Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മന്ത്രിയാക്കാമെന്നും പറഞ്ഞ് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കോളുകൾ കണ്ടാൽ പോലും വീഴരുത്; പത്രത്തിൽ പേരു വന്നതു കൊണ്ട് മാത്രം ആരും മന്ത്രിയാകുമെന്ന് കരുതരുത്; ഓഫ് ദി റിക്കോർഡ് എന്ന് പറഞ്ഞടുത്തെത്തുന്ന പത്രക്കാരോട് ബടുവ പറയരുത്; വഴികാട്ടാൻ എത്തുന്ന സഹായികളെ വിശ്വസിക്കരുത്; ഉറപ്പില്ലാത്തവരുടെ സെൽഫിക്ക് നിൽക്കരുത്; പുതുതായി തെരഞ്ഞെടുത്ത ബിജെപി എംപിമാരോട് മോദി നൽകിയ ഉപദേശങ്ങൾ ഇങ്ങനെ

മന്ത്രിയാക്കാമെന്നും പറഞ്ഞ് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കോളുകൾ കണ്ടാൽ പോലും വീഴരുത്; പത്രത്തിൽ പേരു വന്നതു കൊണ്ട് മാത്രം ആരും മന്ത്രിയാകുമെന്ന് കരുതരുത്; ഓഫ് ദി റിക്കോർഡ് എന്ന് പറഞ്ഞടുത്തെത്തുന്ന പത്രക്കാരോട് ബടുവ പറയരുത്; വഴികാട്ടാൻ എത്തുന്ന സഹായികളെ വിശ്വസിക്കരുത്; ഉറപ്പില്ലാത്തവരുടെ സെൽഫിക്ക് നിൽക്കരുത്; പുതുതായി തെരഞ്ഞെടുത്ത ബിജെപി എംപിമാരോട് മോദി നൽകിയ ഉപദേശങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മാധ്യമവാർത്തകളിലെ പേരുകൾ കണ്ടല്ല ബിജെപി.യും എൻ.ഡി.എ.യും മന്ത്രിമാരെ നിശ്ചയിക്കുന്നതെന്നും മാധ്യമങ്ങളിൽ പേരു കണ്ടെന്നു കരുതി ആരും മന്ത്രിസ്ഥാനം ആഗ്രഹിക്കരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി. പാർലമെന്ററി പാർട്ടി യോഗത്തിലാണ് പുതിയ എംപി.മാർക്ക് മോദി ഉപദേശ നിർദ്ദേശങ്ങൾ നൽകിയത്. ഈ ഉപദേശങ്ങൾ പല തരത്തിൽ ചർച്ചയാക്കുകായാണ് സോഷ്യൽ മീഡിയ. മന്ത്രിസഭാ രൂപവത്കരണ ചർച്ചകൾ ആരംഭിച്ച പശ്ചാത്തലത്തിലായിരുന്നു മോദിയുടെ ഉപദേശം. ഗുജറാത്തിൽ മുഖ്യമന്ത്രിയായ കാലത്തുണ്ടായ അനുഭവങ്ങളുടെ വിളിച്ചത്തിലായിരുന്നു ഉപദേശം.

''പത്രങ്ങളിലും ടി.വി.യിലും മന്ത്രിമാരാകാൻ സാധ്യതയുള്ളവരുടെ പേരുകൾ വരുന്ന കാലമാണിത്. നിങ്ങളുടെ പേരുകളും അതിൽ വന്നേക്കാം. അതുകണ്ട് മന്ത്രിമാരാക്കും എന്നു തെറ്റിദ്ധരിക്കരുത്. മാധ്യമങ്ങളിലെ പേരുകൾ കണ്ടല്ല ബിജെപി.യും എൻ.ഡി.എ.യും മന്ത്രിമാരെ നിശ്ചയിക്കുന്നത്. അതിനു കൃത്യമായ മാനദണ്ഡങ്ങളുണ്ട്. മന്ത്രിമാരാകാൻ ആഗ്രഹിക്കുന്നവരെ കബളിപ്പിക്കുന്ന രീതിയും നിലവിലുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്ന് വിളിക്കുന്നു എന്നമട്ടിൽ ചിലർ ഫോൺ വിളിക്കും. താങ്കളെ മന്ത്രിയാകാൻ തിരഞ്ഞെടുത്തിരിക്കുന്നെന്ന് പറഞ്ഞ് കബളിപ്പിക്കും. അതിൽ വീഴരുത്. പണ്ട് ഗുജറാത്തിൽ മുഖ്യമന്ത്രിയായിരുന്നപ്പോൾ ഛത്തീസ്‌ഗഢിൽനിന്ന് ഒരു പ്രവർത്തകൻ എത്തി. ഗുജറാത്തിൽ മന്ത്രിയാകാൻ തിരഞ്ഞെടുത്തു എന്ന് ഫോൺ വിളിയെത്തി എന്നു പറഞ്ഞാണ് എന്നെ ഈ പ്രവർത്തകൻ സമീപിച്ചത്''- മോദി കാര്യങ്ങൾ വിശദീകരിച്ചത് ഇങ്ങനെയാണ്.

മാധ്യമങ്ങളോടു സംസാരിക്കുമ്പോൾ പുതിയ അംഗങ്ങൾ വളരെ ജാഗ്രത പാലിക്കണമെന്ന് മോദി പറഞ്ഞു. ഓഫ് ദ റെക്കോഡ് എന്ന് പറഞ്ഞ് ചിലർ സംസാരിക്കാൻ സമീപിക്കും. പോക്കറ്റിൽ ശബ്ദം റെക്കോഡ് ചെയ്യുന്ന സംവിധാനങ്ങളുമായിട്ടായിരിക്കും ഇവർ വരുന്നത്. ഇതറിയാതെ സംസാരിച്ചുപോകും. എന്നാൽ, അവർ അതെടുത്ത് ചാനലിൽ കൊടുക്കും. അതിനാൽ സംസാരം നിയന്ത്രിക്കണം. ഡൽഹിയിലെത്തുമ്പോൾ സഹായികളായി ചിലർ അടുത്തുകൂടുമെന്നും അവരെ അകറ്റിനിർത്തണമെന്നും മോദി പറഞ്ഞു. ആദ്യമായി എത്തുന്ന എംപി.മാർക്ക് ചിലപ്പോൾ വഴി അറിയാതെയോ ഓഫീസ് എവിടെയാണെന്ന് അറിയാതെയോ സംശയങ്ങൾ ഉണ്ടാകും. അപ്പോൾ സഹായിക്കാൻ ഇവർ അടുത്തുകൂടും. ഇവർ പിന്നീട് ബാധ്യതയായി മാറും. അതുപോലെ ഒപ്പംനിന്ന് ഫോട്ടോ എടുക്കാൻ വരുന്നവരെയും സൂക്ഷിക്കണം- മോദി നിർദ്ദേശിച്ചു.

രണ്ടാം ഊഴത്തിലെ മോദി മന്ത്രിസഭയിൽ ആരൊക്കെ എന്ന ചർച്ചകൾ സജീവമാണ്. അഭ്യന്തര മന്ത്രിയായി അമിത് ഷാ മന്ത്രിസഭയിലെത്തും എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. പ്രതിരോധമന്ത്രിയായേക്കുമെന്ന തരത്തിലും ചർച്ചകൾ സജീവമാണ്. നിലവിൽ അഭ്യന്തരമന്ത്രിസ്ഥാനം വഹിക്കുന്ന രാജ്‌നാഥ് സിങ് അമിത്ഷാ വരുന്ന പക്ഷം മറ്റേതെങ്കിലുമൊരു പ്രധാന വകുപ്പിലേക്ക് മാറും. പ്രതിരോധം, അഭ്യന്തരം,ധനകാര്യം, വിദേശകാര്യം എന്നീ ഗ്ലാമർ വകുപ്പുകളിൽ ആരെത്തും എന്നതാണ് ഏവരും ഉറ്റുനോക്കുന്ന കാര്യം. അനാരോഗ്യം കാരണം അരുൺ ജെയ്റ്റലിയും, സുഷമാ സ്വരാജും മന്ത്രിസഭയിലുണ്ടാവില്ലെന്ന് റിപ്പോർട്ടുകളുണ്ട്. നിതിൻ ഗഡ്കരിയെ സുപ്രധാന പദവിയിൽ നിയമിക്കണമെന്ന് ആർഎസ്എസ് മോദിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അരുൺ ജെയ്റ്റലി ഇല്ലെങ്കിൽ പീയൂഷ് ഗോയൽ തന്നെയായിരിക്കും അടുത്ത ധനമന്ത്രി.

രവിശങ്കർ പ്രസാദ്, പ്രകാശ് ജാവദേക്കർ, മനോജ് സിൻഹ, ധർമ്മേന്ദ്ര പ്രധാൻ എന്നിവരും താക്കോൽ സ്ഥാനങ്ങളിലെത്തും. അമേഠിയിൽ രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തി താരമായി മാറിയ സ്മൃതി ഇറാനിയെ തേടി നിർണായക പദവി തന്നെ എത്തും എന്നാണ് വിവരം. അവർ പ്രധാനപ്പെട്ട മന്ത്രാലയത്തിൽ സ്മൃതി ഇറാനിയെത്തുമെന്നും അതല്ല സ്പീക്കർ സ്ഥാനത്തേക്ക് ബിജെപി അവരെ പരിഗണിക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ഇതിനിടെയാണ് എംപിമാർക്ക് മോദി നൽകിയ സന്ദേശവും ചർച്ചയാകുന്നത്.

വികസനം വിശ്വാസം

എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം (സബ്കാ സാത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്) എന്നതായിരിക്കും പുതിയ സർക്കാരിന്റെ മുഖമുദ്രയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ തിരഞ്ഞെടുപ്പ് രാജ്യത്തെ ഒന്നിപ്പിച്ചു. ജാതി, മത, വോട്ടുബാങ്ക് രാഷ്ട്രീയത്തിനുള്ള ബദലാണ് ജനങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത്. ബിജെപി.യുടെയും എൻ.ഡി.എ.യുടെയും പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

2014 ൽ ഉയർത്തിയ സബ്കാ സാത്, സബ്കാ വികാസ് എന്ന മുദ്രാവാക്യത്തിൽ സബ്കാ വിശ്വാസ് എന്നു കൂട്ടിച്ചേർത്താണ് മോദിയുടെ പുതിയ പ്രഖ്യാപനം. പുതിയ ഭാരതം എന്ന സങ്കല്പവുമായി എൻ.ഡി.എ. പുതിയ യാത്ര ആരംഭിക്കുകയാണെന്ന് നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തിന്റെ രാഷ്ട്രീയത്തിന് ബദൽ രൂപപ്പെട്ടിരിക്കുന്നു. ഇന്ത്യയുടെ ജനവിധിയിൽ ലോകംതന്നെ അദ്ഭുതപ്പെട്ടിരിക്കുകയാണ്. ജനങ്ങളുടെ അധികാരം ഇത്ര ശക്തമായി പ്രതിഫലിച്ച തിരഞ്ഞെടുപ്പ് രാജ്യത്ത് വേറെ ഉണ്ടായിട്ടില്ല. അഞ്ചുവർഷമായി രാജ്യത്ത് എൻ.ഡി.എ. സർക്കാർ നടത്തിയ പ്രവർത്തനങ്ങളിലുള്ള വിശ്വാസമാണ് ജനങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്.

ജനങ്ങളെ സേവിക്കാൻ തയ്യാറുള്ളവരെ ജനങ്ങൾ അംഗീകരിക്കുമെന്നതിന്റെ തെളിവാണ് ഇത്തവണത്തെ ജനവിധിയെന്ന് മോദി അഭിപ്രായപ്പെട്ടു. രാജ്യത്തെ എല്ലാ സാമൂഹിക ഘടകങ്ങളെയും ഈ തിരഞ്ഞെടുപ്പുവിജയം യോജിപ്പിച്ചിരിക്കുന്നു. സർക്കാർ അനുകൂല വികാരമാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. അനുകൂലവോട്ടുകളുടെ വിജയമാണുണ്ടായത്. സത്യസന്ധതയ്ക്ക് അംഗീകാരം ലഭിച്ചിരിക്കുന്നു. മോദിയല്ല, ജനങ്ങളാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്.

പുരുഷന്മാർക്കൊപ്പം സ്ത്രീകളും വൻതോതിൽ വോട്ട് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പാണ് നടന്നത്. രാജ്യത്തെ മാതൃശക്തിയാണ് തെളിയിക്കപ്പെട്ടത്. വനിതാ എംപി.മാരുടെ എണ്ണവും ഇക്കുറി വർധിച്ചിരിക്കുന്നു. രാജ്യത്തിന്റെ താത്പര്യങ്ങൾ അടിയറവെക്കാത്ത സർക്കാരിനാണ് ജനങ്ങൾ വോട്ടു ചെയ്തത്. ദേശീയ ആഗ്രഹങ്ങളും പ്രാദേശിക താത്പര്യങ്ങളും സന്തുലിതമായി തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടുണ്ട്. ഊർജവും ഒരുമയും എൻ.ഡി.എ.യ്ക്കുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി.

മിഷൻ ന്യൂ ഇന്ത്യ-1000 ദിന അജണ്ട

പുതിയ സർക്കാരിന്റെ 1000 ദിന പദ്ധതികളിൽ വിവിധ മേഖലകളിലെ ക്ഷേമ പദ്ധതികൾക്കാണു പ്രാധാന്യം. കർഷകരുടെ വരുമാനം 3 വർഷം കൊണ്ട് ഇരട്ടിയാക്കുകയാണ് അതിലൊന്ന്.

എല്ലാവർക്കും വീട്, സ്ത്രീ ശാക്തീകരണത്തിനു കൂടുതൽ വിപുല പദ്ധതികൾ, തൊഴിൽ സുരക്ഷ, ഡിജിറ്റൽ ഇന്ത്യ, ആരോഗ്യ സംരക്ഷണം, പാരമ്പര്യേതര ഊർജോൽപാദനത്തിലെ കുതിപ്പ്, ബഹിരാകാശത്തേക്ക് മനുഷ്യനെ എത്തിക്കാനുള്ള ഗഗൻയാൻ എന്നിവയുൾപ്പെടുന്ന 1000 ദിന പരിപാടിക്ക് പേരിട്ടിട്ടില്ല. മിഷൻ ന്യൂ ഇന്ത്യ എന്നാണു താൽക്കാലികമായി വിളിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP