Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുടിയില്ലാത്ത തല വെള്ളാപ്പളി മൊട്ടയടിക്കുമോ? അരുണിന്റെ താടി വി കെ ശ്രീകണ്ഠൻ സംരക്ഷിക്കുമോ? വിനോദ യാത്രയും വെള്ളമടിയും തുടങ്ങി പണം വരെ പന്തയ വസ്തുവായുള്ള തെരഞ്ഞെടുപ്പ് പന്തയങ്ങളുടെ വിധിയറിയാൻ ഇനി മണിക്കൂറുകൾ മാത്രം

മുടിയില്ലാത്ത തല വെള്ളാപ്പളി മൊട്ടയടിക്കുമോ? അരുണിന്റെ താടി വി കെ ശ്രീകണ്ഠൻ സംരക്ഷിക്കുമോ? വിനോദ യാത്രയും വെള്ളമടിയും തുടങ്ങി പണം വരെ പന്തയ വസ്തുവായുള്ള തെരഞ്ഞെടുപ്പ് പന്തയങ്ങളുടെ വിധിയറിയാൻ ഇനി മണിക്കൂറുകൾ മാത്രം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വീറും വാശിയും ഒട്ടും ചോർന്നില്ല. രാഷ്ട്രീയ കേരളം ഇത്തവണയും ലോക്‌സഭാ തെരഞ്ഞെടുപ്പ് ആഘോഷമാക്കി. വാശിയും വീറും വെല്ലുവിളിയും വാഗ്ദാനങ്ങളുമെല്ലാം പഴയതിലും കൂടുതൽ തന്നെയായിരുന്നു. ചായക്കടകളിൽ നിന്നും ചാനലുകളിലേക്കും സൈബർ ഇടങ്ങളിലേക്കും ചർച്ചകൾ മാറി എന്നതു മാത്രമായിരുന്നു 'റാഡിക്കലായ മാറ്റം' എന്നു വേണമെങ്കിൽ പറയാം. പന്തയങ്ങൾക്കും പഞ്ഞമില്ലാത്ത പോരാട്ടമായിരുന്നു ഇക്കുറി. വെല്ലുവിളികൾക്ക് ഒട്ടും കുറവുണ്ടായില്ല എന്നു മാത്രമല്ല, ഇത്തവണ പന്തയം വെച്ച് വെല്ലുവിളിയുമായി ആദ്യമെത്തിയത് കേരളത്തിലെ ഒരു പ്രമാണി തന്നെയായിരുന്നു എന്ന പ്രത്യേകതയുമുണ്ട്.

തല മുണ്ഡനം ചെയ്യലിലും പാതി മീശയെടുപ്പിലും തുടങ്ങി പതിവു പന്തയക്കാഴ്ചകൾ ഈ തെരഞ്ഞെടുപ്പു കാലത്തും സജീവമായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ആദ്യ പന്തയ വാർത്ത കണിച്ചുകുളങ്ങരയിൽ നിന്നായിരുന്നു. ആലപ്പുഴയിൽ ഇടതുസ്ഥാനാർത്ഥി എ.എം. ആരിഫ് പരാജയപ്പെട്ടാൽ താൻ തല മുണ്ഡനം ചെയ്യുമെന്നു പ്രഖ്യാപിച്ച് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനായിരുന്നു ആദ്യം വെടിപൊട്ടിച്ചത്. കോൺഗ്രസ് നേതാക്കളടക്കം വിമർശനമുയർത്തിയതോടെ വെള്ളാപ്പള്ളിയുടെ തലയിലെ മുടിയില്ലായ്മയെച്ചൊല്ലിയായി മാധ്യമങ്ങളിൽ അടുത്ത തലക്കെട്ട്.

ഏറ്റവുമൊടുവിൽ പന്തയത്തെക്കുറിച്ചുള്ള ചോദ്യത്തിന് അതൊക്കെ വെറും തമാശയല്ലേ എന്നാണ് വെള്ളാപ്പള്ളിയുടെ മറുപടി. പന്തയമൊന്നുമില്ല. ഞാനിനി കൂടുതലൊന്നും പറയാനുമില്ല. ആരിഫ് പതിനായിരത്തിനും 15,000-നും ഇടയ്ക്ക് വോട്ടുകൾക്ക് വിജയിക്കും എന്നു തന്നെയാണ് വെള്ളാപ്പള്ളിയുടെ നിലപാട്.

വെള്ളാപ്പള്ളിയുടെ പാത പിന്തുടർന്ന് ആലപ്പുഴ പുലയൻവഴി, സിവിൽസ്റ്റേഷൻ ഭാഗത്തെ സിപിഎം -കോൺഗ്രസ് അനുഭാവികളായ യുവാക്കളുടെ സംഘങ്ങളും പന്തയപ്പോരിനുണ്ട്. പന്തയത്തിൽ ജയിക്കുന്നവർക്കു വിനോദയാത്രയാണ് ' ഓഫർ'. ആലപ്പുഴ കുന്നുംപുറത്ത് രണ്ടു സംഘങ്ങൾ തമ്മിലുള്ള പന്തയം മദ്യത്തിന്റെ പേരിലാണ്. ഷാനിമോൾ ഉസ്മാനുമേൽ എ.എം. ആരിഫിന്റെ വിജയം ഉറപ്പിച്ച ഇടത് അനുകൂലികൾ ഫലംമറിച്ചായാൽ അഞ്ചുദിവസം തുടർച്ചയായി മദ്യസൽക്കാരം നടത്താമെന്നാണു പ്രഖ്യാപിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ മണ്ഡലങ്ങളുടെ പേരിൽ കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിലെ ഒരു സംഘം യുവാക്കൾ പന്തയം വച്ചിരിക്കുന്നത് ഒരു ലക്ഷം രൂപയാണ്. ബിവറേജസ് കോർപ്പറേഷനിൽ മദ്യം വാങ്ങാനെത്തിയ തൊട്ടടുത്ത പഞ്ചായത്തിലെ ഏതാനും യുവാക്കളാണു ഒന്നര മാസം മുമ്പ് പന്തയത്തിനു തുടക്കമിടുന്നത്. രണ്ടു ഗ്രൂപ്പിലും പത്തു പേർ വീതമുണ്ട്. ഓരോരുത്തരുടെയും ഓഹരി 10,000 രൂപ വീതം. യു.ഡി.എഫ്. അനുകൂലികളായ യുവാക്കൾ പന്തയം ഉറപ്പിച്ചതിനു പിറ്റേന്ന് ഒരു ലക്ഷം രൂപ സമീപത്തെ സഹകരണ ബാങ്ക് ശാഖയിൽ നിക്ഷേപിക്കുകയും ചെയ്തു.

പാലക്കാട് മണ്ഡലത്തിൽ യു.ഡി.എഫ്. സ്ഥാനാർത്ഥി വി.കെ. ശ്രീകണ്ഠൻ ജയിച്ചില്ലെങ്കിൽ താൻ വർഷങ്ങളായി പരിപാലിക്കുന്ന താടി വടിക്കുമെന്നാണു കുന്നത്തൂർമേട് സ്വദേശിയും കോൺഗ്രസ് പ്രവർത്തകനുമായ അരുൺ കളിയൻകണ്ടത്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്. വ്യത്യസ്തമായ പ്രവചന മത്സരമാണ് ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽ അരങ്ങേറിയത്. ആലത്തൂരിലെ വിജയിയെ കൃത്യമായി പ്രവചിക്കുന്നവരിൽനിന്നു തെരഞ്ഞെടുക്കപ്പെടുന്ന അഞ്ചുപേർക്കു മനോഹരമായ ഫലവൃക്ഷത്തോട്ടം നിർമ്മിച്ചുനൽകുമെന്നാണ് പ്രകൃതി സംരക്ഷണ സംഘത്തിന്റെ വാഗ്ദാനം. സംഘത്തിന്റെ വാട്ട്സ്ആപ് നമ്പരിലേക്ക് ഇന്നു രാവിലെ എട്ടുവരെ ശരിയുത്തരം അയയ്ക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP