Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എക്സിറ്റ് പോളുകൾ പ്രവചിക്കുന്ന ബിജെപി വിജയം പ്രതിപക്ഷ കക്ഷികളുടെ മനസ്സുമാറ്റുമോ? വിശാല പ്രതിപക്ഷ കൂട്ടായ്മ രൂപീകരിക്കുന്നതിനായി രാഹുൽ ഗാന്ധിയെയും സോണിയയെയും സന്ദർശിക്കുന്നതിൽ നിന്നും പിന്മാറി മായാവതി; മായാവതിയുടെ ചാഞ്ചാട്ടം ബിജെപി പാളയം നോക്കിയോ എന്ന ആശങ്കയിൽ കോൺഗ്രസ് നേതൃത്വം; ചന്ദ്രബാബു നായിഡു കരുനീക്കങ്ങളുമായി കളത്തിൽ; ഇവി എം ക്രമക്കേട് ആരോപിച്ച് നിയമനടപടിക്കും നീങ്ങാനും പ്രതിപക്ഷ നീക്കം

എക്സിറ്റ് പോളുകൾ പ്രവചിക്കുന്ന ബിജെപി വിജയം പ്രതിപക്ഷ കക്ഷികളുടെ മനസ്സുമാറ്റുമോ? വിശാല പ്രതിപക്ഷ കൂട്ടായ്മ രൂപീകരിക്കുന്നതിനായി രാഹുൽ ഗാന്ധിയെയും സോണിയയെയും സന്ദർശിക്കുന്നതിൽ നിന്നും പിന്മാറി മായാവതി; മായാവതിയുടെ ചാഞ്ചാട്ടം ബിജെപി പാളയം നോക്കിയോ എന്ന ആശങ്കയിൽ കോൺഗ്രസ് നേതൃത്വം; ചന്ദ്രബാബു നായിഡു കരുനീക്കങ്ങളുമായി കളത്തിൽ; ഇവി എം ക്രമക്കേട് ആരോപിച്ച് നിയമനടപടിക്കും നീങ്ങാനും പ്രതിപക്ഷ നീക്കം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: എക്‌സിറ്റ് പോളുകൾ മുഴുവൻ ബിജെപിയുടെ വിജയം പ്രവചിക്കുമ്പോൾ പ്രതിപക്ഷ നിരയിലും വിള്ളലുണ്ടാകുമോ? എക്‌സിറ്റ് പോളുകൾ ഉന്നം വെച്ചത് പ്രതിപക്ഷപാളയത്തിൽ വിള്ളലുണ്ടാക്കുക എന്ന വിധത്തിലുള്ള ആരോപണങ്ങൾ ഉയരുമ്പോൾ തന്നെ മായാവതി അടക്കമുള്ളവരുടെ മനസ്സുമാറ്റവും നിർണായകമാകുന്നു. വിശാല പ്രതിപക്ഷ കൂട്ടായ്മ രൂപീകരിക്കുന്നതിനായി മായാവതി കോൺഗ്രസ് അധ്യക്ഷനെയും സോണിയാ ഗാന്ധിയെയും ഇന്ന് സന്ദർശിക്കുന്നതിൽനിന്ന് പിന്മാറിയതോടെ കോൺഗ്രസ് കേന്ദ്രങ്ങളിൽ കടുത്ത ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ മോദി തരംഗമെന്ന എക്സിറ്റ്പോൾ ഫലങ്ങൾ വന്നതിന് തൊട്ടുപിന്നാലെയാണ് ഈ നിലപാട് മാറ്റം. അതേസമയം, അനിവാര്യമായ സാഹചര്യത്തിൽ ഉപയോഗിക്കാനുള്ള പിന്തുണ ഉറപ്പാക്കാൻ ബിജെപി ദേശിയ നേതൃത്വവും ശ്രമങ്ങൾ ശക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം മാത്രമേ സഖ്യചർച്ചകൾക്ക് തയ്യാറുള്ളൂവെന്നാണ് മായാവതി ഇപ്പോൾ പറഞ്ഞിരിക്കുന്നത്.

നാളെ ഡൽഹിയിൽ നടത്താനിരുന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗവും മാറ്റിവച്ചതായി റിപോർട്ടുകൾ പുറത്തുവരുന്നുണ്ട്. എല്ലാ പ്രവചനങ്ങളും വിരൽചൂണ്ടുന്നത് രണ്ടാം എൻഡിഎ സർക്കാർ അധികാരത്തിലെത്തുമെന്ന് തന്നെയാണ്. എന്നാൽ, പ്രവചനങ്ങളുടെ ആധികാരികതയിൽ ബിജെപിയും കോൺഗ്രസും ഉൾപ്പടെയുള്ള പാർട്ടികൾക്ക് സംശയമുണ്ട്. പ്രധാനമന്ത്രി സ്ഥാനത്ത് കണ്ണുള്ള ബിഎസ്‌പി അധ്യക്ഷ മായാവതി തൂക്ക് മന്ത്രിസഭ ഉണ്ടാവുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി പദത്തിലേക്ക് തനിക്ക് പിന്തുണ അഭ്യർത്ഥിക്കും. അതിന്റെ മുന്നോടിയായാണ് രാഹുലും സോണിയയുമായി കൂടിക്കാഴ്ചയ്ക്ക് ആദ്യം തയ്യാറായത്.

എക്സിറ്റ്പോളുകൾ പുറത്ത് വന്ന സാഹചര്യത്തിൽ രാജ്യതലസ്ഥാനത്ത് ബിജെപി ആഘോഷങ്ങളിലേക്ക് കടന്നു. എന്നാൽ, ഏതെങ്കിലും സാഹചര്യത്തിൽ ഭൂരിപക്ഷത്തിന് കുറവുണ്ടായാൽ പ്രാദേശിക പാർട്ടികളെ ഒപ്പം നിർത്താനാണ് ബിജെപിയുടെയും ശ്രമവും നടക്കുന്നുണ്ട്. ഇതിനായി റാം മാധവിന്റെ നേത്യത്വത്തിൽ ജെ പി നദ്ദ, സുനിൽ ദിയോദ്കർ, ഗോവർധൻ സദഫിയ എന്നിവരടങ്ങുന്ന ഒരു സമിതിയെ ബിജെപി അധ്യക്ഷൻ നിയോഗിച്ചിട്ടുണ്ട്. ബിഎസ്‌പി, ബിജെഡി, വൈഎസ്ആർ കോൺഗ്രസ്, ടിആർഎസ് എന്നീ പാർട്ടികൾ അടക്കമുള്ളവരുമായി അനൗദ്യോഗിക ചർച്ചകൾ നടത്തുകയാണ് ലക്ഷ്യം. അതേസമയം, മോദി ഇന്ന് ആർഎസ്എസ് ആസ്ഥാനമായ നാഗ്പൂരിലെത്തും. സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്കാണെത്തുന്നത്.

എക്‌സിറ്റ് പോൾ ഫലങ്ങളിൽ ബിജെപി വലിയ പ്രതീക്ഷ വയ്ക്കുമ്പോൾ അത്ഭുതം സംഭവിക്കുമെന്നാണ് കോൺഗ്രസ് ക്യാമ്പിന്റെ പ്രതികരണം. 300ൽ അധികം സീറ്റുകൾ കിട്ടുമെന്ന് ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും പ്രവചിക്കുമ്പോൾ എൻഡിഎ ക്യാമ്പിന്റെ ആത്മവിശ്വാസം ഇരട്ടിച്ചിരിക്കുകയാണ്. എക്‌സിറ്റ് പോളുകൾ പുറത്തുവന്നതിന് പിന്നാലെ തിരക്കിട്ട കൂടിയാലോചനകളാണ് പ്രതിപക്ഷനിരയിൽ നടക്കുന്നത്.

ഫലം വരുന്നതിന് മുമ്പുതന്നെ പ്രതിപക്ഷ പാർട്ടികൾ കൂടിയിരുന്ന് ബദൽ സർക്കാർ രൂപീകരണം സംബന്ധിച്ചും സർക്കാരിന്റെ നേതൃത്വം ആർക്കായിരിക്കും എന്നതിലും ധാരണയുണ്ടാക്കണമെന്ന് നിർദ്ദേശിച്ചത് സോണിയ ഗാന്ധി ആയിരുന്നു. എന്നാൽ ഫലം വരുന്നതിന് മുമ്പ് പ്രതിപക്ഷ നേതൃയോഗം പ്രായോഗികമല്ലെന്ന നിലപാടിലാണ് മായാവതി. ഡിഎംകെ, ആർജെഡി തുടങ്ങിയ കക്ഷികൾ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടണമെന്ന് ആവശ്യപ്പെടുമ്പോൾ മായാവതി, മമതാ ബാനർജി, അഖിലേഷ് യാദവ് തുടങ്ങിയ നേതാക്കൾ ഇക്കാര്യത്തിൽ വിയോജിച്ചു. എൻഡിഎ സർക്കാർ തുടരുമെന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതോടെ പ്രതിപക്ഷത്തിന്റെ പ്രതീക്ഷകൾക്ക് മങ്ങലേറ്റിട്ടുണ്ടെങ്കിലും സർക്കാർ രൂപീകരിക്കാനുള്ള എല്ലാ സാധ്യതകളും തേടാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം.

ടിഡിപി അധ്യക്ഷനും ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവാണ് സർക്കാർ രൂപീകരണത്തിനുള്ള കരുനീക്കങ്ങൾക്ക് ഈ ഘട്ടത്തിൽ ചുക്കാൻ പിടിക്കുന്നത്. മായാവതിയുമായി നായിഡു വീണ്ടും കൂടിക്കാഴ്ചക്ക് ശ്രമിച്ചെങ്കിലും ഈ ഘട്ടത്തിൽ അവർ ചർച്ചക്ക് തയ്യാറല്ലെന്നാണ് അറിയിച്ചത്. പ്രതിപക്ഷ നിരയിലെ നേതാക്കളെ പ്രത്യേകം പ്രത്യേകം കണ്ട് ബിജെപിക്ക് എതിരായ ബദൽ സർക്കാർ രൂപീകരിക്കാനുള്ള ശ്രമങ്ങളാണ് ചന്ദ്രബാബു നായിഡു നടത്തുന്നത്.

കഴിഞ്ഞ കുറേ ദിവസങ്ങളായി ചന്ദ്രബാബു നായിഡു ഡൽഹി ക്യാമ്പ് ചെയ്ത് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയാണ്. ചന്ദ്രബാബു നായിഡു കഴിഞ്ഞ ദിവസം ലക്‌നൗവിലെത്തി ബിഎസ്‌പി അധ്യക്ഷ മായാവതിയുമായും എസ്‌പി അധ്യക്ഷ അഖിലേഷ് യാദവുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. രാഹുൽ ഗാന്ധിയെ കണ്ടതിന് ശേഷമാണ് ചന്ദ്രബാബു നായിഡു മഹാസഖ്യത്തിലെ ഇരുനേതാക്കളേയും കണ്ടത്. ഉത്തർ പ്രദേശിൽ എസ്‌പി ബിഎസ്‌പി സഖ്യം പിടിക്കുന്ന സീറ്റുകളിലാണ് പ്രതിപക്ഷത്തിന്റെ പ്രധാന പ്രതീക്ഷ. തുടർന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, എൻ സി പി ജനറൽ സെക്രട്ടറി ശരത് പവാർ, ലോക് താന്ത്രിക് ജനതാദൾ ശരദ് യാദവ്, ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ എന്നിവരുമായും ചന്ദ്രബാബു നായിഡു പലവവട്ടം കൂടിയാലോചനകൾ നടത്തി.

അതിനിടെ ഇതിനിടെ തെരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസം ഏതെങ്കിലും തരത്തിലുള്ള നിയമനടപടികളിലേക്ക് പോകണോ എന്നത് സംബന്ധിച്ച ആലോചനകളും പ്രതിപക്ഷ നേതാക്കൾക്കിടയിൽ നടക്കുന്നുണ്ട്. ബദൽ സർക്കാർ രൂപീകരണത്തെപ്പറ്റി മാത്രമല്ല, ഇവി എം കൃത്രിമം ആരോപിച്ച് കോടതിയിലേക്ക് നീങ്ങണോ എന്ന കാര്യത്തിൽ സമവായമുണ്ടാക്കാനും ശ്രമം നടക്കുന്നുണ്ട്. വോട്ടെണ്ണൽ നടക്കുന്ന 23ആം തീയതി രാവിലെ പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ചുകൂട്ടാനാണ് ഇപ്പോൾ ശ്രമം നടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP