Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വട്ടിയൂർക്കാവിൽ പ്രയാർ ഗോപാലകൃഷ്ണനെ എൻഎസ്എസ് നിർദ്ദേശിക്കുമെന്ന ഭീതി; തിരുവനന്തപുരത്തും ആറ്റിങ്ങലിലും 'വരത്തന്മാർ' എംപിയായതിനാൽ കെട്ടിയിറക്ക് സ്ഥാനാർത്ഥികളെ വേണ്ടെന്ന് ജില്ലാ നേതാക്കൾ; കെ മോഹൻകുമാറും തമ്പാനൂർ രവിയും ആർ വി രാജേഷും ഉപതെരഞ്ഞെടുപ്പ് സീറ്റിനായി കരുക്കൾ നീക്കി രംഗത്ത്; തീവ്ര ഹിന്ദുത്വം പറയുന്ന പ്രയാറിനെ സ്ഥാനാർത്ഥിയാക്കിയാൽ ക്രൈസ്തവ വോട്ടുകൾ കൈവിടുമെന്നും സീറ്റ് മോഹികൾ; മുരളീധരന്റെ പിൻഗാമിയെ നിശ്ചയിക്കുക സുകുമാരൻ നായരോ?

വട്ടിയൂർക്കാവിൽ പ്രയാർ ഗോപാലകൃഷ്ണനെ എൻഎസ്എസ് നിർദ്ദേശിക്കുമെന്ന ഭീതി; തിരുവനന്തപുരത്തും ആറ്റിങ്ങലിലും 'വരത്തന്മാർ' എംപിയായതിനാൽ കെട്ടിയിറക്ക് സ്ഥാനാർത്ഥികളെ വേണ്ടെന്ന് ജില്ലാ നേതാക്കൾ; കെ മോഹൻകുമാറും തമ്പാനൂർ രവിയും ആർ വി രാജേഷും ഉപതെരഞ്ഞെടുപ്പ് സീറ്റിനായി കരുക്കൾ നീക്കി രംഗത്ത്; തീവ്ര ഹിന്ദുത്വം പറയുന്ന പ്രയാറിനെ സ്ഥാനാർത്ഥിയാക്കിയാൽ ക്രൈസ്തവ വോട്ടുകൾ കൈവിടുമെന്നും സീറ്റ് മോഹികൾ; മുരളീധരന്റെ പിൻഗാമിയെ നിശ്ചയിക്കുക സുകുമാരൻ നായരോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വട്ടിയൂർക്കാവിൽ പ്രയാർ ഗോപാലകൃഷ്ണൻ കോൺഗ്രസ് സ്ഥാനാർത്ഥിയാകാൻ സാധ്യത. വിഷ്ണുനാഥ് അടക്കമുള്ള നേതാക്കൾ വട്ടിയൂർകാവിന് വേണ്ടി രംഗത്തുണ്ട്. ഇതിനിടെയാണ് പ്രയാറിന്റെ പേരും ചർച്ചയാകുന്നത്. എൻ എസ് എസ് നേതൃത്വത്തിന് പ്രയാറിനെ സ്ഥാനാർത്ഥിയാക്കാനാണ് താൽപ്പര്യം. ശബരിമല സമരങ്ങളിൽ എൻ എസ് എസിനൊപ്പം നിന്ന നേതാവാണ് പ്രയാർ. ഈ സാഹചര്യത്തിൽ എൻ എസ് എസ് പറയുന്ന പേരിനെ കോൺഗ്രസിന് അംഗീകരിക്കേണ്ടി വരും. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് മിന്നും ജയം നൽകിയത് എൻ എസ് എസ് പിന്തുണയാണ്. നായർ വോട്ടുകൾ ഉള്ളിടത്തെല്ലാം കോൺഗ്രസ് മുന്നിലെത്തി. തിരുവനന്തപുരത്തും പത്തനംതിട്ടയിലും പോലും ബിജെപിയെ എൻ എസ് എസ് തുണച്ചില്ല. ഈ സാഹചര്യത്തിൽ വട്ടിയൂർകാവിൽ എൻ എസ് എസ് മുന്നോട്ട് വയ്ക്കുന്ന പേര് കോൺഗ്രസിന് അംഗീകരിക്കേണ്ടി വരും.

അതിനിടെ പ്രയാറിനെ ഒരുകാരണവശാലും അംഗീകരിക്കില്ലെന്നാണ് തിരുവനന്തപുരത്തെ കോൺഗ്രസ് നേതാക്കളുടെ നിലപാട്. ശബരിമലയിൽ തീവ്ര ഹിന്ദുത്വം പറഞ്ഞ വ്യക്തിയാണ് പ്രയാർ. അദ്ദേഹത്തെ സ്ഥാനാർത്ഥിയാക്കിയാൽ മതന്യൂനപക്ഷങ്ങളുടെ വികാരം കോൺഗ്രസിന് എതിരാകും. അതിനൊപ്പം പ്രയാർ തിരുവനന്തപുരം ജില്ലക്കാരനല്ല. തിരുവനന്തപുരത്ത് തന്നെ മത്സരിക്കാൻ യോഗ്യരായ നിരവധി സ്ഥാനാർത്ഥികളുണ്ട്. അവരെ മത്സരിപ്പിച്ചാൽ മതിയെന്നാണ് തിരുവനന്തപുരത്തെ നേതാക്കളുടെ നിലപാട്. തിരുവനന്തപുരം പാർലമെന്റിൽ മത്സരിച്ച ശശി തരൂർ പാലക്കാട് കാരനാണ്. ആറ്റിങ്ങലിൽ മത്സരിച്ചത് അടൂർ പ്രകാശും. തിരുവനന്തപുരത്തെ നേതാക്കളെ വെട്ടിമാറ്റിയാണ് ഈ മത്സരങ്ങൾ. തിരുവനന്തപുരത്തെ നേതാവിനെ മറ്റ് ജില്ലകളിൽ മത്സരിക്കാൻ ആരും സമ്മതിക്കുകയുമില്ല. അതിനാൽ വട്ടിയൂർകാവിൽ തദ്ദേശിയർ മതിയെന്നാണ് അവരുടെ നിലപാട്. അതിനിടെ സ്ഥാനാർത്ഥിയാകനുള്ള ചരട് വലികളും സജീവമാണ്.

ഡിസിസി അധ്യക്ഷൻ നെയ്യാറ്റിൻകര സനൽ, തമ്പാനൂർ രവി, പാലോട് രവി, കെ മോഹൻ കുമാർ എന്നിവരാണ് സീറ്റിനായി രംഗത്തുള്ള മുതിർന് നേതാക്കൾ. യുവ നേതാവ് ആർ വി രാജേഷും കരുനീക്കം സജീവമാക്കിയിട്ടുണ്ട്. എന്നാൽ എൻ എസ് എസ് നിലപാട് വിനയാകുമെന്ന് ഇവർക്കെല്ലാം അറിയാം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയിൽ നിന്ന് പ്രയാറിന് ക്ഷണമുണ്ടായിരുന്നു. എന്നാൽ എന്നും കോൺഗ്രസുകാരനായിരിക്കുമെന്ന് പ്രഖ്യാപിച്ചാണ് പ്രയാർ ആ ഓഫർ നിരസിച്ചത്. പാർലമെന്റിൽ മത്സരിക്കാൻ സീറ്റ് നൽകുമെന്നും ഏവരും കരുതി. എന്നാൽ നിരാശയായിരുന്നു പ്രയാറിന് ഫലം. ഇതിൽ എൻ എസ് എസിന് നീരസമുണ്ട്. ഈ സാഹചര്യത്തിലാണ് പ്രയാറിന് വേണ്ടി സുകുമാരൻ നായർ രംഗത്തെത്തുന്നതെന്നാണ് സൂചന. തിരുവനന്തപുരം താലൂക്ക് യൂണിയനും സുകുമാരൻ നായരുടെ വാക്കുകൾക്കായി കാത്തിരിക്കുകയാണ്.

വടകരയിൽ കെ മുരളീധരൻ ജയിച്ചതോടെയാണ് വട്ടിയൂർകാവിൽ ഉപതെരഞ്ഞെടുപ്പ് എത്തിയത്. ഇവിടെ കോൺഗ്രസിനും സിപിഎമ്മിനും ബിജെപിക്കും സ്വാധീനമുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തരൂരും കുമ്മനവും തമ്മിൽ ശക്തമായ മത്സരമാണ് ഇവിടെ നടന്നത്. കോൺഗ്രസിന് മുൻതൂക്കം കിട്ടുകയും ചെയ്തു. 2014ലെ ലോക്‌സഭയിൽ ബിജെപിക്കായിരുന്നു ഇവിടെ മുൻതൂക്കം. ഇത്തവണ തരൂർ അത് മറികടന്നതോടെ കോൺഗ്രസിന് ഉപതെരഞ്ഞെടുപ്പിലും വിജയ പ്രതീക്ഷ കൂടി. ഈ സാഹചര്യത്തിലാണ് സ്ഥാനാർത്ഥിയാകാനുള്ള അടി കൂടുന്നത്. ഉമ്മൻ ചാണ്ടിയുടെ പിന്തുണയോടെ പിസി വിഷ്ണുനാഥും സീറ്റ് ആഗ്രഹിക്കുന്നുണ്ട്. എന്നാൽ പ്രയാറിന്റെ പേര് സജീവമായി ചർച്ചയായാൽ വിഷ്ണുനാഥിന് സാധ്യത മങ്ങും. വരുത്തനെന്ന പേരുദോഷവും വിഷ്ണുനാഥിന് വിലങ്ങ് തടിയാണ്. രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് ശക്തി കുറഞ്ഞതും വിഷ്ണുവിന് വിനയാകും. ഇനി വട്ടിയൂർകാവിലെ സ്ഥാനാർത്ഥിയെ കേരളത്തിലെ നേതാക്കൾ തന്നെയാകും തീരുമാനിക്കുക.

വട്ടിയൂർക്കാവിൽ കോൺഗ്രസിന് വിജയം അനിവാര്യമാണ്. യുഡിഎഫിന്റെ അതിശക്തമായ മണ്ഡലമായാണ് ഇതിനെ വിലയിരുത്തുന്നത്. മണ്ഡല രൂപീകരണത്തിന് ശേഷം കെ മുരളീധരനാണ് ജയിക്കുന്നത്. ബിജെപിക്കും ശക്തമായ വേരോട്ടമുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരനായിരുന്നു രണ്ടാമത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ രാജഗോപാൽ ഇവിടെ ഒന്നാമതു എത്തി. ഇത്തവണയും ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ലീഡ് പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് വട്ടിയൂർക്കാവ്. അതുകൊണ്ട് തന്നെ കോൺഗ്രസിലും ബിജെപിയിലും സ്ഥാനാർത്ഥിത്വം ഉറപ്പാക്കാൻ ചരട് വലികൾ സജീവമാണ്. വട്ടിയൂർക്കാവിൽ വിഷ്ണുനാഥിനെ സ്ഥാനാർത്ഥിയാക്കണമെന്നാണ് ഉമ്മൻ ചാണ്ടിയുടെ മനസ്സ്. എന്നാൽ മുരളീധരൻ ഐ ഗ്രൂപ്പുകാരനാണെന്നും അതുകൊണ്ട് സീറ്റ് തങ്ങളുടേതാണെന്നും ചെന്നിത്തലയും പറയുന്നു. മുൻ എംഎൽഎ കെ മോഹൻകുമാറിനെ സ്ഥാനാർത്ഥിയാക്കാനാണ് ഐ ഗ്രൂപ്പിന് താൽപ്പര്യം. ഇതിനിടെയാണ് പ്രയാറിന്റെ പേര് ഉയരുന്നത്. ഇദ്ദേഹം ഒരു ഗ്രൂപ്പുകാരനുമല്ല. എങ്കിലും ചെന്നിത്തലയ്ക്കും കെ സി വേണുഗോപാലിനും സുകുമാരൻ നായരുടെ വാക്കുളെ തള്ളിക്കളയാനാകില്ല. അതിനാൽ തലസ്ഥാനത്തെ നേതാക്കൾ പ്രശ്‌നമുണ്ടാക്കിയാലും പ്രയാറിന് തന്നെയാകും കൂടുതൽ സാധ്യത.

ബിജെപിക്കായി സീറ്റിന് വേണ്ടി പ്രാരംഭ ഘട്ടത്തിൽ മുന്നിലുള്ളത് ബിജെപി ജില്ലാ പ്രസിഡന്റെ എസ് സുരേഷാണ്. എൻ എസ് എസ് നേതൃത്വത്തെ കൊണ്ട് ആർ എസ് എസിനോട് തന്റെ പേര് നിർദ്ദേശിക്കാനുള്ള നീക്കമാണ് സുരേഷ് നടത്തുന്നത്. കുമ്മനം രാജശേഖരൻ തിരുവനന്തപുരത്തിന്റെ എംപിയാകുമെന്ന് ഉറപ്പിച്ചാണ് കരുനീക്കം. തിരുവനന്തപുരത്ത് കുമ്മനം ജയിച്ചാൽ വട്ടിയൂർക്കാവിൽ താമര വിരിയുമെന്നാണ് സുരേഷിന്റെ കണക്ക് കൂട്ടൽ. വട്ടിയൂർക്കാവിൽ മറ്റ് നേതാക്കൾ സജീവമാകുന്നതിന് മുമ്പ് തന്നെ എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ മാനസ പുത്രനാകാനാണ് നീക്കം. എൻ എസ് എസ് താലൂക്ക് യൂണിയന്റെ പിന്തുണ സുരേഷ് ഉറപ്പിക്കാനും സജീവ ശ്രമങ്ങൾ നടത്തുന്നുണ്ട്. ഇതിനിടെയാണ് എൻ എസ് എസ് തന്നെ പ്രയാറിന്റെ പേരുമായി കോൺഗ്രസിനെ വെട്ടിലാക്കാൻ എത്തുന്നത്. ഇതോടെ സുരേഷിന്റെ മോഹങ്ങളും പൊളിയുകയാണ്.

വട്ടിയൂർക്കാവിൽ വിഷ്ണുനാഥ് രണ്ടും കൽപ്പിച്ചാണ്. ലോക്സഭയിലേക്കും വിഷ്ണുവിന് സീറ്റ് കിട്ടിയില്ല. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ നിന്ന് മാറി നിന്നത് കർണ്ണാടകയിലെ തെരഞ്ഞെടുപ്പ് ചുമതല വഹിക്കാനാണ്. രാഹുൽ ഗാന്ധിയുമായുള്ള അടുപ്പം മുതലെടുത്ത് വട്ടിയൂർകാവിൽ സീറ്റുറപ്പിക്കാനാണ് നീക്കം. കെ സി വേണുഗോപാലിന്റെ പിന്തുണയും പ്രതീക്ഷിച്ചിരുന്നു. എന്നാൽ എൻഎസ് എസ് പിന്തുണയുമായി പ്രയാർ എത്തിയാൽ വിഷ്ണുനാഥിനും സാധ്യത മങ്ങും. എൻ എസ് എസ് നിലപാട് വട്ടിയൂർക്കാവിൽ ഏറെ നിർണ്ണായകമാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം നായർ വോട്ടർമാർക്കുള്ള മണ്ഡലമാണ് ഇത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP