Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മതബോധവും മതാത്മകതയുംമനുഷ്യരുടെ ഉള്ളിൽ ഉള്ള 'ഇൻബിൾട്ട് സോഫ്റ്റ് വെയർ' ആയതു കൊണ്ട് ബിജെപി ക്ക് കാര്യങ്ങൾ എളുപ്പമായി; കമ്യൂണിസ്റ്റുകളുടെ 'അദ്ധ്വാനിക്കുന്ന വർഗ്ഗം' സോഫ്റ്റ് വെയർ മനുഷ്യരിൽ ഇൻബിൾട്ട് അല്ല; എല്ലാ മെഷീനും ആക്‌സ്‌പെക്ട് ചെയ്യുന്നതരം സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്യാൻ കഴിഞ്ഞതുമില്ല; ഇടതിന് സംഭവിച്ചത്: സജീവൻ അന്തിക്കാട് എഴുതുന്നു

മതബോധവും മതാത്മകതയുംമനുഷ്യരുടെ ഉള്ളിൽ ഉള്ള 'ഇൻബിൾട്ട് സോഫ്റ്റ് വെയർ' ആയതു കൊണ്ട് ബിജെപി ക്ക് കാര്യങ്ങൾ എളുപ്പമായി; കമ്യൂണിസ്റ്റുകളുടെ 'അദ്ധ്വാനിക്കുന്ന വർഗ്ഗം' സോഫ്റ്റ് വെയർ മനുഷ്യരിൽ ഇൻബിൾട്ട് അല്ല; എല്ലാ മെഷീനും ആക്‌സ്‌പെക്ട്  ചെയ്യുന്നതരം സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്യാൻ കഴിഞ്ഞതുമില്ല; ഇടതിന് സംഭവിച്ചത്: സജീവൻ അന്തിക്കാട് എഴുതുന്നു

സജീവൻ അന്തിക്കാട്

സിപിഎം അനുഭാവികളെ തെരഞ്ഞെടുപ്പ് പരാജയം ഒരു ദിവസത്തേക്ക് മുറിപ്പെടുത്താറുണ്ട്.പക്ഷെ നേതാക്കൾ അക്ഷോഭ്യരായാണ് നിലകൊള്ളാറുള്ളത്. അവർ വോട്ടെണ്ണൽ ദിവസം ട്രെൻഡ് നോക്കും. അനുകൂലമല്ലെന്നു കണ്ടാൽ ടി.വി.ഓഫ് ചെയ്യും. തുടർന്ന് റിസൾട്ടുമായി താദാത്മ്യം പ്രാപിക്കും. പിന്നീട് അവരൊരു പ്രസ്താവനയിറക്കും. ആ പ്രസ്താവന മതി അണികൾക്ക് ഉഷാറാകാൻ. എത്ര സീറ്റിൽ തോറ്റാലും തോറ്റത് ഞങ്ങളല്ല, മറ്റവരാണ് എന്ന് കണക്കുകൾ വെച്ച് സ്ഥാപിക്കുക, ജയിച്ച കക്ഷി വേറെ എവിടെയെങ്കിലും തോറ്റിട്ടുണ്ടോ എന്ന് കണ്ടു പിടിക്കുക, പാർട്ടിയെ തോൽപ്പിച്ച ജനങ്ങളെ ആവശ്യത്തിനനുസരിച്ച് വർഗ്ഗീയ വാദികളും കൊളോണിയൽ ചിന്താസരണികളുമാക്കുക,
ചുരുക്കത്തിൽ പറഞ്ഞാൽ 'ജനവിധി അംഗീകരിക്കാതിരിക്കുക' എന്ന ലൈനിലാണ് അവരുടെ സഞ്ചാരം.

എന്താണിവരുടെ കുലുങ്ങാത്ത മാനസികാവസ്ഥയുടെ രഹസ്യം?

തെരഞ്ഞെടുപ്പ് വിജയത്തിനായി പ്രവർത്തിക്കുന്ന പാർട്ടിയായി പ്രായോഗികമായി മാറിയെങ്കിലും സിപിഎം നേതാക്കൾ ഇന്നും സൈദ്ധാന്തിക തലത്തിലാണ് നിൽക്കുന്നത്. താത്വികം എന്ന് സിനിമാക്കാർ പറയും. പ്രസ്തുത തലത്തിൽ തെരഞ്ഞെടുപ്പ് വെറും മാർഗ്ഗം മാത്രമാണ്. റാഡിക്കൽ ആയി ഒന്നും അതിലില്ല. വിപ്ലവവും ഭരണകൂടത്തെ മാറ്റുകയുമാണ് കമ്യൂണിസ്റ്റുകാരന്റെ ആത്യന്തിക ലക്ഷ്യം. ആ ലക്ഷ്യത്തിലേക്കു കുതിക്കുന്ന ഒരു പാർട്ടി ബൂർഷ്വാ പാർലമെന്റിൽ പങ്കെടുക്കുന്നത് വെറും അടവ് എന്ന നിലക്കാണ്. ബൂർഷ്വാസി ഉണ്ടാക്കുന്ന പാർലമെന്റിൽ കമ്യൂണിസ്റ്റുകൾ പങ്കെടുക്കാമോഎന്ന ചോദ്യത്തിന് ലെനിന്റെ പുസ്തകത്തിൽ നിന്ന്സൈദ്ധാന്തിക പച്ചക്കൊടി കിട്ടിയതിനെ തുടർന്നാണ് ഒരു അടവ് എന്ന നിലയിൽ ബൂർഷ്വാ ജനാധിപത്യമൊക്കെ ഇന്ത്യയിലെ കമ്യൂണിസ്റ്റുകൾസ്വീകരിച്ചു തുടങ്ങിയത്.

ഇന്നും സിപിഎം എന്ന പാർട്ടിയുടെ ഭരണഘടനയിൽ പറയുന്നത് 'തൊഴിലാളി വർഗ്ഗ സർവ്വാധിപത്യമാണ് പാർട്ടിയുടെ ലക്ഷ്യം' എന്നാണ്. അതായത് സിപിഎമ്മിന് ഇന്ത്യയിൽ നിർണ്ണായക ഭൂരിപക്ഷം കിട്ടിയാൽ തെരഞ്ഞെടുപ്പുകൾ ഉണ്ടാകില്ല. മറ്റൊരു കക്ഷി ഇന്ത്യയിൽ ഉണ്ടാകില്ല. സിപിഎമ്മിന്റെ തൊഴിലാളി വർഗ്ഗ രാഷ്ട്രത്തിന്റെ സ്ഥാനത്ത് ബി.ജെപി മുന്നോട്ട് വെക്കുന്നത് ഹിന്ദു രാഷ്ട്രമാണ്. മതമാണ് അവരുടെ ടൂൾ. വർഗ്ഗത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ വിഭജിക്കാൻ ശ്രമിച്ച് സിപിഐയും സിപിഎമ്മും ഇന്ത്യയിൽ പരാജയപ്പെട്ടപ്പോൾ മതത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ വിഭജിക്കാൻ ശ്രമിച്ച ബി.ജെപി ക്ക് അത്ഭുതങ്ങൾ സൃഷ്ടിക്കാനായി.(ബി.ജെ പി ക്ക് 2014 ൽ സാധിച്ച ഈ കാര്യം മുസ്ലിം ലീഗിന്എത്രയോ നാൾ മുമ്പ്സാധിച്ചു എന്നോർക്കണം. )

മതബോധവും മതാത്മകതയുംമനുഷ്യരുടെ ഉള്ളിൽ ഉള്ള 'ഇൻബിൾട്ട് സോഫ്റ്റ് വെയർ' ആയതു കൊണ്ട് ബിജെപി ക്ക് കാര്യങ്ങൾ എളുപ്പമായിരുന്നു. കമ്യൂണിസ്റ്റുകൾ മുന്നോട്ട് വെച്ച 'അദ്ധ്വാനിക്കുന്ന വർഗ്ഗം 'എന്ന സോഫ്റ്റ് വെയർ മനുഷ്യരിൽ ഇൻബിൾട്ട് അല്ലാത്തതിനാൽ അത് ഇൻസ്റ്റാൾ ചെയ്യേണ്ടിയിരുന്നു. പക്ഷെ എല്ലാ മെഷീനും ആക്‌സ്‌പെക്ട് (accept) ചെയ്യുന്ന തരം സോഫ്റ്റ് വെയർ കമ്യൂണിസ്റ്റുകൾക്ക് രൂപപ്പെടുത്താൻ കഴിഞ്ഞതുമില്ല. അതിനുള്ള ടെക്‌നീഷ്യന്മാരെ അവർക്ക് കിട്ടിയതുമില്ല.

വർഗ്ഗം അടിസ്ഥാനമാക്കിജനങ്ങളെ വിഭജിക്കാൻ ശ്രമിച്ചകമൂണിസ്റ്റുകളേക്കാൾ മെച്ചപ്പെട്ട റിസൾട്ട് ജാതിയെ അടിസ്ഥാനമാക്കി ജനങ്ങളെ വിഭജിക്കാൻ ശ്രമിച്ച മായാവതി, ലല്ലു എന്നിവർക്ക് കിട്ടിയിരുന്നു. പക്ഷെ മതം എന്ന ടൂളിന്റെ ഹൈമാസ്റ്റ്പ്രഭയിൽകമ്യൂണിസവും ജാതിവാദവുമെല്ലാം നിഷ്പ്രഭമാകുമെന്ന് ബി.ജെപി തെളിയിച്ചു കൊണ്ടിരിക്കുന്നതാണ് നാമിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.

ബിജെപി ആയാലും സിപിഎം ആയാലുംലീഗ്ആയാലും ബിഎസ്‌പിആയാലും ഇക്കൂട്ടരെല്ലാംവ്യക്തികളെകാണുന്നത് വെറും പറ്റങ്ങൾ ആയാണ്.ഒന്നുകിൽ ഒരു മതത്തിലെ അംഗം. അല്ലെങ്കിൽ ഒരു ഗോത്രത്തിലെഅംഗം. അവർക്ക് വ്യക്തികളെന്നത് സമൂഹ ശരീരത്തിലെ വെറും രോമങ്ങൾ ആണ്. മതഗോത്രത്തിനോ പാർട്ടി ഗോത്രത്തിനോ വേണ്ടി ജനിച്ച് അതിന്റെ മാനം കാത്ത് ജീവിച്ച് അതിനായി മരിക്കേണ്ട വെറും രോമങ്ങൾ. വ്യക്തിയല്ല പാർട്ടിയാണ് പ്രധാനം എന്ന് മാർക്‌സിസ്റ്റ് മോഡൽ സിദ്ധാന്തിക്കുന്നു.അംഗമല്ല ഗോത്രമാണ് പ്രധാനം എന്ന് മതമോഡൽ സിദ്ധാന്തിക്കുന്നു. ഇത്തരം മോഡലുകൾക്ക് പ്രഭാവമുള്ളിടത്ത് വ്യക്തികളേക്കാൾ പ്രാധാന്യം രക്തസാക്ഷിക്കും ബലിദാനിക്കുമായിരിക്കും എന്നതാണ് യാഥാർത്ഥ്യം. നിർഭാഗ്യവശാൽ ഇത്തരം മോഡലുകൾ ശരിയെന്ന് ധരിക്കുന്നവരാണ് ഇന്ത്യക്കാരിലധികവും.

ഈ നില വ്യക്തിയെ പരമപ്രധാനമായി കാണുന്ന ചിന്താപദ്ധതികൾക്ക് ആശ്വാസകരമല്ല. സ്വതന്ത്രമായി ചിന്തിക്കാൻ ധൈര്യപ്പെടുന്ന സ്വതന്ത്ര വ്യക്തികളുടെ കൂട്ടമായി സമൂഹം പരിണമിക്കണമെന്നാഗ്രഹിക്കുന്നവർക്ക് മതത്തിന്റെയും ജാതിയുടെയും വർഗ്ഗത്തിന്റെയും അടിസ്ഥാനത്തിൽ രൂപീകരിക്കപ്പെടുന്ന ഗോത്രരാഷ്ട്രീയ മോഡലുകൾ അംഗീകരിക്കാനാകില്ല കാരണം ആ മോഡലിൽ വ്യക്തിയില്ല. വർഗ്ഗവും മതവും ജാതിയും മാത്രമെ ഉള്ളൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP