Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

17ാം ലോക്‌സഭയിലേക്ക് മോദിസർക്കാർ അധികാരത്തിലേറുന്നത് എക്കാലത്തെയും പെൺകരുത്തോടെ; റെക്കോർഡ് തിരുത്തി ലോക്‌സഭയിലേക്ക് എത്തുന്നത് 78വനിതകൾ; ഭരണകക്ഷിയായ ബിജെപി 40പേരെ എത്തിച്ചപ്പോൾ ത്രിണമൂൽ 9 പേരെയും ബിജെഡി അഞ്ചു പേരെയും പാർലമെന്റിൽ എത്തിച്ചു; എംപിമാരിൽ ഏറ്റവും ശ്രദ്ധിക്കപ്പെടുന്നത് വൻ അട്ടിമറി സാധ്യമാക്കിയ സ്മൃതി ഇറാനി തന്നെ; 14 ശതമാനത്തിലേക്ക് വനിതാ പ്രാതിനിധ്യം ഉയർന്നപ്പോഴും ഇന്ത്യ ആഫ്രിക്കൻ രാജ്യങ്ങൾക്കുപോലും പിന്നിൽ

17ാം ലോക്‌സഭയിലേക്ക് മോദിസർക്കാർ അധികാരത്തിലേറുന്നത് എക്കാലത്തെയും പെൺകരുത്തോടെ; റെക്കോർഡ് തിരുത്തി ലോക്‌സഭയിലേക്ക് എത്തുന്നത് 78വനിതകൾ; ഭരണകക്ഷിയായ ബിജെപി 40പേരെ എത്തിച്ചപ്പോൾ ത്രിണമൂൽ 9 പേരെയും ബിജെഡി അഞ്ചു പേരെയും പാർലമെന്റിൽ എത്തിച്ചു; എംപിമാരിൽ ഏറ്റവും ശ്രദ്ധിക്കപ്പെടുന്നത് വൻ അട്ടിമറി സാധ്യമാക്കിയ സ്മൃതി ഇറാനി തന്നെ; 14 ശതമാനത്തിലേക്ക് വനിതാ പ്രാതിനിധ്യം ഉയർന്നപ്പോഴും ഇന്ത്യ ആഫ്രിക്കൻ രാജ്യങ്ങൾക്കുപോലും പിന്നിൽ

മറുനാടൻ ഡെസ്‌ക്‌

17ാം ലോക്‌സഭയിലേക്ക് മോദിസർക്കാർ അധികാരത്തിലേറുന്നത് എക്കാലത്തെയും പെൺകരുത്തോടെ. ചരിത്രത്തിലെ ഏറ്റവും കൂടുതൽ സ്ത്രീ പ്രാതിനിധ്യവുമായി ശ്രദ്ധേയമാവുകയാണ് പുതിയ ലോക്‌സഭ. 14ശതമാനമാണ് ഇത്തവണത്തെ വനിതാ പ്രാതിനിധ്യം. 33 ശതമാനം വനിതാ സംവരണ വിഷയത്തിൽ പാർട്ടികൾ ഇപ്പോഴും മുഖം തിരിച്ചുനിൽക്കുകയാണെങ്കിലും സ്ത്രീ പ്രാതിനിധ്യത്തിന്റെ കാര്യത്തിൽ സംഭവിച്ചിരിക്കുന്നത് വലിയ വർധനയാണ്.

അതേസമയം ആദ്യത്തെ ലോക്‌സഭയിലെ അഞ്ചു ശതമാനത്തിൽനിന്ന് 17-ാം ലോക്‌സഭയിലെ 14 ശതമാനത്തിലേക്ക് വനിതാ പ്രാതിനിധ്യം ഉയർന്നപ്പോഴും ആഫ്രിക്കൻ രാജ്യങ്ങൾക്കുപോലും പിന്നിലാണ് വനിതാ പ്രാതിനിധ്യത്തിൽ ഇന്ത്യ. റുവാണ്ടയിൽ 61, ദക്ഷിണാഫ്രിക്കയിൽ 43, ഇംഗ്ലണ്ടിൽ 32, അമേരിക്കയിൽ 24, ബംഗ്ലാദേശിൽ 21 എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ വനിതാ പ്രാതിനിധ്യത്തിന്റെ ശതമാനക്കണക്ക്. ഇനി എല്ലാ കണ്ണുകളും പുതിയ സർക്കാരിലേക്ക്. വർഷങ്ങളായി ചർച്ച ചെയ്യുകയും മാറ്റിവച്ചിരിക്കുകയും ചെയ്ത വനിതാ സംവരണ ബിൽ പാസ്സാക്കാൻ മോദി സർക്കാർ തയാറാകുമോ എന്നാണ് രാജ്യത്തെ വനിതകൾ ഉറ്റുനോക്കുന്നത്. ലിംഗനീതിയുമായി ബന്ധപ്പെട്ട് സമൂഹത്തിലെ ഏറ്റവും വലിയ വിപ്ലവം സാക്ഷാത്കരിക്കപ്പെടുമോ എന്നും.

1957 ലെ ലോക്‌സഭയിൽ 22 മാത്രമായിരുന്നു വനിതാ പ്രതിനിധികളുടെ എണ്ണമെങ്കിൽ ഇത്തവണയത് 78 ആയി ഉയർന്നിരിക്കുന്നു. ഇതുവരെയുള്ള രാജ്യചരിത്രത്തിലെ റെക്കോർഡ്. രാജ്യമൊട്ടാകെ മൽസരിച്ച 726 വനിതകളിൽനിന്നാണ് 78 പേർ തിരഞ്ഞെടുക്കപ്പെട്ടത്. 2014-ൽ 61 വനിതാ പ്രതിനിധികൾ പാർലമെന്റിൽ എത്തിയപ്പോൾ അതൊരു റെക്കോർഡ് ആയിരുന്നു. ഇത്തവണ അഞ്ചുവർഷം മുമ്പുള്ള റെക്കോർഡ് തിരുത്തിയാണ് പുതിയ വനിതാ മുന്നേറ്റം. നന്ദി പറയേണ്ടത് ബംഗാളിലെ ത്രിണമൂൽ കോൺഗ്രസിനും ഒഡിഷയിലെ നവീൻ പട്‌നായിക്കിന്റെ നേതൃത്വത്തിലുള്ള ബിജെഡിക്കും. അവർ മാത്രമാണ് 33 ശതമാനം വനിതകളെ മൽസരത്തിനിറക്കി മാതൃക കാട്ടിയത്.

ഇതിന് മുമ്പ് 15-ാം ലോക്സഭയിൽ 52 വനിതകളും 16-ാം ലോകസഭയിൽ 64 വനിതകളുമാണ് തിരഞ്ഞെടുക്കെപ്പട്ടത്. ഇക്കുറി 41 സിറ്റിങ് എംപിമാരിൽ 27 പേരും വനിതകളാണ് എന്ന പ്രത്യേകതയുമുണ്ട്. ആദ്യത്തെയും രണ്ടാമത്തെയും ലോക്സഭയിൽ 24 വനിതകൾ വീതമായിരുന്നു ഉണ്ടായിരുന്നത്. മൂന്നാം ലോക്സഭയിൽ 37 വനിതകളുണ്ടായിരുന്നു. എട്ടിൽ 45 സ്ത്രീകളാണ് ഉണ്ടായിരുന്നത്, ഒമ്പതിൽ 28, പത്തിൽ- 42, പതിനൊന്നിൽ-41, പന്ത്രണ്ടിൽ-44, പതിമൂന്നിലും പതിന്നാലിലും 52 പേരും വനിതകളായിരുന്നു.

ഭരണകക്ഷിയായ ബിജെപിയുടെ 303 അംഗങ്ങളിൽ 40 പേരാണ് വനിതകൾ- 13.53 ശതമാനം. ത്രിണമൂൽ 9 പേരെയും ബിജെഡി അഞ്ചു പേരെയും പാർലമെന്റിൽ എത്തിച്ചു. വനിതാ എംപിമാരിൽ ഏറ്റവും ശ്രദ്ധിക്കപ്പെടുന്നത് വൻ അട്ടിമറി സാധ്യമാക്കിയ സ്മൃതി ഇറാനി തന്നെ. അമേഠിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ നേരിട്ടുള്ള മൽസരത്തിൽ തോൽപിച്ചാണ് സ്മൃതി വരുന്നത്. കോൺഗ്രസ് നേതൃനിരയിൽ സോണിയാ ഗാന്ധിയുണ്ട്. ബിജെപിയുടെ വിവാദ നായിക പ്രജ്ഞ സിങ് ഠാക്കൂർ, മേനക ഗാന്ധി, എൻസിപിയുടെ സുപ്രിയ സുലെ, ഡിഎംകെയുടെ കനിമൊഴി എന്നിവർക്കൊപ്പം കർണാടകയിൽനിന്ന് ബിജെപി പിന്തുണയോടെ സ്വതത്രയായി വിജയിച്ച സുമലതയുമുണ്ട്.

അസാന്നിധ്യം കൊണ്ടു ശ്രദ്ധിക്കപ്പെടുന്നവരിൽ മഹിളാ കോൺഗ്രസ് അധ്യക്ഷ സുഷ്മിത ദേവിനാണ് പ്രമുഖ സ്ഥാനം. ബംഗാളിൽ മൂൺ മൂൺ സെന്നിന്റെ തോൽവിയും എടുത്തുപറയണം. വഡോദരയിൽനിന്നു വിജയിച്ച രഞ്ജനബെൻ ഭട്ടിനാണ് ഏറ്റവും ഉയർന്ന ഭൂരിപക്ഷം -5, 89, 177. കേരളത്തിൽനിന്ന് ഒരാൾ ഉൾപ്പെടെ കോൺഗ്രസ് ആറു സ്ഥാനാർത്ഥികളെ വിജയിപ്പിച്ചപ്പോൾ വൈഎസ്ആർ കോൺഗ്രസിനെ പ്രതിനിധീകരിക്കാൻ നാലുപേരുണ്ട്. ബംഗാളിൽനിന്നും ഉത്തർപ്രദേശിൽനിന്നും 11 വീതം വനിതകൾ പാർലമെന്റിൽ എത്തുമ്പോൾ മഹാരാഷ്ട്രിയിൽനിന്ന് എട്ടുപേർ. ഒഡിഷയിൽനിന്ന് ഏഴു വനിതകളും. ഇക്കുറി മൂന്നു ട്രാൻസ്ജെൻഡേഴ്സും മത്സരിച്ചിരുന്നെങ്കിലും ആർക്കും വിജയിക്കാനായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP