Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുമ്മനം ജയിച്ചാൽ കേന്ദ്രമന്ത്രി; തോറ്റാൽ വട്ടിയൂർകാവിലെ എംഎൽഎ; കുമ്മനം ഡൽഹിക്ക് പോയാൽ വട്ടിയൂർക്കാവിൽ ദൗത്യം സുരേഷ് ഗോപിക്ക്; മുരളീധരൻ വിജയം ഉറപ്പിച്ചതോടെ തോറ്റാലും ജയിച്ചാലും കോളടിക്കുന്ന സ്ഥാനാർത്ഥിയായി മാറുന്നത് കുമ്മനം രാജശേഖരനും സുരേഷ് ഗോപിയും; ഫലപ്രഖ്യാപനത്തിന് മുമ്പേ സ്ഥാനാർത്ഥി ചർച്ച തുടങ്ങി ബിജെപി വൃത്തങ്ങൾ

കുമ്മനം ജയിച്ചാൽ കേന്ദ്രമന്ത്രി; തോറ്റാൽ വട്ടിയൂർകാവിലെ എംഎൽഎ; കുമ്മനം ഡൽഹിക്ക് പോയാൽ വട്ടിയൂർക്കാവിൽ ദൗത്യം സുരേഷ് ഗോപിക്ക്; മുരളീധരൻ വിജയം ഉറപ്പിച്ചതോടെ തോറ്റാലും ജയിച്ചാലും കോളടിക്കുന്ന സ്ഥാനാർത്ഥിയായി മാറുന്നത് കുമ്മനം രാജശേഖരനും സുരേഷ് ഗോപിയും; ഫലപ്രഖ്യാപനത്തിന് മുമ്പേ സ്ഥാനാർത്ഥി ചർച്ച തുടങ്ങി ബിജെപി വൃത്തങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരും മുമ്പ് തന്നെ വട്ടിയൂർക്കാവിലെ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ചർച്ച തുടങ്ങുകയാണ് ബിജെപി. എൻ എസ് എസ് നേതൃത്വത്തിന്റെ മനസ്സ് അനുകൂലമാക്കി വട്ടിയൂർകാവിലെ സ്ഥാനാർത്ഥിയാകാൻ ബിജെപി ജില്ലാ പ്രസിഡന്റ് എസ് സുരേഷ് ശ്രമം തുടങ്ങിയിരുന്നു. ഇത് മനസ്സിലാക്കി ബിജെപിയുടെ സംസ്ഥാന നേതൃത്വം ചർച്ച സജീവമാക്കുകയാണ്. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരൻ ജയിക്കുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. അത് സംഭവിച്ചില്ലെങ്കിൽ വട്ടിയൂർകാവിലേക്ക് പ്രധാനമായും പരിഗണിക്കുക കുമ്മനത്തെ തന്നെയാകും. സുരേഷ് ഗോപിയാണ് പട്ടികയിൽ രണ്ടാമതുള്ളത്. വടകരയിൽ കോൺഗ്രസിനായി മത്സരിച്ച കെ മുരളീധരൻ ജയിക്കുമെന്ന വിലിയിരുത്തലിലാണ് വട്ടിയൂർകാവിലെ ഉപതെരഞ്ഞെടുപ്പ് ചർച്ചകൾ ബിജെപി തുടങ്ങുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കുമ്മനം ജയിക്കുകയും മോദി വീണ്ടും അധികാരത്തിൽ എത്തുകയും ചെയ്താൽ കേന്ദ്രമന്ത്രി പദം ഉറപ്പാണ്. മിസോറാം ഗവർണ്ണറായിരുന്ന കുമ്മനത്തിന് കാബിനറ്റ് പദവി തന്നെ ലഭിക്കും. വോട്ട് മറിക്കൽ തിരുവനന്തപുരത്ത് നടന്നോ എന്ന ഭയം ബിജെപിക്കുണ്ട്. അങ്ങനെ സംഭവിച്ചാൽ കുമ്മനത്തിന് തിരിച്ചടിയുണ്ടാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. ശശി തരൂരിന് അനുകൂലമായി വൻതോതിൽ വോട്ടുകൾ ഇടത് പക്ഷത്ത് നിന്ന് പോൾ ചെയ്യാനുള്ള സാധ്യത ബിജെപി മുന്നിൽ കാണുന്നുണ്ട്. അങ്ങനെ വന്നാൽ വട്ടിയൂർക്കാവിലേക്ക് ബിജെപി പ്രധാനമായും പരിഗണിക്കുക കുമ്മനത്തിന്റെ പേരാകും. കഴിഞ്ഞ തവണ ഇവിടെ കെ മുരളീധരന് പിന്നിൽ കുമ്മനം രണ്ടാമത് എത്തിയിരുന്നു. എന്നാൽ ഉടനെ ഒരു തിരഞ്ഞെടുപ്പിന് കുമ്മനം വീണ്ടും തയ്യാറാകില്ലെന്നും സൂചനയുണ്ട്. ഇത് സംഭവിച്ചാലും സുരേഷ് ഗോപിക്കാകും രണ്ടാമത് പരിഗണന.

വട്ടിയൂർക്കാവിലെ ഉപതെരഞ്ഞെടുപ്പിൽ വലിയ സാധ്യതയാണ് ബിജെപി കാണുന്നത്. കുമ്മനം തിരുവനന്തപുരത്ത് ജയിച്ചാൽ വട്ടിയൂർക്കാവിൽ വിജയം ഉറപ്പാണെന്നാണ് വിലയിരുത്തൽ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒ രാജഗോപാൽ ഒന്നാമത് എത്തിയ മണ്ഡലമാണ് ഇത്. ഹൈന്ദവ വോട്ടുകൾ ഏറെയുള്ളതാണ് ഇതിന് കാരണം. ഈ സാഹചര്യത്തിലാണ് കുമ്മനമോ സുരേഷ് ഗോപിയോ തന്നെ മത്സരിക്കണമെന്ന് ആർ എസ് എസുകാരും ആഗ്രഹിക്കുന്നത്. സുരേഷ് ഗോപി തൃശൂരിൽ ജയിച്ചാൽ മറ്റൊരു സ്ഥാനാർത്ഥിയെ കണ്ടെത്തേണ്ടിയും വരും. എക്‌സിറ്റ് പോൾ ഫലങ്ങളിൽ തൃശൂരിൽ അട്ടിമറി സാധ്യത പ്രവചിക്കുന്നില്ല. ഇത് കണക്കിലെടുത്താണ് സുരേഷ് ഗോപിയെ വട്ടിയൂർക്കാവിലേക്കുള്ള പരിഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയത്. സുരേഷ് ഗോപി അട്ടിമറി വിജയം നേടിയാൽ വട്ടിയൂർക്കാവിലേക്ക് പകരം ആളിനെ തേടിയാൽ മതിയെന്നാണ് ബിജെപിയുടെ പൊതുവിലയിരുത്തൽ.

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഗ്ലാമർ പോരാട്ടം നടക്കുന്ന മണ്ഡലമാണ് വടകര. വടകരയിലെ ഫലം അനുകൂലമാകുമെന്ന് കോൺഗ്രസ് ഉറച്ചു വിശ്വസിക്കുന്നു. സിപിഎമ്മും വിജയ പ്രതീക്ഷയിലാണ്. ശബരിമല വികാരം വടകരയിൽ പ്രതിഫലിക്കുമെന്ന് ബിജെപിയും കരുതുന്നു. അതുകൊണ്ട് തന്നെ വട്ടിയൂർകാവിലെ എംഎൽഎ കെ മുരളീധരൻ വടകരയിൽ ജയിച്ച് എംപിയാകുമെന്നാണ് കോൺഗ്രസും ബിജെപിയും വിലയിരുത്തുന്നത്. ഇതുകൊണ്ട് തന്നെ തിരുവനന്തപുരത്തെ ഈ നിമയസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് കരുനീക്കം നേരത്തെ തന്നെ സജീവമായിരുന്നു. കോൺഗ്രസിൽ സീറ്റിന് വേണ്ടിയുള്ള ഗ്രൂപ്പ് അവകാശവാദങ്ങളും തുടങ്ങി.

വട്ടിയൂർക്കാവിൽ കോൺഗ്രസിന് വിജയം അനിവാര്യമാണ്. യുഡിഎഫിന്റെ അതിശക്തമായ മണ്ഡലമായാണ് ഇതിനെ വിലയിരുത്തുന്നത്. മണ്ഡല രൂപീകരണത്തിന് ശേഷം കെ മുരളീധരനാണ് ജയിക്കുന്നത്. ബിജെപിക്കും ശക്തമായ വേരോട്ടമുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരനായിരുന്നു രണ്ടാമത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ രാജഗോപാൽ ഇവിടെ ഒന്നാമതു എത്തി. ഇത്തവണയും ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ലീഡ് പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് വട്ടിയൂർക്കാവ്. അതുകൊണ്ട് തന്നെ കോൺഗ്രസിലും ബിജെപിയിലും സ്ഥാനാർത്ഥിത്വം ഉറപ്പാക്കാൻ ചരട് വലികൾ സജീവമാണ്. വട്ടിയൂർക്കാവിൽ വിഷ്ണുനാഥിനെ സ്ഥാനാർത്ഥിയാക്കണമെന്നാണ് ഉമ്മൻ ചാണ്ടിയുടെ മനസ്സ്. എന്നാൽ മുരളീധരൻ ഐ ഗ്രൂപ്പുകാരനാണെന്നും അതുകൊണ്ട് സീറ്റ് തങ്ങളുടേതാണെന്നും ചെന്നിത്തലയും പറയുന്നു. മുൻ എംഎൽഎ കെ മോഹൻകുമാറിനെ സ്ഥാനാർത്ഥിയാക്കാനാണ് ഐ ഗ്രൂപ്പിന് താൽപ്പര്യം.

ബിജെപിക്കായി സീറ്റിന് വേണ്ടി പ്രാരംഭ ഘട്ടത്തിൽ നീക്കം നടത്തിയത് ബിജെപി ജില്ലാ പ്രസിഡന്റെ എസ് സുരേഷാണ്. എൻ എസ് എസ് നേതൃത്വത്തെ കൊണ്ട് ആർ എസ് എസിനോട് തന്റെ പേര് നിർദ്ദേശിക്കാനുള്ള നീക്കമാണ് സുരേഷ് നടത്തുന്നത്. കുമ്മനം രാജശേഖരൻ തിരുവനന്തപുരത്തിന്റെ എംപിയാകുമെന്ന് ഉറപ്പിച്ചാണ് കരുനീക്കം. തിരുവനന്തപുരത്ത് കുമ്മനം ജയിച്ചാൽ വട്ടിയൂർക്കാവിൽ താമര വിരിയുമെന്നാണ് സുരേഷിന്റെ കണക്ക് കൂട്ടൽ. വട്ടിയൂർക്കാവിൽ മറ്റ് നേതാക്കൾ സജീവമാകുന്നതിന് മുമ്പ് തന്നെ എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ മാനസ പുത്രനാകാനാണ് നീക്കം. എൻ എസ് എസ് താലൂക്ക് യൂണിയന്റെ പിന്തുണ സുരേഷ് ഉറപ്പിക്കാനും സജീവ ശ്രമങ്ങൾ നടത്തുന്നുണ്ട്. ഇത് മനസ്സിലാക്കിയാണ് കുമ്മനത്തേയും സുരേഷ് ഗോപിയേയും മനസ്സിൽ കണ്ടുള്ള നീക്കം ബിജെപിയിൽ നടക്കുന്നത്. ലോക്സഭയിൽ തിരിച്ചടിയുണ്ടായാലും ഉടൻ കുമ്മനം വട്ടിയൂർകാവിൽ മത്സരിക്കാൻ തയ്യാറാവില്ലെന്നാണ് സൂചന. ഇതാണ് സുരേഷ് ഗോപിയുടെ സാധ്യതകൾ കൂട്ടുന്നത്.

കോൺഗ്രസിലും തന്ത്രപരമായ നീക്കമാണ് നടക്കുന്നത്. വട്ടിയൂർക്കാവിൽ വിഷ്ണുനാഥ് രണ്ടും കൽപ്പിച്ചാണ്. ലോക്സഭയിലേക്കും വിഷ്ണുവിന് സീറ്റ് കിട്ടിയില്ല. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ നിന്ന് മാറി നിന്നത് കർണ്ണാടകയിലെ തെരഞ്ഞെടുപ്പ് ചുമതല വഹിക്കാനാണ്. രാഹുൽ ഗാന്ധിയുമായുള്ള അടുപ്പം മുതലെടുത്ത് വട്ടിയൂർകാവിൽ സീറ്റുറപ്പിക്കാനാണ് നീക്കം. കെ സി വേണുഗോപാലിന്റെ പിന്തുണയും പ്രതീക്ഷിക്കുന്നു. എന്നാൽ കെ മോഹൻകുമാറിനെ മുന്നിൽ നിർത്തി ഈ നീക്കത്തെ വെട്ടാനാണ് രമേശ് ചെന്നിത്തലയുടെ ശ്രമം. പ്രാദേശികമായി സ്വാധീനമുള്ള മോഹൻകുമാറിനെ സ്ഥാനാർത്ഥിയാക്കാനാണ് ചെന്നിത്തലയുടെ നീക്കം. വട്ടിയൂർക്കാവിന്റെ പഴയ രൂപമായ തിരുവനന്തപുരം നോർത്തിൽ മുമ്പ് മോഹൻകുമാർ എംഎൽഎയായിരുന്നു. സിപിഎമ്മിലെ എം വിജയകുമാറിനെ അട്ടിമറിച്ചായിരുന്നു ആ നേട്ടം. പിന്നീട് മോഹൻകുമാറിനെ വിജയകുമാർ തോൽപ്പിക്കുകയും ചെയ്തു.

മോഹൻകുമാറിന് ഇനി ഒരു വർഷം കൂടി മനുഷ്യാവകാശ കമ്മീഷൻ സ്ഥാനത്ത് തുടരാം. എങ്കിലും വട്ടിയൂർക്കാവിൽ മത്സരിക്കാനായി പദവി രാജിവയ്ക്കാനും മോഹൻ കുമാർ തയ്യാറാണ്. അതിനിടെ മോഹൻകുമാറിനേക്കാൾ നല്ലത് യുവ മുഖമാണെന്ന അഭിപ്രായവും കോൺഗ്രസിൽ സജീവമാണ്. ഈ അടികൾക്കിടയിൽ വട്ടിയൂർകാവിലെ സ്ഥാനാർത്ഥിയെ നേരത്തെ അവതരിപ്പിച്ച് നേട്ടമുണ്ടാക്കാനാണ് ബിജെപിയുടെ നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP