Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കർണ്ണാടകയിലും യുപിയിലും മഹാസഖ്യത്തെ തോൽപ്പിച്ച വീര്യം; ബീഹാറിലും മഹാരാഷ്ട്രയിലും സഖ്യത്തിലൂടെ നേട്ടം; ബംഗാളിലും ഒഡീഷയിലും സർജിക്കൽ സട്രൈക്ക് നടത്തി മുന്നേറ്റം; രാജസ്ഥാനിലും മധ്യപ്രദേശിലും ധീരതയോടെ കുതിപ്പ്; ഇനി അവശേഷിക്കുന്നത് കർണ്ണാടക ഒഴികെയുള്ള ദക്ഷിണേന്ത്യൻ ഹൃദയം കീഴടക്കൽ മാത്രം; എക്‌സിറ്റ് പോളുകൾ ശരിയെങ്കിൽ 2014ത്തിലെ മോദി തരംഗം 2019ൽ മോദി സുനാമിയായി മാറുന്നതിന് പിന്നിൽ മോദിയുടെ മുമ്പിൽ നിർത്തിയുള്ള അമിത് ഷായുടെ കൃത്യമായ ചാണക്യ തന്ത്രങ്ങൾ

കർണ്ണാടകയിലും യുപിയിലും മഹാസഖ്യത്തെ തോൽപ്പിച്ച വീര്യം; ബീഹാറിലും മഹാരാഷ്ട്രയിലും സഖ്യത്തിലൂടെ നേട്ടം; ബംഗാളിലും ഒഡീഷയിലും സർജിക്കൽ സട്രൈക്ക് നടത്തി മുന്നേറ്റം; രാജസ്ഥാനിലും മധ്യപ്രദേശിലും ധീരതയോടെ കുതിപ്പ്; ഇനി അവശേഷിക്കുന്നത് കർണ്ണാടക ഒഴികെയുള്ള ദക്ഷിണേന്ത്യൻ ഹൃദയം കീഴടക്കൽ മാത്രം; എക്‌സിറ്റ് പോളുകൾ ശരിയെങ്കിൽ 2014ത്തിലെ മോദി തരംഗം 2019ൽ മോദി സുനാമിയായി മാറുന്നതിന് പിന്നിൽ മോദിയുടെ മുമ്പിൽ നിർത്തിയുള്ള അമിത് ഷായുടെ കൃത്യമായ ചാണക്യ തന്ത്രങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇതു മോദി തരംഗമല്ല.... പശ്ചിമ-ഉത്തര ഇന്ത്യയിലും കിഴക്കൻ മേഖയിലും ബിജെപി വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ. ഇത് എത്രത്തോളം കൃത്യമാണെന്ന് ആർക്കും ഉറപ്പിക്കാനാകുന്നില്ല. എന്നാൽ സർവ്വ ചാനലുകളും ബിജെപിക്ക് അനുകൂലമായി റിപ്പോർട്ട് ചെയ്യുന്നതുകൊണ്ട് തന്നെ ഭരണ തുടർച്ചയ്ക്കുള്ള വഴിയാണ് ഒരുങ്ങുന്നത്. 2014ൽ മോദി മാത്രമായിരുന്നു ബിജെപിയുടെ മുഖം. എന്നാൽ അഞ്ച് കൊല്ലം കഴിഞ്ഞപ്പോൾ മറ്റൊരു നേതാവ് കൂടിയെത്തി. അമിത് ഷാ. മോദിയെ മുന്നിൽ നിർത്തി ബിജെപി ദേശീയ അധ്യക്ഷൻ തന്ത്രങ്ങൾ മെനഞ്ഞു. അത് വിജയത്തിലേക്ക് എത്തുമെന്നാണ് എക്‌സിറ്റ് പോൾ പറയുന്നത്. 2014ലും ബിജെപിയെ അധികാരത്തിൽ എത്തിച്ചതിന് പിന്നിൽ അമിത് ഷായുടെ കരുത്തുണ്ടായിരുന്നു. ഇത് തിരിച്ചറിഞ്ഞാണ് വിശ്വസ്തനെ ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് മോദി നിയോഗിച്ചത്. ഇത് വീണ്ടും വിജയതീരമടുക്കുന്നുവെന്നാണ് വിലയിരുത്തൽ.

2014ൽ ഇന്ത്യയൊട്ടാകെ മോദി തംരഗമായിരുന്നു. രാജസ്ഥാനിലും മധ്യപ്രദേശിലും ഗുജറാത്തിലും ബിജെപി നേടിയ ഏകപക്ഷീയ വിജയങ്ങൾ പ്രതീക്ഷിച്ചതുമാണ്. ഇതിന്റെ കരുത്തിൽ ഏവരും അന്ന് പ്രവചിച്ചത് ബിജെപിക്ക് 230 സീറ്റ് കിട്ടുമെന്നായിരുന്നു. എന്നാൽ ഉത്തർപ്രദേശിൽ ആഞ്ഞടിച്ചത് മോദി സുനാമിയായിരുന്നു. 80ൽ 72 സീറ്റിലും മോദിക്കായിരുന്നു വിജയം. ഇവിടെ കാര്യങ്ങൾ നിയന്ത്രിച്ചത് അന്ന് അമിത് ഷായായിരുന്നു. 2014ൽ ബിജെപിയുടെ ജനറൽ സെക്രട്ടറിയായിരുന്ന അമിത് ഷായ്ക്ക് യുപിയുടെ ചുമതലയായിരുന്നു. ഇവിടെ ചടുല തന്ത്രങ്ങളൊരുക്കിയാണ് യുപിയിലെ നഷ്ടപ്രതാപം വീണ്ടെടുത്തത്. 2019ൽ പാർട്ടിയിലെ കരുത്തനായ പ്രസിഡന്റായി അമിത് ഷാ മാറി. എല്ലാ സംസ്ഥാനങ്ങളിലും അമിത് ഷായുടെ കണ്ണെത്തി. പുതിയ മേഖലകളിലേക്ക് പാർട്ടിയെ കൊണ്ടു പോയി. ബംഗാളും ഒഡീഷയും നോർത്ത് ഈസ്റ്റും ഇതിന്റെ ഭാഗമായി അമിത് മനസ്സിൽ കണ്ടു. ഈ തന്ത്രത്തിന്റെ വിജയമാണ് മോദി തരംഗം വീണ്ടും എത്തിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ സു'നമോ' ഇനി ദേശീയരാഷ്ട്രീയത്തിന്റെ അർഥവും ആകാരവും പുനർനിർവചിക്കും.

എക്‌സിറ്റ്‌പോൾ പത്തിൽ ഒമ്പതും ബിജെപിക്കു വ്യക്തമായ ഭൂരിപക്ഷവും ആറെണ്ണം 300-ലധികം സീറ്റും പ്രവചിച്ചിരിക്കെ, യഥാർഥഫലം ഇവയ്ക്ക് അടുത്തുവരുമെന്നാണ് പ്രതീക്ഷകൾ. 300-ലേറെ സീറ്റു ലഭിക്കുമെന്ന് പ്രചാരണം കഴിഞ്ഞ് അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. അത് അതിരുകടന്ന ആത്മവിശ്വാസമായേ പലരും കണ്ടുള്ളൂ. 2014-ൽ യു.പി.എ. സർക്കാരിനെതിരായ ജനവികാരത്തിന്റെ പശ്ചാത്തലത്തിൽ സംശുദ്ധഭരണവും ഗുജറാത്തു മാതൃകയും വികസനവും ഉയർത്തി, നരേന്ദ്ര മോദിയെ പ്രധാനമന്ത്രിസ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയുള്ള പ്രചാരണമാണ് അന്നു ബിജെപി. നടത്തിയത്. പ്രധാനമന്ത്രിയായ മോദി അഞ്ചുകൊല്ലം കഴിഞ്ഞ് വീണ്ടുമെത്തിയപ്പോൾ ഭരണവിരുദ്ധ വികാരം പ്രകടമല്ലായിരുന്നു. നോട്ടസാധുവാക്കലും കാർഷിക, ഗ്രാമീണ പ്രതിസന്ധിയുമൊന്നും ദേശീയതലത്തിൽ പൊതുവായ പ്രചാരണവിഷയമായില്ല. ബാലാകോട്ടും ദേശസുരക്ഷയും ആയിരുന്നു ബിജെപി.യുടെ പ്രചാരണത്തിന്റെ കാതൽ. ദേശീയത ചർച്ചയാക്കിയ മോദിയുടെ തന്ത്രങ്ങൾ വിജയിച്ചു.

ഇതിനൊപ്പമാണ് അമിത് ഷായുടെ ചാണക്യ തന്ത്രങ്ങൾ. ത്രിപുരയിൽ ബിജെപി വെന്നിക്കൊടി കാട്ടുമെന്ന് ആരും അഞ്ച് കൊല്ലമുമ്പ് ചിന്തിച്ചിരുന്നില്ല. സിപിഎമ്മിലെ അണികളെ പിളർത്തിയെടുത്തായിരുന്നു ഇത്. ബംഗാളിലും ഇടതുപക്ഷത്തെ നാമാവശേഷമായി മുഖ്യ പ്രതിപക്ഷമായി ബിജെപി മാറി. അമിത് ഷായുടെ തന്ത്രങ്ങളായിരുന്നു ഇതിന് പിന്നിൽ. കർണ്ണാടകയിലും യുപിയിലും മഹാസഖ്യത്തെ തോൽപ്പിച്ച വീര്യത്തിന് പിന്നിലും മോദി തംരഗമാണ്. കർണ്ണാടകയിലെ മഹാസഖ്യത്തെ വെട്ടിലാക്കി സുമലതയെ സ്വതന്ത്ര സ്ഥാനാർത്ഥിയാക്കിയത് പോലുള്ള രാഷ്ട്രീയ നീക്കമാണ് ബിജെപിക്ക് അവിടെ ഗുണം ചെയ്തത്. ബീഹാറിലും മഹാരാഷ്ട്രയിലും സഖ്യത്തിലൂടെ നേട്ടമുണ്ടാക്കി. ബീഹാറിൽ നിതീഷ് കുമാറിനേയും മഹാരാഷ്ട്രയിൽ ശിവസേനയേയും മോദിക്കൊപ്പം ചേർത്ത് നിർത്തിയതും അമിത് ഷായുടെ നയതന്ത്രമായിരുന്നു. ഈ രണ്ട് സീറ്റിലും സഖ്യം അനിവാര്യമാണെന്ന് മോദിയും അമിത് ഷായും തിരിച്ചറിഞ്ഞിരുന്നു.

ബംഗാളിലും ഒഡീഷയിലും സർജിക്കൽ സട്രൈക്ക് നടത്തിയ മുന്നേറ്റമാണ് എക്‌സിറ്റ് പോളുകളിലുള്ളത്. ബംഗാളിൽ മമതയുടെ ആക്രമണത്തെ തിരിച്ചടി കൊടുത്ത് നേരിട്ടു. ഒഡീഷയിൽ മുഖ്യമന്ത്രി നവീന് പട്‌നാടിക്കിന്റെ പ്രായധിക്യവും മറ്റും സമർത്ഥമായി ചർച്ചകളിലെത്തിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും രാജസ്ഥാനിലും മധ്യപ്രദേശിലും ധീരതയോടെ കുതിപ്പ് നടത്തി. ഇതിന് പിന്നിൽ ആർ എസ് എസിനെ അനുനയ മാർഗ്ഗത്തിലേക്ക് കൊണ്ടു വന്ന നീക്കങ്ങളായിരുന്നു. ഗുജറാത്തിൽ കോൺഗ്രസ് എംഎൽഎമാരെ അടർത്തിയെടുത്ത് പ്രതിപക്ഷത്തെ തന്നെ ഇല്ലായ്മ ചെയ്തു. യുപിയിൽ കരുതലോടെ നീങ്ങി. അഴിമതി രഹിത യോഗം ഭരണം ഉയർത്തിയും മോദിയുടെ വ്യക്തിപ്രഭാവം ചർച്ചയാക്കിയും മുന്നേറി. ഗംഗയെന്ന സിമ്പലും വ്യക്തമായി ഉപയോഗിച്ചു. ഈ തെരഞ്ഞെടുപ്പിൽ എക്‌സിറ്റ് പോളുകൾ പ്രവചിക്കുന്നത് പോലെ ബിജെപി വിജയിച്ചാൽ ഇനി അവർക്ക് മുമ്പിൽ ഇനി അവശേഷിക്കുന്നത് കർണ്ണാടക ഒഴികെയുള്ള ദക്ഷിണേന്ത്യൻ ഹൃദയം കീഴടക്കൽ മാത്രമാണ്.

എക്‌സിറ്റ് പോളുകൾ ശരിയെങ്കിൽ 2014ത്തിലെ മോദി തരംഗം 2019ൽ മോദി സുനമായിയായി മാറുന്നതിന്റെ പിന്നിൽ മോദിയുടെ മുമ്പിൽ നിർത്തിയുള്ള അമിത് ഷായുടെ കൃത്യമായ ചാണക്യ തന്ത്രങ്ങളെന്ന് ഏവരും വിലയിരുത്തുന്നതിന് കാരണം ഇതാണ്. ഇതോടൊപ്പം മറ്റുചില ഘടകങ്ങളും മോദിയുടെ വ്യക്തിപ്രഭാവവും കൂടി ചേർന്നപ്പോൾ 2014-ലേതിനെക്കാളും വലിയ തരംഗമായി ബിജെപി മാറിയെന്നുവേണം കരുതാൻ. എന്നാൽ തരംഗത്തിന്റെ ലക്ഷണം എവിടെയും ദൃശ്യമായിരുന്നില്ല. ജാതി സമവാക്യങ്ങൾ നോക്കിയുള്ള കണക്കുകൂട്ടലുകളും സാമ്പ്രദായികരീതിയിലുള്ള മുൻകൂർ വിലയിരുത്തലുകളും ഒന്നും ശരിയാകുന്ന തരത്തിൽ അല്ല എക്‌സിറ്റ് പോൾ ഫലങ്ങൾ. സംസ്ഥാനഭരണത്തെയും കേന്ദ്രഭരണത്തെയും രണ്ടായി കാണണമെന്ന മുദ്രാവാക്യവും ഏറ്റു. ഏതാനും മാസംമുമ്പ് കോൺഗ്രസ് ജയിച്ച മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഢ് എന്നിവിടങ്ങൾപോലും ബിജെപി. തൂത്തുവാരുമെന്ന പ്രവചനം ഇതിന്റെ സൂചനയാണ് നൽകുന്നത്.

കർണാടകത്തിലും ബിജെപി മുന്നേറ്റമാണ്. കഴിഞ്ഞകൊല്ലം ആദ്യം കോൺഗ്രസ്-ജനതാദൾ സഖ്യത്തിന്റെ സർക്കാരുണ്ടായി. ഇന്ത്യ ടുഡേ-ആക്‌സിസ് എക്‌സിറ്റ്‌പോൾ പ്രകാരം അവിടെ 28 സീറ്റിൽ 21 മുതൽ 25 വരെ സീറ്റ് ബിജെപി.ക്കു ലഭിക്കും. നിയമസഭയിലേക്കുകൂടി തിരഞ്ഞെടുപ്പു നടന്ന ഒഡിഷയിലും ഇതുതന്നെയാണ് സ്ഥിതി. അവിടെ 147 അംഗ നിയമസഭയിൽ ബിജു ജനതാദളിന് (ബി.ജെ.ഡി.) 80നും 100-നുമിടയിൽ സീറ്റുകിട്ടുമെന്നാണു പ്രവചനം. ലോക്സഭയിൽ ബി.ജെ.ഡിക്കു രണ്ടുമുതൽ ആറുവരെ സീറ്റു മാത്രമേ ലഭിക്കൂ. ബിജെപിക്ക് 15-നും 19-നുമിടയിൽ സീറ്റു കിട്ടുമെന്നാണ് പ്രവചനം. ഇതാണ് മോദിയെ ഭരണത്തിലേക്ക് വീണ്ടും എത്തിക്കുന്നത്. രാഹുൽ ഗാന്ധി നേതാവെന്ന നിലയിൽ ഒട്ടേറെ വളർന്നെങ്കിലും മോദിക്കു പകരമാവില്ലെന്ന തോന്നൽ ചർച്ചാക്കുന്നതിൽ അമിത് ഷാ വിജയിച്ചു. പ്രതിപക്ഷത്തെ നേതൃപ്രതിസന്ധിയും ഐക്യമില്ലായ്മയും മുതലെടുക്കുകയും ചെയ്തു. യു.പി.യിലും ബിഹാറിലും ബംഗാളിലുമെല്ലാം ബിജെപി. ഇത് നന്നായി വിനിയോഗിക്കുകയും ചെയ്തു.

യു.പി.യിൽ ബി.എസ്‌പി.യും എസ്‌പി.യും ചേർന്നുള്ള സഖ്യത്തിന് 2014-ലേതിനെക്കാൾ കൂടുതൽ വോട്ട് കിട്ടുമെന്ന് പൊതുവേ കരുതിയിരുന്നെങ്കിലും എക്‌സിറ്റ്‌പോൾ പ്രകാരം അതു കുറയുകയാണ് ചെയ്തത്. ഡൽഹിയിൽ ആം ആദ്മി പാർട്ടിയും കോൺഗ്രസും തമ്മിൽ ധാരണ ഉണ്ടാകാഞ്ഞതിനാൽ ത്രികോണ മത്സരമാണു നടന്നത്. 2014-ലേതുപോലെ ഏഴിൽ ഏഴുസീറ്റും ബിജെപി.ക്കു ലഭിക്കുമെന്നാണ് പ്രവചനം. ബിജെപി. അവിശ്വസനീയമായ നേട്ടം ഉണ്ടാക്കാൻ പോകുന്നത് ബംഗാൾ, ഒഡിഷ എന്നിവിടങ്ങളിലാണെന്ന് എല്ലാ എക്‌സിറ്റ്‌പോളുകളും പ്രവചിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP