Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആലപ്പുഴ ബൈപ്പാസിൽ നടപ്പാതയും സൈക്കിൾ ട്രാക്കും വേണം: ടിആർഎ

ആലപ്പുഴ ബൈപ്പാസിൽ നടപ്പാതയും സൈക്കിൾ ട്രാക്കും വേണം: ടിആർഎ

ആലപ്പുഴ: നാലു പതിറ്റാണ്ടായിട്ടും നിർമ്മാണം പൂർത്തിയാകാത്ത ആലപ്പുഴയിലെ കൊമ്മാടി-കളർകോട് ബൈപ്പാസ് റോഡിൽ നടപ്പാതയും സൈക്കിൾ ട്രാക്കും ഉൾപ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കാത്തതിൽ തത്തംപള്ളി റസിഡന്റ്സ് അസോസിയേഷൻ (ടിആർഎ) ആശങ്ക പ്രകടിപ്പിച്ചു. അപകടങ്ങൾ ഒഴിവാക്കാൻ ഇതു രണ്ടും പ്രയോജനപ്പെടും.

ബീച്ചിലൂടെ കടന്നു പോകുന്ന പുതുതായി വീതി കൂട്ടി നിർമ്മിക്കുന്ന ഏകദേശം ഏഴു കിലോമീറ്റർ നെടുനീളത്തിലുള്ള ബൈപ്പാസ് റോഡിൽ വാഹനത്തിരക്കു പതിമടങ്ങാകുമെന്നതിനാൽ കാൽനടക്കാർക്കു സുരക്ഷിതമായി പോകാൻ ഇരുവശത്തും അഴിയിട്ട നടപ്പാതയും കൂടാതെ സൈക്കിൾ യാത്രക്കാർക്കുള്ള പ്രത്യേക ട്രാക്കുകളും വേണമെന്നായിരുന്നു ആവശ്യം. അതിനുള്ള സ്ഥലം ഉണ്ടായിരുന്നുതാനും. രാവിലെയും വൈകുന്നേരവും നൂറു കണക്കിനു പട്ടണവാസികളാണ് നടത്തത്തിനും ജോഗിംഗിനും വ്യായാമത്തിനുമായി ബീച്ചും സമീപ റോഡുകളും ഉപയോഗിക്കുന്നത്. അവർക്ക് സൗകര്യപ്രദമായും അപകടരഹിതമായും എക്സർസൈസ് റോഡായി ഉപയോഗിക്കണമെന്ന ഉദേശ്യത്തോടെയാണ് ടിആർഎ ഇക്കാര്യം അധികൃതർ മുമ്പാകെ ആവർത്തിച്ചു ആവശ്യപ്പെട്ടിട്ടുള്ളത്. അധികൃതർ അതു പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. വർഷങ്ങൾക്കു മുൻപ് പല പ്രാവശ്യം 'ബൈപ്പാസ് യാഥാർഥ്യമാക്കിയവർക്കു അഭിവാദനങ്ങൾ' അർപ്പിച്ചുകൊണ്ടു ഫ്ളെക്സ് ബോർഡുകൾ സ്ഥാപിച്ച വേളകളിലൊക്കെയും ജനപ്രതിനിധികളെ ഇക്കാര്യം ഓർമ്മിപ്പിച്ചിട്ടുണ്ടെന്നു ടിആർഎ പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളിൽ സൂചിപ്പിച്ചു. പൊതുജനങ്ങൾക്ക് കഴിയുന്നത്ര സൗകര്യങ്ങളാണ് സർക്കാർ ഏർപ്പെടുത്തേണ്ടത്.

ഏറെക്കുറെ ബൈപ്പാസ് റോഡ് നിർമ്മാണം പൂർത്തിയായിക്കഴിഞ്ഞപ്പോൾ കാൽനടക്കാർക്കു ഇടയില്ലാതായിരിക്കുകയാണ്. റോഡിന്റെ ഔട്ട്ലൈൻ വര അരികു ചേർന്നാണുള്ളത്. റോഡു കഴിഞ്ഞാൽ പലയിടങ്ങളിലും കുഴിയും ചെരിവും താഴ്‌ച്ചയുമാണ്. റോഡിലേക്കു കയറിയല്ലാതെ കാൽനടക്കാർക്കു സഞ്ചരിക്കാനാകില്ല. റോഡിന്റെ ടാറിട്ട അരികുകൾ ഉദ്ഘാടനത്തിനു മുൻപേ ഇളകിത്തുടങ്ങി. ടാർ പൊക്കത്തിൽ വശങ്ങളിൽ പൂഴിയിട്ടു ഉറപ്പിക്കാത്തതിനാലാണിത്.

ഏതു കാര്യങ്ങൾ പുതുതായി വന്നാലും അതു ഉടനെ നശിപ്പിക്കണമെന്ന ചിന്താഗതിക്കാരാണ് ആലപ്പുഴയിൽ ഏറെയുമുള്ളതെന്നു കരുതേണ്ടിയിരിക്കുന്നു. രാഷ്ട്രീയപാർട്ടിക്കാർക്കും ഇതിൽ നിന്നു ഒഴിഞ്ഞു നിൽക്കാനാകില്ല. എലിവേറ്റഡ് ഹൈവേയുടെ തൂണുകൾ കോൺക്രീറ്റ് ചെയ്തപ്പോൾ മുതൽ അതിൽ പോസ്റ്റർ പതിച്ചും എഴുതിയും വൃത്തികേടാക്കാൻ തുടങ്ങി. അതു ചെയ്യരുതേയെന്നു രാഷ്ട്രീയ പാർട്ടികളോടും തൂണുകൾ വൃത്തികേടാക്കിയ സംഘടനകളോടും അഭ്യർത്ഥിച്ചിട്ടും ഫലമില്ല. റോഡ് അനധികൃതമായി കൈയേറി വഴിവാണിഭം തുടങ്ങി ഭാവിയിൽ അവകാശം പിടിച്ചുപറ്റാൻ തയാറായിട്ടുള്ളവർ രംഗത്തിറങ്ങിക്കഴിഞ്ഞു. അനധികൃത തട്ടിട്ടു ലോട്ടറിക്കച്ചവടം തുടങ്ങി ചായക്കച്ചവടം വരെയായിക്കഴിഞ്ഞു. റോഡിനു നടുവിൽ വരെ മീൻ കച്ചവടം നടത്താൻ മടിയില്ല. ദുർഗന്ധം വമിക്കുന്ന വെള്ളം റോഡിലാണ് ഒഴുക്കുന്നത്. ഭക്ഷണശാലക്കാർ കസേരകളും മേശകളും നിരത്തിയാണ് വിളമ്പ്. എലിവേറ്റഡ് ഹൈവേയ്ക്കു കീഴിലെ സ്ഥലം വളച്ചെടുത്ത് പേ ആൻഡ് പാർക്ക് ബിസിനസ് നടത്താൻ കഴിയുമോ എന്നാണ് ചിലരുടെ നോട്ടം.

ബൈപ്പാസിലേക്കു ഇടറോഡുകൾ കയറുന്ന ജംഗ്ഷനുകൾ വികസിപ്പിച്ചും ആവശ്യമായ മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിച്ചും വാഹനാപകടങ്ങൾ ഒഴിവാക്കാൻ ഇപ്പോഴെ ശ്രമം തുടങ്ങേണ്ടിയിരിക്കുന്നു. എലിവേറ്റഡ് ഹൈവേയുടെ നിർമ്മാണാവശ്യങ്ങൾക്കു ശേഷം അവിടിവിടെ ഉപേക്ഷിച്ചു കൂട്ടിയിട്ടിരിക്കുന്ന ഇരുമ്പു കമ്പിയും തകിടും കോൺക്രീറ്റ് കട്ടയുമെല്ലാം ഉടൻ തന്നെ നീക്കം ചെയ്യാനുള്ള ഏർപ്പാടുകൾ ഉണ്ടാക്കണം. അല്ലെങ്കിൽ നാട്ടിലെ രീതിയനുസരിച്ച് ഇനിയും നാലു പതിറ്റാണ്ടു കഴിഞ്ഞാലും ആർക്കും ആവശ്യമില്ലാത്ത തുരുമ്പു സാധനങ്ങൾ അവിടെ തന്നെ കൂടിക്കിടക്കും. അതിനു മേൽ മാലിന്യമലകളുമാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP