Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹുണ്ടായി കാർ വാങ്ങുന്നതിന് മുമ്പ് അതേ മോഡലിന് രണ്ട് ക്വട്ടേഷനുകൾ വെറുതെ വാങ്ങി; മനസ്സിലായത് ഇൻഷുറൻസിലെ 10000 രൂപയുടെ ചതി; ചൂണ്ടിക്കാട്ടിയപ്പോൾ ചതിയൊരുക്കാനായി പാസ്പോർട്ട് കെണിയിൽ വീഴ്‌ത്തി ഷോറുമും; വാദിക്കാനെത്തിയ വക്കീൽ സഹസ്രനാമത്തിന് ഓഫർ ചെയ്തത് ഫ്രീ ഹുണ്ടായി കാർ; കാൽമുട്ട് തല്ലിയൊടിക്കുമെന്ന ഭീഷണിയിലും തളർന്നില്ല; കെടിസി ഗ്രൂപ്പിനെ ചാർട്ടേഡ് എഞ്ചിനിയർ പാഠം പഠിപ്പിച്ചത് വെല്ലുവിളികൾ അതിജീവിച്ച്; മാതൃഭൂമി മുതലാളിയെ മുട്ടുമടക്കിച്ച അരുൺകുമാറിന്റെ പോരാട്ടകഥ

ഹുണ്ടായി കാർ വാങ്ങുന്നതിന് മുമ്പ് അതേ മോഡലിന് രണ്ട് ക്വട്ടേഷനുകൾ വെറുതെ വാങ്ങി; മനസ്സിലായത് ഇൻഷുറൻസിലെ 10000 രൂപയുടെ ചതി; ചൂണ്ടിക്കാട്ടിയപ്പോൾ ചതിയൊരുക്കാനായി പാസ്പോർട്ട് കെണിയിൽ വീഴ്‌ത്തി ഷോറുമും; വാദിക്കാനെത്തിയ വക്കീൽ സഹസ്രനാമത്തിന് ഓഫർ ചെയ്തത് ഫ്രീ ഹുണ്ടായി കാർ; കാൽമുട്ട് തല്ലിയൊടിക്കുമെന്ന ഭീഷണിയിലും തളർന്നില്ല; കെടിസി ഗ്രൂപ്പിനെ ചാർട്ടേഡ് എഞ്ചിനിയർ പാഠം പഠിപ്പിച്ചത് വെല്ലുവിളികൾ അതിജീവിച്ച്; മാതൃഭൂമി മുതലാളിയെ മുട്ടുമടക്കിച്ച അരുൺകുമാറിന്റെ പോരാട്ടകഥ

എം മനോജ് കുമാർ

കോഴിക്കോട്: കൊച്ചി പിവിസി ആശുപത്രിയിൽ ജീവനക്കാരെ പുകച്ചു പുറത്തു ചാടിക്കാനും ആശുപത്രി കൈമാറാനുമുള്ള ശ്രമങ്ങളിൽ കുടുങ്ങി മാതൃഭൂമിയുടെ മുതലാളിമാരിൽ ഒരാളായ പി.വി.ചന്ദ്രൻ വിവാദങ്ങളിൽ കുരുങ്ങി നിൽക്കെ ഇതേ മുതലാളിയുടെ കെടിസി ഗ്രൂപ്പിന്നെതിരെ നടത്തിയ ധീരമായ പോരാട്ടങ്ങളുടെ വിജയകഥയുമായി കോഴിക്കോട് നിന്നുള്ള ചാർട്ടേഡ് എഞ്ചിനിയർ അരുൺകുമാർ. ഇൻഷൂറൻസ് ഇനത്തിൽ അധികമായി ഈടാക്കിയ പതിനായിരം രൂപയിൽ താഴെയുള്ള തുകയുടെ പേരിൽ കെടിസി ഗ്രൂപ്പും അരുൺകുമാറും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ നഷ്ടം കെടിസി ഗ്രൂപ്പിനായിരുന്നു.

വർഷങ്ങൾ നീണ്ട പോരാട്ടത്തിൽ വിവിധ ജില്ലകളിലെ കെടിസി ഗ്രൂപ്പിന്റെ കാർ ഡീലർഷിപ്പ് അടച്ചുപൂട്ടാനും അതിജീവന യുദ്ധം വഴി അരുൺകുമാറിന് കഴിഞ്ഞു. കെടിസിയുടെ ഡീലർ ഷിപ്പിനെ കുറിച്ചുള്ള എഴുപതോളം പരാതികൾ കൊറിയയിലെ ഹ്യുണ്ടായി കമ്പനി സിഇയ്ക്ക് അയച്ചു കൊടുത്താണ് കെടിസിയുടെ ഹ്യുണ്ടായി കച്ചവടം അരുൺ കുമാർ പൂട്ടിച്ചത്. അരുൺ കുമാർ കെടിസിയ്‌ക്കെതിരെ നടത്തിയ നിയമപോരാട്ടങ്ങളിൽ മിക്കതിനും വിജയം അരുൺകുമാറിനൊപ്പം നിൽക്കുകയും ചെയ്തു.

ദാവൂദും ഗോലിയാത്തും തമ്മിലുള്ള യുദ്ധമാണ് അരുൺകുമാറും കെടിസിയും തമ്മിലുള്ള യുദ്ധം ഓർമ്മപ്പെടുത്തുന്നത്. അന്തിമ വിജയം കവണ ഉപയോഗിച്ച ദാവൂദിന് തന്നെയായിരിക്കെ ഈ യുദ്ധത്തിലും അടിപതറിയത് ഗോലിയാത്തിനെ പോലെ നിലയുറപ്പിച്ച കെടിസി ഗ്രൂപ്പിനായിരുന്നു. വിവിധ വിഷയങ്ങളിൽ വ്യത്യസ്ത കേസുകൾ. സിജെഎം കോടതി മുതൽ ഹൈക്കോടതി വരെ. ഒടുവിൽ കൺസ്യുമർ കോടതിയിലും വിജയം. കോഴിക്കോടുള്ള കെടിസി ഹ്യുണ്ടായി ഷോ റൂമിൽ നിന്ന് കാർ വാങ്ങിയപ്പോൾ ഇൻഷൂറൻസ് തുകയിൽ കെടിസി നടത്തിയ വെട്ടിപ്പ് അരുൺകുമാർ കണ്ടുപിടിക്കുന്നതോടെയാണ് കെടിസി ഗ്രൂപ്പും അരുൺകുമാറും തമ്മിലുള്ള യുദ്ധം ആരംഭിക്കുന്നത്. ഈ യുദ്ധം ഒടുവിൽ കെടിസിയുടെ വിവിധ ജില്ലകളിലെ ഹ്യുണ്ടായി ഷോറൂമുകൾ അടച്ചു പൂട്ടുന്നതിലും കെടിസി ഗ്രൂപ്പിന് നിയമ പോരാട്ടങ്ങളിൽ മുഖമടച്ചുള്ള പ്രഹരത്തിനും കോഴിക്കോട് കെടിസി ഹ്യുണ്ടായി ഷോറൂം ഇടിച്ചു പൊളിക്കേണ്ടി വരുന്ന അവസ്ഥയ്ക്കുമാണ് വഴി വെച്ചത്.

പി.വി.ചന്ദ്രൻ മുതലാളിയായ ഹ്യുണ്ടായി ഷോ റൂം നടത്തിയ പതിനായിരം രൂപയുടെ കള്ളത്തരം അരുൺകുമാർ കണ്ടുപിടിച്ചപ്പോൾ അത് കെടിസി ഗ്രൂപ്പ് പ്രസ്റ്റിജിന്റെ പ്രശ്‌നമാക്കി എടുത്തു. അവിഹിത സ്വാധീനത്തിന്റെ 'റോഡ് റോളർ' അരുൺ കുമാറിന് നേരെ കെടിസി ഉരുട്ടിയപ്പോൾ അത് ബൂമറാങ് പോലെ കെടിസി ഗ്രൂപ്പിന് നേരെ തിരിച്ചടിക്കുന്നതാണ് ഈ യുദ്ധത്തിൽ കണ്ടത്. ഇതുവരെ അരുൺകുമാറിന് നേരെ വിജയം നേടാൻ കെടിസി ഗ്രൂപ്പിന് കഴിഞ്ഞതുമില്ല. യുദ്ധങ്ങളിൽ ഇപ്പോൾ കെടിസി ഗ്രൂപ്പ് അമ്പേ പരാജയമടയുകയാണ്. അരുൺ കുമാറിന് മുന്നിൽ പരാജയമടഞ്ഞ അതേ അവസ്ഥയിൽ തന്നെയാണ് പിവിചന്ദ്രൻ മുതലാളി പിവി എസ് ആശുപത്രി ജീവനക്കാർക്ക് മുന്നിലും പരാജയമടയുന്നത്. കെടിസി ഗ്രൂപ്പിനെ നിലം പരിശാക്കിയ തന്റെ അതിജീവന പോരാട്ടങ്ങളെക്കുറിച്ച് അരുൺകുമാർ മറുനാടൻ മലയാളിയോട് പറഞ്ഞത് ഇങ്ങിനെ:

ഇൻഷൂറൻസ് വെട്ടിപ്പ് കണ്ടുപിടിച്ചു; പി.വി.നിധീഷുമായി പ്രശ്‌നം തുടങ്ങി: അരുൺ കുമാർ കഥ പറയുമ്പോൾ

ഞാൻ ഒരു ചാർട്ടേഡ് എഞ്ചിനീയറാണ്. കോഴിക്കോട് കെടിസിയുടെ ഹ്യുണ്ടായി ഷോ റൂമിൽ നിന്ന് ഒരു ഹ്യുണ്ടായി കാർ എടുത്തതോടെയാണ് ഞാനും കെടിസിയും തമ്മിൽ പ്രശ്‌നം തുടങ്ങുന്നത്. നിരന്തര പോരാട്ടങ്ങൾക്കൊടുവിൽ കെടിസിയുടെ വിവിധ ജില്ലകളിലെ ആറു ഹ്യുണ്ടായി ഷോറൂമും ഞാൻ പൂട്ടിച്ചു. ഞാൻ കാർ വാങ്ങിയ അതേ ഷോ റൂം പൊളിക്കാനും ഞാൻ ഹൈക്കോടതിയുടെ വിധി വരെ വാങ്ങി. പക്ഷെ അത് പൊളിക്കാതെ അവർ തട്ടുമുട്ടു ന്യായങ്ങൾ വഴി പിടിച്ചു നിൽക്കുകയാണ്. പോരാട്ടം തുടങ്ങിയപ്പോൾ എന്നെ തീർക്കാൻ അവർ രണ്ടു ശ്രമങ്ങൾ നടത്തി. അതിനുശേഷം ഞാൻ വിട്ടുകൊടുത്തിട്ടില്ല. ആ പോരാട്ടമാണ് ഞാൻ തുടർന്നത്. ഞാൻ കാറെടുത്തപ്പോൾ അവർ എന്നെ വഞ്ചിച്ചതാണ് എനിക്ക് അവരോടുള്ള വൈരാഗ്യം കൂടാൻ കാരണം. കാർ വാങ്ങുമ്പോൾ ഇൻഷൂറൻസ് റോഡ് ടാക്‌സ് ഈ തുകകൾ അവർ കൂടുതാലാണ് ഈടാക്കിയത്. 2500 മുതൽ 5000 രൂപ വരെ അവർ കൂടുതൽ ഈടാക്കും. ഇതാണ് ഞാൻ കണ്ടു പിടിച്ചു ചോദ്യം ചെയ്തത്. ഇതോടെയാണ് ഞങ്ങൾ തമ്മിലുള്ള പോരാട്ടം ആരംഭിക്കുന്നത്.

കെടിസിയുടെ ഹ്യുണ്ടായിൽ നിന്ന് ഞാൻ കാർ എടുത്തപ്പോൾ കൊച്ചിയിൽ നിന്നും തിരുവനന്തപുരത്ത് നിന്നും നിന്നും ഞാൻ ക്വട്ടേഷൻ എടുത്തിയിരുന്നു. കെടിസിയുടെ ഇൻഷൂറൻസ് പ്രീമിയം വെട്ടിപ്പ് ഞാൻ ഈ ക്വട്ടേഷനുകൾ വഴിയാണ് കണ്ടുപിടിക്കുന്നത്. കെടിസിയുടെ ക്വട്ടേഷനിൽ 10000 രൂപയുടെ വ്യത്യാസം. ഞാൻ അത് ചോദ്യം ചെയ്തു.അപ്പോൾ അത് തെറ്റിപ്പോയതാണ് എന്നാണ് കെടിസി പറഞ്ഞത്. എനിക്ക് വണ്ടി വേണ്ടാ എന്ന് പറഞ്ഞപ്പോൾ അവർ വണ്ടി എടുക്കാൻ നിർബന്ധിച്ചു.അങ്ങിനെ ഞാൻ വണ്ടി വാങ്ങി. എനിക്ക് പണി നൽകാൻ അവർ പാസ്‌പോർട്ട് അവർ വാങ്ങിവെച്ചു. അത് എനിക്ക് പണി നൽകാനാണ് എന്ന് ഞാൻ അറിഞ്ഞില്ല. പിന്നീട് അറിഞ്ഞു.അതിനും ഞാൻ നിയമപോരാട്ടം വഴി കണക്കിന് കൊടുത്തു. എന്റെ വൈഫിന്റെ പാസ്‌പോർട്ട് ആണ് കെടിസി ഗ്രൂപ്പിന്റെ കയ്യിൽ വന്നത്. രജിസ്‌ട്രേഷന് പാസ്‌പോർട്ട് നിർബന്ധമാണ് എന്നാണ് പറഞ്ഞത്. അതെനിക്കറിയാത്ത തിനാൽ പാസ്‌പോർട്ട് ഞാൻ കൊടുത്തു. അവർ പാസ്‌പോർട്ട് വേണം എന്നു പറഞ്ഞു ഔദ്യോഗികമായി കത്തും തന്നു. ഞാൻ വിശ്വസിച്ചു. എന്റെ പാസ്‌പോർട്ട് വാങ്ങിയ ലേഡിയെ പിന്നീട് ഞാൻ കണ്ടില്ല. അവർ ജീവിച്ചിരിക്കുന്നോ എന്നു പോലും എനിക്കറിയില്ല. പാസ്‌പോർട്ട് അവർ പിന്നെ തിരികെ തന്നില്ല. എനിക്ക് പണി തരാൻ വേണ്ടിയാണ് എന്റെ വൈഫിന്റെ പാസ്‌പോർട്ട് അവർ പിടിച്ചു വെച്ചത്. ഞാൻ പൊലീസിൽ പരാതി നൽകി. കോടതിയിൽ കേസ് കൊടുത്തു. പി.വി.ചന്ദ്രന്റെ മകൻ നിതീഷാണ് അതിന്റെ പിന്നിൽ പ്രവർത്തിച്ചത് എന്ന് എനിക്ക് മനസിലാക്കാൻ കഴിഞ്ഞു.

പാസ്‌പോർട്ട് പീടിച്ചു വെച്ച് എനിക്ക് പണിതരാൻ ശ്രമം നടത്തി; ചതിയുടെ കഥ വെളിപ്പെടുത്തി സ്റ്റാഫുകളും

പാസ്‌പോർട്ട് മിസ്സിങ് ആണെന്ന് അവർ എനിക്ക് കത്ത് നൽകി. അതിനു പിന്നിൽ ഒരു ചതി ഉണ്ടായിരുന്നു. പഴയ പാസ്‌പോർട്ട് അവരുടെ കയ്യിൽ ഇരിക്കുന്നു. അപ്പോൾ അവർ പറഞ്ഞ പ്രകാരം ഞാൻ പുതിയ പാസ്‌പോർട്ട് എടുത്താൽ അവർക്ക് എന്നെ എടുത്ത് അകത്തിടാൻ കഴിയും. ഒരു പാസ്‌പോർട്ട് കയ്യിൽ ഇരിക്കെ രണ്ടാമത് പാസ്‌പോർട്ട് എടുത്തു എന്ന കുറ്റവും ചുമത്താം. ഞാനത് മനസിലാക്കി. എന്റെ ഭാര്യ കേന്ദ്ര സർക്കാർ ജീവനക്കാരിയാണ്. എന്റെ നേർക്കുള്ള പകയിൽ തൂങ്ങുക എന്റെ വൈഫ് ആകും. അവർക്ക് ആ സമയത്ത് എന്നോട് വിലപേശാം. എന്നെ ട്രാപ്പ് ചെയ്യാൻ ചെയ്ത പണിയായിരുന്നു പാസ്‌പോർട്ട് മിസ്സിങ് പ്രശ്‌നം. ചൂണ്ടയിൽ ഞാൻ കൊത്താത്തത് അവർക്ക് സഹിക്കാൻ കഴിയാത്ത അവസ്ഥയുണ്ടാക്കി. അവർ എന്നോട് നിരന്തരമായി പ്രശ്‌നങ്ങൾ ഉണ്ടാക്കി. അവർ എന്നോട് പ്രതികാരം തീർത്ത ഒരു വഴി എനിക്ക് തന്നെ കാറിൽ പണി തരുകയായിരുന്നു. എന്റെ വണ്ടിയുടെ സ്റ്റിയറിങ് മാറ്റി. വണ്ടിയുടെ പല ഒറിജിനൽ ആക്‌സസറികളും മാറ്റി. എസി വരെ ഡ്യുപ്ലിക്കേറ്റ് എസിയാണ് വെച്ചത്. ഓട്ടോമാറ്റിക് കീ വരെ തല്ലിപ്പൊളി സാധനം വെച്ചു. ഇതൊന്നും ഞാൻ അറിഞ്ഞില്ല. അപ്പോഴാണ് ആപ്‌കോ എന്ന പേരിൽ വേറെയൊരു ഹ്യുണ്ടായി ഡീലർ വരുന്നത്. അതോടെ കെടിസിയിൽ മനം മടുത്ത് നിന്നിരുന്ന പലരും ആപ്‌കോയിലേക്ക് ചേക്കേറി.

അന്നത്തെ കെടിസി ഹ്യുണ്ടായിയുടെ മാനേജർ ആപ്‌കോയുടെ വൈസ് പ്രസിഡന്റ് ആണ്. അയാൾ പറഞ്ഞാണ് പിന്നീട് പല കാര്യങ്ങളും ഞാൻ അറിയുന്നത്. കെടിസിയിൽ നിന്നും ആപ്‌കോയിലേക്ക് മാറിയ സ്റ്റാഫ് എന്നോടുപറഞ്ഞു. സാറേ ഞങ്ങളാണ് നിങ്ങളുടെ വണ്ടി പണിയാക്കിയത്. എസി ഉൾപ്പെടെയുള്ള എല്ലാം എടുത്ത് മാറ്റി മോശം സാധനങ്ങൾ വെച്ചത് ഞങ്ങളാണ്. പുതിയ കാർ നാശകോശമാക്കിയിട്ടാണ് ഞങ്ങൾ നിങ്ങൾക്ക് തന്നത്. ഞങ്ങളോട് ഒന്നും തോന്നരുത്. പി.വി.നിധീഷ് പറഞ്ഞിട്ടാണ് ഞങ്ങൾ എല്ലാം ചെയ്തത്. കെടിസിയിൽ ഉണ്ടായിരുന്ന സമയത്ത് ആ മാനേജർ പറഞ്ഞു.നിങ്ങളുടെ പാസ്‌പോർട്ട് പോയതിൽ ഞങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്. ഞങ്ങൾ നിങ്ങൾക്ക് കത്ത് തരാം. ഞാൻ പൊലീസിൽ പരാതി നൽകി.പക്ഷെ ആ പരാതി നശിപ്പിക്കപ്പെട്ടു. ഈ കാര്യത്തിൽ വിവരാവാകാശ കമ്മീഷന് വേറൊരു പരാതിയും ഞാൻ നൽകിയിട്ടുണ്ട്. ഒന്നരവർഷമായി ഈ പരാതി വിവരാവാകാശ കമ്മീഷനിൽ നിലനിൽക്കുകയാണ്. എല്ലാ പരാതികളിലും കെടിസി ഗ്രൂപ്പിന് വമ്പൻ അടിപറ്റുന്നത് ഞാൻ അടുത്തുനിന്നു നോക്കിക്കണ്ടു.

കൺസ്യൂമർ കോടതി വിധി കെടിസിക്ക് പ്രഹരമാകുന്നു

ഏഴായിരം പേരെ അവർ കാർ എടുത്ത വകയിൽ പറ്റിച്ചു എന്നാണ് ഞാൻ കരുതുന്നത്. അത് തന്നെ ഏഴുകോടി രൂപയോളം വരേണ്ടതാണ്. കെടിസിയ്‌ക്കെതിരെ ഹൈക്കോടതിയിൽ നടത്തിയ കേസിൽ ഞാൻ വിജയിച്ചു. ജില്ലാ കോടതിയിൽ നടത്തിയ കേസിൽ വിജയിച്ചു. കൺസ്യൂമർ കോടതിയിൽ ഞാൻ നടത്തിയ പോരാട്ടം വിജയിച്ചു. പുതിയ കാറിൽ ഡ്യൂപ്ലിക്കേറ്റ് സാധനങ്ങൾ വെച്ചതിൽ കൺസ്യൂമർ കോടതിയിൽ ഞാൻ പരാതി നൽകി. ആ പരാതി പക്ഷെ കൺസ്യൂമർ കോടതിയിൽ വല്ലാതെ ഇഴഞ്ഞു. ആ ഇഴച്ചിലും സംശയാസ്പദമായിരുന്നു. കൺസ്യൂമർ കോടതി എന്റെ പരാതി തള്ളി. കോഴിക്കോട് കൺസ്യൂമർ കോടതി ഈ കേസ് തള്ളിയപ്പോൾ ഞാൻ തിരുവനന്തപുരം കൺസ്യൂമർ കോടതിയെ സമീപിച്ചു. കാർ കേസിൽ 45000 രൂപയും പലിശയും ചേർത്ത് എനിക്ക് നഷ്ടം നൽകാനാണ് തിരുവനന്തപുരം കൺസ്യൂമർ കോടതി വിധിച്ചത്. കോഴിക്കോട് കൺസ്യൂമർ കോടതി തള്ളിയ കേസിൽ ആണ് തിരുവനന്തപുരത്ത് നിന്നും വിധി വരുന്നത് എന്നോർക്കണം. കഴിഞ്ഞ മാസമാണ് ഈ വിധി വന്നത്.

പാസ്‌പോർട്ട് കേസിൽ പ്രശസ്തനായ വക്കീൽ സഹസ്രനാമത്തെയാണ് ഞാൻ സമീപിച്ചത്. അദ്ദേഹം കേസ് ഏറ്റെടുത്തു. കെടിസി ഗ്രൂപ്പ് അദ്ദേഹത്തിൽ സമ്മർദം ചെലുത്തി. അദ്ദേഹം വഴങ്ങിയില്ല. ഒരു ഹ്യുണ്ടായി കാർ ഫ്രീ എന്നാണ് കെടിസി ഗ്രൂപ്പ് നൽകിയ വാഗ്ദാനം. ഒരേയൊരു കണ്ടീഷൻ എന്റെ കേസ് വാദിക്കരുത്. ഞാൻ ഏറ്റെടുത്ത കേസ് ഞാൻ വാദിക്കും-അദ്ദേഹം പറഞ്ഞു. ഈ കേസിൽ എനിക്കാണ് ജയം വന്നത്. എന്റെ പരാതി പൊലീസ് മുക്കിയിരുന്നു. ആ സമയത്ത് എന്റെ കേസ് എടുത്ത മുൻസിഫ് കോടതി ജഡ്ജി മാറിപ്പോയി. പിന്നീട് വന്ന ജഡ്ജി കണിശക്കാരൻ ആയിരുന്നു. അദ്ദേഹമാണ് എന്റെ പാസ്‌പോർട്ട് കേസിൽ കെടിസിക്കെതിരെ വിധി നൽകിയത്. അവർ അപ്പീൽ പോയി. പക്ഷെ ആ അപ്പീലും തള്ളി. എനിക്ക് 12500 രൂപ നഷ്ടപരിഹാരത്തിനാണ് ഈ കേസിൽ വിധി വന്നത്. കെടിസി കരുതി പാസ്‌പോർട്ട് തങ്ങൾ വാങ്ങി വെച്ച് എന്ന് തെളിയിക്കാൻ എനിക്ക് കഴിയില്ലാ എന്ന്. എന്റെ പരാതി പൊലീസ് സ്റ്റേഷനിൽ നിന്ന് അവർ മുക്കുകയും ചെയ്തിരുന്നു. പക്ഷെ പൊലീസ് ഒരു റിപ്പോർട്ട് നൽകിയിരുന്നു. പാസ്‌പോർട്ട് കെടിസിയുടെ ഓഫീസിൽ നിന്നും കളഞ്ഞുപോയി എന്ന്. ആ റിപ്പോർട്ടിന്റെ കോപ്പി എന്റെ കയ്യിൽ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അത് ഒരൊന്നാന്തരം തെളിവായി കോടതി കണ്ടു.

കാൽമുട്ടുകൾ തല്ലിയൊടിക്കും എന്ന് ഭീഷണി; ഓംബുഡ്‌സ്മാന് മാറ്റവും

പാസ്‌പോർട്ട് പ്രശ്നം കത്തി നിൽക്കുമ്പോൾ കെടിസിയിലെ മാനേജർ എന്നെ വിളിച്ചു പറഞ്ഞത് മുട്ടുകാൽ തല്ലിയൊടിക്കും എന്നാണ്. എനിക്ക് രണ്ടു മുട്ടുകാലുണ്ട്. ഒന്ന് തല്ലിയൊടിച്ചാൽ മറ്റൊന്ന് ഉണ്ടല്ലോ. എനിക്ക് അതുമതി. പിന്നെ തിരിച്ചു തല്ലാൻ എനിക്കും കയ്യും കാലും ഉണ്ടെടോ എന്നും പറഞ്ഞു. അതുകൊണ്ട് അവരത് ചെയ്തില്ല. നിധീഷ് എന്നെ വിളിച്ചു കേസ് കോപ്രമൈസ് ആക്കാം എന്ന് പറഞ്ഞു. ഞാൻ വഴങ്ങിയില്ല. ഉടൻ തന്നെ മറ്റൊരു പരാതി പൊക്കിക്കൊണ്ട് വരാൻ എനിക്ക് കഴിഞ്ഞു.ഞാൻ കാറ് വാങ്ങിയ കെടിസി ഹ്യുണ്ടായി കെട്ടിടം അനധികൃതമായി പണിതതാണ് എന്ന് ഞാൻ കണ്ടുപിടിച്ചു. പരാതി അതിന്നെതിരെയായി. വിവരാവകാശ പ്രകാരം ഒരു റൂമിനുള്ള പെർമിറ്റ് ആണ് നൽകിയത്. ഈ ലൈസൻസിന്റെ ബലത്തിൽ 8000 സ്‌ക്വയർ ഫീറ്റ് കെട്ടിടമാണ് അവർ പണിതത്. ഇത് ഞാൻ ചോദ്യം ചെയ്തു. ഞാൻ ഓംബുഡ്സ്മാന് പരാതി നൽകി. പക്ഷെ ഓംബുഡ്സ്മാൻ ഈ കാര്യത്തിൽ കൃത്യമായ രീതിയിൽ നീങ്ങി. കെടിസിയുടെ സമ്മർദം ഫലം കണ്ടില്ല. പകരം ഓംബുഡ്സ്മാൻ മാറ്റപ്പെട്ടു.

എന്റെ കേസ് പരിഗണിച്ചിരുന്ന ഹരിഹരൻ നായർ എന്ന ഓംബുഡ്‌സ്മാനെ ശബരിമലയിലെ എന്തോ പ്രശ്‌നത്തിന്റെ പേരിൽ ആ അന്വേഷണത്തിനായി ഉമ്മൻ ചാണ്ടി സർക്കാർ അങ്ങോട്ട് മാറ്റി. പകരം വന്നത് കൃഷ്ണൻ എന്ന ഓംബുഡ്സ്മാൻ ആണ്. അദ്ദേഹം എന്നെ ഉപദേശിച്ചത് ഹൈക്കോടതിയിലേക്ക് നീങ്ങാനാണ്. ഞാൻ ആ വാദം അംഗീകരിച്ചു ഹൈക്കോടതിയിലേക്ക് കേസ് മാറ്റി. പിന്നീടാണ് എനിക്ക് മനസിലായത് ഹരിഹരൻനായർ എന്ന പഴയ ഓംബുഡ്സ്മാൻ ആയിരുന്നു ശരി. അദ്ദേഹം കൃത്യമായ രീതിയിൽ നീങ്ങിയപ്പോഴാണ് ഉമ്മൻ ചാണ്ടി സർക്കാർ അദ്ദേഹത്തെ മാറ്റിയത്. ഈ ഓംബുഡ്സ്മാന്റെ അഭിപ്രായം വീട്ടിൽചാടിച്ചത് എന്നെനെയായിരുന്നു എന്ന്. ഹൈക്കോടതിയിലേക്ക് നീങ്ങണമെങ്കിൽ ഹരിഹരൻ നായർ തന്നെ ഈ കാര്യം പറയുമായിരുന്നു. അദ്ദേഹം അത് പറഞ്ഞില്ല. പകരം കേസിൽ ശക്തമായി നീങ്ങി.അദ്ദേഹത്തിന് പകരം വന്ന ഓംബുഡ്സ്മാന്റെ ഉപദേശം സ്വീകരിച്ചതാണ് ഈ കാര്യത്തിൽ വിനയായത്. ഈ ഓംബുഡ്സ്മാന് എതിരായി ഞാൻ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. ഇതിൽ ഒരു ഹൈക്കോടതി ഒരു പരാമർശം വിധിയിൽ പറഞ്ഞിരുന്നു.

അനധികൃത ഷോറൂം കെട്ടിടം പൊളിക്കാൻ ഹൈക്കോടതി വിധിയും

പക്ഷെ കെട്ടിടം പൊളിക്കാനുള്ള കാര്യത്തിൽ ഹൈക്കോടതി വിധി എനിക്ക് അനുകൂലമായിരുന്നു. ഉടനടി ആക്ഷൻ എടുക്കാനാണ് ഹൈക്കോടതി കോഴിക്കോട് കോർപറേഷനോട് ആവശ്യപ്പെട്ടത്. എന്നോട് കോർപറേഷൻ സിറ്റിഗിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടു.അന്ന് കോർപറേഷൻ സെക്രട്ടറി വന്നില്ല. പകരം വന്നത് എഞ്ചിനീയർ ആയിരുന്നു.അദ്ദേഹം കെടിസിയുടെ കേസ് ആയതിനാൽ ഇരിക്കണോ നിൽക്കണോ എന്ന അവസ്ഥയിലായിരുന്നു. അത്രയും പേടിയായിരുന്നു ആ എഞ്ചിനീയർക്ക്. റെഗുലറൈസെഷൻ പക്ഷെ പാസായില്ല. എന്നിട്ടും ആ ബിൽഡിങ് ഇതുവരെ പൊളിച്ചിട്ടില്ല. ഞാൻ ഈ കേസിൽ ഹൈക്കോടതിയിൽ കോടതിയലക്ഷ്യം ഫയൽ ചെയ്യാൻ പോവുകയാണ്. 2019 ഫെബ്രുവരി 19 നു മുൻപ് പൊളിക്കണം എന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. പക്ഷെ ഇതുവരെ പൊളിച്ചിട്ടില്ല.

അന്ന് കോഴിക്കോട് കോർപറേഷനിൽ ഉണ്ടായിരുന്ന പിന്നീട് ആലപ്പുഴ ജില്ലാ കളക്ടറായിരുന്ന വേണുഗോപാൽ ആണ് ഈ കെട്ടിടത്തിന് അനുമതി നൽകിയവരിൽ ഒരാൾ. ഇതുമായ ബന്ധപ്പെട്ട വിജിലൻസ്‌കേസിൽ അദ്ദേഹം കൂടി പ്രതിയായിരുന്നു. കെടിസി ഹ്യുണ്ടായിയുടെ കെട്ടിടം എൻഎച്ചിനോട് ചേർന്നാണ്.ഒരിക്കലും അനുമതി നൽകാൻ പാടില്ലാത്ത കെട്ടിട നിർമ്മാണത്തിനാണ് കോഴിക്കോട് കോർപറേഷൻ അനുമതി നൽകിയത്. തൊട്ടടുത്ത് റെയിൽവേ ട്രാക്കുമുണ്ട്. അതിൽ നിന്നും മുപ്പത് മീറ്റർ വിടണം. ഇതും സ്‌പെയ്‌സും വിട്ടിട്ടില്ല. റെയിൽവേ അനുമതിയും വാങ്ങിയിട്ടില്ല. എന്നിട്ടും കെട്ടിടം പെർമിറ്റിന് കോർപറേഷൻ അനുമതി നൽകുകയായിരുന്നു.

വിജിലൻസ് കേസിൽ പ്രോസിക്യുഷന് അനുമതി നൽകാതെ പിണറായി സർക്കാരും

അനധികൃത ഷോ റൂം കെട്ടിടത്തിനു പെർമിറ്റ് നൽകിയതിന്റെ പേരിൽ ഞാൻ വിജിലൻസിൽ പരാതി നൽകിയിരുന്നു. എട്ടുപേരെ പ്രോസിക്യൂട്ട് ചെയ്യാനാണ് ഈ പരാതിയിൽ വിജിലൻസ് തീരുമാനം വന്നത്. അതും വേറൊരു കേസ് ആയി തുടരുകയാണ്. ഈ കേസിൽ വിജിലൻസ് കോടതി എന്നോട് ചോദിച്ചു.പ്രോസിക്യൂഷൻ അനുമതി അരുൺ കൊണ്ടുവരുമോ എന്ന്. കൊണ്ടുവരാം എന്ന് ഞാൻ മറുപടിയും നൽകി. പക്ഷെ മുഖ്യമന്ത്രി പിണറായി വിജയൻ ആ പ്രോസിക്യൂഷന് അനുമതി നൽകിയിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഈ പ്രോസിക്യൂഷൻ അനുമതി തേടിയുള്ള ഫയൽ ഭദ്രമായി ഇരുപ്പുണ്ട്. ഇടത് സർക്കാർ വന്നാൽ എല്ലാം ശരിയാകും എന്ന് പറഞ്ഞത് ഇത്തരം ഫയലുകളുടെ, പ്രോസിക്യൂഷൻ അനുമതിയുടെ കാര്യത്തിൽ ശരിയാവുകയാണ്.

വിജിലൻസ് കോടതിയെ ഈ കാര്യം ധരിപ്പിച്ചപ്പോൾ കോടതി എന്നോട് പറഞ്ഞത് എപ്പോൾ അരുൺ പ്രോസിക്യുഷൻ അനുമതി വാങ്ങും. അപ്പോൾ നമുക്ക് ഈ ഫയൽ റീ ഓപ്പൺ ചെയ്യാം എന്നാണ്. ഞാൻ ഈ കേസിൽ അദ്ദേഹത്തെ കണ്ടപ്പോൾ വേണുഗോപാൽ എന്റെ മുന്നിലിരുന്നു കരഞ്ഞു. ഇതൊന്നും ഞാൻ അറിഞ്ഞില്ല എന്നാണ് വേണുഗോപാൽ പറഞ്ഞത്. ഞാൻ കോഴിക്കോടിനെ വെറുക്കുന്നു എന്നും വേണുഗോപാൽ പറഞ്ഞു. കെട്ടിടം പൊളിക്കുന്ന കാര്യത്തിൽ ഞാൻ വേറൊരു പരാതി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് നൽകിയിട്ടുണ്ട്. ആ പരാതി കോർപറേഷന് നൽകിയിട്ടുണ്ട് എന്നാണ് മന്ത്രി പറയുന്നത്. ഈ കെട്ടിടത്തിന് ടാക്‌സ് അടച്ചിട്ടുണ്ടോ എന്ന് ഞാൻ പരിശോധിച്ചു. ടാക്‌സ് അടച്ചിട്ടുണ്ട്. വെറും 700 രൂപ. പതിനഞ്ചു വർഷം ഒന്നരലക്ഷം രൂപ വീതം ടാക്‌സ് അടക്കേണ്ട അവസ്ഥയിലാണ് 700 രൂപ വീതം അടച്ചിരിക്കുന്നത്. അംഗീകാരമില്ലാത്ത കെട്ടിടം ആയതിനാൽ 45 ലക്ഷം രൂപ അടക്കേണ്ടതുണ്ട്. ഈ പരാതിയും കോഴിക്കോട് കോർപറേഷനിൽ നൽകിയിട്ടുണ്ട്.

അത് നല്കിയിട്ട് തന്നെ ഒന്നരവർഷമായി. 45 ലക്ഷം സർക്കാരിന് നഷ്ടം. ഇങ്ങിനെയാണ് നികുതിപ്പണം സർക്കാരിന് നഷ്ടമാകുന്നത്. ഏത് ഒരു കേസ്. ഇങ്ങിനെ എത്രയെത്ര കേസുകൾ ഉണ്ടാകും-അരുൺകുമാർ പറയുന്നു. എന്തായാലും അനധികൃത കെട്ടിടം പൊളിക്കുന്നത് വരെ നിയമപോരാട്ടം തുടരാനാണ് അരുൺകുമാർ ഒരുങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP