Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ബ്ലൂഫിലിം കാണുന്നവരുടെ കുഞ്ഞുങ്ങൾ മന്ദബുദ്ധികൾ ആയി ജനിക്കും; മദ്യപിക്കുന്നവന്റെ കുട്ടികൾ ഇഴഞ്ഞ് നടക്കുന്ന മന്ദബുദ്ധി പിള്ളേരായി മാറും; ഓട്ടിസത്തിന് കാരണം സ്വയഭോഗവും സ്വവർഗരതിയും; പ്രേമിച്ച് നടക്കുന്നവർ നാശത്തിന്റെ പടുകുഴിയിൽ; കുറേ കഴിയുമ്പോൾ നിനക്ക് വേശ്യ എന്ന് പേരുകിട്ടും; ഇത് അനുസരിച്ചില്ലെങ്കിൽ നശിച്ചുപോകും, മുടിഞ്ഞുപോകും'; വിശ്വാസികളിൽ ഭയവും അന്ധവിശ്വാസവും നിറയ്ക്കുന്ന വിവാദ വചനപ്രഘോഷകൻ ഡൊമിനിക് വാളാംനാളിനെതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധം

'ബ്ലൂഫിലിം കാണുന്നവരുടെ കുഞ്ഞുങ്ങൾ മന്ദബുദ്ധികൾ ആയി ജനിക്കും; മദ്യപിക്കുന്നവന്റെ കുട്ടികൾ ഇഴഞ്ഞ് നടക്കുന്ന മന്ദബുദ്ധി പിള്ളേരായി മാറും; ഓട്ടിസത്തിന് കാരണം സ്വയഭോഗവും സ്വവർഗരതിയും; പ്രേമിച്ച് നടക്കുന്നവർ നാശത്തിന്റെ പടുകുഴിയിൽ; കുറേ കഴിയുമ്പോൾ  നിനക്ക് വേശ്യ എന്ന് പേരുകിട്ടും; ഇത് അനുസരിച്ചില്ലെങ്കിൽ നശിച്ചുപോകും, മുടിഞ്ഞുപോകും'; വിശ്വാസികളിൽ ഭയവും അന്ധവിശ്വാസവും നിറയ്ക്കുന്ന വിവാദ വചനപ്രഘോഷകൻ ഡൊമിനിക് വാളാംനാളിനെതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പലതലത്തിലുള്ള വചന പ്രഘോഷണങ്ങളും കരിസ്മാറ്റിക്ക് ശുശ്രൂഷകളുമൊക്കെ കണ്ടവരാണ് മലയാളികൾ. എന്നാൽ വിശ്വാസികളെ നിരന്തരം പഴിക്കുകയും ശപിക്കുകയും പേടിപ്പിക്കുകയും അശാസ്ത്രീയ പ്രചാരണങ്ങൾ നടത്തുകയും ചെയ്യുന്ന ഒരു വൈദികനെതിരെ സോഷ്യൽ മീഡിയയിൽ ശക്തമായ കാമ്പയിൻ തുടങ്ങിയിക്കയാണ്. വിശ്വാസികളായ മനുഷ്യരിൽ ഭയം നിറയ്ക്കുന്ന വിവാദ വചനപ്രഘോഷകൻ ഡൊമിനിക് വാളാംനാളിനെതിയൊണ് വിശ്വാസികളിൽ ഒരു വിഭാഗംപോലും തിരിഞ്ഞിരിക്കുന്നത്.

ബുദ്ധിമാന്ദ്യമുള്ള കുട്ടികളുടെയും ഓട്ടിസം ബാധിച്ച കുട്ടികളുടെയും മാതാപിതാക്കളെ നിരന്തരം അപമാനിക്കുകയും പേടിപ്പിക്കുകയുമാണ് ഇദ്ദേഹത്തിന്റെ ശൈലിയെന്ന് കടുത്ത വിമർശനമുണ്ട്. കുട്ടികൾക്ക് ബുദ്ധിമാന്ദ്യം ഉണ്ടാകുന്നത് രക്ഷിതാക്കൾ നീലച്ചിത്രം കാണുന്നതുകൊണ്ടാണെന്നാണ് ഇദ്ദേഹത്തിന്റെ ഒരു കണ്ടുപിടുത്തം. മദ്യപിക്കുന്നവന്റെ കുട്ടികളും ഇതുപോലെ മന്ദബുദ്ധികളായി ഇഴഞ്ഞു നടക്കുമെന്ന് യാതൊരു ദാക്ഷിണ്യവുമില്ലാതെ ഇദ്ദേഹം പറയുന്നു. രക്ഷിതാക്കളുടെ സ്വയം ഭോഗവും സ്വവർഗരതിയുമാണ് ഇദ്ദേഹം ഓട്ടിസത്തിന് കാരണമായി പറയുന്നത്. ഇതിനെതിരെ ഓട്ടിസം ബാധിച്ച കുട്ടികളുടെ രക്ഷിതാക്കളുടെ കൂട്ടായ്മ പ്രതിഷേധവുമായി വന്നിട്ടും ഡൊമിനിക് വാളാംനാളിന് യാതൊരു കുലുക്കവുമില്ല. പ്രണയിക്കുന്നവരോടുമുണ്ട് ഈ വൈദികന് കട്ട കലിപ്പ്. പ്രേമിച്ച് നടക്കുന്നവർ നാശത്തിന്റെ പടുകുഴിയിലാണെന്നും കുറേ കഴിയുമ്പോൾ പെൺകുട്ടിക്ക് വേശ്യ എന്ന് പേരുകിട്ടുമെന്നൊക്കെയാണ് ഇദ്ദേഹം തട്ടിവിടുന്നത്. അനുസരിച്ചില്ലെങ്കിൽ നശിച്ചുപോകും, മുടിഞ്ഞുപോകും എന്നാണ് പ്രഭാഷണങ്ങളിൽ പലപ്പോഴും ഇദ്ദേഹം ശാപവാക്കുകൾ ഉന്നയിക്കുന്നത്. കപ്പൂച്ചിൻ സഭയിലെ ദൈവശാസ്ത്ര അദ്ധ്യാപകൻ കൂടിയായ ഫാ. ജിജോ കുര്യൻ അടക്കമുള്ള നിരവധി പേർ ഇദ്ദേഹത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

മുൻപ് ഈ വിവാദവൈദികൻ അയർലണ്ടിൽ എത്തി ഓട്ടിസം ബാധിച്ച കുട്ടികളെ കണ്ടിരുന്നു. പ്രാർത്ഥന സഹായം എന്ന ഗിമ്മിക് കാട്ടിയതിന് ശേഷം കേരളത്തിൽ എത്തിയ ഈ വിവാദ വൈദികൻ പ്രസംഗിച്ചത് അയർലന്റിലെയും ബ്രിട്ടനിലെയും മലയാളി സമൂഹം സ്വവർഗ രതിക്കാരും സ്വയം ഭോഗികളും ആണ് എന്നും അതിനാലാണ് ഓട്ടിസം ബാധിച്ച കുട്ടികൾ ജനിക്കുന്നത് എന്നുമായിരുന്നു. അതിനെ കേരളത്തിലെ മുഖ്യധാരാ ചാനലുകൾ അടക്കം വിമർശനവുമായി രംഗത്ത് വന്നിരുന്നു.അതെ വൈദികനെ വീണ്ടും അയർലണ്ടിൽ എത്തിക്കുന്നതിനെതിരെ വിശ്വാസികൾ അടക്കമുള്ളവർ സമൂഹമാധ്യമങ്ങളിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുകയാണ്.

ഈ വിവാദ വൈദികൻ അയർലണ്ടിൽ എത്തുന്നത് മലയാളി സമൂഹത്തിന് ഭീഷണിയാണോ ?.ഇദ്ദേഹത്തെ ബാൻ ചെയ്യണമെന്നുള്ള ക്യാമ്പയിന് പിന്തുണ കൊടുക്കാൻ ഈ ലിങ്കിൽ കയറി വോട്ടു ചെയ്യുക എന്നു പറഞ്ഞാണ് പലരും പ്രതിഷേധം ഷെയർ ചെയ്യുന്നത്. വോട്ട് ചെയ്യാനുള്ള ലിങ്ക് ഇതാണ്.http://chng.it/wrFqyYKG

പ്രേമിച്ച് നടക്കുന്നവർ നാശത്തിന്റെ പടുകുഴിയിൽ

പ്രണയിക്കുന്നവരെ വ്യഭിചാരികളെന്ന് ഈ പുരോഹിതൻ വിളിച്ചത് മുമ്പ് വൻ വിവാദമായിരുന്നു. 'പ്രേമിച്ചു നടക്കുന്ന കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ പറയാം. നിങ്ങൾ നാശത്തിന്റെ കുഴിയിലേക്കാണ് പോകുന്നത്. ഈ പ്രേമിക്കുന്ന ചെറുക്കനെ ഓർത്ത് ഇപ്പോൾ അഭിമാനമായിരിക്കും. ഇപ്പോൾ തെളപ്പുള്ള പ്രായമാ.... ഈ തെളപ്പ് കുറച്ചുകഴിയുമ്പോൾ പോകും. അപ്പോൾ നിന്റെ ജീവിതം തകർന്ന് തരിപ്പണമാകും. അപ്പോൾ നിങ്ങൾ ആർക്കും വേണ്ടാത്തവരാകും. ആരും നിന്നെ സ്‌നേഹിക്കാൻ കാണില്ല. നിനക്ക് വേശ്യ എന്ന് പേരുകിട്ടും. നിങ്ങളെ വ്യഭിചാരി എന്നു വിളിക്കും. അപ്പന്റെയും അമ്മയുടെയും സഭയുടെയും വൈദികരുടേയും എല്ലാവരുടേയും കണ്ണീരു കുടിപ്പിച്ച് നീ നേടിയെടുക്കുന്ന ജീവിതമുണ്ടല്ലോ അത് പൊട്ടിത്തകരും. കാരണം അത് കാമമാണ്, വൈകാരികമാണ്. അതിൽ ഒത്തിരി കുഞ്ഞുങ്ങൾ, യുവതികൾ ആ കെണിയിൽ വീണുപോകുന്നുണ്ട്. സൂക്ഷിക്കുക, അനർത്ഥങ്ങൾ നിങ്ങളുടെ മുന്നിലുണ്ട്. മാനസാന്തരപ്പെടാൻ ദൈവം തരുന്ന അവസരം ഓർത്ത് പ്രാർത്ഥിക്കുക.''.. എന്ന് തുടങ്ങി ശാപവചനങ്ങൾ നിറഞ്ഞ ഭയപ്പെടുത്തുന്ന പ്രഭാഷണമാണ് ഈ വൈദികൻ നടത്തുന്നത്.

പ്രേമിച്ച് വിവാഹം കഴിച്ചവരുടെ കുടുംബത്തിൽ മുഴുവൻ കഷ്ടപ്പാടും ബുദ്ധിമുട്ടും ആയിരിക്കുമെന്നും ഭർത്താവ് കുറച്ചുകഴിയുമ്പോൾ ഇട്ടേച്ചുപോകുമെന്നും കൂട്ടുകാർക്ക് പങ്കുവയ്ക്കാൻ നിന്നെ ഇട്ടുകൊടുക്കുമെന്നുമൊക്കെയാണ ഈ വൈദികൻ പറഞ്ഞുവയ്ക്കുന്നത്. പ്രണയിക്കുന്നവർക്ക് വികാരമാണെന്നും അതിനെ നിയന്ത്രിച്ചില്ലെങ്കിൽ ജീവിതം നശിച്ചുപോകുമെന്നും ബൈബിളിനെ കൂട്ടുപിടിച്ച് ഈ വൈദികൻ പറയുന്നു. വികാരം കൊണ്ട് ജ്വലിക്കുന്ന ഹൃദയം ആളിക്കത്തുന്ന തീപോലെയാണെന്നും പറയുന്നു. വൈദികന്റെ പരാമർശത്തിനെതിരെ വിമർശനം നിറഞ്ഞ നൂറുകണക്കിന് കമന്റുകളും നവമാധ്യമങ്ങളിൽ വരുന്നുണ്ട്.

ഇതേ വൈദികൻ മറ്റൊരു ധ്യാന പ്രസംഗത്തിൽ പറയുന്നു..'മദ്യപിക്കുന്നവന്റെ കുട്ടികളാണ് മന്ദബുദ്ധികൾ. കണ്ടില്ലേ ഇഴഞ്ഞ് നടക്കുന്ന മന്ദബുദ്ധി പിള്ളേർ. ബ്ലൂഫിലിം കാണുന്നവരുടെ കുഞ്ഞുങ്ങളും മന്ദബുദ്ധികൾ ആയി ജനിക്കും. പണം ധാരാളം ഉള്ളവർക്കും ഈ കുട്ടികൾ ഭാരമാണ്. ദൈവ ശാപമാണ്. സ്വയം ഭോഗം, പാൻ പരാഗ്, മദ്യപാനം തുടങ്ങിയവ ജീവിത ശീലമാക്കിയ യുവാക്കൾ നാളെ വിവാഹം ചെയ്ത് കുഞ്ഞുണ്ടാകുമ്പോൾ അവരുടെ കുട്ടികളാണ് മന്ദബുദ്ധികൾ ആകുന്നത്. ഇങ്ങിനെയുള്ള യുവാക്കൾക്കും യുവതികൾക്കും മൃഗ ജീവിതമാണ്. അവർ ബന്ധപ്പെടുന്നത് മൃഗങ്ങളേ പോലെയാണ്. അവർക്ക് ഉണ്ടാകുന്ന കുഞ്ഞുങ്ങളും മൃഗങ്ങളേ പോലെയിരിക്കും. അവരാണ് മന്ദബുദ്ധി കുഞ്ഞുങ്ങൾ.'- ഈ പ്രസംഗത്തിനെതിരെയും വൻ പ്രതിഷേധം ഉണ്ടായിട്ടും ഇദ്ദേഹം ശൈലി മാറ്റിയിട്ടില്ല.

ഭീതി വളർത്തുന്ന ധ്യാനഗുരുവിനെതിരെ വൈദികരും

കുറച്ചുകാലമായി സഭയിൽ ഏറെ 'തിളങ്ങി' നിൽക്കുന്നു എന്ന് പ്രചരിപ്പിക്കുന്ന ഒരുകൂട്ടം ആൾക്കാരുടെ ധ്യാനഗുരുവാണ് ഇദ്ദേഹം. ഇദ്ദേഹത്തിന്റെ പ്രഭാഷണത്തിനെതിരെ കപ്പൂച്ചിൻ സഭയിലെ ദൈവശാസ്ത്ര അദ്ധ്യാപകൻ കൂടിയായ ഫാ. ജിജോ കുര്യൻ നടത്തിയ പരാമർശമാണ് ഇതിൽ ഏറെ ശ്രദ്ധേയം. 'എക്ലീസിയാസ്റ്റിക്കൽ സെൻസർ' എന്നു പറയുന്ന ഒരു സഭാ അച്ചടക്ക നടപടിയുണ്ട്. രണ്ടാം വത്തിക്കാൻ കൗൺസിലിനു ശേഷം അത്യപൂർവ്വമായി മാത്രം പ്രയോഗിച്ച ഒന്ന്. കേരളത്തിലെ പല 'പ്രമുഖ' കത്തോലിക്കാ 'ധ്യാനഗുരുക്കന്മാരിലും' അധികാരത്തിലിരിക്കുന്നവർക്ക് പ്രയോഗിക്കാൻ കഴിയുന്നതാണ്. അവരെ നന്നാക്കാനല്ല. സമൂഹത്തെ വഴിതെറ്റിക്കാതിരിക്കാൻ. എന്നാണ് ഫാ.ജിജോ കുര്യൻ മുമ്പ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. വലന്റൈൻ ഒരു പുരോഹിതനായിരുന്നു എന്ന് ഓർക്കണമെന്നും ഫാ. ജിജോ കുര്യൻ ഈ ധ്യാനഗുരുവിന് മറുപടി നൽകുന്നുണ്ട്. ധ്യാനഗുരുക്കൾ പോപ്പുലർ ആകുന്നതാണ് ഇത്തരം പ്രഭാഷണങ്ങൾക്ക് പിന്നിലുള്ള പ്രധാനകാരണമെന്ന് ഫാ. ജിജോ കുര്യൻ പ്രതികരിച്ചു. പോപ്പുലറാകുമ്പോൾ സ്വാഭാവികമായും മനുഷ്യർ ഇവരെ കൊണ്ടുനടക്കുന്നു. മനുഷ്യന്റെ വൈകാരിക തലത്തെയാണ് ഇവർ ഉപയോഗിക്കുന്നത്. മനുഷ്യൻ സ്‌ട്രെസ് അനുഭവിക്കുന്ന കാലത്ത് അവർ നേരിടുന്നത് പ്രശ്‌നങ്ങളാണ്. മനുഷ്യന് വിദ്യാഭ്യാസം കിട്ടി എന്നതുകൊണ്ട് കാര്യമില്ല. വിദ്യാഭ്യാസവും വൈകാരിക തലവും തമ്മിൽ വലിയ ബന്ധമൊന്നുമില്ല. മനുഷ്യന്റെ വൈകാരിക പ്രശ്‌നങ്ങളാണ് അവനെ അലട്ടുന്നത്. അതാണ് ഇവർ ഉപയോഗിക്കുന്നത്. ഇതൊന്നും ശരിയായ വഴിയിലല്ല നയിക്കുന്നത് എന്നതാണ് കാര്യം.- ഫാ. ജിജോ കുര്യൻ വ്യക്തമാക്കി.

ഓട്ടിസം പ്രാർത്ഥനയിലൂടെ മാറ്റിയ കഥ ഇങ്ങനെയാണ്

ഡൊമിനിക് വാളാംനാളിന്റെ മറ്റൊരു വിവാദ പ്രസംഗം ഇങ്ങനെയാണ്. ഈ പ്രസംഗത്തിലാണ് അദ്ദേഹം ഓട്ടിസം പ്രാർത്ഥനയിലൂടെ മാറ്റിയ കഥ പറയുന്നത്.

'എന്റെ ജീവിതത്തിൽ ഞാൻ ഒത്തിരി തവണ ശുശ്രൂഷയ്ക്ക് പോകുന്ന സ്ഥലമാണ് അയർലന്റ്. അവിടെ വലിയൊരു മിറക്കിൾ കർത്താവ് ചെയ്തു. അവിടെ ചെന്നപ്പോൾ ഒത്തിരി കുടുംബങ്ങളിൽ കുഞ്ഞുങ്ങൾക്ക് ഓട്ടിസം എന്ന രോഗമുണ്ട്. അപ്പോൾ അവിടെ വച്ച് ഒരാൾ പറഞ്ഞു അച്ചാ വീട്ടിലേക്ക് വരണമെന്ന്. എന്നാൽ ഞാൻ പറഞ്ഞു ഞങ്ങൾക്ക് വീട്ടിലേക്ക് പോകാൻ അനുവാദമില്ല പകരം ഡബ്ലിനിലെ പള്ളിയിലേക്ക് കൊണ്ടു പോരെ ഞാൻ പ്രാർത്ഥിച്ചോളാം.

ഒരു ദിവസം ശുശ്രൂഷ കഴിഞ്ഞ് അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോവുകയാണ്..ഒരു ചെറിയോരു റോഡിലൂടെ വണ്ടിയോടിച്ച് പോവുകയാണ്. വണ്ടി വളരെ സ്‌ളോ ആയിട്ടാണ് പോയത്. 20 മൈൽ സ്പീഡ് പോലുമില്ല. അപ്പോൾ ഞാൻ ചോദിച്ചു നീയെന്താണ് ഇങ്ങനെ പോകുന്നത് സാധാരണ ഇങ്ങനെയല്ലല്ലോ. അപ്പോൾ ഒരു വീട് ചൂണ്ടിക്കാട്ടിയിട്ട് പറഞ്ഞു. ആ വീട് കണ്ടോ അച്ചാ. ഒരു മലയാളി കുടുംബമാണ് അവിടെ താമസിക്കുന്നത്. ആ കുടുംബത്തിൽ മൂന്നു കുട്ടികൾക്ക് ഓട്ടിസമുണ്ട്. മൂത്തതിന് 13 വയസ് പ്രായമുണ്ട് രണ്ടാമത്തെ കുട്ടിക്ക് 12 അടുത്തത് 10 അങ്ങനെ ഏജിലുള്ള കുട്ടികളാണ്. മൂന്നു കുട്ടികളും ഹൈപ്പർ ആൻഡ് ഓട്ടിസ്റ്റിക്കാണ്.

അപ്പോൾ അവര് പറഞ്ഞു അച്ചന് ഞങ്ങളുടെ വീട്ടിൽ വരാൻ പറ്റിയില്ലെങ്കിൽ വൈകിട്ട് പോകുമ്പോൾ ഞങ്ങളുടെ വീടിന് മുന്നിലൂടെ കൊണ്ടു പോകണമെന്ന് പറഞ്ഞു. അപ്പോൾ ഞങ്ങൾ വീടിനകത്തിരുന്ന് പ്രാർത്ഥിച്ചോളാം എന്തൊരു വിശ്വാസം. ഇവരുടെ വിശ്വാസം കേട്ടാൽ തന്നെ തമ്പുരാൻ ഇടപെട്ടോളും. ഭയങ്കര ഫെയ്ത്ത്. ഇത് കേട്ടതോടെ ഞാൻ വണ്ടി നിർത്താൻ പറഞ്ഞു. നീ കൊണ്ട പാർക്ക് ചെയ്യാൻ പറഞ്ഞ് ഞാൻ നേരെ ആ വീട്ടിലേക്ക് കയറിച്ചെന്നു. വീട്ടിൽ ചെന്ന് ബെല്ലടിച്ചപ്പോൾ കണ്ട വീട്ടിലെ അപ്പനും അമ്മയും കരഞ്ഞുകൊണ്ട് വീടിന്റെ മുന്നിൽ മുട്ടുകുത്തി നിൽക്കുകയാണ്.

അവർ വാതിൽ തുറന്ന് എന്നെ അകത്തോട്ട് കയറ്റി. വീട്ടിലെ സാധനങ്ങൾ എല്ലാം തന്നെ അവർ ഉയർത്തിയാണ് വെച്ചിരിക്കുന്നത് ടെലിവിഷനും മറ്റെല്ലാ സാധനങ്ങളും. ആറടി ഉയരത്തിലാണെല്ലാം. കുട്ടികൾ എല്ലാം നശിപ്പിക്കും ഒരുപാട് പ്ല്രോബ്ലമുണ്ടാക്കും. കുട്ടികളെ എല്ലാം ഒരു മുറിയിൽ ഇട്ടിരിക്കുകയാണ് ശരിക്കും ഒരു ജയിലാണ്. കമ്പിയഴിയൊക്കെ ഇട്ട് പൂട്ടിയിരിക്കുകയാണ്. ഞാൻ ചെന്നപ്പോൾ അത് തുറന്നു. കണ്ടപ്പോൾ സങ്കടം വരും. അപ്പോൾ എന്നോട് ദൈവം പറഞ്ഞു ഇതൊരു പൈശാചിക ശക്തിയാണ്. ബന്ധിക്കാൻ പറഞ്ഞു. അപ്പോൾ ഞാൻ വീടിന്റെ നടുക്ക് നിന്ന് പറഞ്ഞു ഈ വീടിനെ ബാധിച്ചിരിക്കുന്ന ഓട്ടിസം ഹൈപ്പർ ആക്ടീവ് സ്പിരിറ്റിനെ ബന്ധിക്കുന്നു ബഹിഷ്‌കരിക്കുന്നു.

കർത്താവിന്റെ കുരിശിൻ ചുവട്ടിലേക്ക് മാറ്റിയിരിക്കുന്നു. ഈ നിമിഷം ബഹിഷ്‌കരിക്കണം. കുട്ടികളെ പിടിക്കാൻ പറഞ്ഞു. എന്നാലും അവർ വയലന്റായി. പിടിച്ചപ്പോൾ അവർ ഇളകി മറിയുകയാ. അപ്പോൾ തലയിൽ കുരിശ് വരച്ചു. ആരും ബോധംകെട്ട് വീഴുകയോ ഒന്നും സംഭവിച്ചില്ല. എന്നിട്ട് ഞാൻ പോകുകയാണെന്ന് പറഞ്ഞു. ഞാൻ പ്രാർത്ഥിച്ചോളാമെന്നും പറഞ്ഞു. ഏതാനും ദിവസം കഴിഞ്ഞ് ഞാൻ നാട്ടിലേക്ക് പോയി. വൈകാതെ തന്നെ എനിക്ക് അയർലന്റിൽ നിന്നും കോൾ വന്നു ബാബു എന്നൊരു സ്‌നേഹിതനാണ്. കോ-ഓർഡിനേറ്റ് ചെയ്യുന്ന ആളാണ്. അദ്ദേഹം പറഞ്ഞു..'അച്ചാ നമ്മൾ ഒരു വീട്ടിൽ പോയില്ലേ ആ വീട്ടിലെ മൂത്ത കൊച്ച് പരിപൂർണമായിട്ടും സൗഖ്യപ്പെട്ടിട്ടുണ്ട്. പിറ്റേ വർഷം അവർ അതേ സ്ഥലത്ത് തന്നെ വിളിച്ചു.

അവിടെ ചെന്നപ്പോൾ അവിടുത്തെ വികാരിയച്ചൻ പറഞ്ഞു ഒരു കുട്ടിക്ക് ആദ്യ കുർബാന കൊടുക്കണം. അതൊരു സ്‌പെഷ്യൽ കുട്ടിയാണ് അച്ചന് അത് കണ്ടാലെ മനസിലാകൂ. അപ്പോൾ ഞാൻ കുർബാനയ്ക്ക് കയറിയപാടെ ഈ കുട്ടിയെ കൊണ്ടു വരികയാണ്. ഈ കുഞ്ഞ് 100 ശതമാനം സൗഖ്യപ്പെട്ടു. ഈ കുഞ്ഞിന് ഞാൻ കുർബാന കൊടുത്തു. ഇപ്പോൾ ആ കൊച്ച് പഠിക്കുന്നത് നോർമ്മൽ സ്‌കൂളിലാണ്. ആ കൊച്ചിനെ മാത്രമല്ല അതിന് താഴെയുള്ള രണ്ട് പേരെയും കർത്താവ് തൊട്ടു. ശക്തമായ പ്രവർത്തനം. അവിടത്തേക്കുള്ള വചനത്തിന്റെ വാതിൽ തുറന്നു തന്നു.'- ഈ രീതിയിൽ അശാസ്ത്രീയതയും അന്ധവിശ്വാസവും പ്രചരിപ്പിക്കുയാണ് ഈ വൈദികൻ എന്നാണ് ആക്ഷേപം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP