Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആമിയുടെ വിവാഹത്തിനു പഴയ നക്സൽ അനുഭാവിയായ ഗഫൂർ അധ്യക്ഷനാകുമ്പോൾ; ഓർമ്മയിൽ നിറയുന്നത് 27വർഷം മുൻപ് നടന്ന ഒരു മാവോയിസ്റ്റ് വിവാഹം; രൂപേഷിന്റെയും ഷൈനയുടെയും വിവാഹത്തിന് അദ്ധ്യക്ഷനായ ഗഫൂർ ആമിക്ക് മംഗലമൊരുക്കാൻ എത്തിയത് ചരിത്ര നിയോഗം; സത്ക്കാരത്തിൽ പങ്കെടുത്ത് സിപിഐ നേതാക്കളും

ആമിയുടെ വിവാഹത്തിനു പഴയ നക്സൽ അനുഭാവിയായ ഗഫൂർ അധ്യക്ഷനാകുമ്പോൾ; ഓർമ്മയിൽ നിറയുന്നത് 27വർഷം മുൻപ് നടന്ന ഒരു മാവോയിസ്റ്റ് വിവാഹം; രൂപേഷിന്റെയും ഷൈനയുടെയും വിവാഹത്തിന് അദ്ധ്യക്ഷനായ ഗഫൂർ ആമിക്ക് മംഗലമൊരുക്കാൻ എത്തിയത് ചരിത്ര നിയോഗം; സത്ക്കാരത്തിൽ പങ്കെടുത്ത് സിപിഐ നേതാക്കളും

മറുനാടൻ ഡെസ്‌ക്‌

 വാടാനപ്പള്ളി: നീണ്ട ഇരുപത്തിയേഴു വർഷങ്ങൾക്കു മുൻ വിപ്ലവകരമായ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചിരുന്നു മാവോയിസ്റ്റ് അനുഭാവിയായ പി.എ.ഗഫൂർ. അന്ന് മാവോയിസ്റ്റ് ദമ്പതികളായ രൂപേഷിനയുടെയും ഷൈനയുടെയും വിവാഹത്തിന് ചുക്കാൻ പിടിച്ചതും അധ്യക്ഷനായതും ഗഫൂറായിരുന്നു. അതേ ഗഫൂർ തന്നെയാണ് രണ്ടു പതിറ്റാണ്ടുകൾക്കിപ്പുറം ഒരു ചരിത്ര നിയോഗത്തിനു കൂടി സാക്ഷിയാകുന്നത്.

അന്ന് താൻ മുന്നിൽ നിന്ന് വിവാഹം നടത്തിയ ദമ്പതികളുടെ മകളുടെ വിവാഹത്തിനും അദ്ധ്യക്ഷനാകാൻ ആ പഴയ നക്‌സൽ അനുഭാവിക്ക് തന്നെയായിരുന്നു നിയോഗം. അത് ഒരു ചരിത്രം മുഹൂർത്തം കൂടിയായിരുന്നു. പഴയ ഓർമ്മകൾ പലതും മനസുകളിൽ നിറച്ചയാരുന്നു ആ സുവരർണ നിമിഷത്തിന്റ കടന്നുവരവ്. നക്സൽ നേതാവ് ഗ്രോ വാസു വിവാഹ പ്രഖ്യാപനം നടത്തി. മുൻ നക്സലൈറ്റും അന്വേഷി പ്രസിഡന്റുമായ കെ. അജിത, പോരാട്ടം കൺവീനർ എം.എൻ. രാവുണ്ണി , അഡ്വ. പി.എ. പൗരൻ, ട്രാൻസ്ജെന്റർ ശീതൾ എന്നിവർ ആശംസ അർപ്പിച്ചു. വിവാഹ രജിസ്റ്റ്രേഷൻ കനത്ത സായുധ പൊലീസ് കാവലിൽ ആയിരുന്നുവെങ്കിലും വിരുന്ന് സൽക്കാരം നടക്കുന്നിടത്ത് രഹസ്യാന്വേഷണ വിഭാഗവും മഫ്ടിയിലെത്തിയ ചില പൊലീസുകാരുമാണ് ഉണ്ടായിരുന്നത്.

വിചാരണത്തടവുകാരനായി വിയ്യൂർ ജയിലിൽ കഴിയുന്ന രൂപേഷിന്റെയും മൂന്ന് വർഷത്തെ ജയിൽവാസത്തിനുശേഷം ജാമ്യം ലഭിച്ച ഷൈനയുടെയും മകൾ ആമിയുടെ വിവാഹ വിരുന്ന് സൽക്കാരം സിപിഐ. നേതാക്കളുടെ പങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായി. വിദ്യാർത്ഥി സംഘടനാ പ്രവർത്തനരംഗത്ത് പരിചയപ്പെട്ട ബംഗാൾ ഭരധ്വാൻ മെഡിക്കൽ കോളജ് വിദ്യാർത്ഥി കൂടിയായ ഓർക്കോ ദീപുമായുള്ള ആമിയുടെ വിവാഹം ശനിയാഴ്ച വലപ്പാട്ടെ ഷൈനയുടെ വീട്ടിൽവച്ചായിരുന്നു.

ബംഗാൾ ശാന്തിനികേതനിൽ യൂറോപ്യൻ സ്റ്റഡീസിൽ ബി.എ. ഓണേഴ്സ് വിദ്യാർത്ഥിനിയാണ് ആമി. തൃപ്രയാർ സബ് രജിസ്ട്രാറുടെ മുന്നിൽ നടന്ന വിവാഹ രജിസ്റ്റ്രേഷനു സിപിഐ. ദേശീയ കൗൺസിൽ അംഗം ബിനോയ് വിശ്വം എംപിയുടെ സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്നലെ രാവിലെ വാടാനപ്പള്ളി വ്യാപാരഭവൻ ഹാളിൽ നടന്ന വിരുന്ന് - ഒത്തുച്ചേരൽ ചടങ്ങിൽ സിപിഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പങ്കെടുത്തു. ആമിയെ കോയമ്പത്തൂർ കേസിൽ ഉൾപ്പെടുത്തി ജയിലിലടക്കാനുള്ള നീക്കം ഒഴിവായത് കാനം രാജേന്ദ്രന്റെ ഇടപെടൽ മൂലമാണെന്നു പരാമർശിക്കുന്ന രൂപേഷ് എഴുതിയ ആമിയുടെ വിവാഹക്ഷണക്കത്ത് സാമൂഹിക മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

ജയിലിൽ കഴിയുന്ന രൂപേഷിന്റേയും ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടറിനെ ആശ്രയിച്ച് കിടക്കുന്ന ഷൈനയുടെ അമ്മ നഫീസയുടേയും അസാന്നിധ്യം തീർത്ത വേദന പങ്കുവച്ചുകൊണ്ടാണു ഷൈന സ്വാഗത പ്രസംഗം ആരംഭിച്ചത്. ഓർക്കോ ദീപിനും മൂന്ന് മാസം ജയിൽവാസം അനുഷ്ഠിക്കേണ്ടി വന്നതായും ഷൈന ഓർമിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP