Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കമ്പനി അനുവദിച്ച 58.1 മില്യൺ ഡോളറിന്റെ ഓഹരി വേണ്ടെന്ന് വെച്ചു; ഇന്റർനെറ്റ് ഭീമൻ ഗൂഗിളിന്റെ തലപ്പത്ത് നിന്നും ഇന്ത്യൻ വംശജൻ സുന്ദർ പിച്ചൈ പടിയിറങ്ങുമോ? ഈ വർഷം മികച്ച ചീഫ് എക്സിക്യൂട്ടിവുമാരുടെ ലിസ്റ്റിൽ ആദ്യ പത്തു സ്ഥാനങ്ങളിൽ പോലും ഇടം പിടിക്കാനായില്ല എന്നതും സംശയത്തിന് ബലമേകുന്നു; ഒരു വർഷത്തിനിടെ പിച്ചൈ നേരിട്ടത് കൈകാര്യം ചെയ്യാൻ കഴിയുന്നതിലേറെ പ്രശ്‌നങ്ങൾ

കമ്പനി അനുവദിച്ച 58.1 മില്യൺ ഡോളറിന്റെ ഓഹരി വേണ്ടെന്ന് വെച്ചു; ഇന്റർനെറ്റ് ഭീമൻ ഗൂഗിളിന്റെ തലപ്പത്ത് നിന്നും ഇന്ത്യൻ വംശജൻ സുന്ദർ പിച്ചൈ പടിയിറങ്ങുമോ?  ഈ വർഷം മികച്ച ചീഫ് എക്സിക്യൂട്ടിവുമാരുടെ ലിസ്റ്റിൽ ആദ്യ പത്തു സ്ഥാനങ്ങളിൽ പോലും ഇടം പിടിക്കാനായില്ല എന്നതും സംശയത്തിന് ബലമേകുന്നു; ഒരു വർഷത്തിനിടെ പിച്ചൈ നേരിട്ടത് കൈകാര്യം ചെയ്യാൻ കഴിയുന്നതിലേറെ പ്രശ്‌നങ്ങൾ

മറുനാടൻ ഡെസ്‌ക്‌

കലിഫോർണിയ: സാങ്കേതിക വിദ്യയിലെ പ്രാവീണ്യം ഇന്ത്യൻ പ്രതിഭകൾക്കും ആവോളമുണ്ടെന്ന് തെളിയിച്ച ഒന്നായിരുന്നു ഇന്റർനെറ്റ് ഭീമനായ ഗൂഗിളിന്റെ തലപ്പത്തേക്ക് ഇന്ത്യൻ വംശജനായ സുന്ദർ പിച്ചൈ(46) എത്തിയത്. എന്നാൽ ആ സ്ഥാനത്ത് നിന്നും അദ്ദേഹം ഒഴിയാനുള്ള നീക്കമാണോ ഇപ്പോഴെന്നാണ് സാങ്കേതിക ലോകത്തെ ഏറ്റവും വലിയ ചർച്ചയായി മാറിയിരിക്കുന്നത്. ഗൂഗിൾ അദ്ദേഹത്തിനായി അനുവദിച്ച 58.1 മില്യൺ ഡോളറിന്റെ ഓഹരി പിച്ചൈ വേണ്ടെന്ന് വച്ചതും സംശയമുയർത്തുകയാണ്. മാത്രമല്ല 2017ലും 2018ലും അദ്ദേഹത്തിന് കമ്പനിയിൽ നിന്നും അവാർഡുകളേതും ലഭിച്ചില്ല എന്നും പടിയിറക്കത്തിന് കാരണമാകുമെന്നാണ് കരുതുന്നത്. എന്നാൽ, ലിങ്ക്ട് ഇൻ സിഇഒ ജെഫ് വെയ്നർ, പ്ലം ക്രീക് ടിംബർ കമ്പനി സിഇഒ റിക് ഹോളെ തുടങ്ങിയ അമേരിക്കൻ സിഇഒമാരുടെ പാത പിന്തുടരുക മാത്രമാണ് പിച്ചൈ ചെയ്തിരിക്കുന്നതെന്നും അതിനു വേറെ അർഥം കാണേണ്ടതില്ലെന്നും വാദിക്കുന്നവരുണ്ട്.

ഈ വർഷം മികച്ച സിഈഒമാരുടെ പട്ടികയിൽ ആദ്യ പത്തിൽ പോലും എത്താൻ പിച്ചൈയ്ക്ക് കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ വർഷം ലഭിച്ചതോ ലോകത്തെ ഏറ്റവും മാന്യനായ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ എന്ന വിശേഷണം മാത്രം. മാത്രമല്ല സാധാരണയായി കമ്പനിയിൽ നിന്നും പ്രോത്സാഹനമായി തുക ലഭിച്ചിരുന്നുവെങ്കിൽ കഴിഞ്ഞ രണ്ട് വർഷമായി അത് ലഭിച്ചില്ല. ഇക്കാര്യവും ഉയർത്തിക്കാട്ടിയാണ് പിച്ചൈ മേധാവി സ്ഥാനത്ത് നിന്നും ഒഴിയാൻ തയ്യാറെടുക്കുന്നുവെന്ന സംശയവും ഇപ്പോൾ ബലപ്പെടുന്നത്. കമ്പനിയിൽ ഇഷ്ടപ്പെട്ടിരുന്നെങ്കിൽ അദ്ദേഹം ഓഹരി വാങ്ങുമായിരുന്നു എന്ന് അവർ ചൂണ്ടിക്കാണിക്കുന്നു.

ടെക്നോളജി കമ്പനികൾക്കെതിരെ നിരവധി ആരോപണങ്ങളാണ് നിലനിൽക്കുന്നത്. വമ്പൻ ശമ്പളം കൈപ്പറ്റി സമൂഹത്തിൽ അസമത്വം വിതയ്ക്കുന്നതിൽ പ്രമുഖരാണ് ടെക് സമൂഹമെന്നതാണ് അവയിൽ പ്രധാനം. ഈ വർഷം നടന്ന ഗൂഗിൾ സ്റ്റാഫിന്റെ മീറ്റിങ്ങിൽ ഒരു ജോലിക്കാരൻ ചോദിച്ചത് കമ്പനിയിലെ പലരും സിലിക്കൻ വാലിയിൽ കഴിഞ്ഞു കൂടാൻ തന്നെ പാടുപെടുമ്പോൾ പിച്ചൈയ്ക്കു മാത്രം എന്തിനാണ് വാരിക്കോരി കൊടുക്കുന്നത് എന്നാണ്.

സൗമ്യനായ പിച്ചൈയ്ക്ക് കൈകാര്യം ചെയ്യാൻ കഴിയുന്നതിലേറെ പ്രശ്നങ്ങളിലൂടെയാണ് കഴിഞ്ഞ വർഷങ്ങളിൽ അദ്ദേഹം കടന്നു പോയത്. 2018ൽ ഗൂഗിളിനുള്ളിൽ ഉണ്ടായ 'തെഴിലാളി ലഹള' കമ്പനിയെ നാണക്കേടിലെത്തിച്ചു. ചൈനീസ് സേർച് എൻജിനെതിരെയുള്ള നീക്കം, വിവിധ രാജ്യങ്ങളിൽ സ്വകാര്യതാ ഭഞ്ജനത്തിനെതിരെ ഉയരുന്ന പ്രതിഷേധങ്ങൾ തുടങ്ങിയവയെല്ലാം കണ്ട് അദ്ദേഹം തനിക്കു മതിയായി എന്നു തീരുമാനിച്ചിട്ടുണ്ടാകാമെന്ന് ചിലർ വാദിക്കുന്നു. ചൈനീസ് സർക്കാർ ആവശ്യപ്പെടുന്ന എല്ലാ മറ്റങ്ങളും ഉൾക്കൊണ്ട് ഗൂഗിൾ ചൈനയിൽ വീണ്ടും അവതരിപ്പിക്കുന്നതിനെതിരെ വൻ പ്രതിഷേധമാണ് അരങ്ങേറിയത്. അത്തരമൊരു സേർച് എൻജിൻ തുടങ്ങിയേക്കും എന്നറിയിച്ചത് പിച്ചൈ ആണ്.

എന്നാൽ തന്റെ മേലാധികാരികളിലാരുടെയെങ്കിലും നിലപാടാണോ അദ്ദേഹത്തെ അതിനു പ്രേരിപ്പിച്ചതെന്ന് ഇപ്പോൾ വ്യക്തമല്ല. കമ്പനിക്കെതിരെ അമേരിക്കയുടേതടക്കം വിവിധ സർക്കാരുകൾ നടപടികൾക്കൊരുങ്ങുകയാണ്. ഗൂഗിളിന്റെ സ്ഥാപകരായ ലാറി പെയ്ജും, സെർഗായി ബ്രിനും ആൽഫബെറ്റ് എന്ന പേരിൽ എല്ലാത്തിനും മേൽനോട്ടം വഹിക്കുകയാണെന്ന ഭാവത്തിൽ മാധ്യമ ദൃഷ്ടിയിൽ നിന്നു മറഞ്ഞിരിക്കുകയാണ്. 'തല്ലും കൊട്ടും ചെണ്ടയ്ക്ക്, പണവും പെരുമേം മാരാർക്ക്' എന്ന നിലയിലാണോ ഗൂഗിളിൽ കാര്യങ്ങൾ പോകുന്നതെന്ന് ചിലർ സംശയിക്കാതില്ല. ഗൂഗിളിന്റെ മുൻ സിഇഒ എറിക് സ്മിഡ്റ്റും കമ്പനി വിടുകയാണ്.

കഴിഞ്ഞ വർഷം ഡിസംബർ 11ന് അമേരിക്കൻ കോൺഗ്രസിനു മുന്നിൽ ചോദ്യം ചെയ്യലിനു ഹാജരായ പിച്ചൈയുടെ മുടി ശ്രദ്ധിക്കത്തക്ക വിധത്തിൽ നരച്ചിരുന്നുവെന്ന റിപ്പോർട്ടുകൾ പറയുന്നു. അമേരിക്കൻ രാഷ്ട്രീയവും ഇതിലുണ്ടാകാമെന്നു പറയുന്നു. വെറും വിമർശനമായിരിക്കില്ല പിച്ചൈയെ തളർത്തുന്നതെന്നാണ് മറ്റൊരു വാദം. ശതകോടിക്കണക്കിനു ആളുകളിലേക്കെത്തുന്ന ഒരു കമ്പനിക്ക് പത്തോ നൂറോ പേരുടെ വിമർശനം കണ്ടില്ലെന്നു നടിക്കാവുന്ന കാര്യമേയുള്ളുവെന്നും പറയുന്നു. എന്നാൽ സ്വകാര്യത അടക്കമുള്ള കാര്യങ്ങളിൽ വിവിധ രാജ്യങ്ങളിൽ നിന്ന് വരും വർഷങ്ങളിൽ ചോദ്യങ്ങളുയരും. ഇതിനെല്ലാം മറുപടി പറയേണ്ടയാൾ ഇപ്പോൾ പിച്ചൈ ആണ്.

പിച്ചൈയ്ക്ക് ഒപ്പം ജോലി ചെയ്തിട്ടുള്ളവർ പറയുന്നത് അദ്ദേഹം ഏറ്റുമുട്ടലുകൾ ഒഴിവാക്കാൻ ശ്രമിക്കുന്നയാളാണ് എന്നാണ്. ഒരു സിഇഒ എന്ന നിലയിൽ അദ്ദേഹത്തിന് അനുഭവസമ്പത്തു കുറവാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നേരിട്ട് അദ്ദേഹത്തിനു പരിചയമില്ല. കഴിഞ്ഞ ക്വാർട്ടറിൽ ഗൂഗിൾ വോൾസ്ട്രീറ്റ് എസ്റ്റിമേറ്റിനൊപ്പം ഉയർന്നില്ല എന്നതും അദ്ദേഹത്തിനെതിരെ പ്രവർത്തിച്ചിരിക്കാമെന്നു പറയുന്നു. അദ്ദേഹത്തിന്റെ നയിക്കാനുള്ള കഴിവിനെക്കുറിച്ച് ചില ചോദ്യങ്ങൾ ഉയരുന്നുണ്ടെന്നും കേൾക്കുന്നു. ഇതൊക്കെയാണെങ്കിലും പിച്ചൈയോ ഗൂഗിളോ അദ്ദേഹം കമ്പനി വിടുന്നു എന്ന അഭ്യൂഹങ്ങൾക്കു മറുപടി നൽകിയിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP