Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'അങ്ങിനെ തൃശൂരിനെ ആർക്കും എടുക്കാൻ കൊടുക്കില്ല'; 'എനിക്ക് തൃശൂർ വേണം.. തൃശൂരിനെ ഞാനിങ്ങെടുക്കുവാ' എന്ന സുരേഷ് ഗോപിയുടെ ഡയലോഗിനെ ട്രോളി തൃശ്ശൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥി ടി എൻ പ്രതാപൻ; ബിജെപിയുടെ താരസ്ഥാനാർത്ഥിയുടെ വരവോട് പരാജയ ഭീതിയെന്ന് തുറന്നു പറഞ്ഞ പ്രതാപൻ വിജയിച്ചു കയറിയത് വമ്പൻ ഭൂരിപക്ഷവുമായി

'അങ്ങിനെ തൃശൂരിനെ ആർക്കും എടുക്കാൻ കൊടുക്കില്ല'; 'എനിക്ക് തൃശൂർ വേണം.. തൃശൂരിനെ ഞാനിങ്ങെടുക്കുവാ' എന്ന സുരേഷ് ഗോപിയുടെ ഡയലോഗിനെ ട്രോളി തൃശ്ശൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥി ടി എൻ പ്രതാപൻ; ബിജെപിയുടെ താരസ്ഥാനാർത്ഥിയുടെ വരവോട് പരാജയ ഭീതിയെന്ന് തുറന്നു പറഞ്ഞ പ്രതാപൻ വിജയിച്ചു കയറിയത് വമ്പൻ ഭൂരിപക്ഷവുമായി

മറുനാടൻ ഡെസ്‌ക്‌

തൃശൂർ: സുരേഷ് ഗോപിയെ തിരിച്ച് ട്രോളുമ്പോൾ തൃശൂരിൽ വിജയിയായ ടി.എൻ.പ്രതാപന്റെ മുഖത്ത് തത്തിക്കളിച്ചത് സന്തോഷത്തേക്കാൾ കൂടുതൽ ആശ്വാസമായിരുന്നു. പ്രചാരണ സമയത്ത് പ്രതാപന്റെ ചങ്കിടിപ്പിച്ച സുരേഷ് ഗോപിയുടെ 'എനിക്ക് തൃശൂർ വേണം തൃശൂരിനെ ഞാനിങ്ങെടുക്കുവാ.' എന്ന സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ പ്രസംഗത്തിനുള്ള മറുപടിയാണ് സുരേഷ് ഗോപിയെ തിരിച്ചു ട്രോളി പ്രതാപൻ ഇന്നു നൽകിയത്. 'അങ്ങിനെ തൃശൂരിനെ ആർക്കും എടുക്കാൻ കൊടുക്കില്ല. തൃശൂർ തൃശൂർക്കാർക്കുള്ളത്. തൃശൂരെന്നും ജനങ്ങൾക്ക് ഇഷ്ടമുള്ളവരുടെ കയ്യിലാണ്. ഇവിടെ നിന്ന് ആരെങ്കിലും തൃശൂരിനെ കൊണ്ടുപോകാൻ വന്നാൽ തൃശൂരുകാർ സമ്മതിക്കില്ല-ഇതാണ് പ്രതാപൻ സുരേഷ് ഗോപിക്ക് മറുപടി നൽകിയത്.

പ്രചാരണ സമയത്തുള്ള സുരേഷ് ഗോപിയുടെ പ്രസംഗത്തിന് മറുപടി നൽകാൻ വിജയം വരെ പ്രതാപന് കാത്തിരിക്കേണ്ടി വന്നു എന്നത് തന്നെ സുരേഷ് ഗോപി തിരഞ്ഞെടുപ്പ് രംഗത്ത് ചെലുത്തിയ സ്വാധീനം എടുത്തു കാട്ടുന്നു. പക്ഷെ പ്രതാപന്റെ സുരക്ഷിതമായി തന്നെയാണ് വിവിധ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടുകളിൽകൂടി വിജയിച്ചു കയറിയത്. ഗുരുവായൂർ 65000 ത്തോളം വോട്ടും, മണലൂരിൽ 63000 വോട്ടും ഒല്ലൂരിൽ 63000 വോട്ടും തൃശൂരിൽ 55000വോട്ടും നാട്ടികയിൽ 52000 വോട്ടും ഇരിങ്ങാലക്കുടയിൽ 57000 വോട്ടുകളും പുതുക്കാട് 56000 വോട്ടുകളും നേടി ഒന്നാംസ്ഥാനത്ത് തുടർന്നാണ് തൃശൂരിൽ പ്രതാപൻ വിജയിയായത്.

വോട്ടെടുപ്പ് കഴിഞ്ഞിട്ടും സുരേഷ് ഗോപി ഭീതി പ്രതാപനു മാറുന്നുമില്ല. ഈ രീതിയിൽ പ്രചാരണ സമയത്ത് പ്രതാപനെ വിറപ്പിച്ചു നിർത്താൻ സുരേഷ് ഗോപിയുടെ പ്രചാരണത്തിന് കഴിഞ്ഞിരുന്നു. ഇതുകൊണ്ട് തന്നെയാണ് വോട്ടെണ്ണലിനു മുൻപ് തന്നെ പ്രതാപൻ പരാജയഭീതി കെപിസിസി നേതൃയോഗത്തിൽ പ്രകടിപ്പിച്ചത്. വൻതോതിൽ വോട്ടുകൾ സുരേഷ് ഗോപി സമാഹരിച്ചതായാണ് പ്രതാപൻ കെപിസിസി യോഗത്തിൽ പറഞ്ഞത്. സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വം കോൺഗ്രസിന് തിരിച്ചടിയായി. ഹിന്ദു വോട്ടുകളിൽ കൂടുതലും ബിജെപിക്ക് കിട്ടാൻ സാധ്യതയുണ്ടെന്നും പ്രതാപൻ പറഞ്ഞിരുന്നു. പ്രതാപന്റെ ഈ കമന്റിനെതിരെ കെപിസിസി യോഗത്തിൽ മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തുവരുകയും ചെയ്തിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിൽ 20 സീറ്റുകളിലും കോൺഗ്രസ് ജയിക്കുമെന്നാണു മുല്ലപ്പള്ളി പ്രതാപന് മറുപടിയായി പറഞ്ഞത്. ഒരിടത്തും കോൺഗ്രസിനെതിരായി അടിയൊഴുക്കുണ്ടായിട്ടില്ല. കോൺഗ്രസ് നിർത്തിയ സ്ഥാനാർത്ഥികളെല്ലാം മികച്ചവരാണ് എന്നാണ് മുല്ലപ്പള്ളി പറഞ്ഞത്.

വളരെ വൈകി തൃശൂരെ എൻഡിഎ സ്ഥാനാർത്ഥിയായി രംഗത്ത് വന്ന സുരേഷ് ഗോപി പ്രചാരണ രംഗത്തെ മാറ്റിമറിക്കുമ്പോൾ അന്ന് ചങ്കിടിച്ചത് സിപിഐയുടെ രാജാജി മാത്യു തോമസിനേക്കാൾ പ്രതാപനായിരുന്നു. ആ സമയത്ത് തന്നെയാണ് എനിക്ക് തൃശൂർ വേണം തൃശൂരിനെ ഞാനിങ്ങെടുക്കുവാ.' എന്ന സുരേഷ് ഗോപിയുടെ വൈറൽ പ്രസംഗവും വരുന്നത്. സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വം രാജാജിയെക്കാൾ തനിക്കാണ് തിരിച്ചടിയെന്നാണ് പ്രതാപൻ വിലയിരുത്തിയത്. പക്ഷെ ഈ ഭീതി പ്രതാപൻ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. പക്ഷെ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഈ ഭീതി കെപിസിസി യോഗത്തിൽ പ്രതാപൻ പരസ്യമാക്കുകയും ചെയ്തു.

പ്രതാപന്റെ ഭീതി സത്യം തന്നെയായിരുന്നു. 93,633 വോട്ടുകൾക്കാണ് പ്രതാപൻ തൊട്ടടുത്ത എതിർ സ്ഥാനാർത്ഥി രാജാജി മാത്യു തോമസിനെ പരാജയപ്പെടുത്തിയത്. രാജാജി 3,21,456 വോട്ടുകൾ നേടിയപ്പോൾ മൂന്നാം സ്ഥാനത്ത് എത്തിയ സുരേഷ് ഗോപി 2,93,822 വോട്ടുകൾ നേടി തിളക്കമാർന്ന പ്രകടനം കാഴ്ച വയ്ക്കുകയും ചെയ്തു. മൂന്നു ലക്ഷത്തിനടുത്ത് വോട്ടുകൾ ബിജെപി സ്ഥാനാർത്ഥി നേടുകയെന്നത് തൃശൂരിനെ സംബന്ധിച്ചിടത്തോളം നിസാരകാര്യമല്ല.

ഈ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴും ബിജെപി പതിവ് പല്ലവി തന്നെയാണ് പാടാൻ പോകുന്നത്. ഓരോ തിരഞ്ഞെടുപ്പിലും വോട്ടു കൂട്ടുകയും അതേസമയം അക്കൗണ്ട് തുറക്കാൻ കഴിയാതിരിക്കുകയുമാണ് ബിജെപി നേരിടുന്ന പ്രശ്‌നം. ഇക്കുറിയും അതിനു മാറ്റമുണ്ടായില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒ.രാജഗോപാലാണ് ബിജെപി ഈ അപവാദത്തിൽ നിന്നും രക്ഷിച്ചത്. നേമത്ത് രാജഗോപാൽ വിജയിച്ചതോടെ നിയമസഭയിൽ ബിജെപിക്ക് എംഎൽഎയായി. പി.സി.ജോർജ് എൻഡിഎയിൽ എത്തിയതോടെ എൻഡിഎയ്ക്ക് രണ്ടു എംഎൽഎമാരുമായി. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശബരിമല പ്രശ്‌നം നിലനിൽക്കെ മൂന്നു സീറ്റുകളാണ് ബിജെപി പ്രതീക്ഷിച്ചത്.

തൃശൂരും പത്തനംതിട്ടയും തിരുവനന്തപുരവുമായിരുന്നു ഈ മൂന്നു സീറ്റുകൾ. പക്ഷെ ഈ മൂന്നു സീറ്റുകളും ബിജെപിക്ക് കൈവിട്ടു പോയപ്പോൾ വോട്ടുകൾ കുത്തനെ ഉയർത്താനും നേടിയ വോട്ടുകളുടെ ശതമാനം ഉയർത്താനും ബിജെപിക്ക് സാധിച്ചു. ഇത് തന്നെയാകും ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷവും ബിജെപി ഉയർത്തിക്കാട്ടാൻ പോകുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP