Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നോ ടൈം; മരടിലെ ഫ്ളാറ്റുകൾ പൊളിച്ചുനീക്കാൻ സമയപരിധി നീട്ടിനൽകില്ലെന്ന് സുപ്രീംകോടതി; ഫ്ളാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം തേടി ഉചിതമായവേദികളെ സമീപിക്കാം; പരിസ്ഥിതി നിയമം ലംഘിക്കുന്നവരോട് കോടതികളും മറ്റുസംവിധാനങ്ങളും ക്ഷമിക്കുന്ന പ്രവണത അവസാനിപ്പിക്കേണ്ട കാലമായെന്നും സുപ്രീംകോടതി

നോ ടൈം; മരടിലെ ഫ്ളാറ്റുകൾ പൊളിച്ചുനീക്കാൻ സമയപരിധി നീട്ടിനൽകില്ലെന്ന് സുപ്രീംകോടതി; ഫ്ളാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം തേടി ഉചിതമായവേദികളെ സമീപിക്കാം; പരിസ്ഥിതി നിയമം ലംഘിക്കുന്നവരോട് കോടതികളും മറ്റുസംവിധാനങ്ങളും ക്ഷമിക്കുന്ന പ്രവണത അവസാനിപ്പിക്കേണ്ട കാലമായെന്നും സുപ്രീംകോടതി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കൂടുതൽ സമയമൊന്നുമില്ല, കൊച്ചി മരടിൽ തീരദേശ പരിപാലന നിയമം ലംഘിച്ച് പണിത അഞ്ച് ഫ്ളാറ്റ് സമുച്ചയങ്ങൾ പൊളിച്ച് നീക്കാനുള്ള സമയപരിധി നീട്ടി നൽകില്ലെന്ന് സുപ്രീം കോടതി. ബദൽ സംവിധാനങ്ങൾ ഒരുക്കുന്നതുവരെ മരടിലെ ഫ്ളാറ്റുകൾ പൊളിച്ചുനീക്കുന്നതിനുള്ള സമയപരിധി നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ട് ഫ്ളാറ്റ് ഉടമകൾ നൽകിയ ഹർജിയിലാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഫ്ളാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം തേടി ഉചിതമായവേദികളെ സമീപിക്കാമെന്നും പരിസ്ഥിതി നിയമം ലംഘിക്കുന്നവരോട് കോടതികളും മറ്റുസംവിധാനങ്ങളും ക്ഷമിക്കുന്ന പ്രവണത അവസാനിപ്പിക്കേണ്ട കാലമായെന്നും സുപ്രീംകോടതി വിലയിരുത്തി.

തീരദേശ പരിപാലന നിയമം ലംഘിച്ച് പണിത മരടിലെ ഹോളിഫെയ്ത്ത്, ആൽഫ വെഞ്ചേഴ്സ്, ഗോൾഡൻ കായലോരം, ജെയ്ൻ കോറൽകോവ്, ഹോളിഡെ ഹെറിറ്റേജ് എന്നീ ഫ്ളാറ്റ് സമുച്ചയങ്ങൾ ഒരുമാസത്തിനകം പൊളിച്ചുനീക്കണമെന്ന് മെയ് എട്ടിനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. നേരത്തെ ഹൈക്കോടതിയിൽ നിന്ന് ഫ്ളാറ്റ് ഉടമകൾക്ക് അനുകൂലമായ വിധി ലഭിച്ചിരുന്നെങ്കിലും ഇതിനെതിരെ തീരദേശ പരിപാലന അഥോറിറ്റി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ ബഞ്ചിന്റേതായിരുന്നു വിധി. പ്രസ്താവിച്ച ദിനം മുതൽ ഒരു മാസത്തിനകം വിധി നടപ്പാക്കണമെന്നാണ് പരമോന്നത കോടതിയുടെ നിർദ്ദേശം. നടപടിയെടുത്തശേഷം അതുസംബന്ധിച്ച് റിപ്പോർട്ട് നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ചെറുവിരൽ അനക്കാൻ നഗരസഭയ്ക്കായിട്ടില്ല.

സിആർസെഡ് പ്രദേശങ്ങളിൽ നിർമ്മാണപ്രവർത്തനങ്ങൾ നടത്തുന്നതിന് തദ്ദേശസ്ഥാപനങ്ങൾ തീരദേശപരിപാലന അഥോറിറ്റിക്ക് അപേക്ഷയും അനുബന്ധരേഖകളും കൈമാറണമെന്ന് നിയമമുണ്ട്. എന്നാൽ, ഈ വ്യവസ്ഥ ലംഘിച്ച് മുനിസിപ്പാലിറ്റി നിർമ്മാണപ്രവർത്തനങ്ങൾക്ക് അനുമതി നൽകി. തീരദേശപരിപാലന അഥോറിറ്റി ചട്ടലംഘനം ചൂണ്ടിക്കാണിച്ചതിനെ തുടർന്ന് മുനിസിപ്പാലിറ്റി 2007 ജൂണിൽ ഫ്‌ളാറ്റ് നിർമ്മാതാക്കൾക്ക് നോട്ടീസ് നൽകി. നോട്ടീസിന് വിശദീകരണം നൽകാതെ ഫ്‌ളാറ്റ് ഉടമകൾ ഹൈക്കോടതിയെ സമീപിച്ചു. 2012ൽ ഹൈക്കോടതി സിംഗിൾബെഞ്ചും ഡിവിഷൻബെഞ്ചും ഫ്‌ളാറ്റ്‌നിർമ്മാതാക്കൾക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചതിനെ തുടർന്ന് തീരദേശപരിപാലന അഥോറിറ്റി സുപ്രീംകോടതിയിൽ പ്രത്യേകാനുമതി ഹർജി സമർപ്പിച്ചു.

രാജ്യത്തെ തന്നെ വലിയ തണ്ണീർത്തടങ്ങളിൽ ഒന്നാണ് മരട് മുനിസിപ്പാലിറ്റിയിലെ നിർമ്മാണം നടക്കുന്ന പ്രദേശമെന്നും അവിടെ അനധികൃതനിർമ്മാണം നടത്തുന്നത് വലിയ പാരിസ്ഥിതികപ്രത്യാഘാതം ഉണ്ടാക്കുമെന്നും ഹർജിക്കാർ ചൂണ്ടിക്കാണിച്ചു. ഈ വാദങ്ങളും വിദഗ്ധസമിതി റിപ്പോർട്ടും അംഗീകരിച്ചാണ് സുപ്രീംകോടതി നടപടി. തീരദേശപരിപാലന അഥോറിറ്റിക്ക് വേണ്ടി അഡ്വ. റോമി ചാക്കോ, ഫ്‌ളാറ്റ് നിർമ്മാതാക്കൾക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ വി ഗിരി, സംസ്ഥാന സർക്കാരിനുവേണ്ടി സ്റ്റാൻഡിങ് കോൺസൽ ജി പ്രകാശ് എന്നിവർ ഹാജരായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP