Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വടകരയിലെ അഞ്ച് മണ്ഡലങ്ങൾ കോഴിക്കോടെന്ന് പറഞ്ഞ് സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കി; എതിരാളിയായി എത്തിയത് പിണറായി വിജയന്റെ പഴയ കൂട്ടുകാരൻ മുരളീധരനും; തനിക്ക് സിപിഎം വോട്ടുകൾ കിട്ടിയെന്ന് ജയിച്ച കോൺഗ്രസുകാരൻ പറയുമ്പോൾ അട്ടിമറി സംശയവുമായി അണികൾ; പി ജയരാജനെ നിശബ്ദനാക്കാൻ ഓഫർ ചെയ്യുന്നത് കേരളാ ബാങ്ക് ചെയർമാൻ പദവി; പ്രവർത്തകർക്കൊപ്പം സാധാരണക്കാരനായി തുടരാമെന്ന് നേതൃത്വത്തെ അറിയിച്ച് മുൻ ജില്ലാ സെക്രട്ടറിയും; കണ്ണൂരിൽ സിപിഎം കലങ്ങി മറിയും

വടകരയിലെ അഞ്ച് മണ്ഡലങ്ങൾ കോഴിക്കോടെന്ന് പറഞ്ഞ് സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കി; എതിരാളിയായി എത്തിയത് പിണറായി വിജയന്റെ പഴയ കൂട്ടുകാരൻ മുരളീധരനും; തനിക്ക് സിപിഎം വോട്ടുകൾ കിട്ടിയെന്ന് ജയിച്ച കോൺഗ്രസുകാരൻ പറയുമ്പോൾ അട്ടിമറി സംശയവുമായി അണികൾ; പി ജയരാജനെ നിശബ്ദനാക്കാൻ ഓഫർ ചെയ്യുന്നത് കേരളാ ബാങ്ക് ചെയർമാൻ പദവി; പ്രവർത്തകർക്കൊപ്പം സാധാരണക്കാരനായി തുടരാമെന്ന് നേതൃത്വത്തെ അറിയിച്ച് മുൻ ജില്ലാ സെക്രട്ടറിയും; കണ്ണൂരിൽ സിപിഎം കലങ്ങി മറിയും

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: വടകരയിൽ പി ജയരാജനെ സ്ഥാനാർത്ഥിയാക്കിയത് സിപിഎം രാഷ്ട്രീയത്തിൽ നിന്ന് അകറ്റാൻ തന്നെ. വടകരയിൽ തോറ്റ ജയരാജന് സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനം തിരിച്ചു നൽകില്ല. സംസ്ഥാന സെക്രട്ടറിയേറ്റിലും ഉൾപ്പെടുത്തില്ല. പാർട്ടിയിൽ നിന്ന് അകറ്റി നിർത്താനാണ് തീരുമാനമെന്നാണ് ആരോപണം. ഇതിന് വേണ്ടി കേരളാ ബാങ്ക് ചെയർമാൻ പദവി ജയരാജന് നൽകും. കണ്ണൂർ രാഷ്ട്രീയത്തിൽനിന്നു മാറ്റിനിർത്താനായിരുന്നു വടകര സ്ഥാനാർത്ഥിത്വമെന്നു നേരത്തേ അണികൾക്ക് ആശങ്കയുണ്ടായിരുന്നു. ഇത് ശരിയാവുകയാണ് ഇപ്പോൾ.

അതിനിടെ തനിക്ക് ഒരു പദവിയും വേണ്ടെ്ന് ജയരാജനും നിലപാട് എടുത്തിട്ടുണ്ട്. ജയം ഉറപ്പില്ലാത്ത മണ്ഡലത്തിൽ ഉന്നത നേതാവിനെ മത്സരിപ്പിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ നീക്കമായിരുന്നുവെന്നാണ് ആരോപണം. കണ്ണൂരിലെ പാർട്ടി കൈവിട്ടു പോകുന്ന ഭയത്തിലുണ്ടായ നീക്കമാണ് ഇതെന്നാണ് ആക്ഷേപം. ഇത് ശരിവയ്ക്കും വിധമാണ് ഇപ്പോഴണ്ടായ സംഭവങ്ങളെന്നാണ് ആരോപണം. ഇത് മനസ്സിലാക്കിയാണ് തനിക്ക് സ്ഥാനങ്ങളൊന്നും വേണ്ടെന്ന് നേതൃത്വത്തെ ജയരാജൻ അറിയിക്കുന്നത്.

ജയരാജന് ജനപിന്തുണയില്ലെന്ന് വരുത്താനുള്ള നീക്കമാണ് വടകരയിൽ നടന്നത്. കെ മുരളീധരനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ അടുത്ത സൗഹൃദമാണുള്ളത്. മുരളീധരൻ ഡിഐസിയായിരുന്ന സമയത്ത് ഇടതുപക്ഷത്ത് എത്തിക്കാൻ ചരട് വലികൾ നടത്തി. ലാവ്ലിനുമായി ബന്ധപ്പെട്ട് പിണറായിയെ രക്ഷിച്ചതും മുരളീധരനാണെന്ന ആരോപണം ശക്തമായിരുന്നു. അതുകൊണ്ട് തന്നെ വടകരയിൽ അപ്രതീക്ഷിത സ്ഥാനാർത്ഥിയായി മുരളീധരൻ എത്തിയതിലും വിജയിച്ചതിലും ജയരാജന്റെ അനുയായികൾക്ക് സംശയമുണ്ട്. പാർട്ടി സംവിധാനം നല്ല രീതിയിൽ പ്രവർത്തിച്ചിട്ടും ജയരാജൻ തോറ്റു. ഇതിന് പിന്നിൽ അടിയൊഴുക്കല്ലെന്നും അട്ടിമറിയാണെന്നും ജയരാജന്റെ വിശ്വസ്തർ സംശയിക്കുന്നു.

വടകരയിൽ തോറ്റാൽ കരുത്തനായ അദ്ദേഹത്തിന്റെ മടങ്ങിവരവ് തടയാൻ അണിയറയിൽ നീക്കമുണ്ടായിരുന്നു. ടി.പി. ചന്ദ്രശേഖരൻ വധം ഉൾപ്പെടെ എല്ലാം ജയരാജന്റെ സ്ഥാനാർത്ഥിത്വത്തോടെ വീണ്ടും ചർച്ചയായി. പാർട്ടിക്കു മുകളിൽ വ്യക്തികേന്ദ്രീകൃത വളർച്ചയ്ക്കു ശ്രമിച്ചെന്ന ആരോപണത്തിൽ, ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനെ കുടുക്കാൻ പിണറായി ശ്രമിച്ചിരുന്നുവെന്നും ആരോപണമെത്തി. എന്നാൽ ജയരാജനെ സംരക്ഷിച്ചും സംസ്ഥാന നേതൃത്വത്തെ വിമർശിച്ചുമാണു പാർട്ടി കണ്ണൂർ ജില്ലാ സമ്മേളനം അവസാനിച്ചത്. അണികളുടെ പിന്തുണയാണ് ഇതിൽ നിർണ്ണായകമായത്. സ്വന്തംപേരിൽ ആൽബം പുറത്തു വന്നതോടെയാണു ജയരാജൻ നേതൃത്വത്തിന്റെ കണ്ണിലെകരടായത്.

കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു കൊടുത്താണു ജയരാജൻ വടകരയിൽ സ്ഥാനാർത്ഥിയായത്. ജയരാജനെ ജയിപ്പിച്ചെടുക്കാൻ കഴിഞ്ഞാൽ പാർട്ടിയുടെ കൈകളിൽ പുരണ്ട അക്രമ രാഷ്ട്രീയത്തിന്റെ ചോര തുടച്ചു മാറ്റാമെന്നായിരുന്നു വിശദീകരണം. അക്രമ രാഷ്ട്രീയത്തിന്റെ ഇരയെന്ന നിലയിലാണ് സിപിഎം വടകരയിൽ ജയരാജനെ അവതരിപ്പിച്ചത്. ക്രിമിനൽ കേസുകളിൽ പ്രതിയായ ജയരാജനെ വടകരയിൽ സ്ഥാനാർത്ഥിയാക്കിയത് സിപിഎം കണ്ണൂർ നേതൃത്വത്തിന്റെ ധാർഷ്ട്യമാണെന്ന രീതിയിൽ എതിരാളികൾ പ്രചാരണം നടത്തി. ഇതാണ് ജനം ഏറ്റെടുത്തത്. കെ മുരളീധരനെ പോലുള്ള സ്ഥാനാർത്ഥി അപ്രതീക്ഷിതമായെത്തിയപ്പോൾ തന്നെ സിപിഎം വിമതനായിരുന്ന ടി.പി.ചന്ദ്രശേഖരന്റെ ചോര വീണ മണ്ണിൽ ജയരാജന് അടിതെറ്റി. തനിക്ക് സിപിഎമ്മുകാരുടേയും വോട്ട് കിട്ടിയെന്ന് മുരളീധരനും പറയുന്നുണ്ട്. അതുകൊണ്ട് തന്നെ ഒ്ത്തുകളി സംശയിക്കുകയാണ് വടകരയിലെ സിപിഎം അണികൾ.

ജില്ലാ സമ്മേളനത്തിൽ സെക്രട്ടറിയെ മാറ്റാൻ കഴിയാത്ത പിണറായി തക്കം കാത്തിരുന്നു. വടകരയിൽ ജയരാജനെ സ്ഥാനാർത്ഥിയാക്കി. ഇതിന് പിന്നലും ഗൂഢാലോചനയുണ്ടെന്നാണ് അണികളുടെ നിലപാട്. കോട്ടയത്തും ജില്ലാ സെക്രട്ടറിയാണ് മത്സരിച്ചത്. എന്നാൽ വി എൻ വാസവനിൽ നിന്ന് ജില്ലാ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തില്ല. മറിച്ച് പകരം ചുമതല നൽകുകയാണ് ചെയ്തത്. എന്നാൽ ലോക്സഭാ മത്സരത്തിന് ഇറങ്ങിയ ജയരാജനിൽ നിന്ന് സെക്രട്ടറി സ്ഥാനം എടുത്തു മാറ്റി. പകരം പിണറായിയുടെ വിശ്വസ്തനായ എംവി ജയരാജൻ എത്തുകയും ചെയ്തു. ഇതിൽ പ്രതിഷേധിക്കാനിറങ്ങിയവരോട് വടകരയിലെ അഞ്ച് മണ്ഡലങ്ങൾ കോഴിക്കോടാണെന്നും ജയിക്കുന്നതോടെ ജയരാജന്റെ പ്രവർത്തന മേഖല കണ്ണൂരിന് പുറത്താകുമെന്നും നേതൃത്വം വിശദീകരിച്ചു. അങ്ങനെ തന്ത്രപരമായി മാറ്റുകയാണ് ചെയ്തത്.

നേരത്തെ പാർട്ടിക്ക് അതീതനായി വളരാൻ ശ്രമിക്കുന്നുവെന്നു വിലയിരുത്തുകയും പാർട്ടി ശാസിക്കുകയും ചെയ്തിരുന്നു. എന്നാൽ, പാർട്ടിവിലക്ക് മറികടന്ന് അണികൾ, ജയരാജന്റെ ചിത്രങ്ങളോടു കൂടിയ കൂറ്റൻബോർഡുകൾ സ്ഥാപിച്ചാണു നേതൃത്വത്തെ നേരിട്ടത്. കോട്ടയം ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ കോട്ടയം ലോക്‌സഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായപ്പോൾ അവിടെ എ.വി.റസലിന് സെക്രട്ടറിയുടെ ചുമതല നൽകുകയായിരുന്നു. വാസവന് വേണമെങ്കിൽ സെക്രട്ടറി സ്ഥാനത്തു തിരിച്ചെത്താം. ആ സാധ്യതയാണ് കണ്ണൂരിൽ എം വിജയരാജനെ സെക്രട്ടറിയാക്കിയതിലൂടെ പി.ജയരാജനു നഷ്ടമായത്.

സ്ഥാനമൊഴിയുമ്പോൾ പി.ജയരാജന് സെക്രട്ടറി സ്ഥാനത്ത് ഒന്നര വർഷത്തിലേറെ കാലാവധി ബാക്കിയുണ്ടായിരുന്നു. നേരത്തേ ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്ന സി.ബി.ചന്ദ്രബാബു ലോക്‌സഭയിലേക്ക് കെ.സി.വേണുഗോപാലിനെതിരെ മത്സരത്തിന് ഇറങ്ങിയപ്പോൾ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ് സജിചെറിയാനെ സെക്രട്ടറിയാക്കുകയായിരുന്നു. അതുകൊണ്ടു തന്നെ ആലപ്പുഴയിൽ തോറ്റ ശേഷം ചന്ദ്രബാബുവിന് സെക്രട്ടറി സ്ഥാനത്ത് തിരിച്ചെത്താൻ കഴിഞ്ഞില്ല. അദ്ദേഹം സംസ്ഥാന സമിതി അംഗമായി തുടരുകയായിരുന്നു. പി.ജയരാജനെ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തുകയെന്നതാണു നേതൃത്വത്തിനു മുൻപിലുള്ള മറ്റൊരു വഴി. അതിന് അടുത്ത സമ്മേളനം വരെ കാത്തു നിൽക്കേണ്ടി വരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP