Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശബരിമലയിൽ പിടിവാശി പിടിച്ച് തോൽവി ഇരന്നു വാങ്ങിയ മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടിയിലും സർക്കാരിലും ഒറ്റപ്പെടുമോ? പരാജയത്തിന്റെ പാപഭാരത്തിന്റെ പ്രധാന ഉത്തരവാദിത്തം പിണറായിയുടെ തോളിൽ തന്നെ; ചരിത്രത്തിലില്ലാത്ത തോൽവിയുടെ കാരണങ്ങൾ മുഖ്യമന്ത്രിക്ക് വിശദീകരിക്കേണ്ടിയും വന്നേക്കും; ദേശീയ തലത്തിൽ തരിപ്പണമായ സിപിഎമ്മിന് മുന്നിൽ ഉയരുന്നത് ഇനി എന്ത് എന്ന ചോദ്യം

ശബരിമലയിൽ പിടിവാശി പിടിച്ച് തോൽവി ഇരന്നു വാങ്ങിയ മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടിയിലും സർക്കാരിലും ഒറ്റപ്പെടുമോ? പരാജയത്തിന്റെ പാപഭാരത്തിന്റെ പ്രധാന ഉത്തരവാദിത്തം പിണറായിയുടെ തോളിൽ തന്നെ; ചരിത്രത്തിലില്ലാത്ത തോൽവിയുടെ കാരണങ്ങൾ മുഖ്യമന്ത്രിക്ക് വിശദീകരിക്കേണ്ടിയും വന്നേക്കും; ദേശീയ തലത്തിൽ തരിപ്പണമായ സിപിഎമ്മിന് മുന്നിൽ ഉയരുന്നത് ഇനി എന്ത് എന്ന ചോദ്യം

മറുനാടൻ ഡെസ്‌ക്‌

 തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ സിപിഎം കനത്ത തിരിച്ചടി നേരിട്ടിരിക്കെ പരാജയത്തിന്റെ പാപഭാരം ഒറ്റയ്ക്ക് തലയിലേറ്റേണ്ട അവസ്ഥയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നു രാവിലെ തന്നെ മുഖ്യമന്ത്രി എകെജി സെന്ററിൽ എത്തിയെങ്കിലും പതിവ് പോലെ മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല. മുഖ്യമന്ത്രി മ്ലാനവദനനായപ്പോൾ എകെജി സെന്ററിലും ആളനക്കം കണ്ടില്ല. പരാജയം പ്രതീക്ഷിച്ച പോലെ, തിരഞ്ഞെടുപ്പ് സമയത്ത് എകെജി സെന്ററിൽ കാണാത്ത ഒരു നിശബ്ദത എകെജി സെന്ററിലും നിലനിന്നിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം കനത്ത തിരിച്ചടിയായി മാറിയേക്കുമെന്ന സൂചനകൾ സിപിഎമ്മിൽ ശക്തമായി നിലനിന്നിരുന്നു.

ശബരിമല ആചാരലംഘന പ്രശ്‌നം തിരിച്ചടിക്കുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ തന്നെ വിലയിരുത്തൽ വന്നിരുന്നു. പക്ഷെ ഇത്ര കടുത്ത തിരിച്ചടി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും പ്രതീക്ഷിച്ചിരിക്കില്ല. ഇനി എന്ത് എന്ന ചോദ്യമാണ് ഇപ്പോൾ പാർട്ടി തലത്തിലും ഭരണതലത്തിലും ഇപ്പോൾ പാർട്ടിക്ക് മുന്നിൽ ഉയരുന്ന ചോദ്യം. കേരളത്തിലെ ഒരു ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇതുവരെ ലഭിച്ചിട്ടില്ലാത്ത തിരിച്ചടിയിൽ പാർട്ടി വിറച്ചു നിൽക്കെ ഇനി തീരുമാനങ്ങൾക്കായി പാർട്ടിക്ക് സമയം വേണ്ടിവരും.

ശബരിമല ആചാരലംഘന പ്രശ്‌നം വിധി നിർണ്ണയിച്ച തിരഞ്ഞെടുപ്പ് ഫലമാണ് പുറത്തു വന്നിരിക്കുന്നത് എന്ന് വ്യക്തമായിരിക്കെ ഫലത്തിന്റെ ധാർമ്മിക ഉത്തരവാദിത്തം മുഖ്യമന്ത്രിയുടെ ചുമലിലേക്കാണ് അമരുന്നത്. മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയൻ ഭരണത്തിലും പാർട്ടിയിലും ഇനി ഒറ്റപ്പെടാൻ പോവുകയാണ് എന്ന വിലയിരുത്തലാണ് പുറത്തുവരുന്നത്. ഇതാദ്യമായല്ല തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയന്റെ ചുമലിൽ അമരുന്നത്.

2011-ൽ ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിൽ വന്നപ്പോൾ പാർട്ടി സെക്രട്ടറി എന്ന നിലയിൽ ഉത്തരവാദിത്തം പിണറായി വിജയനു തന്നെയായിരുന്നു. പക്ഷെ ഫോട്ടോ ഫിനിഷ് തോൽവിയായിരുന്നു അന്ന് ഇടതുമുന്നണിയും സിപിഎമ്മും നേരിട്ടത്. വി എസ് അച്യുതാനന്ദൻ സർക്കാർ വീണ്ടും അധികാരത്തിൽ വരാതിരിക്കാൻ പാർട്ടി വിഎസിനെ തോൽപ്പിച്ച് എന്ന് പോലും ആക്ഷേപം വന്നിരുന്നു. ഭരണ നേട്ടങ്ങൾ ഒന്നും ഇല്ലാതിരുന്നിട്ടും വി എസ് സർക്കാരിനെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കേരളം തള്ളിക്കളഞ്ഞില്ല. ഇത് വി എസ് സർക്കാരിന്റെ നേട്ടമായി പോലും വിലയിരുത്തപ്പെട്ടു. പക്ഷെ 2011 നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്ത് വന്ന അവസ്ഥയല്ല ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്ത് വന്ന ഇപ്പോഴത്തെ അവസ്ഥ. പിണറായി സർക്കാർ ഭരണത്തിൽ ഇരിക്കുകയും ഈ സർക്കാർ ശബരിമലയിൽ സർക്കാർ സ്വീകരിച്ച നിലപാട് തിരഞ്ഞടുപ്പിന്റെ മുഖ്യപ്രശ്‌നമായി ഉയർന്നുവന്ന തിരഞ്ഞെടുപ്പ് കൂടിയാണിത്.

ശബരിമലയിൽ വനിതകൾക്കും പ്രവേശിക്കാം എന്ന സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി വന്നപ്പോൾ അത് രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കാൻ ഇറങ്ങിപ്പുറപ്പെട്ട സർക്കാർ തീരുമാനമാണ് ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ പ്രചാരണ വിഷയമായത്. ശബരിമലയിൽ പൊലീസ് ബൂട്ടിട്ട് കയറിയതും ആചാരലംഘനം നടത്തി വനിതകളെ അയ്യപ്പ സന്നിധിയിൽ എത്തിച്ചതും തിരഞ്ഞെടുപ്പിൽ തിരിച്ചടിക്കും എന്ന് വിശ്വസ്തർ മുഖ്യമന്ത്രി പിണറായി വിജയനെ സ്വീകാര്യമായി ധരിപ്പിച്ചത് കൂടിയായിരുന്നു. പക്ഷെ എടുത്ത തീരുമാനത്തിൽ മുഖ്യമന്ത്രി ഉറച്ചു നിന്നു.

കടുത്ത ഹിന്ദുത്വ നിലപാട് മുഖ്യമന്ത്രി കൈക്കൊണ്ടപ്പോൾ പ്രതീക്ഷിച്ചത് ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണമായിരുന്നു. നഷ്ടമായ ഹിന്ദു വോട്ടുകൾക്ക് പകരം ന്യൂനപക്ഷ വോട്ടുകൾ സിപിഎമ്മിന് അനുകൂലമായി തിരിയുമെന്നു മുഖ്യമന്ത്രിയും സിപിഎമ്മും പ്രതീക്ഷിച്ചിരുന്നു. പക്ഷെ ആചാര ലംഘനവും വിശ്വാസവും കടന്നുവന്നപ്പോൾ ക്രിസ്ത്യൻ-മുസ്ലിം വിഭാഗങ്ങൾ ഇടത് സർക്കാരിനെതിരെ നിലപാട് എടുക്കുന്നതാണ് തിരഞ്ഞെടുപ്പിൽ കണ്ടത്. ഇതേ വിശ്വാസ ലംഘന പ്രശ്‌നങ്ങൾ തങ്ങൾക്ക് എതിരെയും വന്നാൽ പ്രതിരോധിക്കുക വിഷമമാകും എന്ന് തിരിച്ചറിഞ്ഞാണ് ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫിലേക്ക് കേന്ദ്രീകരിക്കപ്പെട്ടത്.

ഒരു ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇതുവരെ നേരിട്ടിട്ടില്ലാത്ത തിരിച്ചടിയാണ് കേരളത്തിൽ സിപിഎമ്മും ഇടത്മുന്നണിയും നേരിടുന്നത്. ഈ തിരഞ്ഞെടുപ്പ് പരാജയം പൂർണമായും മുഖ്യമന്ത്രി പിണറായി വിജയന്റെ ചുമലിൽ തന്നെയാണ് അമരുന്നതും. വിശ്വാസലംഘന പ്രശ്‌നങ്ങൾ തിരഞ്ഞെടുപ്പിൽ തിരിച്ചടിക്കില്ല എന്ന ഉറച്ച തീരുമാനത്തിന്റെ പിന്നിൽ എന്തായിരുന്നു എന്ന് മുഖ്യമന്ത്രിക്ക് ഇനി വിശദീകരിക്കേണ്ടി വരും. തിരഞ്ഞെടുപ്പ് തോൽവിയുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി പദത്തിൽ നിന്നുള്ള രാജിസന്നദ്ധത കൂടി ഒരു പക്ഷെ മുഖ്യമന്ത്രിക്ക് പ്രകടിപ്പിക്കേണ്ടിയും വന്നേക്കും.

പാർട്ടിയിൽ പിണറായി വിജയൻന്റെ എതിർ ശബ്ദങ്ങൾ ശക്തികൂടുന്ന അവസ്ഥയും സിപിഎമ്മിൽ വന്നേക്കും. ഇരുപത് ലോക്‌സഭാ സീറ്റുകളിൽ ഒന്ന് പോലും ലഭിക്കാത്ത അവസ്ഥ സിപിഎം നേരിടുമ്പോൾ അത് പാർട്ടിക്കുള്ളിലും ഭരണത്തലത്തിലും വൻ പ്രകമ്പനങ്ങൾക്ക് തന്നെയാണ് ഇനി കാരണമാകുക. സിപിഎം പാർട്ടി വൃത്തങ്ങൾ ഇപ്പോൾ കനത്ത നിശബ്ദതയിലാണ്. ഈ നിശബ്ദത കൊടുങ്കാറ്റ് ആയി മാറിയാൽ ചോദ്യം ചെയ്യപ്പെടുക ഇതുവരെ പോറലേൽക്കാതെ നിന്ന പിണറായി വിജയന്റെ പാർട്ടിയിലെ മേധാവിത്തം തന്നെയാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP