്ഷം പിടിമുറുക്കും.

അക്കൗണ്ട് തുറന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ വർദ്ധിത വീര്യത്തോടെ നേട്ടമുണ്ടാക്കാൻ ബിജെപി ശ്രമിക്കും. നിയമസഭയിലേക്ക് അക്കൗണ്ട് തുറക്കാനുള്ള നീക്കങ്ങളും അണിയറയിൽ സജീവമാക്കും. ബിജെപി ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധ കേരളത്തിലേക്കുമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP