Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അയ്യപ്പ തരംഗം തെക്ക് ഒതുങ്ങിയില്ല; ഭക്ത വോട്ടുകൾ വടക്കും ചോർന്നു; ഇടതു വോട്ടുകൾ ചോർന്നത് ബിജെപിയിലേക്കും; പിണറായി തരംഗം വട്ടപ്പൂജ്യം എന്നതിന് തെളിവായി വോട്ടുകളുടെ കുറവും; നഷ്ടം ന്യായീകരിക്കാൻ ഇടതു നേതാക്കൾ വിയർക്കേണ്ടി വരും; നടന്നത് അവിശ്വസനീയമായ അടിയൊഴുക്കുകൾ നിയന്ത്രിച്ച വോട്ടിങ് ട്രെന്റ്; വിശ്വാസികളുടെ ഒടുക്കത്തെ കൊട്ടിൽ സിപിഎം ജനവികാരം തിരിച്ചറിയുമ്പോൾ

അയ്യപ്പ തരംഗം തെക്ക് ഒതുങ്ങിയില്ല; ഭക്ത വോട്ടുകൾ വടക്കും ചോർന്നു; ഇടതു വോട്ടുകൾ ചോർന്നത് ബിജെപിയിലേക്കും; പിണറായി തരംഗം വട്ടപ്പൂജ്യം എന്നതിന് തെളിവായി വോട്ടുകളുടെ കുറവും; നഷ്ടം ന്യായീകരിക്കാൻ ഇടതു നേതാക്കൾ വിയർക്കേണ്ടി വരും; നടന്നത് അവിശ്വസനീയമായ അടിയൊഴുക്കുകൾ നിയന്ത്രിച്ച വോട്ടിങ് ട്രെന്റ്; വിശ്വാസികളുടെ ഒടുക്കത്തെ കൊട്ടിൽ സിപിഎം ജനവികാരം തിരിച്ചറിയുമ്പോൾ

കെ ആർ ഷൈജുമോൻ, ലണ്ടൻ

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുമ്പോൾ തികച്ചും അവിശ്വസനീയ അടിയൊഴുക്കുകൾ. അയ്യപ്പ തരംഗം എന്ന് കൂടി വിശേഷിപ്പിക്കാവുന്ന ഈ തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുമ്പോൾ ശബരിമല തിരിച്ചടി ആകുമെന്ന് കരുതപ്പെട്ടിരുന്ന തെക്കിനു പകരം വടക്കു കൂടി ഹിന്ദു വോട്ടുകൾ ഇടത് സ്ഥാനാർത്ഥികൾക്ക് നഷ്ടമായി എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇടതു മേൽക്കോയ്മായുള്ള മണ്ഡലങ്ങളിൽ പോലും യുഡിഎഫ് വലിയ മാർജിനിൽ വോട്ടുകൾ പിടിച്ചതിനു മറ്റു തൃപ്തികരമായ കാരണങ്ങൾ ബോധ്യപ്പെടുത്താൻ തൽക്കാലം പ്രയാസമാണ്.

എന്നാൽ ഹിന്ദു വോട്ടുകൾ കൂട്ടമായി ഒഴുകിയത് ബിജെപിയിലേക്കല്ല മറിച്ചു യുഡിഫിലേക്കാണ് എന്നതാണ് ഇടതു പാളയത്തെ ഞെട്ടിച്ച വിജയം നേടാൻ കോൺഗ്രസിന് സഹായകമായത്. ഇക്കാര്യം ജാള്യത മൂലം മറച്ചു വച്ച സിപിഎം പിന്നീട് സെക്രട്ടറിയേറ്റ് അവലോകനത്തിൽ ന്യുനപക്ഷ ദ്രുവീകരണം മാത്രമല്ല വോട്ടു ചോർച്ചയ്ക്ക് കാരണം എന്ന് പറഞ്ഞു വച്ചതിൽ പൊതു സമൂഹത്തിനു കൂടുതൽ വ്യക്തത ലഭിക്കുകയാണ്. ഇത് പൂർണമായും നിക്ഷേധിക്കാത്ത വിധം ഇന്നലെ സിപിഎം സെക്രട്ടറിയേറ്റ് എത്തിയതും ശ്രദ്ധ നേടുകയാണ്. ഇതിലൂടെ ഈ വിഷയം കൈകാര്യം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന് തെറ്റ് പറ്റി എന്ന് കൂടിയാണ് സിപിഎം ഇപ്പോൾ പറയാതെ പറഞ്ഞു പോകുന്നത്.

ഈ തിരിച്ചറിവ് ഉണ്ടാകാൻ പാർട്ടിക്കു ഒരിക്കലും ആഗ്രഹിക്കാത്ത വിധം ജനത്തിന്റെ എതിർപ്പു ജനവിധിയിലൂടെ നേരിടേണ്ടി വന്നു എന്നതാണ് കൗതുകം. സാധാരണ ഇത്തരം തിരിച്ചറിവുകൾ വൈകി കൈവരിക്കുന്ന പാർട്ടിയാണ് സിപിഎം. എന്നാൽ ഇത്തവണ ജനവികാരം ശക്തമായതും ബംഗാളും ത്രിപുരയും മുന്നിൽ ഉള്ളതും പാർട്ടിയെ അതിവേഗം യാഥാർഥ്യത്തിലേക്ക് മടങ്ങാൻ പ്രേരിപ്പിച്ചതായാണ് സൂചന. മുതിർന്ന നേതാക്കളുടെ അടക്കം പറച്ചിലും വ്യത്യസ്തമല്ല. മാധ്യമങ്ങൾ ഉയർത്തിയ പുകഴ്‌ത്തലിൽ മനം മയങ്ങിയ മുഖ്യമന്ത്രി സ്വയം കുഴിച്ച കുഴിയിൽ അകപ്പെട്ടിരിക്കുകയാണ് എന്ന് കരുതുന്ന അനേകം സിപിഎം നേതാക്കളും ഇപ്പോൾ പാർട്ടിയിൽ ഉണ്ട്.

എന്നാൽ ഇത് ഇനിയും പരസ്യമായി പറയാൻ സിപിഎം തയ്യാറല്ല. പിണറായിയെ നേതാക്കൾ പേടിക്കുന്നതാണ് ഇതിന് കാരണം. കേരളത്തിൽ ഉടനീളമുള്ള കണക്കെടുപ്പുകളിൽ നിറയുന്നത് ശബരിമല തന്നെയാണെന്നതാണ് വസ്തുത. ഇത്തവണ പരാജയപ്പെട്ട എം ബി രാജേഷ്, എ സമ്പത്ത്, കെ എൻ ബാലഗോപാൽ, കെ പി സതീഷ് ചന്ദ്രൻ എന്നിവർ ഒക്കെ മാധ്യമങ്ങൾക്കു മുന്നിൽ എത്തിയത് പതിവില്ലാത്ത കാഴ്ചയാണ്. ഈ പതിവ് തെറ്റിക്കലുകൾ സിപിഎമ്മിൽ ഉൾപ്പാർട്ടി ചർച്ചകളുടെ സ്വഭാവഗതികൾ നിർണയിക്കാൻ കാരണമാകുന്നവയാണ്.

ഹൈന്ദവ വോട്ടുകൾക്ക് ആധിപത്യമുള്ള മണ്ഡലങ്ങളിൽ പോലും ഭയാനകമായ ചോർച്ച ഉണ്ടായതിൽ ശബരിമലക്ക് നിർണായക റോൾ ഉണ്ടെന്നു തന്നെ സിപിഎമ്മിന് ഭാവിയിൽ എങ്കിലും സമ്മതിക്കേണ്ടി വരും. പാർട്ടി ഒരിക്കലും കൈവിടില്ലെന്നു കരുതിയ കാസർഗോഡ്, പാലക്കാട്, ആലത്തൂർ, ആറ്റിങ്ങൽ മണ്ഡലങ്ങൾ ഇവ്വിധം മറുകണ്ടം ചാടിയതിൽ ഒട്ടും മോശമല്ലാത്ത പങ്കാണ് ശബരിമല വികാരത്തിലൂടെ പ്രകടമാകുന്നത്. ഇക്കാര്യം മുൻ എൽ ഡി എഫ് കൺവീനർ എം എം ലോറൻസ് പരസ്യമായി പറയുകയും ചെയ്തിരിക്കുന്നു. പലരും അടക്കം പറയുന്ന ഇക്കാര്യം വരും ദിവസങ്ങളിൽ കൂടുതൽ ആർജ്ജവത്തോടെ പറയാൻ സിപിഎമ്മിൽ ആളുണ്ടായാൽ അത് ആ പാർട്ടിയുടെ നേർവഴിക്കുള്ള യാത്രക്ക് ഗുണകരമാകും എന്നും കരുതുന്നവർ ഏറെയാണ്. പാർട്ടി കുടുംബങ്ങളിലെ സ്ത്രീകളുടെ വോട്ടുകൾ പോലും ചോർന്നു എന്ന് പറയുമ്പോൾ ഇക്കാര്യത്തിൽ സാധാരണക്കാരുടെ ചിന്തകൾക്ക് കൂടുതൽ വക്തത ഉണ്ടാവുകയാണ്.

അമ്പതു ലക്ഷം പേര് അണിനിരന്നു എന്ന് പാർട്ടി പറയുന്ന വനിതാ മതിൽ പങ്കാളികളുടെ വോട്ടൊക്കെ എവിടെ എന്ന ചോദ്യത്തിന് മൗനമായിരിക്കാൻ സിപിഎമ്മിന് കഴിയില്ല. പാർട്ടിക്ക് വേണ്ടി വഴിയിൽ എത്തുന്നവരും വിശ്വാസം മുന്നിൽ എത്തുമ്പോൾ അതിനൊപ്പം നിൽക്കും എന്നതാണ് വോട്ടുകൾ തെളിയിക്കുന്നത്. സിപിഎം വോട്ടുകൾ എങ്ങോട്ടു പോയി എന്ന ചോദ്യത്തിൽ പാർട്ടിയെ ഞെട്ടിച്ചു ബിജെപിക്കു പോലും പോയിട്ടുണ്ട് എന്നും പറയാൻ സാധിക്കും. ബിജെപി കോൺഗ്രസിന് വോട്ടു മറിച്ചു എന്ന പഴഞ്ചൻ ആരോപണം ഉന്നയിച്ചു തൽക്കാലം രക്ഷപ്പെടാനും സിപിഎംന് സാധിക്കില്ല. കാരണം ഒട്ടുമിക്ക മണ്ഡലങ്ങളിലും ബിജെപി വോട്ടു ഉയർത്തിയിരിക്കയാണ്. എല്ലാ മണ്ഡലങ്ങളിലും വോട്ടു നഷ്ടം ഇടതിന് മാത്രമാണ്. അതിൽ കൂടുതൽ കോൺഗ്രസിനെ തേടിയെത്തിയപ്പോൾ കുറെയൊക്കെ ബിജെപിക്കും കിട്ടി എന്ന് വ്യക്തം. പരമ്പരാഗതമായി സിപിഎമ്മിനെ തേടിയെത്തുന്ന ഹിന്ദു വോട്ടുകളാണ് ഇത്തരത്തിൽ കൂറ് മാറ്റപ്പെട്ടത്.

ഹൈന്ദവ വോട്ടുകൾ കൂടി പാർട്ടിക്ക് നഷ്ടമായിട്ടുണ്ട് എന്ന നിഗമനത്തിനു മലബാറിലെ പാർട്ടി കോട്ടകളിൽ പോലും ഉണ്ടായ വീഴ്ചകളാണ് ഉദാഹരണമായി മാറുന്നത്. നിയമസഭയിൽ ഒരു ലക്ഷത്തോളം അടുത്ത ഭൂരിപക്ഷം നൽകിയ മണ്ഡലങ്ങളിൽ പലതും ഇത്തവണ അടിസ്ഥാന സ്വഭാവം തന്നെ മാറ്റിയിരിക്കുകയാണ്. ഇതെങ്ങനെ സംഭവിച്ചു? ഇവിടെയാണ് ന്യുനപക്ഷ വോട്ടുകൾ മാത്രമല്ല. ഹിന്ദു വോട്ടുകളും നഷ്ടമായി എന്ന വിലയിരുത്തലിന് കാരണം. ഇത്തരം നഷ്ടം യുഡിഎഫിന് മാത്രമേ സംഭവിക്കൂ എന്ന മുഖ്യമന്ത്രി ഉൾപ്പെടെ ഉള്ളവരുടെ അമിത വിശ്വാസമാണ് ഇപ്പോൾ തിരിച്ചടിച്ചു സിപിഎമ്മിനെ കൊഞ്ഞനം കുത്തുന്നത്. തങ്ങളുടെ വോട്ടു ബാങ്കും സ്ഥിരമല്ല എന്ന് സിപിഎംന് ഇനി തുറന്നു സമ്മതിക്കാതെ വയ്യ. പ്രളയത്തിൽ ജലം കുത്തി ഒലിച്ചതിനേക്കാൾ വേഗത്തിലാണ് ഈ വോട്ടു ചോർച്ചകൾ ഉണ്ടായിരിക്കുന്നത്. നമ്മുടെ വോട്ടുകൾ എവിടെ എന്ന് പാർട്ടി നേതാക്കൾ പരസ്പരം ചോദിക്കുന്നത് അൽപം ആശങ്കയോടെ തന്നെയാണ്. ആസന്നമായ ഒരു തകർച്ചയുടെ സൂചനയാണോ എന്ന് ഭയക്കുന്നവർ പോലും തീരെ കുറവല്ല. പുറമെ എല്ലാം സാധാരണ പോലെ എന്ന് തന്നെ പറയുന്നുണ്ടെങ്കിലും നേതാക്കളിൽ പോലും ആത്മവിശ്വാസം ഇല്ലായമായാണ് തെളിയുന്നത്.

കാസർഗോഡ് സീറ്റിലെ ഏഴിൽ നാലിലും നിലനിർത്താൻ സിപിഎമ്മിന് കഴിഞ്ഞെങ്കിലും ഇവിടെ കിട്ടിയ വോട്ടുകൾ ഏറെ നിസാരമാണ്. എന്നാൽ ഇതിനു ബദലായി കാസർഗോഡ്, ഉദുമ, മഞ്ചേശ്വരം എന്നിവ തനിക്കൊപ്പം നിർത്തിയാണ് ഉണ്ണിത്താൻ വിജയം കൊയ്തെടുത്തത്. വിജയം ഒപ്പം നിർത്താൻ സഹായകമായ ഭൂരിപക്ഷ സമുദായ വോട്ടുകൾ സിപിഎമ്മിനെ തേടി എത്തിയില്ല എന്നതാണ് വസ്തുത. പെരിയ ഇരട്ട കൊലപാതകകം സിപിഎം കരുതിയതിന്റെ ഇരട്ടി വോട്ടുകളാണ് യുഡിഎഫിന് സമ്മാനിച്ചത്. ഇതേ കാഴ്ച തന്നെയാണ് കണ്ണൂരും. വെറും രണ്ടു അസംബ്ലി സീറ്റിലാണ് സിപിഎം പിടിച്ചു നിന്നത്.

മട്ടന്നൂരും ധർമ്മടവും പേരിനു കൂടെ നിന്നപ്പോൾ കണ്ണൂരും അഴീക്കോടും പേരാവൂരും ഒക്കെ യുഡിഎഫിനെ സ്നേഹം നൽകി താലോലിക്കുക ആയിരുന്നു എന്ന് വോട്ടുകണക്കുകൾ പറയുന്നു. ഒട്ടും മോശമല്ല കോഴിക്കോട്ടെ സ്ഥിതി. കോഴ വിവാദം ഉണ്ടായിട്ടും പാർട്ടി കോട്ടകളിൽ നിന്നും പോലും സിപിഎംഎന് എതിരായ വോട്ടു ഒഴുക്ക് ഉണ്ടായി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എലത്തൂരിൽ മന്ത്രി ശശീദ്രൻ പിടിച്ച 29000 വോട്ടു അതെ വിധം യുഡിഎഫിലേക്ക് ഒഴുകി പോയ കാഴ്ചയാണ് കാണുന്നത്. ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി കേരളത്തിന്റെ പെങ്ങളൂട്ടി ആയി മാറിയ രമ്യയുടെ നാടായ കുന്നമംഗലം ഉൾപ്പെടെ യുഡിഎഫിന് നൽകിയ പിന്തുണ അവിശ്വസനീയമാണ്, പ്രത്യേകിച്ചും സിപിഎം അടിവേരുള്ള സ്ഥലം എന്ന നിലയ്ക്കും.

രമ്യ മത്സരിച്ച ആലത്തൂരിലെ ഏഴു അസംബ്ലി മണ്ഡലങ്ങളും യുഡിഎഫിന് നൽകിയ വോട്ടു കണ്ടു സിപിഎം നേതാക്കൾ കണ്ണ് തള്ളേണ്ടി വരും. പ്രചാരണ കാലത്തു സിപിഎം ഉയർത്തിയ വ്യക്തിപരമായ അധിക്ഷേപം രമ്യക്ക് അമ്മമാരുടെയും ചെറുപ്പക്കാരുടെയും വോട്ടുകൾ കണ്ണും പൂട്ടി നൽകി എന്ന് കരുതേണ്ടി വരും. പാലക്കാട് മണ്ഡലത്തിലെ ഹിന്ദു ഭൂരിപക്ഷ മണ്ഡലങ്ങളിൽ സിപിഎമ്മിന് ഉണ്ടായ നഷ്ടത്തിലും ശബരിമല വിഷയം എത്ര കരുത്തോടെയാണ് സിപിഎമ്മിനെ കടപുഴക്കിയത് എന്നതിന് തികച്ചും യുക്തിഭദ്രമായ നിരീക്ഷണം കൂടിയാണ്.

മുഖ്യമന്ത്രി നേരിട്ട് നിയന്ത്രിച്ച പത്തനംതിട്ട, കൊല്ലം മണ്ഡലങ്ങളിലെ ഭീതിത പരാജയം വിശിദീകരിക്കാൻ സിപിഎം പ്രയാസപ്പെടുകയാണ്. പത്തനംതിട്ടയിൽ വീണ ജോർജ് രണ്ടാം സ്ഥാനത്തു എത്തിയതും അടൂർ മണ്ഡലത്തിൽ ഒന്നാം സ്ഥാനത്തു എത്തിയതും ആശ്വാസം ആയെങ്കിലും വീണയുടെ സ്വന്തം സ്ഥലമായ ആറന്മുളയിൽ മൂന്നാം സ്ഥാനത്തു ആയതു ഏറെ പ്രയാസകരമാക്കിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ സ്വന്തം സ്ഥലമായ ധർമ്മടത്തും അനേകം കുടുംബ യോഗങ്ങളിൽ അദ്ദേഹം പങ്കെടുത്തിട്ടും അതൊന്നും വോട്ടായില്ല എന്നതാണ് സിപിമ്മിനെ ഇപ്പോൾ ഇരുത്തി ചിന്തിപ്പിക്കുന്നത്. ഇവിടെയാണ് പാർട്ടി വോട്ടുകളും ചോർന്നു എന്ന് പറയേണ്ടി വരുന്നത്.

ഇതിനൊപ്പമാണ് കൊല്ലത്തെ സ്ഥിതിയും. ബാലഗോപാലിലൂടെ മണ്ഡലത്തെ തിരിച്ചു പിടിക്കാം എന്ന് കരുതിയെങ്കിലും ഭീമമായ വോട്ടുചോർച്ചയാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. അമിത ആത്മവിശ്വാസത്തിൽ വീണ്ടും പരനാറി പ്രയോഗം ഇവിടെ കേൾക്കേണ്ടി വന്നതിന് പോലും പ്രചാരണക്കാലം സാക്ഷിയാണ്. കൊല്ലത്തു ഇരു മുന്നണികളും തമ്മിൽ ഉള്ള വോട്ടു വൃത്യസാം 15 ശതമാനം എന്നത് സിപിഎമ്മിന് ഉറക്കത്തിലും ഞെട്ടൽ സമ്മാനിക്കും. പ്രേമചന്ദ്രനെ സംഘി എന്ന് പോലും വിളിക്കാൻ ധൈര്യപ്പെട്ട സിപിഎമ്മിന് ജനം നൽകിയ സമ്മാനം ഇത്ര കടുപ്പമുള്ളതായി മാറുമെന്ന് സിപിഎം ഒരിക്കലും നിനച്ചിരിക്കില്ല. പോൾ ചെയ്ത വോട്ടിൽ 51% നേടിയ പ്രേമചന്ദ്രന് മുന്നിൽ വെറും 36% വോട്ടുമായി നിഷ്പ്രഭാവനായി മാറുകയായിരുന്നു ബാലഗോപാൽ എന്ന സിപിഎം കരുത്തൻ.

നിയമ സഭ തിരഞ്ഞെടുപ്പിൽ പൂർണമായും ചുകന്ന കൊല്ലത്തെ ഇത്തവണ പൂർണമായും യുഡിഎഫിന് ഒപ്പം നിർത്താൻ പ്രേമചന്ദ്രനായി. അടിയൊഴുക്കുകൾ അതിശക്തമായിരുന്നു എന്ന് വ്യക്തം. ഇത് ഒരിക്കൽ പോലും തിരിച്ചറിയാൻ കഴിയാതെ പോയിടത്താണ് സിപിഎമ്മിന്റെ സംഘടനാ ദൗർബല്യം തെളിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP