Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എംബി രാജേഷിന് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് പികെ ശശിയുടെ തട്ടകമായ മണ്ണാർകാട്; ശ്രീകണ്ഠന്റെ മണ്ണാർകാട്ടെ ലീഡിന് പിന്നിൽ സിപിഎം ഒത്തുകളി? പികെ ശശിക്കെതിരെ പീഡനക്കേസ് പുറത്തെത്തിച്ചത് വൈരാഗ്യത്തിന് കാരണം; എംബി രാജേഷിന്റെ തോൽവിയിൽ പാലക്കാട് സിപിഎമ്മിൽ പൊട്ടിത്തെറി; ആരോപണം അടിസ്ഥാനരഹിതമെന്നും പ്രവർത്തനമണ്ഡലമായ ഷൊർണ്ണൂരിൽ ഭൂരിപക്ഷം വർധിച്ചെന്നും പ്രതികരിച്ച് പികെ ശശി

എംബി രാജേഷിന് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് പികെ ശശിയുടെ തട്ടകമായ മണ്ണാർകാട്; ശ്രീകണ്ഠന്റെ മണ്ണാർകാട്ടെ ലീഡിന് പിന്നിൽ സിപിഎം ഒത്തുകളി? പികെ ശശിക്കെതിരെ പീഡനക്കേസ് പുറത്തെത്തിച്ചത് വൈരാഗ്യത്തിന് കാരണം; എംബി രാജേഷിന്റെ തോൽവിയിൽ പാലക്കാട് സിപിഎമ്മിൽ പൊട്ടിത്തെറി; ആരോപണം അടിസ്ഥാനരഹിതമെന്നും പ്രവർത്തനമണ്ഡലമായ ഷൊർണ്ണൂരിൽ ഭൂരിപക്ഷം വർധിച്ചെന്നും പ്രതികരിച്ച് പികെ ശശി

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: ലോക്‌സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ 19 സീറ്റുകളും തോറ്റ സിപിഎമ്മിനെ ഏറ്റവും അധികം വേട്ടയാടുന്നത് നാല് മണ്ഡലങ്ങളിലെ തോൽവിയാണ്. ആറ്റിങ്ങൽ, ആലത്തൂർ, പാലക്കാട്, കാസർഗോഡ് എന്നിവയാണ് അത്. ഇത് നാലും 23 വർഷത്തിന് മുകളിലായി എൽഡിഎഫ് കൈയടക്കി വെച്ചിരിക്കുന്ന മണ്ഡലങ്ങളാണ്. തരംഗത്തിൽ ആറ്റിങ്ങലും, ആലത്തൂരും കാസർഗോഡുമൊക്കെ പോയെങ്കിലും പാലക്കാട് സിറ്റിങ് എംപി എംബി രാജേഷ് തോൽക്കുമെന്ന് സ്വപ്‌നത്തിൽ പോലും ഒരു മലയാളിയും വിശ്വസിക്കില്ല. എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ പാലക്കാട് മണ്ഡലത്തിൽ എംബി രാജേഷിനെ തോൽപ്പിച്ചതിന് പിന്നിൽ പാർട്ടി നേതൃത്വം തന്നെയാണ് എന്ന ഞെട്ടിക്കുന്ന വാർത്തയാണ്.

കഴിഞ്ഞ തവണ ഒരുലക്ഷം വോട്ടിന് വിജയിച്ച രാജേഷ് ഇത്തവണ തോറ്റത് 11637 വോട്ടുകൾക്കാണ്. രാജേഷിന്റെ തോൽവിക്ക് പിന്നിൽ ഷൊർണ്ണൂർ എംഎൽഎയും ഡിവൈഎഫ്‌ഐ ജില്ലാ നേതാവായ യുവതിയെ പീഡിപ്പിച്ച വിവാദ നേതാവുമായ പികെ ശശിയാണ് എന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉറച്ച സീറ്റായ പാലക്കാട്ടെ തോൽവിയെ തുടർന്ന് സിപിഎമ്മിൽ കലാപം രൂക്ഷമാവുകയാണ്.

പാലക്കാട്ടെ പരാജയത്തിന് പിന്നിൽ ന്യൂനപക്ഷ കേന്ദ്രീകരണം മാത്രമല്ലെന്നും അതിന് മറ്റ് കാരണങ്ങളുണ്ടെന്നുമാണ് പാലക്കാട്ടെ സിപിഎം സ്ഥാനാർത്ഥി എം.ബി രാജേഷ് പറഞ്ഞത്. ഷൊർണ്ണൂർ എംഎ‍ൽഎ പി.കെ.ശശിയാണ് തന്റെ പരാജയത്തിന് പിന്നിലെന്ന് പേരെടുത്തു പറയാതെ കുറ്റപ്പെടുത്തുകയാണ് രാജേഷ്. നേരത്തെ പി.കെ. ശശിക്കെതിരെ ഉയർന്ന പരാതിയിലെ പ്രതികാരമാണ് രാജേഷിനെ കാല് വാരിയതിന് പിന്നിൽ എന്നാണ് വിവരം. ഡിവൈഎഫ്‌ഐ വനിത നേതാവിനെ പാർട്ടി ഓഫീസിൽ വെച്ച് ശശി പീഡിപ്പിച്ച വിവരം ദേശീയ നേതൃത്വത്തിന് പരാതിയായി എത്തി.ത് രാജേഷ് മുഖേനയാണ് എന്നത് ശശിക്ക് രാജേഷിനോടുള്ള വൈരാഗ്യത്തിന് കാരണമാണ്.

പാലക്കാട് ലോക്‌സഭ മണ്ഡലത്തിലെ ഏഴ് അസംബ്ലി മണ്ഡലങ്ങളിൽ പാലക്കാട് പട്ടാമ്പി മണ്ണാർകാട് എന്നിവിടങ്ങളിലാണ് രാജേഷ് പിന്നിലായത്. ഇതിൽ മുസ്ലിം ഭൂരിപക്ഷമായ പട്ടാമ്പിയിൽ ന്യൂനപക്ഷ ഏകീകരണമാണ് തിരിച്ചടിയായത്. എന്നാൽ രാജേഷിന് നല്ല ഭൂരിപക്ഷമുണ്ടായിരുന്ന മണ്ണാർകാട് മണ്ഡലത്തിൽ 30000 വോട്ടിന്റ മേൽക്കൈയാണ് ശ്രീകണ്ഠന് ലഭിച്ചത്. മണ്ണാർകാട് എന്നാൽ പികെ ശശിയുടെ ശക്തികേന്ദ്രമാണ്. 10 വർഷത്തോളം പാർട്ടി ഏര്യാ സെക്രട്ടറിയായിരുന്ന പ്രദേശത്ത് രാജേഷിന് വോട്ട് കുറയ്ക്കാൻ വലിയ രീതിയിൽ ശശി ഇടപെട്ടു.

സ്വാശ്രയ കോളേജിലെ വിദ്യാർത്ഥി ആത്മഹത്യയിൽ മാനേജ്‌മെന്റിനെതിരെ എസ്എഫ്‌ഐ നടത്തിയ സമരം. അതിനെ മുന്നിൽ നിന്ന് നയിച്ച എംബി രാജേഷ് എം പി എന്ന പഴയ ടഎക നേതാവിനെ പാര പണിത ജില്ലയിലെ 2 എംഎൽ എമാരും മാനേജ് മെന്റിന്റെ പിണിയാളുകൾ.. ഒരു ബൂത്തിൽ 10 പാർട്ടി വോട്ട് വച്ചെങ്കിലും മറിക്കാൻ സ്വാശ്രയ മുതലാളിയും പണമെറിഞ്ഞു. പികെ ശശി എം എൽ എ ക്കെതിരെ ഒരു 'തീവ്രത കുറഞ്ഞ' പെണ്ണ് കേസ്. ഇരയെ, അഥവാ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗമായ യുവതിക്ക് സംരക്ഷണമൊരുക്കിയ സ്ഥലം എംപി കൂടിയായ രാജേഷ്. ഇവനെയല്ല. അവന്റെ അമ്മായി അപ്പനെ വരെ ഒതുക്കിയിട്ടുണ്ടെന്ന് പരസ്യമായി പറഞ്ഞ എം എൽ എ നേരത്തെ തന്നെ രാജേഷിനെ തോൽപ്പിക്കും എന്ന് പരസ്യമായി പലയിടത്തും പറഞ്ഞിരുന്നു.

രാജേഷിന് ഈ മണ്ഡലത്തിൽ നിന്ന് 48625 വോട്ട് കിട്ടിയപ്പോൾ ശ്രീകണ്ഠൻ് കിട്ടിയത് 78250 വോട്ട്. നിയമസഭയിൽ മണ്ണാർക്കാട് നിന്ന് 12,325 വോട്ടിന്റെ ഭൂരിപക്ഷം നേടിയ യു.ഡി.എഫിന് ഈ തിരഞ്ഞെടുപ്പിൽ 29,625 വോട്ടിലേക്ക് ഭൂരിപക്ഷം ഉയർത്താൻ കഴിഞ്ഞു. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ ജോസ് ബേബിക്ക് ഇവിടെ നിന്ന് 70,000 വോട്ട് കിട്ടിയിരുന്നു. 2011ൽ സിപിഐയിലെ ചാമുണ്ണി തോറ്റത് വെറും 12,000 വോട്ടിന്. ഇങ്ങനെയൊരു മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് 30,000 ഓളം വോട്ടിന്റെ ഭൂരിപക്ഷം കിട്ടിയത് സ്വാഭാവികമല്ല എന്നാണ് രാജേഷ് പറയാതെ പറഞ്ഞുവയ്ക്കുന്നത്. അതുപോലെ പട്ടാമ്പിയിൽ 2016ൽ 7404 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന എൽ.ഡി.എഫ് ഇത്തവണ 17,179 വോട്ടിന് പുറകിലായി. ഷൊർണൂരിൽ 13,455, ഒറ്റപ്പാലത്ത് 9628, മലമ്പുഴയിൽ 5,848, കോങ്ങാട് 12,915 എന്നിങ്ങനെയാണ് കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് വോട്ടിന്റെ കുറവ് ഇടതുപക്ഷത്തിനുണ്ടായത്.

പാർട്ടിയുടെ ശക്തി കേന്ദ്രമായ കോങ്ങാട് മണ്ഡലത്തിൽ 356 വോട്ടിന്റെ ലീഡ് മാത്രമാണുള്ളത്. 20,000 വോട്ടിന്റെയെങ്കിലും ഭൂരിപക്ഷം പ്രതീക്ഷിച്ച സ്ഥലത്താണ് 356 വോട്ടിന്റെ ലീഡ് കിട്ടിയത്.പാർട്ടി കേന്ദ്രങ്ങളിൽ അടിയൊഴുക്കുണ്ടായി എന്നാണ് എം.ബി. രാജേഷ് പറയുന്നത്. മണ്ണാർക്കാട്ട് യു.ഡി.എഫ് നേടിയ ഭൂരിപക്ഷം അമ്പരിപ്പിക്കുന്നതാണെന്നും രാജേഷ് പറഞ്ഞിരുന്നു. അതേസമയം വോട്ട് കുറഞ്ഞതിന് താൻ ഉത്തരവാദിയല്ലെന്നാണ് പി.കെ. ശശിയുടെ നിലപാട് . തിരഞ്ഞെടുപ്പിൽ തനിക്ക് സംഘടനാപരമായ ചുമതലകൾ ഒന്നുമുണ്ടായിരുന്നില്ല. ജനപ്രതിനിധി എന്ന നിലയിൽ ഷൊർണ്ണൂരിലാണ് തിരഞ്ഞെടുപ്പ് പ്രവർത്തനം നടത്തിയത് . അവിടെ വോട്ട് കൂടിയിട്ടുണ്ടെങ്കിലും പ്രതീക്ഷിച്ച അത്ര കിട്ടിയിട്ടില്ല എന്നത് ശരിയാണെന്നും ശശി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP