Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എക്‌സിറ്റ് പോളുകൾ അനുകൂലമായതോടെ ആദ്യം മധ്യപ്രദേശിൽ കമൽനാഥ് സർക്കാരിനെ താഴെയിറക്കാനുള്ള നീക്കം ഫലിക്കട്ടെ; എന്നിട്ടാവാം കർണാടകയിലെ മറിച്ചിടൽ; ഓപ്പറേഷൻ ലോട്ടസ് കർണാടകയിൽ തൽക്കാലം നിർത്തി വയ്ക്കാൻ യെദ്യൂരപ്പയോട് ബിജെപി കേന്ദ്ര നേതൃത്വം; മറുകണ്ടം ചാടാൻ തയ്യാറെടുത്തിരുന്ന കോൺഗ്രസ്-ജെഡിഎസ് വിമതർക്ക് ആകെ കൺഫ്യൂഷൻ; ഫലം വരുന്നതോടെ യെദ്യൂരപ്പയെ പാർട്ടി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുമോയെന്നും ആശങ്ക

എക്‌സിറ്റ് പോളുകൾ അനുകൂലമായതോടെ ആദ്യം മധ്യപ്രദേശിൽ കമൽനാഥ് സർക്കാരിനെ താഴെയിറക്കാനുള്ള നീക്കം ഫലിക്കട്ടെ; എന്നിട്ടാവാം കർണാടകയിലെ മറിച്ചിടൽ; ഓപ്പറേഷൻ ലോട്ടസ് കർണാടകയിൽ തൽക്കാലം നിർത്തി വയ്ക്കാൻ യെദ്യൂരപ്പയോട് ബിജെപി കേന്ദ്ര നേതൃത്വം; മറുകണ്ടം ചാടാൻ തയ്യാറെടുത്തിരുന്ന കോൺഗ്രസ്-ജെഡിഎസ് വിമതർക്ക് ആകെ കൺഫ്യൂഷൻ; ഫലം വരുന്നതോടെ യെദ്യൂരപ്പയെ പാർട്ടി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുമോയെന്നും ആശങ്ക

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: കർണാടകത്തിൽ ജെഡിഎസ്-കോൺഗ്രസ് സർക്കാരിന് ആശ്വാസം പകർന്നു കൊണ്ട് ഓപ്പറേഷൻ താമര തൽക്കാലം നിർത്തി വയ്ക്കാൻ സംസ്ഥാന ബിജെപി നേതൃത്വത്തിന്റെ തീരുമാനം. ജെഡിഎസ്-കോൺഗ്രസ് മുന്നണി സർക്കാരിനെ വലിച്ചുതാഴെയിടാനായിരുന്നു ബിഎസ്.യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള നീക്കം. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശത്തെ തുടർന്നാണ് ഓപ്പറേഷൻ താമര തൽക്കാലം നിർത്തി വച്ചത്. മധ്യപ്രദേശിലെ കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാറിനെ മറിച്ചിടാനുള്ള ശ്രമങ്ങളുടെ ഫലം കണ്ട ശേഷം കർണാടകയിൽ തുടർ നടപടികളാകാമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിലപാടെന്ന് ടൈം ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം എക്‌സിറ്റ് പോൾ ഫലങ്ങൾ അനുകൂലമായതോടെ, കർണാടകയിലെ മുന്നണി സർക്കാരിനെ താഴെയിടാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയിരിക്കുകയായിരുന്നു യെദ്യൂരപ്പയും കൂട്ടരും. കേന്ദ്രം കണ്ണുരുട്ടിയതോടെ തൽക്കാലം യെദ്യൂരപ്പയ്ക്ക് അടങ്ങിയിരിക്കേണ്ടി വരും. വ്യാഴാഴ്ച തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് പിന്നാലെ കോൺഗ്രസിൽ നിന്ന് ഏഴും ജെഡിഎസിൽ നിന്ന് മൂന്നും പേർ മുന്നണി വിടുമെന്നാണ് എൻഡിഎയുടെ കണക്കുകൂട്ടൽ. ഓപ്പറേഷൻ താമര തൽക്കാലം നിർത്തി വച്ചതോടെ കോൺഗ്രസ്-ജെഡിഎസ് വിമതർ ആശയക്കുഴപ്പത്തിലായി. ഉപതിരഞ്ഞെടുപ്പിലെ ജയസാധ്യതകളെ ഈ കാലതാമസം ബാധിക്കുമെന്നാണ് അവരുടെ ആശങ്ക. എൻഡിഎ കേന്ദ്രത്തിൽ അധികാരത്തിൽ തിരിച്ചെത്തിയാൽ യെദ്യൂരപ്പയെ പാർട്ടി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയേക്കുമെന്നും അഭ്യൂഹങ്ങൾ പരത്തുന്നുണ്ട്. ഇതും വിമതരുടെ ആശങ്ക കൂട്ടുന്നു. എന്നാൽ, യെദ്യൂരപ്പ പക്ഷം ഇക്കാര്യം തള്ളിക്കളയുകയും ചെയ്യുന്നു. ഫലം വരട്ടെ, നമുക്ക് കാണാം, എന്നാണ് അവരുടെ പക്ഷം. ഏതായാലും ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടനത്തെ ആശ്രയിച്ചിരിക്കും വരാനിരിക്കുന്ന തീരുമാനങ്ങൾ.

യെദ്യൂരപ്പയ്ക്ക് 76 വയസ് തികയുന്നത് അടുത്ത വർഷം ഫെബ്രുവരിയിലാണ്. ഇതോടെ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് അദ്ദേഹം മാറേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്.എന്നാൽ, അതിന്റെ വേഗം തീർച്ചായായും തിരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചിരിക്കും. 75 വയസ് തികയുന്നതോട മുതിർന്ന നേതാക്കൾ വിരമിക്കണമെന്ന നയമാണ് അമിത്ഷായുടെ നേതൃത്വത്തിലുള്ള കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. അതേസമയം, മറുപക്ഷത്ത് നിന്ന് വിമതരെ അടർത്തി മാറ്റി ഒരുവട്ടം കൂടി മുഖ്യമന്ത്രിയാവാനാണ് യെദ്യൂരപ്പ ലക്ഷ്യമിടുന്നത്. 224 അംഗ നിയമസഭയിൽ, ബിജെപിക്ക് നിലവിൽ 104 സീറ്റുകളുണ്ട്. കോൺഗ്രസ്-ജെഡിഎസ് മുന്നണിക്ക് 115 ഉം. കോൺഗ്രസിന് 78, ജെഡിഎസിന് 37. 113 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത് ഒഴിഞ്ഞുകിടക്കുന് രണ്ടു സീറ്റിലേക്ക് ഞായറാഴ്ച വോട്ടെടുപ്പ് നടന്നു. ലിംഗായത്തുകളുടെ നേതാവായ യെദ്യൂരപ്പ നേതൃമാറ്റമുണ്ടായാൽ സാധാരണ പ്രവർത്തകനായി തുടരാൻ തയ്യാറാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, 28 ൽ 22 സീറ്റിലും ജയിക്കുമെന്നാണ് യെദ്യൂരപ്പ കണക്കുകൂട്ടുന്നത്. പാർട്ടിയിൽ നേതാക്കൾക്ക് പഞ്ഞമില്ലെന്നും യെദ്യൂരപ്പ പറയുന്നു. പാർട്ടി സംസ്ഥാന നേതൃത്വത്തിൽ, പുതുരക്തത്തെ കൊണ്ടുവരണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ താൽപര്യം. സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാൻ സാധ്യതയുണ്ടെങ്കിൽ, അതിന് യെദ്യൂരപ്പ വഴി കളമൊരുക്കുക, അതിന് പിന്നാലെ യെദ്യൂരപ്പയെ കേന്ദ്രത്തിൽ ഏതെങ്കിലും ഉന്നത സ്ഥാനത്തേക്ക് മാറ്റുക, ഇതിനാണ് സാധ്യത തെളിയുന്നത്. ദളിത് നേതാവായ അരവിന്ദ് ലിംബാവാലി, മികച്ച സംഘാടകനായ ബി.എൽ.സന്തോഷ്, സി.ടി.രവി, ആർ.അശോക് എന്നിവരുടെ പേരുകകളാണ് സംസ്ഥാന തലവന്റെ സ്ഥാനത്തേക്ക് പരിഗണിക്കുന്ന്. എന്നാൽ, ആർഎസ്എസിന്റെ പിന്തുണയുണ്ടെങ്കിലും ബി.എൽ.സന്തോഷിനെ യെദ്യൂരപ്പയെ അംഗീകരിക്കാൻ സാധ്യതയില്ല.

മധ്യപ്രദേശിലും അട്ടിമറി നീക്കം

എക്‌സിറ്റ്‌പോളുകൾ മധ്യപ്രദേശിൽ കോൺഗ്രസിന് കനത്ത തിരിച്ചടി പ്രവചിച്ചതോടെ സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി നീക്കം തുടങ്ങിയിട്ടുണ്ട. കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിന് ഭൂരിപക്ഷം നഷ്ടമായതായി ബിജെപി അവകാശപ്പെട്ടു. വിശ്വാസവോട്ടിനായി എത്രയുംവേഗം നിയമസഭ വിളിച്ചുചേർക്കാൻ ഗവർണർ ആനന്ദിബെൻ പട്ടേലിന് ഉടൻ കത്തയക്കുമെന്ന് പ്രതിപക്ഷനേതാവ് ഗോപാൽ ഭാർഗവ പറഞ്ഞു.

230 സീറ്റുള്ള മധ്യപ്രദേശ് നിയമസഭയിൽ കോൺഗ്രസിന് 114 എംഎൽഎമാരാണുള്ളത്. ബിജെപിക്ക് 109. ബിഎസ്‌പിക്ക് രണ്ടും എസ്‌പിക്ക് ഒരു സീറ്റുമുണ്ട്, നാല് സ്വതന്ത്രരും. ബിഎസ്‌പിയും എസ്‌പിയും നിലവിൽ കമൽനാഥ് സർക്കാരിനെ പിന്തുണയ്ക്കുന്നു. കോൺഗ്രസിലെ ഉൾപ്പോരിലാണ് ബിജെപി പ്രതീക്ഷവയ്ക്കുന്നത്. മുതിർന്ന നേതാക്കളായ ദിഗ്‌വിജയ് സിങും ജ്യോതിരാദിത്യ സിന്ധ്യയും മുഖ്യമന്ത്രി കമൽനാഥുമായി യോജിപ്പിലല്ല. സർക്കാരിന് ഭൂരിപക്ഷമുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് ഗോപാൽ ഭാർഗവ പറഞ്ഞു.

കോൺഗ്രസ് സർക്കാരിനെ തങ്ങളായി താഴെയിറക്കില്ലെന്നും കോൺഗ്രസ് തന്നെ പല തട്ടിലാണെന്നും മുൻ മുഖ്യമന്ത്രി ശിവ്രാജ്‌സിങ് ചൗഹാൻ പറഞ്ഞു. ബിഎസ്‌പി ലോക്‌സഭാ സ്ഥാനാർത്ഥിയായി തീരുമാനിച്ചിരുന്ന ലോകേന്ദ്ര സിങ് രാജ്പുത് കഴിഞ്ഞമാസം കോൺഗ്രസിൽ ചേർന്നു. സിന്ധ്യക്ക് പിന്തുണ പ്രഖ്യാപിച്ചായിരുന്നു ഇത്. ഈ നീക്കത്തിൽ ക്ഷുഭിതയായ മായാവതി കോൺഗ്രസ് സർക്കാരിനുള്ള പിന്തുണ പിൻവലിക്കുമെന്ന് ഭീഷണി ഉയർത്തി. കമൽനാഥ് ഇടപെട്ടാണ് സ്ഥിതി ശാന്തമാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP