Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേന്ദ്രമന്ത്രിസ്ഥാനം നൽകുക എൻ എസ് എസിന്റെ മനസ്സ് കൂടി അറിഞ്ഞ്; തോൽവിയിലെ എൻ എസ് എസ് ഫാക്ടർ വിശകലനം ചെയ്യാൻ കേന്ദ്ര നിർദ്ദേശം; ഗവർണ്ണർ പദവി രാജിവച്ച കുമ്മനത്തെ മന്ത്രിയാക്കണമെന്ന് അമിത് ഷായിൽ സമ്മർദ്ദം ചെലുത്തി ആർഎസ്എസ്; പിള്ളയെ മാറ്റി സുരേന്ദ്രനെ അധ്യക്ഷനാക്കാനും കരുനീക്കങ്ങൾ; നായർ സമുദായത്തിലെ നിഷ്പക്ഷ വോട്ടുകൾ കിട്ടിയില്ലെന്ന തിരിച്ചറിവിൽ പുനഃസംഘടന; കേരള ബിജെപിയിൽ പിടിമുറുക്കാൻ അമിത് ഷാ

കേന്ദ്രമന്ത്രിസ്ഥാനം നൽകുക എൻ എസ് എസിന്റെ മനസ്സ് കൂടി അറിഞ്ഞ്; തോൽവിയിലെ എൻ എസ് എസ് ഫാക്ടർ വിശകലനം ചെയ്യാൻ കേന്ദ്ര നിർദ്ദേശം; ഗവർണ്ണർ പദവി രാജിവച്ച കുമ്മനത്തെ മന്ത്രിയാക്കണമെന്ന് അമിത് ഷായിൽ സമ്മർദ്ദം ചെലുത്തി ആർഎസ്എസ്; പിള്ളയെ മാറ്റി സുരേന്ദ്രനെ അധ്യക്ഷനാക്കാനും കരുനീക്കങ്ങൾ; നായർ സമുദായത്തിലെ നിഷ്പക്ഷ വോട്ടുകൾ കിട്ടിയില്ലെന്ന തിരിച്ചറിവിൽ പുനഃസംഘടന; കേരള ബിജെപിയിൽ പിടിമുറുക്കാൻ അമിത് ഷാ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്നും പി എസ് ശ്രീധരൻ പിള്ളയെ മാറ്റുമെന്ന് ഉറപ്പായി. എൻ എസ് വോട്ടുകൾ പാർട്ടിക്ക് ലഭിച്ചില്ലെന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇത്. എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ മനസ്സ് അനുകൂലമാക്കാനും ബിജെപി അടിയന്തര ഇടപെടൽ നടത്തും. എൻ എസ് എസ് ഫാക്ടർ അനുകൂലമായാലേ കേരളത്തിൽ നേട്ടമുണ്ടാക്കാനാകൂവെന്നാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ. എൻ എസ് എസിന് ചില തെറ്റിധാരണകളുണ്ടെന്നും നേതൃത്വം മനസ്സിലാക്കുന്നു. ത്രിപുരയിലും ബംഗാളിലും ഒഡീഷയിലും കടന്നു കയറിയ അമിത് ഷായുടെ മനസ്സിൽ ഇനിയുള്ളത് കേരളമാണ്. എൻ എസ് എസിനെ കൂടെ നിർത്തി മുന്നോട്ട് പോകാനാണ് അമിത് ഷായുടെ നീക്കം.

കേരളത്തിലെ തോൽവിയുടെ കാരണങ്ങളിലൊന്നായ 'എൻഎസ്എസ് ഫാക്ടർ' വിശകലനം ചെയ്യാൻ ബിജെപി തീരുമാനിച്ചിട്ടുണ്ട്. എൻഎസ്എസുമായുള്ള ബന്ധത്തിൽ വിള്ളലുണ്ടായെങ്കിൽ അതു പരിഹരിക്കാൻ അടിയന്തരശ്രമം നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഇതിനായി ഇടപെടും. ശബരിമല വിഷയത്തിൽ അതിവേഗം ഓർഡിനൻസ് കൊണ്ടു വരാനും തീരുമാനമുണ്ട്. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളിൽ എൻഎസ്എസിന്റെ പിന്തുണ കൂടിയേ തീരൂ എന്നതിന്റെ അടിസ്ഥാനത്തിലാണു സംഘടനയുമായി ചേർന്നുപോകാൻ ബിജെപിയുടെ തീരുമാനം. തിരുവനന്തപുരത്ത് എൻഎസ്എസ് വോട്ടുകൾ കിട്ടാതിരുന്നതാണു തോൽവിയുടെ കാരണമായി ബിജെപി തിരിച്ചറിയുന്നത്. എന്തുകൊണ്ടിത് സംഭവിച്ചുവെന്നത് ബിജെപി ദേശീയ നേതൃത്വം പരിശോധിക്കും.

ബൂത്തടിസ്ഥാനത്തിൽ എൻഎസ്എസിന്റെ എത്ര വോട്ടുകൾ പാർട്ടിക്കു കിട്ടിയെന്നു പരിശോധിക്കാനാണു ബിജെപി നീക്കം. പത്തനംതിട്ടയിൽ കെ.സുരേന്ദ്രൻ മൂന്നാമതായതും എൻഎസ്എസ് സഹായം വേണ്ടപോലെ കിട്ടാതിരുന്നതുകൊണ്ടാെണെന്നു നിഗമനമുണ്ട്. ഈ സാഹചര്യത്തിൽ പിണക്കം മാറ്റാൻ ശ്രമിക്കും. തിരുവനന്തപുരത്തെ സ്ഥാനാർത്ഥിയായ കുമ്മനം രാജശേഖരനും മുതിർന്ന നേതാവായ ഒ.രാജഗോപാലും ചൂണ്ടിക്കാണിക്കുന്നത്. നായർ വോട്ടുകൾ ഏറെയുള്ള തിരുവനന്തപുരം, വട്ടിയൂർക്കാവ്, നേമം മണ്ഡലങ്ങളിൽ പ്രതീക്ഷിച്ചപോലെ പിന്തുണ ലഭിച്ചില്ല. സമദൂര നിലപാടാണ് എൻഎസ്എസ് ആവർത്തിച്ചിരുന്നതെങ്കിലും കുമ്മനം രാജശേഖരനെ തോൽപ്പിക്കാൻ എതിർത്തു വോട്ട് ചെയ്യരുതെന്നു ബിജെപി പ്രത്യേകം അഭ്യർത്ഥിച്ചിരുന്നു. എന്നാൽ അത് ലക്ഷ്യം കണ്ടില്ല.

അതിനിടെ പരാജയപ്പെട്ടെങ്കിലും കുമ്മനം രാജശേഖരൻ കേന്ദ്രമന്ത്രിസഭയിലേക്ക് എന്ന അഭ്യൂഹം ശക്തമായി. ഗവർണർ പദവി വിട്ടൊഴിഞ്ഞു മത്സരത്തിനിറങ്ങിയ നേതാവിന് ഉചിതമായ പദവി നൽകണമെന്ന ആവശ്യം ആർഎസ്എസും കേന്ദ്രത്തിനു മുന്നിലെത്തിച്ചിട്ടുണ്ട്. തോറ്റെങ്കിലും കേരളത്തിന്റെ വികസനത്തിനുവേണ്ടി ഇനിയും പ്രവർത്തിക്കുമെന്ന കുമ്മനത്തിന്റെ വാക്കുകളും മന്ത്രിപദവി ലക്ഷ്യം വച്ചാണെന്നു സൂചനയുണ്ട്. അൽഫോൻസ് കണ്ണന്താനത്തെ മന്ത്രിസഭയിൽ നിലനിർത്തില്ലെന്നാണ് സൂചന. പകരം വി മുരളീധരനെ മന്ത്രിയാക്കും. കേരളത്തിൽ അടിത്തറ വിപുലമാക്കുന്നതിന്റെ ഭാഗമാണ് ഇത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മാന്യമായ സീറ്റുകൾ നേടുകയാണ് ലകഷ്യം. രണ്ടു ലക്ഷത്തിനടുത്തു അധിക വോട്ട് നേടിയ സുരേഷ് ഗോപിയും പരിഗണനാ പട്ടികയിലുണ്ട്.

ശോഭ സുരേന്ദ്രനേയും മന്ത്രിയായി പരിഗണിക്കുന്നുണ്ട്. അതിനിടെ കേന്ദ്ര മന്ത്രിയാരാവണമെന്നതിലും എൻ എസ് എസ് അഭിപ്രായം അറിയാൻ ബിജെപി ശ്രമിച്ചേക്കും. സംസ്ഥാന അധ്യക്ഷപദവിയിൽ നിന്നും ശ്രീധരൻപിള്ളയ്ക്കു മാറേണ്ട സാഹചര്യമുണ്ട്. ഇക്കാര്യത്തിലും എൻ എസ് എസുമായി ആശയ വിനിമയത്തിന് ബിജെപി ദേശീയ നേതൃത്വം ചിന്തിക്കുന്നുണ്ട്. പ്രസിഡന്റായി കെ.സുരേന്ദ്രനെ കൊണ്ടുവരണം എന്നാണു മുരളീധരപക്ഷത്തിന്റെ ആവശ്യം. ഗ്രൂപ്പ്, ജാതി സമവാക്യങ്ങൾ പാലിക്കേണ്ടി വന്നാൽ എം ടി. രമേശിനും പ്രാതിനിധ്യം നൽകേണ്ടിവരും. അങ്ങനെ പാർട്ടിയിൽ സമൂല അഴിച്ചു പണിക്കാണ് ദേശീയ നേതൃത്വം ഒരുങ്ങുന്നത്. തിരഞ്ഞെടുപ്പുഫലം മോശമാക്കിയതിൽ ആർഎസ്എസിനു പങ്കുണ്ടെന്നു വിമർശനമുണ്ടെങ്കിലും സംസ്ഥാന നേതൃത്വത്തിലെ അഴിച്ചുപണിയിലും ആർഎസ്എസിന്റെ അഭിപ്രായങ്ങൾക്കും മുൻതൂക്കം ലഭിക്കും.

പാർട്ടി അഴിച്ചു പണിയിലും സ്ഥാനമാനങ്ങൾ വീതംവെപ്പിലും ഗ്രൂപ്പ് സമവാക്യവും ജാതിസമവാക്യവും പരിഗണിക്കപ്പെടും.അധ്യക്ഷപദം നായർ സമുദായത്തിനെങ്കിൽ ഈഴവ പ്രാതിനിധ്യം മന്ത്രിസഭയിലുണ്ടാകും.തുഷാർെവള്ളാപ്പള്ളിക്ക് വാഗ്ദാനം ചെയ്ത പദവികൾ തിരഞ്ഞെടുപ്പിലെ മോശംപ്രകടനം കണക്കിലെടുത്ത് പുനപരിശോധിക്കാനും സാധ്യതയുണ്ട്. അമിത് ഷാ നേരിട്ട് കേരളത്തിലെ കാര്യങ്ങളിൽ ഇനി തീരുമാനമെടുക്കുമെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP