Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്നലെ വരെ കെയർഹോമിൽ തൂത്തും തുടച്ചും ജീവിതം; ഇന്ന് 1536 ഏക്കർ എസ്റ്റേറ്റിലെ കോടികൾ വിലമതിക്കുന്ന ബംഗ്ലാവിന്റെ അവകാശി; മക്കളില്ലാത്ത കോടീശ്വരൻ മരിച്ചപ്പോൾ സർവ്വ സ്വത്തുക്കളും ജാരസന്തതിക്ക് ലഭിച്ചത് ഇങ്ങനെ

ഇന്നലെ വരെ കെയർഹോമിൽ തൂത്തും തുടച്ചും ജീവിതം; ഇന്ന് 1536 ഏക്കർ എസ്റ്റേറ്റിലെ കോടികൾ വിലമതിക്കുന്ന ബംഗ്ലാവിന്റെ അവകാശി; മക്കളില്ലാത്ത കോടീശ്വരൻ മരിച്ചപ്പോൾ സർവ്വ സ്വത്തുക്കളും ജാരസന്തതിക്ക് ലഭിച്ചത് ഇങ്ങനെ

ലണ്ടൻ: ജോർദാൻ അഡ്‌ലാർഡ് റോജേഴ്‌സ് എന്ന 31-കാരന്റെ ജീവിതം മാറിമറിഞ്ഞത് പൊടുന്നനെയാണ്. കോൺവാളിലെ കെയർഹോമിൽ തൂത്തും തുടച്ചും ഉപജീവനം കണ്ടെത്തിയിരുന്ന ജോർദാൻ ഇന്ന് ബ്രിട്ടനിലെ അതിമനോഹരമായ ബംഗ്ലാവുകളിലൊന്നിന്റെ ഉടമയാണ്. 1536 ഏക്കറിനുനടുവിലുള്ള 50 ദശലക്ഷം പൗണ്ട് വിലമതിക്കുന്ന നാഷണൽ ട്രസ്റ്റ് പെന്റോസ് എസ്‌റ്റേറ്റിന്റെ ഉടമയാണ് ജോർദാൻ ഇന്ന്. വർഷങ്ങളായി തുടരുന്ന ഒരു അപമാനത്തെ, ഡി.എൻ.എ. പരിശോധനയിലൂടെ തെളിയിച്ചതോടെയാണ് കെയററിൽനിന്ന് കോടീശ്വരനായി ജോർദാൻ മാറിയത്.

62-കാരനായ ചാൾസ് റോജേഴ്‌സിന്റെ മരണത്തോടെയാണ് ജോർദാന്റെ ജീവിതം മാറിമറിഞ്ഞത്. എട്ടു വയസ്സുള്ളപ്പോൾ മുതൽ ജോർദാന് തുടങ്ങിയ സംശയമാണ് 23 വർഷത്തിനുശേഷം ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിച്ചത്. തന്റെ പിതാവാണ് ചാൾസെന്ന സംശയം പിന്നീട് ഏറെക്കുറെ ഉറപ്പിച്ചെങ്കിലും, അനന്തരാവകാശിയെന്ന നിലയ്ക്ക് സ്വത്തുക്കൾ ലഭിക്കുന്നതിന് അതുമാത്രം പോരായിരുന്നു. 18-ാം വയസ്സിൽ ചാൾസിനെ സമീപിച്ച ജോർദാനോട് ഡിഎൻഎ പരിശോധന നടത്താമെന്ന് അദ്ദേഹം പറഞ്ഞു. പിന്നെയും 13 വർഷത്തിനുശേഷമാണ് അത് പരിശോധനയിലൂടെ ഉറപ്പിച്ചത്. അതും ചാൾസിന്റെ മരണശേഷം മാത്രം.

കഴിഞ്ഞവർഷം ഓഗസ്റ്റിൽ ചാൾസിനെ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിൽനിന്ന് ശേഖരിച്ച സാമ്പിളാണ് ജോർദാന്റേതുമായി ഒത്തുനോക്കി ഉറപ്പിച്ചത്. ചാൾസിന് വിവാഹേതര ബന്ധത്തിലുണ്ടായ മകനാണ് ജോർദാനെന്ന് അതോടെ സ്ഥിരീകരിക്കപ്പെട്ടു. ചാൾസിന്റെ അമ്മയും ഏക സഹോദരനും അടുത്തടുത്ത് കാൻസർ ബാധിച്ച് മരിച്ചതോടെ, ജോർദാൻ ഏക അനന്തരാവകാശിയായി മാറി. ജോർദാൻ എസ്‌റ്റേറ്റിലേക്ക് താമസവും മാറി.

തലമുറകളായി കോൺവാളിലെ എസ്‌റ്റേറ്റിലാണ് ഇവർ താമസിച്ചിരുന്നത്. 1974-ൽ ഈ എസ്‌റ്റേറ്റ് കുടുംബം നാഷണൽ ട്രസ്റ്റിന് 1000 വർഷത്തെ പാട്ടത്തിന് കൈമാറിയെങ്കിലും, കുടുംബം അവിടെത്തന്നെ താമസം തുടരുകയായിരുന്നു. എസ്റ്റേറ്റ് സ്വന്തമായതോടെ, കെയർഹോമിലെ ജോലി ഉപേക്ഷിച്ച ജോർദാന്, താനിത്ര പെട്ടെന്ന് ഇത്രയും പണക്കാരനായത് വിശ്വസിക്കാൻ പോലുമായിട്ടില്ല. എസ്‌റ്റേറ്റ് സ്വന്തമായതിനൊപ്പം തന്റെ പിതൃത്വം കൂടി അംഗീകരിക്കപ്പെട്ടതിലുള്ള സന്തോഷവും ഈ ചെറുപ്പക്കാരൻ പങ്കുവെക്കുന്നു.

മയക്കുമരുന്നിന് അടിമയായിരുന്ന ചാൾസെന്ന് അദ്ദേഹത്തിന്റെ മരണം അന്വേഷിച്ച പൊലീസ് സംഘം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. എസ്റ്റേറ്റിന് പുറത്തുള്ള ഫാംഹൗസിനുമുന്നിലാണ് കാറിനുള്ളിൽ ചാൾസിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. അമിതമായ തോതിൽ മയക്കുമരുന്ന് ഉപയോഗിച്ചതാണ് മരണകാരണമെന്നും പൊലീസ് കണ്ടെത്തി. ചാൾസ് മരിച്ച് രണ്ടാഴ്ച കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ അമ്മയും മരിച്ചു. സഹോദരനും വൈകാതെ കാൻസറിന് കീഴടങ്ങുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP