Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബൗളർമാർ കരുത്തുകാട്ടിയപ്പോൾ ബാറ്റിങ് നിരയെ വിറപ്പിച്ച് വെസ്റ്റ് ഇൻഡീസ്; പ്രതിസന്ധിയിലായ ഇന്ത്യക്കു തുടർച്ചയായ നാലാം ജയം സമ്മാനിച്ചത് ധോണിയുടെ ഇന്നിങ്‌സ്; മൂന്നുവിക്കറ്റെടുത്ത ഷാമി മാൻ ഓഫ് ദ മാച്ച്‌

ബൗളർമാർ കരുത്തുകാട്ടിയപ്പോൾ ബാറ്റിങ് നിരയെ വിറപ്പിച്ച് വെസ്റ്റ് ഇൻഡീസ്; പ്രതിസന്ധിയിലായ ഇന്ത്യക്കു തുടർച്ചയായ നാലാം ജയം സമ്മാനിച്ചത് ധോണിയുടെ ഇന്നിങ്‌സ്; മൂന്നുവിക്കറ്റെടുത്ത ഷാമി മാൻ ഓഫ് ദ മാച്ച്‌

പെർത്ത്: ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യക്കു തുടർച്ചയായ നാലാം ജയം. തകർന്നടിഞ്ഞ ബാറ്റിങ് നിരയ്ക്കു താങ്ങായെത്തിയ ക്യാപ്റ്റൻ എം എസ് ധോണിയാണ് ഇന്ത്യയെ വിജയതീരത്തെത്തിച്ചത്.

ബൗളർമാർ തിളങ്ങിയപ്പോൾ വിൻഡീസിനെ 182 റണ്ണിന് എറിഞ്ഞിടാൻ കഴിഞ്ഞെങ്കിലും ബാറ്റിങ് തകർന്നത് ഇന്ത്യയെ തോൽവിയിലേക്കു നയിക്കുമെന്ന ഒരു ഘട്ടവുമുണ്ടായിരുന്നു. അവിടെ നിന്നാണ് വാലറ്റക്കാരെ കൂട്ടുപിടിച്ച് ക്യാപ്റ്റൻ ധോണി ഇന്ത്യക്കു വിജയം സമ്മാനിച്ചത്.

39.1 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിലാണ് വിൻഡീസിന്റെ 182 റൺ ഇന്ത്യ മറികടന്നത്. ലോകകപ്പിന് തൊട്ടുമുമ്പ് ദുർബലമായ ബൗളിങ് നിര എന്ന പഴികേട്ട ടീം ഇന്ത്യ ആ പേരു തിരുത്തി. പക്ഷേ, ബാറ്റിങ് നിര വെസ്റ്റ് ഇൻഡീസ് ബൗളർമാർക്കു മുന്നിൽ വിറച്ചു. 30 ഓവറായപ്പോൾ തന്നെ ആറുവിക്കറ്റുകളാണ് 134 റണ്ണിന് വിൻഡീസ് പിഴുതത്.

തുടർന്ന് ക്രീസിലെത്തിയ അശ്വിനൊപ്പം 51 റൺ കൂട്ടുകെട്ടു പടുത്തുയർത്തിയാണ് ധോണി ടീമിനു വിജയം സമ്മാനിച്ചത്. 56 പന്തിൽ 3 ഫോറും ഒരു സിക്‌സുമുൾപ്പെടെ ധോണി 45 റണ്ണെടുത്തു. 32 പന്തിൽ 16 റണ്ണുമായി അശ്വിൻ മികച്ച പിന്തുണ നൽകി.

ഇന്ത്യക്കായി പന്തെടുത്ത അഞ്ചു പേരും വിക്കറ്റുകൾ വീഴ്‌ത്തി മികവു തെളിയിച്ചപ്പോൾ അതേ നാണയത്തിൽ തന്നെ തിരിച്ചടിക്കുകയാണ് വെസ്റ്റ് ഇൻഡീസ്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇൻഡീസ് 44.2 ഓവറിൽ വെറും 182 റണ്ണിന് എല്ലാവരും പുറത്താകുകയായിരുന്നു. ക്യാപ്റ്റൻ ജേസൺ ഹോൾഡറിന്റെ അർധസെഞ്ച്വറിയാണ് വിൻഡീസിനെ വൻ തകർച്ചയിൽ നിന്ന് രക്ഷിച്ചത്.

മുഹമ്മദ് ഷാമി മൂന്നു വിക്കറ്റു വീഴ്‌ത്തി. ഉമേഷ് യാദവും രവീന്ദ്ര ജഡേജയും രണ്ടു വീതവും ആർ അശ്വിനും മോഹിത് ശർമയും ഓരോ വിക്കറ്റും വീഴ്‌ത്തി.

എന്നാൽ മറുപടിക്കിറങ്ങിയ ഇന്ത്യക്കു അഞ്ചാം ഓവറിൽ 9 റണ്ണെടുത്ത ശിഖർ ധവാന്റെ വിക്കറ്റു നഷ്ടമായി. ടെയ്‌ലറുടെ പന്തിൽ സാമി പിടിച്ചാണ് ധവാൻ പുറത്തായത്. പിന്നാലെ രോഹിത് ശർമയും മടങ്ങി. ഏഴാം ഓവറിൽ ടെയ്‌ലറുടെ പന്തിൽ കീപ്പർ രാംദിന് പിടികൊടുത്തു മടങ്ങുമ്പോൾ വെറും ഏഴു റണ്ണാണ് രോഹിത് നേടിയിരുന്നത്.

തുടർന്നു വന്ന കോഹ്‌ലിയും രഹാനെയും യഥാക്രമം 33, 14 റൺ വീതം നേടി മടങ്ങി. റെയ്‌നയും 22 റണ്ണിന് പുറത്തായതോടെ അഞ്ചിന് 107 റൺ എന്ന നിലയിലായി ഇന്ത്യ. 23ാം ഓവറിലാണ് സ്‌കോർ 107ൽ നിൽക്കെ റെയ്‌ന മടങ്ങിയത്. പതിമൂന്നു റണ്ണുമായി ജഡേജയും മടങ്ങിയതോടെ ഇന്ത്യയുടെ നില പരുങ്ങലിലായി. പിന്നീടാണ് ധോണിയും അശ്വിനും പതിയെ കളി തിരികെ പിടിച്ചത്.

ആദ്യ ഇന്നിങ്‌സിൽ 20 ഓവറിനു മുമ്പുതന്നെ വെസ്റ്റ് ഇൻഡീസിന്റെ അഞ്ചു വിക്കറ്റുകളാണ് ഇന്ത്യൻ ബൗളർമാർ പിഴുതത്. 19ാം ഓവറിന്റെ ആദ്യ പന്തിൽ ലെൻഡൽ സിമൻസിനെ മോഹിത് ശർമയുടെ പന്തിൽ ഉമേഷ് യാദവ് പിടിക്കുമ്പോൾ അഞ്ചുവിക്കറ്റിന് 67 റണ്ണാണ് വിൻഡീസിന്റെ സ്‌കോർ ബോർഡിൽ ഉണ്ടായിരുന്നത്.

വെടിക്കെട്ടു വീരൻ ക്രിസ് ഗെയ്ൽ ഉൾപ്പെടെയുള്ളവരാണ് ഇന്ത്യൻ ബൗളിങ് നിരയുടെ മൂർച്ച അറിഞ്ഞത്. സിംബാബ്‌വെയ്‌ക്കെതിരെ ഇരട്ട സെഞ്ച്വറി നേടി ഫോമിലേക്കു തിരിച്ചെത്തിയ ക്രിസ് ഗെയ്ൽ ഉൾപ്പെടെ റൺ നേടാൻ വിഷമിക്കുന്ന കാഴ്ചയാണ് പെർത്തിൽ കണ്ടത്. അതേ മത്സരത്തിൽ സെഞ്ച്വറി നേടിയ മാർലൻ സാമുവൽസും കുറഞ്ഞ സ്‌കോറിനു പുറത്തായി.

ആദ്യ വിക്കറ്റു വീണത് അഞ്ചാം ഓവറിലാണ്. ആറു റണ്ണെടുത്ത ഡ്വെയ്ൻ സ്മിത്തിനെ മുഹമ്മദ് ഷാമി ക്യാപ്റ്റൻ ധോണിയുടെ കൈയിൽ എത്തിച്ചു. ആറു റണ്ണുമായി സ്മിത്ത് മടങ്ങുമ്പോൾ വെറും എട്ടു റണ്ണാണ് വിൻഡീസ് നേടിയിരുന്നത്.

പിന്നാലെ രണ്ടു റണ്ണെടുത്ത മാർലൻ സാമുവൽസ് റണ്ണൗട്ടായി. എട്ടാം ഓവറിലാണ് സാമുവൽസ് പുറത്തായത്. ഒമ്പതാം ഓവറിൽ വെടിക്കെട്ടു വീരൻ ഗെയ്‌ലും പുറത്തായി. തുടക്കത്തിൽ റണ്ണെടുക്കാൻ ഏറെ വിഷമിച്ച ഗെയ്ൽ അടി തുടങ്ങിയപ്പോൾ വിക്കറ്റ് നഷ്ടമാകുകയായിരുന്നു. 27 പന്തിൽ രണ്ടു ഫോറും ഒരു സിക്‌സുമുൾപ്പെടെ 21 റണ്ണാണ് ഗെയ്ൽ നേടിയത്. ഷാമിയുടെ പന്തിൽ മോഹിത് ശർമ ക്യാച്ചെടുത്ത് ഗെയ്‌ലിനെ പുറത്താക്കുകയായിരുന്നു.

പത്താം ഓവറിന്റെ ആദ്യ പന്തിൽ വിക്കറ്റ് കീപ്പർ ദിനേശ് രാംദിനും പുറത്തായി. ഉമേഷ് യാദവ് ക്ലീൻ ബൗൾഡാക്കുകയായിരുന്നു രാംദിനെ. നേരിട്ട ആദ്യ പന്തിലാണ് രാംദിൻ പുറത്തായത്. 19ാം ഓവറിൽ 9 റണ്ണെടുത്ത സിമൻസും മടങ്ങി.

പിടിച്ചു നിൽക്കാൻ ശ്രമിച്ച ജൊനാതൻ കാർട്ടറാണ് ആറാം വിക്കറ്റായി കൂടാരം കയറിയത്. 43 പന്തിൽ 21 റണ്ണെടുത്ത കാർട്ടറിനെ അശ്വിന്റെ പന്തിൽ ഷാമിയാണ് പിടികൂടിയത്. 22ാം ഓവറിലാണ് കാർട്ടർ പുറത്തായത്.

25ാം ഓവറിൽ 8 റണ്ണെടുത്ത ആന്ദ്രെ റസൽ പുറത്തായി. ജഡേജയുടെ പന്തിൽ വിരാട് കോഹ്‌ലി പിടിച്ചാണ് റസൽ പുറത്തായത്. തുടർന്ന് മുൻ ക്യാപ്റ്റൻ ഡാരൻ സാമിയും ക്യാപ്റ്റൻ ജേസൺ ഹോൾഡറും പിടിച്ചുനിൽക്കാൻ ശ്രമിച്ചു. പക്ഷേ, ഷാമിയെ പന്തേൽപിച്ച ധോണിയുടെ തന്ത്രത്തിനു മുന്നിൽ വിൻഡീസ് പതറി. 36ാം ഓവറിൽ 26 റണ്ണുമായി സാമി പുറത്ത്. ധോണിയാണ് ക്യാച്ചെടുത്തത്.

11 റണ്ണെടുത്ത ജെറോം ടെയ്‌ലറെ സ്വന്തം പന്തിൽ ഉമേഷ് യാദവ് പിടിച്ചു പുറത്താക്കി. 43ാം ഓവറിലാണ് ടെയ്‌ലർ പുറത്തായത്. ഏറ്റവും ഒടുവിലായാണ് ക്യാപ്റ്റൻ ഹോൾഡർ പുറത്തായത്. ജഡേജയുടെ പന്തിൽ കോഹ്‌ലിക്കു ക്യാച്ച് നൽകി മടങ്ങുമ്പോൾ 64 പന്തിൽ 3 സിക്‌സും 4 ഫോറുമുൾപ്പെടെ 57 റണ്ണാണ് ഹോൾഡർ നേടിയത്.

പരിക്കേറ്റ് കഴിഞ്ഞ കളിയിൽ പുറത്തിരുന്ന ഷാമി മടങ്ങിയെത്തിയപ്പോൾ ഭുവനേശ്വർ കുമാറിന് ടീം ഇന്ത്യ വിശ്രമം അനുവദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP