Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

യൂറോപ്യൻ യൂണിയനുമായി ഇനി ചർച്ചകൾക്കു സാധ്യതയില്ല; ബ്രിട്ടന്റെ മുന്നിൽ ആകെയുള്ള വഴി നോ ഡീൽ ബ്രക്‌സിറ്റ്; പാരീസിലും ഡബ്ലിനിലും വരെ പോകാൻ വിസ വേണ്ടി വന്നേക്കും; എന്തു നഷ്ടം വന്നാലും നോ ഡീൽ എന്നു പറയുന്ന ബോറിസ് പിൻഗാമിയായാൽ ബ്രെക്‌സിറ്റ് ഉടൻ

യൂറോപ്യൻ യൂണിയനുമായി ഇനി ചർച്ചകൾക്കു സാധ്യതയില്ല; ബ്രിട്ടന്റെ മുന്നിൽ ആകെയുള്ള വഴി നോ ഡീൽ ബ്രക്‌സിറ്റ്; പാരീസിലും ഡബ്ലിനിലും വരെ പോകാൻ വിസ വേണ്ടി വന്നേക്കും; എന്തു നഷ്ടം വന്നാലും നോ ഡീൽ എന്നു പറയുന്ന ബോറിസ് പിൻഗാമിയായാൽ ബ്രെക്‌സിറ്റ് ഉടൻ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ഇഷ്ടമില്ലെങ്കിലും ജനഹിതം നടപ്പിലാക്കും എന്ന പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് തന്റെ പ്രഖ്യാപനം നടപ്പിലാക്കാനാകാതെ അധികാരം ഒഴിയേണ്ടി വരുമ്പോൾ വഴിയടയുന്നത് ബ്രക്‌സിറ്റ് സംബന്ധിച്ച ചർച്ചകൾക്കു കൂടിയാണ്. ബ്രക്‌സിറ്റ് കരാറിൽ പാർട്ടിയിലും പാർലമെന്റിലും സമവായം കണ്ടെത്താൻ പ്രധാനമന്ത്രി തെരേസ മേ നടത്തിയതിൽ കൂടുതൽ ചർച്ചകളും ഇടപെടലുകളും നടത്താൻ ഇനിയും ആർക്കും കഴിയില്ല. അതുകൊണ്ടു തന്നെ ഇനി ബ്രിട്ടന് മുന്നിലുള്ള ഏക വഴി നോ ഡീൽ ബ്രക്‌സിറ്റ് മാത്രമാണ്.

പ്രധാനമന്ത്രി തേരേസ മേ മുന്നോട്ട് വച്ച ബ്രെക്‌സിറ്റ് കരാർ പാർലമെന്റിൽ ഭരണകക്ഷി അംഗങ്ങൾ ഉൾപ്പെടെ തള്ളിയിരുന്നു. രണ്ട് വർഷം മുൻപ് ഹിതപരിശോധനയിലൂടെ എടുത്ത ബ്രെക്‌സിറ്റ് തീരുമാനം റദ്ദാക്കുകയോ അല്ലെങ്കിൽ ഉപാധികളൊന്നുമില്ലാതെ യൂറോപ്യൻ യൂണിയൻ വിടുകയോ മാത്രമാണ് ബ്രിട്ടനിലെ ഭാവി പ്രധാനമന്ത്രിയുടെ മുന്നിലുള്ള വഴികൾ.

ബ്രക്‌സിറ്റ് കരാർ അനിസരിച്ച് ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുമ്പോൾ വടക്കൻ അയർലൻഡിന്റെ അതിർത്തിയിൽ പട്ടാളത്തെയും പൊലീസിനെയും വിന്യസിച്ച് സങ്കീർണമാക്കില്ല എന്നും ബ്രിട്ടനിലെയും വടക്കൻ അയർലൻഡിലെയും പൗരന്മാർക്ക് പഴയപോലെ രണ്ടിടത്തേക്കും സ്വതന്ത്രസഞ്ചാരമാവാം എന്നും വ്യവസ്ഥ ചെയ്തിരുന്നു. യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിലെ പൗരന്മാർക്ക് ബ്രിട്ടനിലും ബ്രിട്ടീഷ് പൗരന്മാർക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലും താമസിക്കാനും തൊഴിൽചെയ്യാനും പഠിക്കാനുമുള്ള അവകാശം പഴയപോലെ നിലനിൽക്കും. യൂറോപ്യൻ യൂണിയനുമായുള്ള സാമ്പത്തികബാധ്യത ബ്രിട്ടൻ തീർക്കും എന്നും ബ്രിട്ടൻ പാസാക്കിയ കരാറിൽ പറഞ്ഞിരുന്നു.

എന്നാൽ ടോറികൾക്കിടയിൽ തന്നെ കരാറിനെതിരെ ശക്തമായ വികാരമാണ് നിലനിൽക്കുന്നത്. ബ്രക്‌സിറ്റിൽ കുരുങ്ങി പ്രധാനമന്ത്രിപദം ഒഴിയുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ പിൻഗാമിയാകാൻ ഒരു ഡസനോളം ടോറി നേതാക്കൾ നിലവിൽ രംഗത്തുണ്ട്. പ്രമുഖരായ നേതാക്കൾ പലരും കസേര മോഹം പരസ്യമാക്കി രംഗത്തെത്തിയതോടെ പ്രധാനമന്ത്രി സ്ഥാനത്തേതക്ക് കടുത്ത മൽസരം ഉറപ്പായിരിക്കുകയാണ്. മുൻ വിദേശകാര്യ മന്ത്രിയും ലണ്ടൻ മേയറുമായിരുന്ന ബോറിസ് ജോൺസൺ, കഴിഞ്ഞദിവസം രാജിവച്ച ഹൗസ് ഓഫ് കോമൺസ് ലീഡർ ആൻഡ്രിയ ലീഡ്‌സം , പരിസ്ഥിതി സെക്രട്ടറി മൈക്കിൾ ഗോവ് തുടങ്ങി പ്രമുഖരുടെ നീണ്ട നിരയാണ് മൽസര രംഗത്തുള്ളത്. ബോറിസും ആൻഡ്രിയയും മൈക്കിൾ ഗോവും തെരേസ മെയ്‌‌ക്കെതിരെയും പ്രധാനമന്ത്രിസ്ഥാനത്തേക്ക് മൽസരിച്ചിരുന്നു.

പാർട്ടിയിൽ വർഷങ്ങളായി വിമത നേതാവിന്റെ പരിവേഷമുള്ള ബോറിസ് ജോൺസൺ ഇക്കുറിയും ആദ്യം തന്നെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് രംഗത്തു വന്നുകഴിഞ്ഞു. കടുത്ത ബ്രക്‌സിറ്റ് വാദിയായ ബോറിസിന് കൂടുതൽ വെല്ലുവിളിയുമായി ആര് ഉയർന്നുവരുമെന്നാണ് കണ്ടറിയേണ്ടത്. എന്തായാലും സ്ഥാനമൊഴിയുന്ന തെരേസയുടെ പിന്തുണ ബോറിസിന് ഉണ്ടാകില്ല. ആശയപരമായി അത്രമാത്രം അകൽച്ചയിലാണ് ഇരുവരും.

ഒരുവേള പ്രതിപക്ഷവുമായി ചേർന്ന് ബ്രെക്‌സിറ്റ് നടപ്പാക്കാനും പ്രധാനമന്ത്രി തെരേസ മേ നീക്കം നടത്തിയിരുന്നു. എന്നാൽ, ഈ നീക്കം കൺസർവേറ്റീവ് പാർട്ടിയിൽ കനത്ത എതിർപ്പിനു വഴിവെച്ചിരുന്നു. ബോറിസ് ജോൺസൺ ഉൾപ്പെടെയുള്ള കടുത്ത യൂറോപ്യൻ യൂണിയൻ വിരുദ്ധർ ഇതിനെതിരെ പരസ്യമായി രംഗത്തു വന്നു. ലേബറുമായുള്ള കൂട്ടുകെട്ട് തുടർന്നാൽ തെരേസയെ പ്രധാനമന്ത്രിസ്ഥാനത്തുനിന്നു നീക്കാനുള്ള ശ്രമം ആരംഭിക്കുമെന്നും ഇദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. ഒടുവിൽ ബ്രെക്‌സിറ്റ് നടപ്പാക്കാനുള്ള ഉത്തരവാദിത്തം പ്രധാനമന്ത്രി പ്രതിപക്ഷത്തിനു കൈമാറിയെന്നായിരുന്നു ബോറിസ് ജോൺസന്റെ വിമർശനം.

കരാർ കൂടാതെ യൂറോപ്യൻ യൂണിയൻ വിടണമെന്ന പക്ഷക്കാരനാണ് ബോറിസ് ജോൺസൺ. അതുകൊണ്ടു തന്നെ ബോറിസ് പ്രധാനമന്ത്രിയായാൽ ഏറ്റവും അടുത്തു തന്നെ ബ്രിട്ടൻ യുറോപ്യൻ യൂണിയൻ വിടും. ഇതോടെ നിലവിൽ യുറോപ്യൻ രാജ്യങ്ങളിൽ ബ്രിട്ടീഷ് പൗരന്മാർക്കും തിരിച്ചും ലഭിച്ചിരുന്ന ഇളവുകൾ എല്ലാം ഇല്ലാതെയാകും. ഏകീകൃത കമ്പോളം, പൊതു നാണയം, പൊതു കാർഷിക നയം, പൊതു വ്യാപരനയം, പൊതു മത്സ്യബന്ധനനയം എന്നിങ്ങനെ യൂറോപ്യൻ യൂണിയന്റെ പൊതു സവിശേഷതകളിൽ നിന്നെല്ലാം ബ്രിട്ടൻ പുറത്തേക്കു പോകും. ഇത് രാജ്യത്തിന്റെ മാത്രമല്ല, യൂറോപ്യൻ യൂണിയനിലെ മറ്റ് അംഗ രാജ്യങ്ങളേയും സാരമായി ബാധിക്കും എന്നാണ് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP