Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നെഞ്ചു കാണിച്ചും വയറു കാണിച്ചും പിടിച്ചു നിൽക്കാൻ ഞാനില്ല; ഭാവന

നെഞ്ചു കാണിച്ചും വയറു കാണിച്ചും പിടിച്ചു നിൽക്കാൻ ഞാനില്ല; ഭാവന

സ്റ്റേജ് ഷോയുമായി ദിലീപ്, റിമി ടോമി, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയ കലാകാരന്മാർക്കൊപ്പം ലണ്ടനിലെത്തിയതാണ് ഭാവന. ആദ്യമായി ലണ്ടനിലെത്തുന്ന ഭാവന ശരിക്കും ത്രില്ലിലാണ്. ഷോയുടെ ഇടയ്ക്ക് വീണു കിട്ടുന്ന സമയം റിമി ടോമിയുമായി ലണ്ടൻ നഗരം ചുറ്റി കറങ്ങുകയാണ് ഭാവന ഇപ്പോൾ. ലോകം മുഴുവൻ ചുറ്റി കറങ്ങിയപ്പോഴും ലണ്ടൻ കണ്ടിട്ടില്ല എന്ന വേദന മനസ്സിൽ സൂക്ഷിച്ചിരുന്ന ഭാവന ശരിക്കും ഇംഗ്ലണ്ടിന്റെ മായക്കാഴ്ച്ചകൾ ആസ്വദിക്കുകയാണ്. യൂറോ കപ്പിന്റെയും ഒളിമ്പിക്‌സിന്റെയും ആരവത്തിൽ മുങ്ങി കിടക്കുന്ന ലണ്ടൻ വല്ലാത്ത ഒരു അനുഭവം തന്നെ എന്ന് ഭാവന ഓർക്കുന്നു. ഒപ്പം നടക്കാനും കാഴ്ച്ച കാണാനും കിട്ടിയ കൂട്ടുകാരിയുടെ (റിമി ടോമി) കേമത്തം കൂടി ആവുമ്പോൾ വീണുകിട്ടിയ നിമിഷം മാക്‌സിമം അടിച്ചു പൊളിക്കുകയാണ് മലയാളികളുടെ സ്വന്തം ഭാവന.

ഇതിനിടയിലാണ് വീണു കിട്ടിയ അൽപ്പ നിമിഷം ഭാവന മറുനാടൻ മലയാളിക്കായി അനുവദിച്ചത്. ഭാവന താമസിക്കുന്ന ഹോട്ടലിൽ വച്ചാണ് കൂടിക്കാഴ്ച്ചയ്ക്ക് അവസരമൊരുങ്ങിയത്. ഔപചാരികത ഇല്ലാതെയാണ് സംഭാഷണം തുടങ്ങിയത്. സിനിമയിൽ കാണുന്നതിനേക്കാൾ ചെറിയ പെൺകുട്ടി. സാധാരണമായ പുഞ്ചിരി. എല്ലാ ചോദ്യങ്ങൾക്കും കൃത്യമായ ഉത്തരങ്ങൾ. ഇടതടവില്ലാതെ എത്ര വേണമെങ്കിലും സംസാരിക്കാനുള്ള താൽപര്യം. സിനിമാ മേഖലയിലെ കാര്യങ്ങൾ പറയുമ്പോഴും കാപട്യമില്ലാത്ത തുറന്നു പറച്ചിൽ. ഇടയ്ക്കിടെ തമാശകൾ ആസ്വദിച്ചുള്ള പൊട്ടിച്ചിരി. ഭാവനയുമായി സംസാരിക്കുമ്പോൾ ഇങ്ങനെ ഒരു പോസിറ്റീവ് എനർജിയാണ് പ്രതിഫലിക്കുന്നത്.

ഒരു സിനിമാ നടിയിൽ നിന്നും സ്വാഭാവികമായി പ്രതീക്ഷിക്കുന്ന സമീപനമേ അല്ല ഭാവനയിൽ നിന്നും നമുക്ക് ലഭിക്കുക. നായികമാർ വാഴാത്ത മലയാള സിനിമയിൽ പത്തു വർഷമായി പിടിച്ചു നിൽക്കുന്ന അപൂർവ്വം നടിമാരിൽ ഒരാളായ ഭാവന തമിഴിലും തെലുങ്കിലും കന്നഡയിലും എന്തിനേറെ ഹിന്ദിയിലും വരെ ഭാവന എന്ന ഈ നാട്ടിൻ പുറത്തുകാരി അരക്കൈ നോക്കി. അവസരത്തിന് വേണ്ടി തുണി പറിച്ച് ആടാനും ചുണ്ട് കടിച്ച് പൊട്ടിക്കാനും ഒരു മടിയുമില്ലാത്ത നടിമാർക്കിടയിൽ വേറിട്ട് നിൽക്കുന്ന ഭാവന എന്നിട്ടും കന്നഡ പോലെയുള്ള ചില ഇടങ്ങളിൽ ഇപ്പോൾ ഏറ്റവും മാർക്കറ്റ് ഉള്ള നടിയാണ്.


''മലയാളമാണ് എന്റെ ജീവ വായു. എന്നിട്ടും എനിക്ക് കന്നഡ നന്നായി ഇണങ്ങുന്നു. കന്നഡക്കാർക്ക് എന്നെ നല്ല ഇഷ്ടമാണ്. ഞാൻ അഭിനയിച്ച ചിത്രങ്ങൾ എല്ലാം അവിടെ ബോക്‌സ് ഓഫീസ് ഹിറ്റായി കന്നഡക്കാരുടെ പ്രിയ നടി ഭാവന മനസ്സ് തുറക്കുന്നു. ഒരു കന്നഡ പടത്തിന്റെ ഷൂട്ടിങിനിടയിലാണ് ഭാവന ലണ്ടനിലേക്ക് പറക്കുന്നത്. രണ്ടാഴ്ച്ചത്തെ ഇടവേളയ്ക്ക് ശേഷം ഭാവന മടങ്ങുന്നത് ബാംഗ്ലൂരിലേക്ക് തന്നെ. അതുകൊണ്ട് തന്നെ ഭാവനയുടെ നാവിൽ ആദ്യം വരുന്നത് കന്നഡ മലയാളം തന്നെ.

നമ്മുടെ സിനിമക്കാർ കന്നഡക്കാരെ കണ്ടു പഠിക്കണം. അത്രയ്ക്കും പ്രൊഫഷണലായാണ് ഇവർ സിനിമയെ കാണുന്നത്. രാവിലെ ഒൻപത് മണിക്ക് സെറ്റിൽ എത്തിയാൽ മതി. വൈകുന്നേരം ആറു മണിക്ക് പാക്ക് അപ് പറയും. വീക്കെൻഡുകളിൽ ഷൂട്ടിങ് ഇല്ല. ഇടയ്ക്ക് ഒരു അവധി വന്നാൽ അന്ന് ഷൂട്ടിങ് ഇല്ല ശരിക്കും ഒരു ജോലി പോലെ. ആവശ്യമില്ലാത്ത ഒരു സ്‌ട്രെയ്‌നും ഇല്ല. ചോദിക്കാതെ തന്നെ പ്രതിഫലം നൽകും. അതിനു വേണ്ടി ആരോടും വഴക്കിടേണ്ട കാര്യമില്ല. ഇതാണ് ശരിക്കും വേണ്ട രീതി.''

ഭാവന അവസാനിപ്പിക്കുന്നില്ല: ''എന്നാൽ എന്താണ് നമ്മുടെ അവസ്ഥ. അതി രാവിലെ ഉറക്കച്ചുവടിൽ മേക്ക് അപ്പ് ഇട്ടു ചെല്ലുന്നതാണ്. പാതി രാത്രിയിൽ എപ്പോഴെങ്കിലും മടങ്ങി എത്തും. അതിരാവിലെ വീണ്ടും ചെല്ലണം. ചെന്നാലോ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് സമയം കളയും. ഇതെല്ലാം കഴിഞ്ഞോ, പ്രതിഫല കാര്യത്തിൽ ആവശ്യമില്ലാത്ത ബാർഗെയ്ൻ. ഇത്രയും നാൾ ഈ ഇൻഡസ്ട്രിയിൽ ജോലി ചെയ്ത എനിക്ക് ഞാൻ അർഹിക്കുന്ന പ്രതിഫലം നൽകാൻ പലർക്കും മടി. മോളെ തേനെ എന്നൊക്കെ പറഞ്ഞ് വില പേശം നമ്മുടെ മനസ്സ് മടുപ്പിക്കും. കൃത്യമായി പണം തരുന്നവർ വളരെ കുറവ്...''

''ശരിക്കും പറഞ്ഞാൽ ഞാൻ മലയാള സിനിമ മടുത്തു. അന്യഭാഷയിൽ നിന്ന് ആരെ എങ്കിലും കൊണ്ടു വന്നാൽ ഈ അഭ്യാസം ഒന്നും നടക്കില്ല. അവർ ചോദിക്കുന്ന പണം കൊടുക്കും. ഇവിടെ ഞങ്ങൾ ഒക്കെ വീട്ടുകാരാണല്ലോ. പ്രതിഫലം നൽകാതെ വെറുതെ അഭിനയിച്ച് സഹായിക്കണം എന്നാണ് പലരുടെയും നിലപാട്. എല്ലാവർക്കും വേണ്ടത് ഹെൽപ്പാണ്. തൊഴിൽ എന്ന നിലയിൽ ഉള്ള ഒരു മാന്യത ഇവിടെ സിനിമാ അഭിനയത്തിന് ലഭിക്കുന്നില്ല. ഇവിടെ നായിക എന്നാൽ ഒരു വെറും നായികയാണ്. നായകന് ഒരു ചെറിയ കൂട്ട് മാത്രം. ഗദ്ദാമ പോലെയുള്ള വളരെ കുറച്ച് ചിത്രങ്ങൾ മാത്രമാണ് നായികയ്ക്ക് പ്രാധാന്യം നൽകുന്നത്. ഈ അടുത്ത കാലത്ത് ഇറങ്ങിയ മലയാള സിനിമകൾ എല്ലാം നോക്കൂ. നായിക ഒരു അലങ്കാരം മാത്രമാണ്. ഒരു ആവശ്യവുമില്ല. എന്നാൽ കന്നഡയിലും തമിഴിലും ഒന്നും അങ്ങനെയല്ല. നായകനേക്കാൾ ഒട്ടും മോശമല്ല ഇവിടെ നായികമാർക്ക്. ഈ അലങ്കാര റോളുകൾ എടുത്ത് ഞാൻ മടുത്തു. അഭിനയ പ്രാധാന്യം ഉള്ള ഒന്നോ രണ്ടോ പടം മാത്രമായി ചുരുക്കാൻ പോവുകയാണ് ഞാൻ. നല്ലത് ഉണ്ടെങ്കിൽ മതി. അല്ലെങ്കിൽ വേണ്ട..''

ഭാവന ഇടതടവില്ലാതെ കത്തിക്കേറുകയാണ്. മകൾക്ക് സംസാരിക്കുമ്പോൾ ലൈസൻസ് കുറവായതിനാൽ അമ്മ ഇടയ്ക്ക് ഇടപെടുന്നുണ്ട്. തികച്ചും ആത്മാർത്ഥമായി സംസാരിക്കുന്ന ഭാവന പക്ഷേ അതൊന്നും ഗൗനിക്കുന്നില്ല. ''ഒരു പ്രശ്‌നവും ഇന്നേ വരെ നിർമ്മാതാക്കൾക്കും സംവിധായകർക്കും ഉണ്ടാക്കാത്ത നടിയാണ് ഞാൻ. ഷൂട്ടിങ് തുടങ്ങി കഴിഞ്ഞാൽ എനിക്ക് പിടി വാശികൾ ഇല്ല. അതിരാവിലെ ചെല്ലാൻ പറഞ്ഞാൽ ചെല്ലും. രാത്രി വൈകിയാലും ഉറക്കം തൂങ്ങിയാലും പ്രോജക്ടിന്റെ വിജയത്തിന് വേണ്ടി ഞാൻ പരാതി ഇല്ലാതെ നിൽക്കും. എന്നാൽ പ്രതിഫല കാര്യത്തിൽ തർക്കിക്കുന്നതും ബാർഗെയ്ൻ ചെയ്യുന്നതും നൽകാതിരിക്കാൻ ശ്രമിക്കുന്നതും അരോചകമാണ്. ഇത് ഒരു കലാകാരി എന്ന നിലയിൽ മാത്രമല്ല, ഒരു തൊഴിൽ ചെയ്ത് ജീവിക്കുന്ന ആൾ എന്ന നിലയിലും വേദന ഉണ്ടാക്കുന്നു. ഇങ്ങനെ മുൻപോട്ട് പോവാൻ പറ്റില്ല.. ഭാവന തുടരുകയാണ്.

എന്നാൽ അന്യ ഭാഷ സിനിമകളിൽ ഒരുപാട് വിട്ടു വീഴ്ച്ചകളും കോംപ്രമൈസുകളും വേണ്ടി വരില്ലേ? മലയാളത്തിൽ ആകുമ്പോൾ ഗ്ലാമർ ആകേണ്ട കാര്യം ഇല്ലല്ലോ? ചോദ്യം മുഴുമിപ്പിക്കാൻ എനിക്കായില്ല. അതിനു മുമ്പ് ഭാവന മറുപടി പറഞ്ഞു തുടങ്ങി.

''അതുമാത്രമാണ് മലയാള സിനിമയോടുള്ള പ്രിയത്തിന്റെ കാര്യം. അന്യഭാഷാ ചിത്രങ്ങളിൽ ഈ പരിമിതി ഉണ്ട്. സിനിമാ ആവശ്യപ്പെടുന്ന മോഡേൺ വസ്ത്രം ധരിക്കാൻ എനിക്ക് എതിർപ്പില്ല. ഞാൻ വെസ്റ്റേൺ വസ്ത്രങ്ങൾ ധരിക്കാൻ ഇഷ്ടപ്പെടുന്ന പെൺകുട്ടി ആണ്. എന്നാൽ ഒരു പരിമിതി ഉണ്ട്. എന്റെ ശരീരം ശാസ്ത്രം ഏറ്റവും അറിയാവുന്നത് എനിക്കാണ്. അതുകൊണ്ട് എത്രമാത്രം ശരീരം കാണിക്കാം, എത്രമാത്രം പാടില്ല എന്നൊരു ധാരണ എനിക്കുണ്ട്. അതിൽ ഞാൻ വിട്ടു വീഴ്ച്ച ചെയ്യില്ല. നെഞ്ചു കാണിച്ചും വയറു കാണിച്ചും എനിക്കു പിടിച്ചു നിൽക്കേണ്ട. കന്നഡയിൽ എനിക്ക് ആ പ്രശ്‌നം ഇല്ല. എന്റെ ആദ്യ രണ്ട് പടങ്ങളും ഹിറ്റായതിനാൽ ഞാൻ എന്തായിരിക്കുന്നുവോ ആ അവസ്ഥ അവർ അംഗീകരിക്കുന്നു. തമിഴിൽ പല അവസരങ്ങളും ഞാൻ വേണ്ടാ എന്നു വെച്ചത് അതുകൊണ്ടാണ്. അൽപ്പം വസ്ത്രം മാറ്റാനാണ് ഞാൻ മടി പറയുന്നത്. മുഴുവൻ ഉരിയാൻ റെഡിയായി ആളുകൾ നിൽപ്പുണ്ട്. അങ്ങനെ ഉള്ളിടത്ത് പിൻതള്ളപ്പെടുക സ്വാഭാവികം നേരിയ നിരാശയോടെയാണ് ഭാവന ഇതു പറഞ്ഞത്.


തുണി ഉരിയാൻ മടി കാട്ടുന്നതുകൊണ്ട് ഒട്ടേറെ അവസരങ്ങൾ നഷ്ടപ്പെട്ട വേദനയും ഭാവനയ്ക്കുണ്ട്. ഹിന്ദിയിൽ ഇമ്രാൻ ഹാഷ്മിയുമായുള്ള ഒരു സിനിമയുടെ നഷ്ടമാണ് അതിൽ ഏറ്റവും നിരാശാജനകം എന്നു ഭാവന പറയുന്നു. ആ ഓഫർ എനിക്ക് വലിയ ആവേശം ഉണ്ടാക്കിയതായിരുന്നു. കലാകാരി എന്ന നിലയിൽ ഞാൻ ഏറെ അഭിമാനിച്ചു. നല്ല സിനിമ ആയിരുന്നു അത്. എന്നാൽ അതിൽ ഒരു ലൗ കിസ്സിങും ഇന്റിമേറ്റ് സീനും ഉണ്ടായിരുന്നു. ഞാൻ അതിനു മടി പറഞ്ഞു. ഹാഷ്മിയുമായുള്ള ലൗ കിസ്സിങിന് നടിമാർ ക്യൂ നിൽക്കുമ്പോഴായിരുന്നു എന്റെ തിരസ്‌ക്കാരം. ബോളിവുഡിൽ എന്റെ തിരസ്‌ക്കാരം ചർച്ചയായി. എന്റെ അവസരം നഷ്ടമായി. ശരിക്കം നിരാശ ഉണ്ട്. സിനിമയുടെ കഥാ സന്ദർഭത്തിനും നായികയുടെ ജീവിത രീതിക്കും ഒക്കെ അപ്പുറം ഇത്തരം ചെറിയ കാര്യങ്ങൾ പ്രാധാന്യം സൃഷ്ടിക്കപ്പെടുമെന്നതിനാൽ നിരാശയാണ് എനിക്ക് കൂടുതൽ.''

''എങ്കിലും എനിക്ക് നഷ്ടബോധമില്ല. നടി എന്നതിനപ്പുറം ഞാൻ ഒരു സാധാരണ പെൺകുട്ടിയാണ്. ഏത് നിമിഷവും അവസാനിക്കാവുന്നതാണ് നടി എന്ന ജീവിതം. നടി എന്നതിനേക്കാൾ ഞാൻ പ്രാധാന്യം നൽകുന്നത് എന്റെ ജീവിതത്തിനാണ്. അതുകൊണ്ട് ഞാൻ ഏറെ നിരാശപ്പെടുന്നില്ല ഭാവന ഫിലോസഫിക്ക് ആകുകയാണ്...

രാജേഷ് പിള്ളയുമായുള്ള പ്രണയം; യുഎസിലെ സോഫ്റ്റ് വെയർ എൻജിനീയറുടെ വിവാഹാലോചന.... ഭാവനയുമായുള്ള സംഭാഷണത്തിന്റെ അവസാന ഭാഗം നാളെ വായിക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP