Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

വയനാടിനായി കാസർഗോഡിനെ പരിഹസിച്ച ചാണ്ടിക്കുള്ള മറുപടിയായി ഉണ്ണിത്താനെ ഇറക്കി; സിദ്ദിഖ് പോലും നോ പറഞ്ഞ വടകരയിൽ മുരളീധരനെ ഇറക്കി തരംഗം ഉണ്ടാക്കി; സോണിയയുടെ അടുക്കളക്കാരനായ കെവി തോമസിനെ വെട്ടി ആറ്റിൽ എറിഞ്ഞ് മാസായി; തരൂരിന് വേണ്ടി ശിവകുമാറിനെ നിലയ്ക്ക് നിർത്തി ഉഗ്രശാസന; അയ്യപ്പ വികാരവും രാഹുൽ ഇംപാക്ടും ഘടകമായപ്പോഴും നിർണ്ണായകമായത് പ്രസിഡന്റിന്റെ ഇടപെടലുകൾ; സ്വന്തം സീറ്റ് വേണ്ടെന്ന് വച്ച് കോൺഗ്രസിനെ നയിക്കാൻ ഇറങ്ങി അജയ്യനായി മുല്ലപ്പള്ളി

വയനാടിനായി കാസർഗോഡിനെ പരിഹസിച്ച ചാണ്ടിക്കുള്ള മറുപടിയായി ഉണ്ണിത്താനെ ഇറക്കി; സിദ്ദിഖ് പോലും നോ പറഞ്ഞ വടകരയിൽ മുരളീധരനെ ഇറക്കി തരംഗം ഉണ്ടാക്കി; സോണിയയുടെ അടുക്കളക്കാരനായ കെവി തോമസിനെ വെട്ടി ആറ്റിൽ എറിഞ്ഞ് മാസായി; തരൂരിന് വേണ്ടി ശിവകുമാറിനെ നിലയ്ക്ക് നിർത്തി ഉഗ്രശാസന; അയ്യപ്പ വികാരവും രാഹുൽ ഇംപാക്ടും ഘടകമായപ്പോഴും നിർണ്ണായകമായത് പ്രസിഡന്റിന്റെ ഇടപെടലുകൾ; സ്വന്തം സീറ്റ് വേണ്ടെന്ന് വച്ച് കോൺഗ്രസിനെ നയിക്കാൻ ഇറങ്ങി അജയ്യനായി മുല്ലപ്പള്ളി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇത് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ വിജയമാണ്. ഇരുപതിൽ ഇരുപതുമായിരുന്നു മനസ്സിൽ. അത് തുറന്നു പറയുകയും ചെയ്തു. അതിന് വേണ്ടിയാണ് താൻ ഓടി നടക്കുന്നതെന്ന് മുല്ലപ്പള്ളി പറഞ്ഞപ്പോൾ പലരും കളിയാക്കി. കെപിസിസി അധ്യക്ഷനെന്ന നിലയിൽ മുല്ലപ്പള്ളിയുടെ അപ്രമാധിത്യത്തെ അംഗീകരിക്കാൻ എ-ഐ ഗ്രൂപ്പുകളും തയ്യാറായിരുന്നില്ല. വയനാട് കിട്ടിയേ തീരൂവെന്ന് പറഞ്ഞ് ഉമ്മൻ ചാണ്ടി കടുംപിടിത്തം പിടിച്ചതു മുതൽ സ്ഥാനാർത്ഥി നിർണ്ണയം മുല്ലപ്പള്ളിക്ക് വെല്ലുവിളിയായി. 20 സീറ്റിലും ജയിക്കാനാവുന്ന സ്ഥാനാർത്ഥികളെ നിർത്തുകയെന്നതായിരുന്നു മുല്ലപ്പള്ളിയുടെ മനസ്സിൽ. ഇതിന് വേണ്ടി പല പേരു ദോഷവും കേട്ടു. വടകരയിൽ നിന്ന് പേടിച്ചോടിയ നേതാവെന്ന് പോലും കളിയാക്കി. അപ്പോഴും എല്ലായിടത്തും തന്റെ കണ്ണെത്തണമെന്ന് മുല്ലപ്പള്ളിക്ക് നിർബന്ധമുണ്ടായിരുന്നു. അങ്ങനെ തിരുവനന്തപുരത്ത് ഇരുന്ന് മുല്ലപ്പള്ളി കാര്യങ്ങൾ നിയന്ത്രിച്ചു. തെറ്റുകൾ തിരുത്തി. അങ്ങനെ പാലക്കാട് പോലും അവിശ്വസനീയ വിജയം കോൺഗ്രസ് നേടിയെടുത്തു.

വയനാടിന് വേണ്ടിയുള്ള കടുംപിടത്തമാണ് മുല്ലപ്പള്ളിയെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഏറെ വേദനിപ്പിച്ചത്. വയനാട് ഷാനിമോൾ ഉസ്മാനെ മത്സരിപ്പിക്കാനായിരുന്നു രമേശ് ചെന്നിത്തലയുടെ താൽപ്പര്യം. ഉമ്മൻ ചാണ്ടിക്ക് ടി സിദ്ദിഖിനേയും. എന്നാൽ കാസർഗോഡ് നേരിയ മാർജിനിലെ കഴിഞ്ഞ തവണ തോറ്റ സിദ്ദിഖിനെ അങ്ങോട്ട് അയയ്ക്കാനായിരുന്നു മുല്ലപ്പള്ളിയുടെ ആഗ്രഹം. എന്നാൽ തോൽക്കുന്ന സീറ്റിലേക്ക് സിദ്ദിഖിനെ അയയ്ക്കില്ലെന്ന് ഉമ്മൻ ചാണ്ടി തീർത്തു പറഞ്ഞു. ഇതോടെ കാസർഗോട്ടെ സ്ഥാനാർത്ഥിയെ മുല്ലപ്പള്ളി സ്വയം തീരുമാനിച്ചു. അങ്ങനെയാണ് രാജ്‌മോഹൻ ഉണ്ണിത്താൻ കാസർഗോട്ടേക്ക് വണ്ടി കയറിയത്. തുടക്കത്തിൽ എ ഗ്രൂപ്പ് ചില അസ്വാരസ്യങ്ങൾ ഉയർത്തി. ഒറ്റ രാത്രിക്കൊണ്ട് വിമതരെ വരച്ച വലയ്ക്ക് നിർത്തി ഗ്രൂപ്പ് പോരിന് അവസാനം കുറിച്ചു. രാജ്‌മോഹൻ ഉണ്ണിത്താന്റെ പ്രവർത്തനങ്ങൾ ദിവസവും നിരീക്ഷിച്ചു. അങ്ങനെ സ്വന്തം സ്ഥാനാർത്ഥിയെ ഇടത് കോട്ടയിൽ നിർത്തി മുല്ലപ്പള്ളി വിജയത്തിലേക്ക് കൊണ്ടു പോയി.

വടകരയ്ക്ക് പറയാനുള്ളത് ചുവപ്പു തേരോട്ടത്തിന്റെ കഥയായിരുന്നു. സിപിഎമ്മിന്റെ സതീദേവി ലക്ഷം വോട്ടിന് ജയിച്ചിരുന്ന മണ്ഡലം. ഇതിനെ പുഞ്ചിരിയുമായെത്തി വലത്തേക്ക് അടുപ്പിച്ചത് മുല്ലപ്പള്ളിയായിരുന്നു. കണ്ണൂരിലെ അട്ടിമറി വിജയത്തിന്റെ കുരത്തറിഞ്ഞ് മുല്ലപ്പള്ളിയെ പത്തുകൊല്ലം മുമ്പ് ആന്റണിയാണ് വടകരയിലെ സ്ഥാനാർത്ഥിയാക്കിയത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായി. പിന്നീട് എഐസിസി തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി കോൺഗ്രസ് ദേശീയ നേതൃത്വത്തിലെ പ്രധാനിയായി. ഇതിനിടെയാണ് കേരളത്തിൽ മടങ്ങിയെത്താൻ മോഹമുദിച്ചത്. വി എം സുധീരന്റെ പരീക്ഷണം പരാജയമായെങ്കിലും ഗ്രൂപ്പിന് അതീതനായ മുല്ലപ്പള്ളിയെ കേരളത്തിൽ കൊണ്ടു വരാൻ രാഹുൽ തീരുമാനിച്ചു. ഇത് വെറുതെയുമായില്ല. ഹെഡ്‌മാസറ്ററുടെ കാർക്കശ്യത്തോടെ മുല്ലപ്പള്ളി കാര്യങ്ങൾ നോക്കാൻ തുടങ്ങി. ഇതിന്റെ വിജയമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കണ്ടതും.

വയനാട്ടിൽ രാഹുലിനെ എത്തിച്ചത് ആന്റണിയുടെ ഓപ്പറേഷനായിരുന്നു. അമേഠിയിൽ രാഹുൽ തോൽക്കുമെന്ന വിലയിരുത്തൽ എത്തിയതോടെയായിരുന്നു ഈ നീക്കം. മുല്ലപ്പള്ളിക്കും ഇത് അറിയമായിരുന്നു. അതുകൊണ്ട് തന്നെ കാസർഗോഡ് സിദ്ദിഖിനായി വാദിച്ച തോറ്റപ്പോഴും എല്ലാം മനസ്സിൽ കുറിച്ച് ഉണ്ണിത്താനെ കാസർഗോട്ടെ സ്ഥാനാർത്ഥിയാക്കി. വടകരയിൽ മുരളീധരനെ എത്തിച്ചതായിരുന്നു അതി നിർണ്ണായകമായ മറ്റൊരു നീക്കം. മുരളീധരൻ സ്ഥാനാർത്ഥിയായതോടെ തന്നെ വടകരയിൽ സിപിഎം ഞെട്ടി. മുല്ലപ്പള്ളിയുടെ സിറ്റിങ് സീറ്റിൽ പി ജയരാജനെ സ്ഥാനാർത്ഥിയാക്കിയത് തന്നെ വെല്ലുവിളി ഉയർത്തുന്ന സ്ഥാനാർത്ഥി ഉണ്ടാകില്ലെന്ന പ്രതീക്ഷയിലാണ്. ഇവിടെയാണ് മുരളീധരനെ വട്ടിയൂർക്കാവിൽ നിന്നെത്തിച്ച മുല്ലപ്പള്ളി മാജിക്ക് സിപിഎമ്മിനെ തകർത്തത്. മുരളീധരന്റെ തിളങ്ങുന്ന വിജയം മുല്ലപ്പള്ളിയുടെ തന്ത്രത്തിന്റെ വിജയമാണ്. ബിന്ദു കൃഷ്ണ മുതൽ സിദ്ദിഖ് വരെ നോ പറഞ്ഞ വടകരയിൽ കൈപ്പത്തി ജയിക്കുമ്പോൾ അത് മുല്ലപ്പള്ളിക്ക് ആശ്വാസമാണ്.

എറണാകുളത്തെ കോൺഗ്രസ് സ്ഥാനാർത്ഥി കെവി തോമസ് എന്നായിരുന്നു സിപിഎം കരുതിയത്. സോണിയാ ഗാന്ധിയുടെ കിച്ചൺ ക്യാബിനറ്റിലെ പ്രധാനിയാണ് തോമസ്. അതുകൊണ്ട് തന്നെ തോമസ് വീണ്ടും മത്സരിക്കാനെത്തുമെന്ന് ഏവരും പ്രതീക്ഷിച്ചു. എന്നാൽ പി രാജീവ് എന്ന ശക്തനെ നേരിടാൻ യുവ മുഖം വേണമെന്ന് മുല്ലപ്പള്ളി ഉറപ്പിച്ചു. ഹൈബി ഈഡൻ സ്ഥാനാർത്ഥിയായത് ഈ പിടിവാശി മൂലമായിരുന്നു. ഇതും കോൺഗ്രസ് പ്രവർത്തകരെ പോലും ഞെട്ടിച്ച നീക്കമായിരുന്നു. ഇതിന് പിന്നാലെയാണ് പ്രചരണം തുടങ്ങിയ ശേഷം തിരുവനന്തപുരത്തുണ്ടായ പൊട്ടിത്തെറി. ശശി തരൂരിന് വേണ്ടി വി എസ് ശിവകുമാറും കൂട്ടരും പ്രവർത്തിക്കാനെത്തിയില്ല. നായർ വോട്ടുകൾ ഭിന്നിപ്പിക്കാൻ നീക്കവുമുണ്ടായി. തിരുവനന്തപുരത്ത് ഓടിയെത്തി ശിവകുമാറിനെ വിളിച്ചു വരുത്തി ശാസിച്ചു. തരൂർ തോറ്റാൽ പാർട്ടിക്ക് പുറത്താകുമെന്ന് ശിവകുമാറിന് മുന്നറിയിപ്പ് നൽകി. ഇതോടെ ശിവകുമാറും പ്രചരണത്തിൽ സജീവമായി. അങ്ങനെ തിരുവനന്തപുരത്തെ പ്രശ്‌നങ്ങളും തീർന്നു.

ആലപ്പുഴയിൽ മാത്രമാണ് കണക്കുകൂട്ടലുകൾ തെറ്റിയത്. വയനാട്ടിലേക്ക് ഷാനി മോളെ പരിഗണിച്ചിരുന്നു. വയനാട്ടിൽ രാഹുൽ എത്തിയതോടെയാണ് ഷാനി മോളെ ആലപ്പുഴയിലേക്ക് മാറ്റിയത്. കെസി വേണുഗോപാൽ മത്സരിച്ചിരുന്നുവെങ്കിൽ കാര്യങ്ങൾ അവിടേയും മാറി മറിഞ്ഞേനെ. ആലപ്പുഴയിൽ ഷാനിമോളെ നിർദ്ദേശിച്ചതും കെസി വേണുഗോപാലായിരുന്നു. എഐസിസി ജനറൽ സെക്രട്ടറിയെന്ന നിലയിൽ നടത്തിയ നീക്കമാണ് ഷാനി മോൾക്ക് തുണയായത്. മുല്ലപ്പള്ളിയുടെ മനസ്സിൽ പ്രയാർ ഗോപാലകൃഷ്ണനായിരുന്നുവെന്നാണ് സൂചന. എന്നാൽ ഹൈക്കമാണ്ട് സമ്മർദ്ദം കാരണം പ്രയാറിന് സീറ്റില്ലാതെ പോയി. ഒരു ഹെഡ്‌മാസ്റ്ററെ പോലെയാണ് മുല്ലപ്പള്ളി 20 മണ്ഡലങ്ങളേയും നോക്കിയത്. വടകരയിൽ മത്സരിക്കുന്നില്ലെന്ന് പറഞ്ഞതും 20ൽ20ലും കോൺഗ്രസിന് ജയം ഉറപ്പിക്കാനാണ്. ഒരു റൺസിന് ഈ ലക്ഷ്യം നഷ്ടമായി. എങ്കിലും മുല്ലപ്പള്ളിയുടെ കാർക്കശ്യം ശരിക്ക് നേതാക്കളും പ്രവർത്തകരും തിരിച്ചറിഞ്ഞിട്ടുണ്ട്.

ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസ് നേടിയത് ചരിത്ര വിജയമെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും സമ്മതിച്ചു കഴിഞ്ഞു. 19 മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർത്ഥികളുടേത് മതേതര ശക്തികളുടെ വിജയമാണ്. മോീിയുടെ ഭരണത്തെ കേരളം സത്യസന്ധമായി വിലയിരുത്തി. രാഷ്ട്രീയ പ്രബുദ്ധതയുള്ള വോട്ടർമാരെ അഭിനന്ദിക്കുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു. ആ അജണ്ടയാണ് മുല്ലപ്പള്ളിയും കേരളത്തെ യുഡിഎഫിന് അനുകൂലമാക്കാൻ അവതരിപ്പിച്ചതും. മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്റായത് തീർത്തും അപ്രതീക്ഷിതമായാണ്. മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി അധ്യക്ഷനായി രാഹുൽ ഗാന്ധി തീരുമാനിച്ചത്. മുല്ലപ്പള്ളിയെ അധ്യക്ഷനാക്കണമെന്ന എ,ഐ ഗ്രൂപ്പ് നേതൃത്വങ്ങളുടെ നിർദ്ദേശത്തിന് രാഹുൽ ഗാന്ധി ചെവി കൊടുത്തു. സാമുദായിക സമവാക്യം പാലിക്കാനും പുതിയ പട്ടികയിൽ കോൺഗ്രസ് ദേശീയ നേതൃത്വം ശ്രദ്ധിച്ചു.

കോൺഗ്രസിന് എല്ലായിടത്തും സിപിഎമ്മിന്റെ വോട്ട് കിട്ടിയിട്ടുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ നേരത്തെ തന്നെ പറഞ്ഞിരുന്നു. ബിജെപി യുഡിഎഫിന് വോട്ട് മറിച്ചെന്ന് തെളിയിച്ചാൽ താൻ പൊതുപ്രവർത്തനം നിർത്താം. വടകരയിൽ മൽസരിക്കാൻ തന്നെ നിർബന്ധിച്ചത് സിപിഎം നേതാക്കളാണ്. മുരളീധരനെ മൽസരിപ്പിക്കണമെന്ന് പറഞ്ഞവരിൽ സിപിഎമ്മുകാരുമുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു. ബിജെപി സ്ഥാനാർത്ഥികൾ മൽസരിച്ചത് കേന്ദ്രത്തിൽ നിന്നുള്ള കോടികൾ പ്രതീക്ഷിച്ചാണ്. ആരും ജയിക്കാനല്ല മൽസരിച്ചത്. മണ്ഡലങ്ങളിൽ ഇത് പ്രകടമായിരുന്നു. സിപിഎമ്മും പണക്കൊഴുപ്പിലാണ് മൽസരിച്ചത്. കോൺഗ്രസിലെ ആരെങ്കിലും ബിജെപിയെ സഹായിച്ചു എന്നറിഞ്ഞാൽ അവർ പാർട്ടിയിൽ ഉണ്ടാകില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കിയിരുന്നു. കോൺഗ്രസിന്റെ ഒരു വോട്ടും മറ്റ് സ്ഥാനാർത്ഥികൾക്ക് പോയില്ലെന്ന് മുല്ലപ്പള്ളി ഉറപ്പിച്ചുവെന്നതാണ് വസ്തുത.

ഇനി പാർട്ടി പുനഃസംഘടനയിലേക്ക് മുല്ലപ്പള്ളി കടക്കും. കോൺഗ്രസിന്റെ എല്ലാ തലത്തിലും പുനഃസംഘടന ഉണ്ടാകുമെന്നു മുല്ലപ്പള്ളി അറിയിച്ചിട്ടുണ്ട്. പുനഃസംഘടന ഇല്ലാതെ ഇനി മുന്നോട്ടു പോകാനാവില്ല. ചിട്ടയായ പ്രവർത്തനമുള്ള സിപിഎമ്മും ആർഎസ്എസിന്റെ സംഘടനാ പാടവമുള്ള ബിജെപിയും മറുവശത്തു നിൽക്കുമ്പോൾ അയഞ്ഞ മട്ടിൽ കോൺഗ്രസിനു മുന്നോട്ടു പോകാനാവില്ലെന്നതാണ് മുല്ലപ്പള്ളിയുടെ നിലപാട്. അടുത്ത വർഷം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിപ്പിക്കാൻ സംഘടനയെ മുല്ലപ്പള്ളി പുതിയ തലത്തിൽ കെട്ടിപെടുത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP