Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റയിൽവെ സ്റ്റേഷനുകളുടെ നടത്തിപ്പും ഏറ്റെടുക്കാനൊരുങ്ങി കുടുംബശ്രീ; ഏജന്റുമാർ നടത്തി ഉപേക്ഷിച്ച ചെറിയ സ്‌റ്റേഷനുകളാണ് ലാഭകരമാക്കാനായി കുടുംബശ്രീയെ ഏൽപ്പിക്കുന്നത്; കാഞ്ഞിരമറ്റം, ചോറ്റാനിക്കര റോഡ്, കടുത്തുരുത്തി, കുമാരനല്ലൂർ, കാപ്പിൽ, വേളി സ്റ്റേഷനുകൾ ആദ്യഘട്ട പരിഗണനയിൽ

റയിൽവെ സ്റ്റേഷനുകളുടെ നടത്തിപ്പും ഏറ്റെടുക്കാനൊരുങ്ങി കുടുംബശ്രീ; ഏജന്റുമാർ നടത്തി ഉപേക്ഷിച്ച ചെറിയ സ്‌റ്റേഷനുകളാണ് ലാഭകരമാക്കാനായി കുടുംബശ്രീയെ ഏൽപ്പിക്കുന്നത്; കാഞ്ഞിരമറ്റം, ചോറ്റാനിക്കര റോഡ്, കടുത്തുരുത്തി, കുമാരനല്ലൂർ, കാപ്പിൽ, വേളി സ്റ്റേഷനുകൾ ആദ്യഘട്ട പരിഗണനയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കുടുംബശ്രീ ഇനിമുതൽ റയിൽവെ സ്റ്റേഷനുകളും നടത്താനൊരുങ്ങുന്നു. സംസ്ഥാനത്തെ വരുമാനം കുറഞ്ഞ റയിൽവെ സ്റ്റേഷനുകളുടെ നടത്തിപ്പാണ് കുടുംബശ്രീ ഏറ്റെടുക്കുന്നത്. ചെറിയ സ്റ്റേഷനുകളുടെ നടത്തിപ്പ് ഏജന്റുമാരെയാണ് ഏൽപ്പിച്ചിരുന്നത്. കമ്മിഷൻവ്യവസ്ഥയിലാണ് ഇവർക്ക് ചുമതല നൽകിയത്. എന്നാൽ വരുമാനം കുറവാണെന്ന കാരണത്തിൽ ഇതിൽ പലരും കരാറവസാനിപ്പിച്ചു. സംസ്ഥാനത്തെ പല ചെറിയ റെയിൽവേ സ്റ്റേഷനുകളും ഇപ്പോൾ നോക്കാൻ ആളില്ലാത്ത അവസ്ഥയിലാണ്. വരുമാനം കുറവായതിനാൽ സ്ഥിരംജീവനക്കാരെ നിയമിക്കാനാകില്ലെന്ന നിലപാടിലാണ് റെയിൽവേ. ശമ്പളയിനത്തിലും മറ്റും പണംമുടക്കേണ്ടിവരുന്നത് നഷ്ടംവർധിപ്പിക്കുമൊണ് റയിൽവെയുടെ നിലപാട്.

ഈ സാഹചര്യത്തിലാണ് പൂട്ടൽ ഭീഷണിയിലായ റെയിൽവേ സ്റ്റേഷനുകളെ നന്നാക്കാൻ കുടുംബശ്രീ രംഗത്തിറങ്ങുന്നത്. ഇത്തരത്തിൽ ഏറ്റെടുക്കാനാളില്ലാത്ത ചെറിയ സ്റ്റേഷനുകളുടെ നടത്തിപ്പുചുമതല കുടുംബശ്രീയെ ഏൽപ്പിക്കാനാണ് പദ്ധതി. കുടുംബശ്രീ പ്രവർത്തകർ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ഇതര വരുമാനമാർഗങ്ങൾ നടപ്പാക്കി ഇവയുടെ മുഖം മിനുക്കും. കാഞ്ഞിരമറ്റം, ചോറ്റാനിക്കര റോഡ്, കടുത്തുരുത്തി, കുമാരനല്ലൂർ, കാപ്പിൽ, വേളി തുടങ്ങിയ സ്റ്റേഷനുകളെല്ലാം ആദ്യഘട്ടത്തിൽ പരിഗണിക്കുന്നവയിലുണ്ട്. പിന്നീട് മറ്റു സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കും. കുടുംബശ്രീയെ ചുമതലയേൽപ്പിക്കാനുള്ള പദ്ധതി വിവിധ വകുപ്പുകളുടെ പരിഗണനയിലാണെന്ന് സീനിയർ ഡിവിഷണൽ കൊമേഴ്സ്യൽ മാനേജർ രാജേഷ് ചന്ദ്രൻ പറഞ്ഞു.

ചെറിയ സ്റ്റേഷനുകളിൽ പലതിലും വരുമാനത്തിൽ കുറവുണ്ടായത് ഏജന്റുമാരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണെന്നാണ് വിലയിരുത്തൽ. ചിലയിടങ്ങളിൽ ടിക്കറ്റ് കൗണ്ടർപോലും അടഞ്ഞുകിടക്കുന്ന സ്ഥിതിയാണ്. ചെറിയ റെയിൽവേ സ്റ്റേഷനുകൾ അതാത് തദ്ദേശസ്ഥാപനങ്ങളുമായിചേർന്ന് പുനരുജ്ജീവിപ്പിക്കാൻ പദ്ധതിയുണ്ടായിരുന്നു. എന്നാൽ, ഇതിന് വേണ്ടത്ര സഹകരണം ലഭിക്കാത്തതിനാൽ ഉപേക്ഷിച്ചു. വിശദമായ പഠനത്തിനുശേഷമാണ് കുടുംബശ്രീയുമായുള്ള സഹകരണത്തിന് പദ്ധതി തയ്യാറാക്കിയത്. കുടുംബശ്രീയെ ഏൽപ്പിക്കുന്നതിലൂടെ അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന സ്റ്റേഷനുകളുടെ സ്ഥിതിയിൽ മാറ്റമുണ്ടാകും എന്നാണ് റയിൽവെ കരുതുന്നത്.

കുടുംബശ്രീയും റെയിൽവേയും പലമേഖലകളിലും സഹകരിച്ചു പ്രവർത്തിക്കുന്നുണ്ട്. തിരുവനന്തപുരം ഡിവിഷന് കീഴിലുള്ള സ്റ്റേഷനുകളിൽ ഏ.സി. വെയിറ്റിങ് മുറികളുടെയും പാർക്കിങ് സ്ഥലത്തിന്റെയും നടത്തിപ്പ് കുടുംബശ്രീക്കാണ്. മികച്ച പ്രവർത്തനമാണ് കുടുംബശ്രീയുടേതെന്നാണ് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP