Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗൾഫിൽ ജോലിയും കൈനിറയെ പണവും വാഗ്ദാനം ചെയ്ത് സെറീന വലയിലാക്കിയത് നാൽപ്പതിലേറെ യുവതികളെ; വിസിറ്റിങ് വിസയിൽ വിദേശത്തേക്ക് വിടുന്ന ഇവർ മടങ്ങിയെത്തുക ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒളിപ്പിച്ച സ്വർണ്ണവുമായി; സ്വർണം കള്ളക്കടത്തിന്റെ വിശദവിവരങ്ങൾ പുറത്തു വരുന്നത് സെറീനയെയും സുനിൽകുമാറിനെയും കഴിഞ്ഞ 13ന് അറസ്റ്റ് ചെയ്തതിനെ തുടർന്ന്; കള്ളക്കടത്ത് തലവന്മാരായ ബിജുവും ഹക്കീമും ഇപ്പോഴും ഒളിവിൽ

ഗൾഫിൽ ജോലിയും കൈനിറയെ പണവും വാഗ്ദാനം ചെയ്ത് സെറീന വലയിലാക്കിയത് നാൽപ്പതിലേറെ യുവതികളെ; വിസിറ്റിങ് വിസയിൽ വിദേശത്തേക്ക് വിടുന്ന ഇവർ മടങ്ങിയെത്തുക ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒളിപ്പിച്ച സ്വർണ്ണവുമായി; സ്വർണം കള്ളക്കടത്തിന്റെ വിശദവിവരങ്ങൾ പുറത്തു വരുന്നത് സെറീനയെയും സുനിൽകുമാറിനെയും കഴിഞ്ഞ 13ന് അറസ്റ്റ് ചെയ്തതിനെ തുടർന്ന്; കള്ളക്കടത്ത് തലവന്മാരായ ബിജുവും ഹക്കീമും ഇപ്പോഴും ഒളിവിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഗൾഫിൽ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിന് ഉപയോഗിച്ചത് നാൽപ്പതോളം നിർധന യുവതികളെ. ഗൾഫിൽ ജോലിയും ആവശ്യത്തിലധികം പണവും വാഗ്ദാനം ചെയ്താണ് യുവതികളെ വലയിലാക്കുന്നത്. കഴിഞ്ഞ 13-ന് തിരുമല സ്വദേശി സുനിൽകുമാർ, സുഹൃത്ത് സെറീനാ എന്നിവരെ 25 കിലോ സ്വർണവുമായി പിടികൂടിയതോടെയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. വിസിറ്റിങ് വിസയെടുത്ത് യുവതികളെ ഗൾഫിലേക്ക് അയയ്ക്കുകയും തിരികെവരുന്ന വഴി സ്വർണം കടത്തിക്കൊണ്ടുവരികയുമായിരുന്നു രീതി.

അറസ്റ്റിലായ സെറീന വഴിയാണ് സ്വർണക്കടത്തിന് ആളുകളെ റിക്രൂട്ട് ചെയ്തിരുന്നത്. ശരീരത്തിന്റെ പല ഭാഗങ്ങളിലും ഒളിപ്പിച്ചായിരുന്നു കടത്ത്. കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധനകൾ ഒഴിവാക്കിയതു സ്ഥരീകരിക്കാൻ വിമാനത്താവളത്തിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. മുഖ്യപ്രതികളായ അഡ്വ. ബിജുവും, ഹക്കീമും ഒളിവിലാണ്.

മുൻ ബാർ അസോസിയേഷൻ നേതാവു കൂടിയായ ബിജുവിനെ ഉപയോഗപ്പെടുത്തി ഹക്കീമാണ് സ്വർണക്കടത്തിനു നേതൃത്വം നൽകിയിരുന്നത്. നഗരത്തിലെ ഒരു സ്വർണക്കടയിലെ മാനേജരായിരുന്ന ഹക്കീം മലപ്പുറം, കോഴിക്കോട് മേഖലകളിലെ നിരവധി സ്വർണക്കടകളിൽ സ്വർണമെത്തിച്ചു നൽകിയിരുന്നു.

ദിവസങ്ങൾ നീണ്ട അന്വേഷണത്തിൽ 40-ലേറെ സ്ത്രീകളെ ഉപയോഗിച്ച് സ്വർണക്കടത്ത് നടത്തിയതായി ഡി.ആർ.ഐയ്ക്കു വിവരം ലഭിച്ചിരിക്കുന്നത്. ഇവരെല്ലാം നിർധന കുടുംബാംഗങ്ങളിലെ അംഗങ്ങളുമാണ്. കടത്തുന്ന സ്വർണത്തിന് അനുസരിച്ചാണ് ഇവർക്കു കമ്മീഷൻ നൽകിയിരുന്നത്. പണവും ഗൾഫ് ജോലിയും വാഗ്ദാനം ചെയ്താണ് ഇവരെ ഇരയാക്കിയെന്നു ഡി.ആർ.ഐയ്ക്കു തെളിവു ലഭിച്ചു. ഏതാനും കസ്റ്റംസ് ഉദ്യോഗസഥരാണ് വിമാനത്താവളത്തിൽ ഇവർക്കു സഹായം നൽകിയിരുന്നത്. പരിശോധന ഒഴിവാക്കുന്നതിനു പ്രത്യുപകാരമായി പണവും ആഡംബര സുഖസൗകര്യങ്ങളും നൽകിയിരുന്നതായാണു കണ്ടെത്തൽ. ഈ ഉദ്യോഗസ്ഥരിപ്പോൾ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്. ഇതിൽ ചിലരുടെ വീടുകളിൽ രഹസ്യപരിശോധന നടത്തി.

കഴിഞ്ഞ 13നാണ് രാവിലെയെത്തിയ ഒമാൻ എയർവേയ്‌സിൽ സ്വർണം കടത്തിയ തിരുമല വിശ്വപ്രകാശം സ്‌കൂളിനു സമീപം താമസിക്കുന്ന കെ.എസ്.ആർ.ടി.സി കണ്ടക്ടർ സുനിൽകുമാർ (45), സുഹൃത്തും കഴക്കൂട്ടം വെട്ടുറോഡ് സ്വദേശിനിയുമായ സെറീന ഷാജി (42) എന്നിവർ ഡി.ആർ.ഐയുടെ പിടിയിലായത്. ഇവർക്കെതിരെ കൊഫെപോസ (വിദേശനാണ്യ വിനിമയ സംരക്ഷണവും കള്ളക്കടത്തും സംബന്ധിച്ച ചട്ടം) ചുമത്തിയിട്ടുണ്ട്. ഇരുവരുടെയും വീടുകൾ പരിശോധിച്ച ഡി.ആർ.ഐ സംഘം ഒട്ടേറെ രേഖകൾ കണ്ടെത്തി.

കഴക്കൂട്ടത്തെ അഭിഭാഷകൻ വഴിയാണ് സെറീന സുനിൽകുമാറിനെ പരിചയപ്പെട്ടത്. രണ്ടുപേരും സന്ദർശക വിസയിലാണ് ശനിയാഴ്ച ദുബായിലേക്ക് പോയത്. അവിടെ നിന്ന് സ്വർണവുമായി ഒമാൻ വഴി തിരുവനന്തപുരത്തേക്കെത്തുകയായിരുന്നു. സെറീനയുമായി ചേർന്ന് സുനിൽകുമാർ ആറുമാസത്തിനിടെ അഞ്ചുതവണ സ്വർണം കടത്തിയതായി ഡി.ആർ.ഐ കണ്ടെത്തി. കഴിഞ്ഞ നവംബർ മുതൽ ഇരുവരും സ്വർണക്കടത്ത് സംഘത്തിലെ കാരിയർമാരായി പ്രവർത്തിച്ചുവരികയായിരുന്നു.

സെറീനയ്ക്ക് ഒരു കിലോ സ്വർണം കടത്തുന്നതിന് 10,000 രൂപ വീതമാണ് പ്രതിഫലമായി ലഭിച്ചിരുന്നതെന്നാണ് മൊഴി. കെ.എസ്.ആർ.ടി.സിയിൽ കണ്ടക്ടറായ സുനിൽ കുമാർ കഴിഞ്ഞ ഏഴുവർഷമായി ജോലിക്ക് പോകുന്നില്ല. ഇതിന്റെ പേരിൽ കെ.എസ്.ആർ.ടി.സിയുടെ അച്ചടക്ക നടപടികൾ നേരിടുന്ന സുനിൽകുമാർ സ്വർണക്കടത്തിലൂടെ വൻതോതിൽ പണം സമ്പാദിച്ചിട്ടുണ്ടെന്നാണ് സൂചന. ഇവരുടെ സ്വത്തുവകകളും ബാങ്ക് നിക്ഷേപങ്ങളും കണ്ടെത്താൻ ഡി.ആർ.ഐ ശ്രമിക്കുന്നുണ്ട്.

ജീവനക്കാരുടെ സഹായമുള്ളതിനാൽ കസ്റ്റംസ് പരിശോധനകളൊന്നും കൂടാതെ സുരക്ഷിതമായി സ്വർണം പുറത്ത് കടത്താൻ കഴിയുമെന്ന വിശ്വാസത്തിലാണ് ഹാൻഡ് ബാഗിലാക്കി സ്വർണബാറുകൾ കടത്തിക്കൊണ്ടുവന്നത്. വിമാനത്താവളത്തിൽ ആറു മാസത്തിനിടെ 100 കിലോഗ്രാമിലേറെ സ്വർണം കടത്തിയ നാല് വിമാനത്താവള ജീവനക്കാരെയും പ്രധാന ഇടനിലക്കാരനെയും അടുത്തിടെ ഡി.ആർ.ഐ അറസ്റ്റ് ചെയ്തിരുന്നു. വിദേശത്തു നിന്ന് കടത്തിക്കൊണ്ടുവരുന്ന സ്വർണം കസ്റ്റംസിനെ വെട്ടിച്ച് വിമാനത്താവളത്തിന് പുറത്തെത്തിച്ചിരുന്നത് ഇവരായിരുന്നു. ഒരു കിലോ സ്വർണം പുറത്തെത്തിച്ചാൽ അറുപതിനായിരം രൂപയാണ് ഇവർക്ക് ലഭിച്ചിരുന്നത്.

മറ്റ് വിമാനത്താവളങ്ങൾ വഴിയും സ്വർണക്കടത്ത്

സെറീനയും സംഘവും ചെന്നൈ, വാരാണസി, കൊൽക്കത്ത തുടങ്ങിയ വിമാനത്താവളങ്ങളിലൂടെയും സ്വർണം കടത്തിയതായി അന്വേഷണസംഘം. അന്താരാഷ്ട്ര വിമാനത്താവളങ്ങൾവഴി വരുന്ന കണക്ടിങ് ഫ്ളൈറ്റുകളിൽ ആഭ്യന്തര ടെർമിനലുകളിൽ ഇറങ്ങുന്നതാണ് ഇവരുടെ രീതി. രഹസ്യവിവരമില്ലാതെ സാധാരണ ആഭ്യന്തര ടെർമിനലുകളിൽ കർശനപരിശോധന ഉണ്ടാവാറില്ല. കൂടാതെ കസ്റ്റംസ് മുതൽ ഗ്രൗണ്ട് ഹാൻഡ്ലിങ് ജിവനക്കാർ വരെയുള്ളവരുടെ സഹായവും ലഭിക്കുന്നുണ്ട്. മറ്റു വിമാനത്താവളങ്ങളിലേക്കും റവന്യൂ ഇന്റലിജൻസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

പുറത്തെത്തിക്കുന്ന സ്വർണം ഇടനിലക്കാർക്ക് കൈമാറുന്നത് സെറീനയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏജന്റുമാരുമായി ഇവർക്ക് ബന്ധമുണ്ട്. സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന സംഘങ്ങളായാണ് സ്വർണം കടത്തുന്നത്. അഞ്ചുമുതൽ ഏഴുവരെ പേർ ഒരു സംഘത്തിലുണ്ടാകും.

അന്വേഷണ ഏജൻസികൾക്ക് വിവരം ചോർന്നാൽ രക്ഷപ്പെടാനാണ് സംഘമായി എത്തുന്നത്. ഇതിൽ ആരെങ്കിലും പിടിക്കപ്പെടുമെന്ന് തോന്നിയാൽ അടുത്ത ആളിലേക്ക് ബാഗ് കൈമാറുന്നതാണ് രീതി. പലപ്പോഴും കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാകും ഏജൻസികൾ സ്വർണക്കടത്തുകാരെ പിടികൂടുന്നത്. ഇവരിൽനിന്ന് സ്വർണം കണ്ടെത്താനാവാതെ വരുന്നതോടെ പരിശോധന അവസാനിപ്പിക്കുകയാണ് പതിവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP