Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിദേശ നിക്ഷേപകർ ഏറെ പ്രതീക്ഷയോടെ കാണുന്ന പ്രിവിലേജ്ഡ് ഇഖാമ നൽകാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി സൗദി അറേബ്യ; ഫീസ് എട്ടു ലക്ഷം റിയാലെങ്കിലും പ്രവാസി ലെവിയോ ആശ്രിത ലെവിയോ നൽകേണ്ടതില്ല; മതിയായ സാമ്പത്തിക ശേഷിയുള്ള വിദേശികൾക്ക് അപേക്ഷിക്കാമെങ്കിലും ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് പടിവീഴും

വിദേശ നിക്ഷേപകർ ഏറെ പ്രതീക്ഷയോടെ കാണുന്ന പ്രിവിലേജ്ഡ് ഇഖാമ നൽകാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി സൗദി അറേബ്യ; ഫീസ് എട്ടു ലക്ഷം റിയാലെങ്കിലും പ്രവാസി ലെവിയോ ആശ്രിത ലെവിയോ നൽകേണ്ടതില്ല; മതിയായ സാമ്പത്തിക ശേഷിയുള്ള വിദേശികൾക്ക് അപേക്ഷിക്കാമെങ്കിലും ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് പടിവീഴും

മറുനാടൻ മലയാളി ബ്യൂറോ

റിയാദ്: സൗദിയിൽ വിദേശികൾക്ക് സ്ഥിര താമസത്തിനുള്ള പ്രിവിലേജ്ഡ് ഇഖാമ(പ്രത്യേക താമസാനുമതി) നൽകാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി അധികൃതർ വ്യക്തമാക്കി. ഇതനുസരിച്ച് സന്നദ്ധരായ വിദേശികളിൽ നിന്ന് അപേക്ഷ സ്വീകരിച്ചു തുടങ്ങും. എട്ട് ലക്ഷം റിയാൽ നൽകുന്നവർക്കാണ് സ്ഥിരതാമസ ഇഖാമ ലഭിക്കുക. ഒരു വർഷ കാലാവധിയുള്ള പ്രിവിലേജ്ഡ് ഇഖാമക്ക് ലക്ഷം റിയാലാണ് ഫീസ്. ദീർഘകാല താമസത്തിനുള്ള പ്രിവിലേജ് ഇഖാമ എടുക്കുന്നവരിൽ നിന്നു പ്രവാസി ലെവിയോ ആശ്രിത ലെവിയോ ഈടാക്കില്ല. സ്വന്തമായി ബിസിനസ് നടത്തുകയോ മറ്റു ജോലി ചെയ്യുകയോ ആണെങ്കിൽപോലും ലെവി ബാധകമാകില്ല. പ്രിവിലേജ് ഇഖാമയുള്ളയാളുടെ ജീവിത പങ്കാളി, പെൺമക്കൾ, 21 വയസ്സിനു താഴെയുള്ള ആൺകുട്ടികൾ എന്നിവരെയാണു ലെവിയിൽനിന്ന് ഒഴിവാക്കിയത്.

നിലവിൽ സൗദിയിലുള്ള വിദേശികൾക്കും പ്രിവിലേജ്ഡ് ഇഖാമക്ക് അപേക്ഷിക്കാവുന്നതാണ്. കാലാവധിയുള്ള പാസ്‌പ്പോർട്ട്, 21 വയസ് പൂർത്തിയായിരിക്കൽ, രാജ്യം പ്രതീക്ഷിക്കുന്ന സാമ്പത്തിക ശേഷിയുണ്ടെന്ന് തെളിയിക്കാനുള്ള രേഖകൾ, ക്രിമിനൽ പശ്ചാത്തലത്തിൽ നിന്ന് മുക്തമായിരിക്കൽ, പകർച്ചവ്യാധി രോഗമില്ലെന്ന് തെളിയിക്കുന്ന ആരോഗ്യ സാക്ഷ്യപത്രം എന്നിവയാണ് പ്രാഥമിക നിബന്ധനകൾ. സൗദിയിലുള്ളവർ അപേക്ഷിക്കുകയാണെങ്കിൽ അവർക്ക് കാലാവധിയുള്ള ഇഖാമയുണ്ടായിരിക്കണം. അപേക്ഷ പരിഗണിച്ചാൽ 30 ദിവസത്തിനകം ഫീസടക്കണം. കൂടാതെ മെഡിക്കൽ ഇൻഷുറൻസും എടുത്തിരിക്കണം.

രണ്ട് മാസം തടവോ ലക്ഷം റിയാൽ പിഴയോ ലഭിക്കുന്ന കുറ്റകൃത്യത്തിൽ പെടുന്നയാളുടെ പ്രിവിലേജ്ഡ് ഇഖാമ രാജ്യം റദ്ദ് ചെയ്യും. സൗദിയിൽ നിന്ന് നാടുകടത്തണമെന്ന് കോടതി വിധിക്കുന്ന വേളയിലും സമാന നടപടിയുണ്ടാകും. അപക്ഷകൻ നൽകിയ വിവരങ്ങൾ സത്യസന്ധമല്ലെന്ന് വെളിപ്പെടൽ, രാജ്യത്തിന്റെ നിബന്ധനകൾ പാലിക്കാതിരിക്കൽ, പ്രിവിലേജ്ഡ് ഇഖാമയിൽ നിന്ന് സ്വയം വിരമിക്കൽ, മരണം, യോഗ്യത നഷ്ടപ്പെടൽ എന്നിവയാണ് പ്രിവിലേജ്ഡ് ഇഖാമ റദ്ദ് ചെയ്യാനുള്ള മറ്റു കാരണങ്ങൾ.

പ്രിവിലേജ്ഡ് ഇഖാമയുടെ ഗുണങ്ങൾ

താമസ, സന്ദർശക വീസയിൽ കുടുംബാംഗങ്ങളെയും വീട്ടുജോലിക്കാരെയും കൊണ്ടുവരാനാകും. മക്കയിലും മദീനയിലും അതിർത്തി പ്രദേശങ്ങളിലും ഒഴികെ സൗദിയുടെ ഏതു ഭാഗത്തും വ്യാവസായിക ആവശ്യത്തിനു സ്വന്തം പേരിൽ വസ്തു വാങ്ങുകയും കെട്ടിടം നിർമ്മിക്കുകയും ചെയ്യം. മക്കയിലും മദീനയിലും വിവിധ പദ്ധതികളിൽ 99 വർഷ കാലാവധിയിൽ നിക്ഷേപിക്കൻ അവസരമുണ്ടാകും. സ്വദേശി സംവരണം ഇല്ലാത്ത ഏതു തസ്തികയിലും ജോലി നോക്കുകയും ഇഷ്ടം പോലെ ജോലി മാറുകയും ചെയ്യാനും അവസരമുണ്ട്. സ്വന്തം പേരിൽ വാഹനം വാങ്ങാനും പ്രിവിലേജ്ഡ് ഇഖാമ അനുവദിക്കുന്നുണ്ട്. വിമാനത്താവളങ്ങളിലും പ്രവേശന കവാടങ്ങളിലും സൗദികൾക്കു മാത്രമായുള്ള പ്രത്യേക പാസ്‌പോർട്ട് ഡെസ്‌ക് ഉപയോഗിക്കാനും അനുമതിയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP