Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഈ ഒത്തൂകൂടലുകൾ നൽകുന്ന ധൈര്യം വലുതെന്ന് തിരിച്ചറിഞ്ഞ് രാമചന്ദ്രേട്ടൻ; തിരികെ വരാൻ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നുമുള്ള തിരിച്ചറിവുകളുമായി നോമ്പുതുറയുടെ പുണ്യം നുകരാനെത്തുന്നത് ദിവസവും നിരവധി പേർ; സുഖത്തിലുണ്ടാം സഖിമാരനേകം ദുഃഖം വരുമ്പോൾ പുനരാരുമില്ലാ എന്ന പഴമൊഴി അതുകൊണ്ട് തന്നെ ഇവിടെ മറക്കാം; നോമ്പുതുറ ഈ വീട്ടിൽ ആഘോഷിച്ച് ദുബായിലെ മലയാളികൾ; ഫീനക്‌സ് പക്ഷി കുതിച്ചുയരുമെന്ന സൂചന നൽകി ഓഹരി മുന്നേറ്റവും; അറ്റ്‌ലസ് രാമചന്ദ്രൻ എന്നും മലയാളിയുടെ പൊൻതാരകം തന്നെ

ഈ ഒത്തൂകൂടലുകൾ നൽകുന്ന ധൈര്യം വലുതെന്ന് തിരിച്ചറിഞ്ഞ് രാമചന്ദ്രേട്ടൻ; തിരികെ വരാൻ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നുമുള്ള തിരിച്ചറിവുകളുമായി നോമ്പുതുറയുടെ പുണ്യം നുകരാനെത്തുന്നത് ദിവസവും നിരവധി പേർ; സുഖത്തിലുണ്ടാം സഖിമാരനേകം ദുഃഖം വരുമ്പോൾ പുനരാരുമില്ലാ എന്ന പഴമൊഴി അതുകൊണ്ട് തന്നെ ഇവിടെ മറക്കാം; നോമ്പുതുറ ഈ വീട്ടിൽ ആഘോഷിച്ച് ദുബായിലെ മലയാളികൾ; ഫീനക്‌സ് പക്ഷി കുതിച്ചുയരുമെന്ന സൂചന നൽകി ഓഹരി മുന്നേറ്റവും; അറ്റ്‌ലസ് രാമചന്ദ്രൻ എന്നും മലയാളിയുടെ പൊൻതാരകം തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: റംസാൻ മാസം ദുബായിലെ മലയാളികൾ നെഞ്ചോട് ചേർത്ത് നിർത്തുന്നത് മലയാളിയുടെ മനസ്സിൽ വിശ്വസ്തതയുടെ വിത്തിട്ട ബിസിനസ്സുകാരനെ തന്നെ. അറ്റ്‌ലസ് ജൂവലറി ഗ്രൂപ്പ് മേധാവിയായ അറ്റ്‌ലസ് രാമചന്ദ്രന്റെ ആ വീട് അക്ഷരാർഥത്തിൽ വീണ്ടും സജീവമാവുകയാണ് ഈ റംസാൻ മാസക്കാലത്ത്. വീണ്ടും ആളനക്കം വീട്ടിലേക്ക് എത്തുന്നു. നോമ്പുതുറയുടെ പുണ്യത്തിൽ രാമചന്ദ്രനൊപ്പം ചേർന്ന് നിൽക്കാൻ ആഗ്രഹിക്കുന്ന സുഹൃത്തുക്കൾ ഈ വീട്ടിൽ വീണ്ടുമെത്തുകയാണ്. സുഖത്തിലുണ്ടാം സഖിമാരനേകം ദുഃഖം വരുമ്പോൾ പുനരാരുമില്ലാ എന്ന വരികൾക്ക് അപ്പുറത്തേക്ക് എത്തുന്ന മനുഷ്യമനസ്സുകളാണ് ഇന്ന് രാമചന്ദ്രന്റെ കരുത്ത്.

ഈ ഒത്തുകൂടലുകൾ നൽകുന്ന ധൈര്യം വലുതാണെന്നാണ് അറ്റലസ് രാമചന്ദ്രനും തിരിച്ചറിയുന്നു. തന്റെ പ്രവർത്തനമേഖലയിലേക്ക് തിരികെവരാൻ ഈ സൗഹൃദം ആവേശം പകരുന്നു. ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന തോന്നലാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്നും രാമചന്ദ്രൻ തുറന്ന് സമ്മതിക്കുന്നു. അതുകൊണ്ട് തന്നെ റംസാൻ മാസത്തിന് ശേഷം പുതിയ അറ്റ്‌ലസിന്റെ പിറവിയും മലയാളികൾ മനസ്സിൽ കാണുന്നു. കടങ്ങളെല്ലാം അതിജീവിച്ച് വീണ്ടും മലയാളിയുടെ വിശ്വസ്ത സ്ഥാപനമായി അറ്റ്‌ലസിനെ വളർത്താനുള്ള കഴിവ് രാമചന്ദ്രനുണ്ടെന്ന് പ്രവാസി മലയാളികളും കരുതുന്നു.

ഒരു കാലത്ത് അക്ഷരശ്ലോക സദസ്സുകളുടെ കേന്ദ്രമായിരുന്ന ദുബായിലെ അറ്റ്‌ലസ് വസതിയിൽ. ഒരു കാലത്ത് രാഷ്ട്രീയക്കാരും വ്യവസായ പ്രമുഖരും മാധ്യമപ്രവർത്തകരും സാംസ്‌കാരിക പരിപാടികളുടെ സംഘാടകരുമെല്ലാം തിക്കിത്തിരക്കിയിരുന്ന വീട്. എന്നാൽ സാമ്പത്തിക കേസിൽ രാമചന്ദ്രൻ അഴിക്കുള്ളിലായതോടെ വീടും ശോകമൂകമായി. മൂന്നു വർഷത്തോളം ആഘോഷമില്ലാതിരുന്ന വീട്ടിലാണ് പ്രതീക്ഷയുടെ വെട്ടമായി റംസാൻ മാസം വീണ്ടും എത്തിയത്. ഒട്ടനവധി ഇഫ്താറുകളും വിരുന്നുകളും നടന്നിരുന്ന അറ്റ്‌ലസ് ഭവനം വീണ്ടും പഴയ ഓർമ്മകളിലേക്ക് പതിയെ നടക്കുകയാണ്.

ജയിലിൽ നിന്നുള്ള രാമചന്ദ്രന്റെ മടങ്ങി വരവിന്റെ ഒന്നാം വർഷം രേഖപ്പെടുത്തുന്ന ഈ റമദാൻ മാസത്തിൽ രാമചന്ദ്രേട്ടൻ ഒറ്റക്കല്ല എന്ന് വിളിച്ചു പറയാൻ ഒരുപാടുപേരുണ്ടായിരുന്നു. അറ്റ്ലസ് രാമചന്ദ്രേട്ടനോടൊപ്പം ഒരു ഇഫ്താർ എന്ന പേരിൽ സാംസ്‌കാരിക പ്രവർത്തകൻ ബഷീർ തിക്കോടി മുൻകൈയെടുത്തു വിരുന്ന് പോലും സംഘടിപ്പിച്ചു. തീർത്തും ആവേശം നിറഞ്ഞ സംഗമം. തിരിച്ചടികളെ മറികടക്കാൻ ശ്രമം തുടരുന്ന അറ്റ്ലസ് രാമചന്ദ്രൻ അതെല്ലാം അതിജയിച്ച് വീണ്ടും കച്ചവടത്തിന്റെയും കലയുടെയും മുഖ്യ ധാരയിലേക്ക് കടന്നുവരട്ടെയെന്ന് ചടങ്ങിൽ പങ്കെടുത്തവർ പ്രത്യാശിച്ചു.

ഇഫ്താറിനെത്തിയവർ തീരുമാനിച്ചതു പ്രകാരം ലേബർ ക്യാമ്പുകളിൽ പെരുന്നാൾ സമ്മാനങ്ങളും ഭക്ഷണ സാമഗ്രികളുമായി സന്ദർശിച്ചപ്പോൾ സംഘത്തിന് ഊർജം പകർന്ന് അറ്റ്‌ലസ് രാമചന്ദ്രനും ഒപ്പം ചേർന്നിരുന്നു. . ഭാര്യ ഇന്ദു, മകൾ മഞ്ജു എന്നിവരും പങ്കെടുത്തു. ഫോട്ടോഗ്രാഫർ ജയപ്രകാശ് പയ്യന്നൂർ പകർത്തിയ ചിത്രങ്ങൾ അറ്റ്ലസ് രാമചന്ദ്രന് ഉപഹാരമായി നൽകി.

മുംബൈ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്ത് അറ്റ് ലസ് ജൂവലറി ഇന്ത്യ ലിമിറ്റഡ് കമ്പനി കഴിഞ്ഞ ഒരു മാസം കൊണ്ട് 30 ശതമാനത്തിലേറെ നേട്ടമുണ്ടാക്കി കഴിഞ്ഞു. കമ്പനിയുടെ ഷെയർഹോൾഡേഴ്‌സിന്റെ ലിസ്റ്റ് നോക്കുമ്പോൾ അതിൽ അറ്റ്‌ലസ് രാമചന്ദ്രന്റെ പേരില്ലെന്നതാണ് കൗതുകകരം. ഓഹരിയുടെ കുതിച്ചു ചാട്ടത്തിന് രാമചന്ദ്രന്റെ തിരിച്ചു വരവും ഒരു കാരണമായി എന്നു വേണം കരുതാൻ.കഴിഞ്ഞ ഏഴ് ദിവസത്തെ കണക്ക് മാത്രമെടുത്താൽ തന്നെ അറ്റ്‌ലസ് ജൂവലറിയുടെ തിരിച്ചുവരവിന്റെ വേഗത മനസ്സിലാകും. 120 രൂപ മാത്രമുണ്ടായിരുന്ന ഓഹരി ഇപ്പോൾ വിൽപ്പന നടത്തുന്നത് 133ലാണ്.

ബെംഗളൂരു, താനെ എന്നിവിടങ്ങളിലുള്ള അറ്റ്ലസിന്റെ ബ്രാഞ്ചുകൾ നല്ല രീതിയിൽ തന്നെ പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയിലും ഗൾഫിലുമായി നിലവിൽ 15 ജൂവലറികളാണ് രാമചന്ദ്രന്റെ അറ്റ്ലസ് ഗ്രൂപ്പിനുള്ളത്. കൂടുതൽ ബ്രാഞ്ചുകൾ ജനപങ്കാളിത്തത്തോടെ ദുബായിലും, ഇന്ത്യയിലും തുടങ്ങി ബിസിനസ് വ്യാപിപ്പിക്കാനാണ് ഇനി ലക്ഷ്യമിടുന്നത്. ജയിൽ മോചനം കഴിഞ്ഞ ജൂൺ മാസത്തിൽ സാധ്യമായെനങ്കിലും നാട്ടിലേക്ക് മടങ്ങുന്നത് സംബന്ധിച്ച കാര്യങ്ങളിൽ നേരത്തെ വ്യക്തമായിരുന്നില്ല. ദുബായിൽ നിന്ന് ബാങ്കുകളുടെ ബാധ്യത മുഴുവൻ തീർത്ത ശേഷം മാത്രമെ നാട്ടിലേക്ക് മടങ്ങാൻ കഴിയൂ എന്നാണ് അന്നു വന്ന റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്.

ബിസിനസിന്റെ തുടക്കം മൂന്നു പതിറ്റാണ്ട് മുൻപ് ആരംഭിച്ച അറ്റ്‌ലസ് ജൂവലറി ഗ്രൂപ്പിന് യുഎഇ, കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിലായി അൻപതോളം ശാഖകളുണ്ട്; യുഎഇയിൽ മാത്രം 12 ഷോറൂമുകളുണ്ട്. കേരളത്തിലും ശാഖകളുണ്ട്. ഹെൽത്ത്‌കെയർ, റിയൽ എസ്റ്റേറ്റ്, ചലച്ചിത്രനിർമ്മാണ മേഖലകളിലും അറ്റ്ലസ് സാന്നിധ്യമുറപ്പിച്ചിരുന്നു. രാമചന്ദ്രൻ മലയാളത്തിലെ പല ഹിറ്റു ചിത്രങ്ങളുടേയും നിർമ്മാതാവും വിതരണക്കാരനുമായിരുന്നു. വൈശാലി, സുകൃതം, ധനം,വാസ്തുഹാര,കൗരവർ,ചകോരം,ഇന്നലെ,വെങ്കലം എന്നീ ചലച്ചിത്രങ്ങൾ നിർമ്മിച്ചു. അറബിക്കഥ, മലബാർ വെഡ്ഡിങ്, ടു ഹരിഹർ നഗർ,സുഭദ്രം,ആനന്ദഭൈരവി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഹോളിഡേയ്‌സ് എന്ന ചിത്രം സംവിധാനം ചെയ്തു.

പരീക്ഷണങ്ങൾ പുതുമയല്ലെന്നും, തടവറയിലെ തണുപ്പിൽ ജീവിക്കുമ്പോഴും മനസ്സ് മരവിച്ചിരുന്നില്ലെന്നും എല്ലാ പ്രശ്‌നങ്ങളും തീർക്കാമെന്നും ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേൽക്കാമെന്നും ആത്മവിശ്വാസമുണ്ടെന്നും, ബാധ്യതകളിൽ നിന്ന് ഒളിച്ചോടരുതെന്നു നിർബന്ധമുണ്ടായിരുന്നെന്നും, കഷ്ടപ്പെട്ട് ഉണ്ടാക്കിയ ചില ആസ്തികൾ വിലയ്ക്കു വിൽക്കേണ്ടിവന്നതിൽ വിഷമമുണ്ടെന്നും തിരിച്ചടി താൽക്കാലികമാണെന്നും അറ്റ്‌ലസ് രാമചന്ദ്രൻ നേരത്തെ ഒരു ചാനൽ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇത് ശരിയാകുമെന്ന പ്രതീക്ഷയിലാണ് മലയാളികൾ അറ്റ്‌ലസിനെ ഇപ്പോഴും നെഞ്ചോട് ചേർത്തു നിർത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP