Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഒപ്പമുണ്ടാകുമെന്ന് കരുതിയ എൻഎസ്എസ് കൊടുത്തത് എട്ടിന്റെ പണി; പിണറായി നേരിട്ടിറങ്ങിയപ്പോൾ കാലുവാരാൻ നിന്ന നേതാക്കളും വെട്ടിലായി; സിപിഎമ്മിന് തിരിച്ചടി കൊടുക്കാൻ സുരേന്ദ്രനാകില്ലെന്ന തിരിച്ചറിവ് ആന്റോയ്ക്ക് തുണയായി; ശബരിമല ആളക്കത്തിച്ചിട്ടും താമര വിരിയാത്ത നിരാശയിൽ ബിജെപി; പത്തനംതിട്ടയിൽ എന്തു കൊണ്ട് സുരേന്ദ്രൻ തോറ്റു?

ഒപ്പമുണ്ടാകുമെന്ന് കരുതിയ എൻഎസ്എസ് കൊടുത്തത് എട്ടിന്റെ പണി; പിണറായി നേരിട്ടിറങ്ങിയപ്പോൾ കാലുവാരാൻ നിന്ന നേതാക്കളും വെട്ടിലായി; സിപിഎമ്മിന് തിരിച്ചടി കൊടുക്കാൻ സുരേന്ദ്രനാകില്ലെന്ന തിരിച്ചറിവ് ആന്റോയ്ക്ക് തുണയായി; ശബരിമല ആളക്കത്തിച്ചിട്ടും താമര വിരിയാത്ത നിരാശയിൽ ബിജെപി; പത്തനംതിട്ടയിൽ എന്തു കൊണ്ട് സുരേന്ദ്രൻ തോറ്റു?

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ശബരിമല യുവതി പ്രവേശന വിധിക്കെതിരേ കെ സുരേന്ദ്രൻ പട നയിക്കുമ്പോൾ അനുകൂല നിലപാട് എടുത്തയാളാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. വിശ്വാസികൾക്ക് വേണ്ടി പത്തനംതിട്ടയിൽ മൽസരിക്കാൻ സുരേന്ദ്രനെ പ്രേരിപ്പിച്ചതും സുകുമാരൻ നായരാണ്. എന്നാൽ, വോട്ടെടുപ്പ് വന്നപ്പോൾ സുരേന്ദ്രനിട്ട് പണി കൊടുത്തതും ഇതേ എൻഎസ്എസ് തന്നെയാണ്. ഹിന്ദു ഏകീകരണം പൂർണമായി സംഭവിക്കാതിരിക്കുകയും ന്യൂനപക്ഷ ഏകീകരണം നടക്കുകയും ചെയ്തതാണ് യുഡിഎഫിന് തുണയായത്. 

മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് സ്വന്തം പാർട്ടിക്കാർ പോലും കരുതിയ എൽഡിഎഫ് സ്ഥാനാർത്ഥി വീണാ ജോർജ് രണ്ടാമത് എത്താൻ കാരണം പിണറായി നേരിട്ട് എത്തി നടത്തിയ പടയൊരുക്കവുമാണ്. എൻഎസ്എസ് വോട്ടുകൾ പൂർണമായി നേടാൻ കഴിയുമായിരുന്നെങ്കിൽ ഇവിടെ എൻഡിഎ ജയിക്കുമായിരുന്നു. നേരത്തേ മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നത് പോലെ ഇടതു പാളയത്തിൽ നിന്ന് വോട്ടു ചോർച്ച ഉണ്ടായി. പക്ഷേ, പിണറായിയുടെ സാന്നിധ്യം കാരണം വലിയ തോതിലേക്ക് അതു മാറാതെ പോയി.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വീണ ജയിച്ച ആറന്മുള മണ്ഡലം തന്നെ എടുത്തു നോക്കാം. അന്ന് ആകെ പോൾ ചെയ്ത 160863 വോട്ടിൽ 64523 വോട്ടാണ് വീണ നേടിയത്. 7646 വോട്ടായിരുന്നു ഭൂരിപക്ഷം. ഇക്കുറി യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയാണ് ആറന്മുളയിൽ ഭൂരിപക്ഷം നേടിയത്-6654 വോട്ട്. 12309 വോട്ട് വീണയ്ക്ക് നഷ്ടമായപ്പോൾ ബിജെപിക്ക് അധികമായി ലഭിച്ചത് 12191 വോട്ടാണ്. ഈ വോട്ട് ചോർന്നിരിക്കുന്നതിൽ ഏറെയും ഇടതുപാളയത്തിൽ നിന്നാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനേക്കാൾ 3127 വോട്ടുകൾ ഇവിടെ പോൾ ചെയ്തിരുന്നു. ഇവിടെ ആന്റോ ആന്റണി 59227 വോട്ട് നേടി ഒന്നാമതെത്തി.

വീണയ്ക്ക് 52684 വോട്ടും കെ. സുരേന്ദ്രന് 50497 വോട്ടും ലഭിച്ചു. സ്വന്തം ബൂത്തിലും വീണ രണ്ടാമത് പോകുന്നതാണ് കണ്ടത്. ആനപ്പാറ ഗവ എൽപിഎസിലെ 238-ാം നമ്പർ ബൂത്തിലെ വോട്ടർ ആയിരുന്നു വീണ. ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയാണ് ഒന്നാമത് വന്നത്. 457 വോട്ട് ആന്റോയ്ക്ക് ലഭിച്ചു. 348 വോട്ടാണ് വീണയ്ക്ക് കിട്ടിയത്. എൻഡിഎ സ്ഥാനാർത്ഥി കെ. സുരേന്ദ്രന് ഇവിടെ വെറും 51 വോട്ട് മാത്രമാണ് ലഭിച്ചത്.

പോസ്റ്റൽ ബാലറ്റുകൾ എണ്ണിയപ്പോൾ കെ സുരേന്ദ്രൻ ആണ് ഒന്നാമത്. വീണാ ജോർജ് രണ്ടാമത് വന്നു. കെ. സുരേന്ദ്രന് 1769 വോട്ടും വീണാ ജോർജിന് 1208 വോട്ടും ലഭിച്ചു. മൂന്നാം സ്ഥാനത്ത് വന്ന് ആന്റോ ആന്റണിക്ക് 839 വോട്ട് കിട്ടി. 18 പേർ നോട്ടയ്ക്കും വോട്ടിട്ടു.
മുഖ്യമന്ത്രി പിണറായി വിജയൻ അവസാന ദിവസങ്ങളിൽ പത്തനംതിട്ടയിൽ ക്യാമ്പ് ചെയ്താണ് വീണയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. അതീവ രഹസ്യമായിരുന്നു പിണറായിയുടെ വരവ്. അഴുരിലെ കെടിഡിസി ഗസ്റ്റ്ഹൗസിൽ താമസിച്ചാണ് മുഖ്യമന്ത്രി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.

ശബരിമല വിഷയത്തിന്റെ പേരിൽ വീണ മണ്ഡലത്തിൽ മൂന്നാം സ്ഥാനത്ത് പോവുകയോ കെ സുരേന്ദ്രൻ വിജയിക്കുകയോ ചെയ്താൽ സർക്കാരിന് വമ്പൻ തിരിച്ചടിയാകുമായിരുന്നു. വീണ തോറ്റാലും വേണ്ടില്ല മൂന്നാം സ്ഥാനത്തേക്ക് പോയാൽ ജില്ലയിലെ പാർട്ടി സംവിധാനം തിരിച്ചടി നേരിടേണ്ടി വരുമെന്ന ശക്തമായ സന്ദേശമാണ് പിണറായി നൽകിയത്. ഇതോടെ വീണയ്ക്ക് എതിരായി വോട്ട് മറിക്കാൻ കച്ച കെട്ടിയ നേതാക്കൾ ഭീതിയിലായി. കെ സുരേന്ദ്രന് വഴിമാറിപ്പോകുമായിരുന്ന എൽഡിഎഫ് വോട്ടുകൾ നിലനിർത്താൻ പിണറായിയുടെ സാന്നിധ്യം സഹായകരമായി. അല്ലെങ്കിൽ തീർച്ചയായും സുരേന്ദ്രൻ രണ്ടാമതെങ്കിലും എത്തുമായിരുന്നു. ന്യൂനപക്ഷ വോട്ടുകൾ ഒറ്റക്കെട്ടായി ഏകീകരിക്കുകയാണ് ഉണ്ടായത്.

ശബരിമല വിഷയം കാരണം ഭൂരിപക്ഷ വോട്ടുകൾ ഏകീകരിക്കുമെന്നും അതു സുരേന്ദ്രന്റെ വിജയത്തിൽ കലാശിക്കുമെന്നുമൊരു പേടി ഇടത്-വലതു മുന്നണികൾക്കുണ്ടായിരുന്നു. ഇതിന് പുറമേ രണ്ടിടത്തും വോട്ട് ചോർച്ചയും ഉണ്ടാകാനുള്ള സാധ്യത ഏറെയായിരുന്നു. ഭൂരിപക്ഷ വോട്ടുകളുടെ ഏകീകരണം ഉണ്ടായെങ്കിലും അത് എൻഡിഎയുടെ വിജയത്തിന് പര്യാപ്തമായിരുന്നില്ല. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിന് 1.38 ലക്ഷം വോട്ടാണ് ബിജെപിക്ക് ലഭിച്ചത്. ഇക്കുറി അത് 2,97,396 ആയി വർധിച്ചു. അധികമായി പോൾ ചെയ്ത വോട്ട് 1.20 ലക്ഷമായിരുന്നു. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് നോക്കിയാൽ യുഡിഎഫിന് 22,000 ൽപ്പരവും എൽ.ഡി.എഫിന് 36,000ൽ പ്പരവും വോട്ട് മാത്രമാണ് വർധിച്ചത്. എൻഡിഎയുടെ വർധനവ് ആകട്ടെ 1.57 ലക്ഷവുമായി.

എന്നിട്ടും സുരേന്ദ്രൻ രണ്ടാമത് പോലും എത്താതെ പോയതിനുള്ള കാരണം പിണറായി സർക്കാരിനോടുള്ള വിശ്വാസികളുടെ കടുത്ത എതിർപ്പായിരുന്നു. സുരേന്ദ്രൻ ജയിക്കുമെന്നൊരു പ്രതീക്ഷ വിശ്വാസികൾക്കിടയിൽ ഇല്ലാതെ പോയി. ഇതു കാരണം അവർ സുരേന്ദ്രന് ചെയ്യുന്നതിന് പകരം ആന്റോയ്ക്കാണ് വോട്ടിട്ടത്. പിണറായിയുടെ ഇടപെടൽ മൂലം എൽഡിഎഫിന്റെ വോട്ടു ചോർച്ച ഇല്ലാതാവുകയും ചെയ്തു. സുരേന്ദ്രന് തിരിച്ചടി ആയത് ഈ നിലപാടുകളായിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പൂർണ്ണ ചിത്രം ഒറ്റനോട്ടത്തിൽ:-

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP