Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാർ ആലഞ്ചേരിയെ കുടുക്കാൻ വ്യാജ രേഖകൾ ചമച്ചു; കളി കാര്യമായപ്പോൾ അറസ്റ്റ് ഭയം മൂലം ഒളിച്ച് പല വൈദീകരും; അണിയറയിൽ ഇരുന്ന് ചുക്കാൻ പിടിച്ച ഫാ. പോൾ തേലക്കാട്ടിന് പോലും അറസ്റ്റ് ഭീഷണി; മെത്രാൻ കൂടി പ്രതിയായതോടെ സഭയിലെ ആഭ്യന്തരകലഹം അതിരുകൾ ലംഘിച്ച് പുറത്തേക്ക്; എറണാകുളത്തെ അച്ചന്മാരെ രക്ഷിക്കാൻ അനുനയം വിട്ട് രംഗത്തിറങ്ങി രൂപതയുടെ ചുമതലയേൽപ്പിച്ച പാലക്കാട് മെത്രാനും; സീറോ മലബാർ സഭയെ വരിഞ്ഞ് മുറുക്കിയ ഭൂമിക്കേസ് 'വ്യാജക്കേസായി' മുൻപോട്ട്

മാർ ആലഞ്ചേരിയെ കുടുക്കാൻ വ്യാജ രേഖകൾ ചമച്ചു; കളി കാര്യമായപ്പോൾ അറസ്റ്റ് ഭയം മൂലം ഒളിച്ച് പല വൈദീകരും; അണിയറയിൽ ഇരുന്ന് ചുക്കാൻ പിടിച്ച ഫാ. പോൾ തേലക്കാട്ടിന് പോലും അറസ്റ്റ് ഭീഷണി; മെത്രാൻ കൂടി പ്രതിയായതോടെ സഭയിലെ ആഭ്യന്തരകലഹം അതിരുകൾ ലംഘിച്ച് പുറത്തേക്ക്; എറണാകുളത്തെ അച്ചന്മാരെ രക്ഷിക്കാൻ അനുനയം വിട്ട് രംഗത്തിറങ്ങി രൂപതയുടെ ചുമതലയേൽപ്പിച്ച പാലക്കാട് മെത്രാനും; സീറോ മലബാർ സഭയെ വരിഞ്ഞ് മുറുക്കിയ ഭൂമിക്കേസ് 'വ്യാജക്കേസായി' മുൻപോട്ട്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: സീറോ മലബാർ സഭയെ വെട്ടിലാക്കിയ ഭൂമിക്കേസിൽ ഇപ്പോൾ ഉടലെടുക്കുന്നത് നാടകീയമായ സംഭവ വികാസങ്ങൾ. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ കുടുക്കാൻ വേണ്ടിയാണ് വ്യാജ രേഖകൾ സൃഷ്ടിച്ചതെന്നും ഇതിന് പിന്നിൽ ഒത്തുകളി നടത്തിയ ചില വൈദീകരടക്കമുള്ളവർ ഇപ്പോൾ മുങ്ങി നടക്കുകയാണെന്നുമുള്ള വിവരങ്ങളാണ് സഭയിൽ നിന്നും പുറത്ത് വരുന്നത്. കേസുമായി ബന്ധപ്പെട്ടുള്ള തർക്കം സഭയ്ക്കുള്ളിൽ ആഭ്യന്തര കലഹം ശക്തമാക്കിയിട്ടുണ്ട് എന്നതും ഇതോടെ വ്യക്തമായിരിക്കുകയാണ്. എന്നാൽ വ്യാജരേഖ നിർമ്മാണവുമായി ബന്ധപ്പെട്ട വൈദികരെ രക്ഷിക്കാനുള്ള ശ്രമവും ഇപ്പോൾ സഭയ്ക്കുള്ളിൽ തന്നെ തകൃതിയായി നടക്കുന്നുണ്ടെന്നും ആരോപണം ഉയരുന്നുണ്ട്. 

ഇതിനിടെ എറണാകുളത്തെ അച്ചന്മാരെ രക്ഷിക്കാൻ അനുനയം വിട്ട് രൂപതയുടെ ചുമതലയേൽപ്പിച്ച പാലക്കാട് മെത്രാൻ രംഗത്തിറങ്ങിയതും വിവാദം കടുപ്പിക്കുകയാണ്. രേഖകളായി കാണിച്ചത് സെർവർ ഡോക്യുമെന്റിന്റെ സ്‌ക്രീൻ ഷോട്ടാണെന്നും അതുകൊണ്ട് തന്നെ രേഖ വ്യാജമല്ലെന്ന് ഇത് യഥാർത്ഥ രേഖകളാണെന്നും അതിരൂപത ഇപ്പോൾ അവകാശപ്പെടുന്നു. വ്യാജ രേഖ ചമച്ച കേസ് സഭയിലെ ഭൂമിയിടപാട് കേസിൽ പ്രതിസ്ഥാനത്തുള്ളവരുടെ ഗൂഢാലോചനയുടെ ഫലമാണെന്നും സഭയ്ക്കകത്തും പുറത്ത് നിന്നുമുള്ള ശക്തികളും ഇതിന് പിന്നിലുണ്ടെന്നും രൂപത അവകാശപ്പെടുന്നു.

കേസിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ അന്വേഷണം ജുഡിഷ്യൽ കമ്മീഷനേയോ സിബിഐയേയോ ഏൽപ്പിക്കണമെന്നാണ് രൂപത ആവശ്യപ്പെടുന്നത്. കേസിലെ രേഖകൾ വ്യാജമാണോ അല്ലയോ എന്നതിൽ വ്യക്തമായ അന്വേഷണം വേണമെന്നും സെർവറിലുള്ള സ്‌ക്രീൻ ഷോട്ടായതിനാൽ രേഖ വ്യാജമല്ലെന്നാണ് വിശ്വാസമെന്നും അപ്പോസ്‌തോലിക്ക് അഡ്‌മിനിസ്‌ട്രേറ്റർ ജേക്കബ് മനത്തോടത്ത് അഭിപ്രായപ്പെട്ടിരുന്നു. കേസിൽ കേസിൽ അറസ്റ്റിലായിരിക്കുന്ന ആദിത്യ ഒരു വ്യവസായ സ്ഥാപനത്തിന്റെ സർവറിൽ നിന്ന് എടുത്തതാണെന്നും സെർവറിലുള്ള ഡോക്യൂമെന്റിലെ സക്രീൻ ഷോട്ടാണിതെന്നതിനാലാണ് രേഖ വ്യാജമല്ലെന്ന് കൃത്യമായി പറയുന്നതെന്ന് ബിഷപ് മനത്തോടത്ത് വ്യക്തമാക്കി.

പൊലീസിന്റെ അന്വേഷണം ശരിയായ ദിശയിലല്ലെന്നും അതിനാലാണ് സിബിഐ അല്ലെങ്കിൽ ജുഡീഷ്യൽ കമ്മീഷൻ കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും അതിരൂപത വ്യക്തമാക്കിയിരുന്നു. ഭൂമി ഇടപാടിൽ നടന്ന കുംഭകോണത്തെ കുറിച്ച് കൃത്യമായ രേഖകൾ ഉണ്ട്. ഇൻകം ടാക്സും അതും ശരിവച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് വത്തിക്കാൻ അപ്പസ്തോലിക് അഡ്‌മിനിസ്ട്രേറ്ററെ നിയമിച്ചത്. ഭൂമി ഇടപാടിൽ ശക്തമായ നിലപാട് എടുത്ത ചില വൈദികരെ ലക്ഷ്യമിടാൻ ഈ കേസ് ഉപയോഗിക്കുന്നുവെന്ന് വൈദിക സമിതി സെക്രട്ടറി ഫാ.കുര്യാക്കോസ് മുണ്ടാടൻ പറയുന്നു.

രേഖ കേസിന്റെ മറവിൽ അതിരൂപതയിലെ ഭൂമി കേസും വ്യാജമെന്ന് വരുത്തിതീർക്കാൻ ചിലർ ശ്രമിക്കുന്നു. ഭൂമി കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നു. സഭയ്ക്കുള്ളിലുള്ളവരും പുറത്തുതമ്മിൽ ചില അവിശുദ്ധ ബന്ധമുണ്ട്. ആദിത്യയെ പൊലീസ് മർദ്ദിച്ച് കുറ്റം സമ്മതിപ്പിച്ചു. ആദിത്യ പൊതുസമൂഹത്തിൽ മാന്യനായ വ്യക്തിയാണ്. ടോണി കല്ലൂക്കാരൻ അച്ചനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പറയുന്നതിൽ നിയമപരമായ ബുദ്ധിമുട്ടുണ്ട്. ഒരു വ്യവസായ ഗ്രൂപ്പിൽ ജോലി ചെയ്യുമ്പോൾ ലഭിച്ച രേഖയാണിത്. മതാധ്യാപകൻ കൂടിയായ അദ്ദേഹത്തിന്റെ ധാർമ്മിക ബോധമാണ് അത് ചോർത്താൻ പ്രേരിപ്പിച്ചത്.

ഭൂമി കേസ് പുറത്തുവന്നതോടെ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ച് അറിഞ്ഞ് ആദിത്യ നടത്തിയ അന്വേഷണമാണ് ഇവ പുറത്തുകൊണ്ടുവരാൻ പ്രേരിപ്പിച്ചതെന്ന് ഫാ.മുണ്ടാൻ പറഞ്ഞു. ഈ വേളയിലാണ് വ്യാജ രേഖ കേസിൽ ഫാ. ടോണി കല്ലൂക്കാരനെ പ്രതിചേർത്തു. നാലാം പ്രതിയാക്കിയാണ് ഉൾപ്പെടുത്തിയത്. ഫാ. പോൾ തേലക്കാടും ഫാ. ടോണി കല്ലൂക്കാരനും ഗൂഢാലോചന നടത്തിയെന്നും വൈദികരുടെ നിർദ്ദേശം മൂന്നാം പ്രതി ആദിത്യൻ അനുസരിച്ചുവെന്നാണ് കണ്ടെത്തൽ. ആദിത്യന്റെ കസ്റ്റഡി അപേക്ഷയിലാണ് പൊലീസ് ഗൂഢാലോചന ചൂണ്ടിക്കാട്ടുന്നത്.

സഭാ വ്യാജരേഖ കേസിൽ റിമന്റിലുള്ള പ്രതി ആദിത്യനെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കസ്റ്റഡിയിൽ താൻ ക്രൂര മർദനത്തിനിരയായെന്നു ആദിത്യൻ കോടതിയിൽ പരാതിപ്പെട്ടു. ആദിത്യന്റെ കാലിലെ നഖം പൊലീസ് ആയുധം ഉപയോഗിച്ചു പിഴുതെടുത്തെന്നും ഇനി പൊലീസിന്റെ കസ്റ്റഡിയിൽ വിടരുതെന്നു അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർന്ന് പ്രതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. പൊലീസ് ക്രൂരമായി മർദ്ദിച്ചെന്നും ആദിത്യൻ പറഞ്ഞിരുന്നു.

15ന് ആലുവ ഡി.വൈ.എസ്‌പി ഓഫീസിൽ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ച ആദിത്യനെ വീണ്ടും പിറ്റേന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ക്രൂരമായ മർദ്ദനത്തിന് ഇരയാക്കിയാണ് ഫാ.ടോണി കല്ലൂക്കാരന്റെ പേര് പറയിപ്പിച്ചതെന്ന് ആദിത്യ പറഞ്ഞതായി ഫാ. സണ്ണി കളപ്പുരയ്ക്കൽ പ്രതികരിച്ചിരുന്നു. അന്വേഷണത്തിന്റെ ഇടയ്ക്ക് ഉദ്യോഗസ്ഥനെ മാറ്റിയതും സംശയം സൃഷ്ടിക്കുന്നു. കേസിനു പിന്നിൽ കുറച്ചു വൈദികരുടെ കൂടെ പേര് പറയിക്കുകയിരുന്നു പൊലീസിന്റെ ലക്ഷ്യം. വൈദികരെ പ്രതികളാക്കി അറസ്റ്റു ചെയ്യിക്കാൻ കുറച്ചുകാലമായി ഇവിടെ ഗൂഢാലോചന നടക്കുന്നു.

രണ്ടാഴ്ച മുൻപ് ഇതുസംബന്ധിച്ച് ആലുവ ഡി.വൈ.എസ്‌പിക്ക് ഈ തിരക്കഥ നൽകി. അതിന്റെ അടിസ്ഥാനത്തിലാണ് ഈ നാടകം മുഴുവൻ നടക്കുന്നതെന്നും ഫാ.സണ്ണി പറഞ്ഞു. മുഖ്യമന്ത്രി സ്ഥലത്തില്ലാതിരുന്ന സമയം നോക്കിയാണ് പൊലീസ് ഈ കേസ് അന്വേഷണം ഊർജിതമാക്കിയതെന്നും ഫാ.സണ്ണി പറഞ്ഞു. ചില കോർപറേറ്റ് ഇടപാടുകളിൽ തന്റെ മേലധ്യക്ഷന്മാർ ഇടപെടുന്നത് ശ്രദ്ധയിൽപെട്ട ഒരു മതാധ്യാപകന്റെ ധാർമ്മികമായ നടപടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ആദിത്യ ചോർത്തിയ രേഖകളിൽ ഒരു ബിഷപിന്റെ ബാങ്ക് ഇടപാടിന്റെ വിവരങ്ങളുമുണ്ടെന്നും ബിഷപ് മനത്തോടത്ത് പറഞ്ഞു.

ആദിത്യയുടെ പിതാവ് സക്കറിയയും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ആദിത്യയ്ക്ക് പൊലീസ് കസ്റ്റഡിയിൽ ക്രൂരമായി മർദ്ദനമേറ്റുവെന്നും കൊല്ലപ്പെടുമെന്ന് തോന്നിയ സാഹചര്യത്തിലാണ് പൊലീസിന്റെ സമ്മർദ്ദപ്രകാരം ഫാ.ടോണിയുടെ പേര് പറഞ്ഞതെന്നും അതിരൂപത ആരോപിച്ചു. ഫാ.ടോണിയെയും കസ്റ്റഡിയിൽ സമാനമായി പീഡിപ്പിച്ച് മറ്റ് വൈദികർക്കും ഇതിൽ പങ്കുണ്ടെന്ന് വരുത്തിതീർക്കാനാണ് പൊലീസ് ശ്രമിച്ചതെന്നും ആരോപണം ഉയർത്തുന്നു.

എന്നാൽ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആദിത്യയെ മർദിച്ചിട്ടില്ലെന്ന് ആലുവ എ.എസ്‌പി. എം.ജെ. സോജൻ വ്യക്തമാക്കി. എറണാകുളം-അങ്കമാലി അതിരൂപതയുടെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേസിന്റെ അന്വേഷണ മേൽനോട്ടം വഹിക്കുന്നത് എ.എസ്‌പി.യാണ്. വളരെ സൗഹാർദപരമായാണ് ആദിത്യയുമായി ഇടപെട്ടത്. ''ഇത്ര ചെറിയ ഒരു പയ്യനെ മർദിച്ചിട്ട് പൊലീസിന് എന്ത് ലഭിക്കാനാണ്. തെളിവുണ്ടോ എന്ന് മാത്രമെ നോക്കിയിട്ടുള്ളൂ.

കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരായ വ്യാജരേഖാ കേസിലെ രണ്ടാം പ്രതിയായ മാർ ജേക്കബ് മനത്തോടത്തിന്റെ നേതൃത്വത്തിൽ എറണാകുളം-അങ്കമാലി അതിരൂപത നടത്തിയ പത്രസമ്മേളനം കോടതിയലക്ഷ്യവും നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയുമാണെന്ന് ഇന്ത്യൻ കാത്തലിക് ഫോറം അഭിപ്രായപ്പെട്ടു. സഭാ സിനഡിനെ വെല്ലുവിളിച്ച് അതിരൂപതയിലെ മെത്രാന്മാരും വൈദികരും അറസ്റ്റിലായ പ്രതിയുടെ പിതാവും ചേർന്ന് പത്രസമ്മേളനം നടത്തിയത് പൊലീസിന്റെ വീര്യം കെടുത്താനാണ്.

സത്യസന്ധമായ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരെ മാറ്റാനുള്ള ഭീഷണിയുടെ സ്വരമാണ് അതിലുള്ളത്. അറസ്റ്റിലായ പ്രതിയെ പൊലീസ് മർദിച്ചുവെന്ന ആരോപണം സർക്കാരിനെ പ്രതിക്കൂട്ടിലാക്കി ബ്ലാക്‌മെയിൽ ചെയ്യാനുള്ള നീക്കമാണ്. രേഖകൾ വ്യാജമല്ലെന്ന് രണ്ടാം പ്രതി പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചപ്പോൾ അതിന്റെ തെളിവുകൾ ലഭിക്കാൻ പത്രസമ്മേളനം നടത്തിയ എല്ലാവരേയും കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ടതാണെന്നും ഫോറം അഭിപ്രായപ്പെട്ടു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP