Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അന്ന് ഡോക്ടർമാർക്ക് നിപ്പയെക്കുറിച്ചു അറിവുണ്ടായിരുന്നത് പുസ്തകങ്ങളിൽ നിന്നു മാത്രം; മെഡിക്കൽ കോളജിൽ ഐസൊലേഷൻ വാർഡുകൾ ഒരുക്കിയതും പോലും ചുരുങ്ങിയ ദിവസത്തിനുള്ളിൽ; രോഗിയുമായി വിദൂരമായി ബന്ധപ്പെട്ടവരെ പോലും ഉൾപ്പെടുത്തി 2000ത്തോളം പേരുടെ സമ്പർക്ക പട്ടികയുണ്ടാക്കി നിരീക്ഷിച്ചതും ഗുണകരം; ഇന്ന് അനുഭവവും അറിവും നമുക്കൊപ്പം ഉണ്ട്; നിപ്പയെ മെരുക്കാമെന്ന ആരോഗ്യവകുപ്പിന്റെ ആത്മ വിശ്വാസത്തിനു പിന്നിലുള്ളത് കോഴിക്കോട്ടെ ചിട്ടയായ പ്രവർത്തനങ്ങളുടെ അനുഭവ സമ്പത്ത്

അന്ന് ഡോക്ടർമാർക്ക് നിപ്പയെക്കുറിച്ചു അറിവുണ്ടായിരുന്നത് പുസ്തകങ്ങളിൽ നിന്നു മാത്രം; മെഡിക്കൽ കോളജിൽ ഐസൊലേഷൻ വാർഡുകൾ ഒരുക്കിയതും പോലും ചുരുങ്ങിയ ദിവസത്തിനുള്ളിൽ; രോഗിയുമായി വിദൂരമായി ബന്ധപ്പെട്ടവരെ പോലും ഉൾപ്പെടുത്തി 2000ത്തോളം പേരുടെ സമ്പർക്ക പട്ടികയുണ്ടാക്കി നിരീക്ഷിച്ചതും ഗുണകരം; ഇന്ന് അനുഭവവും അറിവും നമുക്കൊപ്പം ഉണ്ട്; നിപ്പയെ മെരുക്കാമെന്ന ആരോഗ്യവകുപ്പിന്റെ ആത്മ വിശ്വാസത്തിനു പിന്നിലുള്ളത് കോഴിക്കോട്ടെ ചിട്ടയായ പ്രവർത്തനങ്ങളുടെ അനുഭവ സമ്പത്ത്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: വീണ്ടും ഒരിക്കൽകൂടി നിപ്പ ബാധയെക്കുറിച്ച് വർത്ത നിറയുമ്പോഴും, കഴിഞ്ഞ വർഷത്തെ അത്രപേടിക്കേണ്ട സാഹചര്യം ഇല്ലെന്നും ഇപ്പോൾ നാം ഏത് മഹാമാരിയെയും നേരിടാൻ സുസജ്ജമാണെന്നുമാണ് ആരോഗ്യമന്ത്രിയും അധികൃതരും പറയുന്നത്. എന്നാൽ ഇത് അമിതമായ അവകാശവാദമല്ലെന്നും കഴിഞ്ഞ വർഷത്തേക്കാൾ മെച്ചപ്പെട്ട സാഹചര്യമാണ് ഇപ്പോൾ ഉള്ളതെന്നുമാണ് ഡോക്ടർമാരും ജനകീയാരോഗ്യ പ്രവർത്തകരും പറയുന്നത്.

2018 മേയിലാണ് കോഴിക്കോട്ടു നിപ്പ സ്ഥിരീകരിച്ചത്. ആ സമയത്ത് ചികിത്സാസംഘത്തിലുണ്ടായിരുന്ന ഡോക്ടർമാർക്കു നിപ്പയെക്കുറിച്ചു പുസ്തകങ്ങളിൽ വായിച്ച അറിവല്ലാതെ, ഈ രോഗം ചികിത്സിച്ചു പരിചയമുണ്ടായിരുന്നില്ല. ഇത്തരം രോഗികളെത്തിയാൽ പരിചരിക്കാനുള്ള സൗകര്യം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഉണ്ടായിരുന്നുമില്ല. എന്നാൽ, ഇത്തരം പരിമിതികളൊക്കെ ഉണ്ടായിരുന്നിട്ടും നിപ്പയെ കേരളം നിയന്ത്രണവിധേയമാക്കി. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളെ ചികിത്സിക്കാനുള്ള ഐസൊലേഷൻ വാർഡുകളൊരുക്കി.

കൃത്യമായ പ്രതിരോധപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും ഏകോപിപ്പിച്ചു നടപ്പിലാക്കാനും സാധിച്ചു. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടുതന്നെ ഈ രോഗിയുമായി സമ്പർക്കം പുലർത്തിയ രണ്ടായിരത്തിലധികം ആളുകളുടെ പട്ടിക തയാറാക്കുകയും അവരെ നിരീക്ഷണവിധേയരാക്കുകയും ചെയ്തു.അവർ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചാൽ പെട്ടെന്നു വൈദ്യസഹായം നൽകാനുള്ള സംവിധാനങ്ങളും ഒരുക്കി. അതുകൊണ്ടുതന്നെ മരണസംഖ്യ 17ലും രോഗികളുടെ എണ്ണം 19ലും ഒതുക്കിനിർത്താൻ സാധിച്ചുവെന്നാണ് ഈ രോഗം ആദ്യമായി സ്ഥിരീകരിച്ച കോഴിക്കോട് ബേബി മെമോറിയൽ ഹോസ്പിറ്റലിലെ ഡോ അനൂപ് കുമാറൊക്കെ പന്നീട് എഴുയിയത്.

ഒരു വർഷം കഴിയുമ്പോൾ സാഹചര്യങ്ങളേറെ മാറി. നമ്മുടെ മുന്നിൽ ഒരു വിജയകഥയുണ്ട്, പരിചയമുണ്ട്. ഈ രോഗത്തെ എങ്ങനെ അതിജീവിക്കാം എന്നതിനെപ്പറ്റി വളരെ വ്യക്തമായ ധാരണ സർക്കാരിനും ആരോഗ്യവകുപ്പിനുമുണ്ടെന്നതാണ് നമ്മുടെ കരുത്ത്. അതേസമയം വ്യാജവാർത്തകൾ പ്രചരിപ്പിക്കാതിരിക്കുക എന്നത് ഇതിൽ ഏറ്റവും പ്രാധാനമാണ്.രോഗീ പരിചരണത്തിലടക്കം കടുത്ത ജാഗ്രതയും സൂക്ഷ്മതയും പുലർത്തിയാലും നിപ്പയെ അതിജീവിക്കാൻ കഴിയുമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദ്ധർ പറയുന്നത്. രോഗബാധ തടയാനെന്ന പേരിൽ മാസ്‌ക് ധരിക്കുന്നതു ഭീതി പരത്താൻ മാത്രമേ ഉപകരിക്കൂ. രോഗിയുമായി അടുത്ത് ഇടപഴകുന്നവർ മാത്രമേ മാസ്‌ക് ധരിക്കേണ്ടതുള്ളൂവെന്നുമാണ് ആരോഗ്യ പ്രവർത്തകരും ഡോക്ടർമാരും പറയുന്നത്.

കോഴിക്കോട് അതിജീവിച്ചത് ഇങ്ങനെയാണ്

നിപ്പയിൽ നിന്നുള്ള കോഴിക്കോടിന്റെ അതിജീവനഘടകങ്ങളായി പ്രധാനമായും പറയുന്നത് ശുചിത്വത്തിൽ എടുത്ത മുൻ കരുതൽ തന്നെയാണ്.  കുട്ടികൾ മുതൽ വയോധികർ വരെ നിപ്പയുടെ കരുതലിലായിരുന്നു. പുറത്തുപോയി തിരിച്ച് വീട്ടിലെത്തിയാൽ കുളിക്കാൻ ജനങ്ങൾ മറന്നില്ല. ഭക്ഷണം കഴിക്കുന്നതിനുമുമ്പ് കൈ സോപ്പിട്ടുകഴുകാനും ആരെയും ഓർമിപ്പിക്കേണ്ടിവന്നില്ല. വീട് വിട്ടാൽ ഓഫിസുകളിലും പൊതുസ്ഥലത്തും വ്യക്തിശുചിത്വം എന്ന മന്ത്രമുരുവിടുകയായിരുന്നു അന്ന് പലരും.

കേന്ദ്ര ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പ്രമുഖ വൈറോളജി വിദഗ്ധരും ജില്ലയിലെത്തിയതോടെ അനാവശ്യഭീതികളും ഒഴിവായിരുന്നു. ചികിത്സാ പ്രോട്ടോകോൾ അനുസരിച്ച് രോഗിയുമായി വിദൂരമായി ബന്ധപ്പെട്ടവരെപ്പോലും ഉൾപ്പെടുത്തി 2000ത്തോളം പേരുടെ സമ്പർക്കപ്പട്ടികയുണ്ടാക്കി നിരീക്ഷിച്ചതും ഗുണകരമായി. നിപ്പക്ക് തുടക്കമിട്ട പേരാമ്പ്ര മേഖലയിലുള്ളവരെ ഒറ്റപ്പെടുത്താനുള്ള ചില ശ്രമങ്ങളും ചെറുത്തുതോൽപിക്കാനായി. പേരാമ്പ്രക്കാരനായ തൊഴിൽമന്ത്രി ടി.പി. രാമകൃഷ്ണൻ തന്നെ ജനങ്ങളെ ബോധവത്കരിക്കാൻ വീടുകൾ കയറിയിറങ്ങി. ആരോഗ്യമന്ത്രി കെ കെ ശൈലജയും സജീവമായി രംഗത്തുണ്ടായിരുന്നു.

ആശുപത്രികളിൽനിന്ന് രോഗം പകർന്നതായിരുന്നു കോഴിക്കോടിന്റെ ഏറ്റവും വലിയ ഭീഷണി.പേരാമ്പ്ര താലൂക്ക് ആശുപത്രിയും ബാലുശ്ശേരി കമ്യൂണിറ്റി ഹെൽത്ത് സന്റെറും മുതൽ കോഴിക്കോട് ഗവ. മെഡിക്കൽ കോളജിന്റെ ഇടനാഴി വരെ നിപ വൈറസിന്റെ കേന്ദ്രമായതും ഭീതി വർധിപ്പിച്ചെങ്കിലും ജാഗ്രതയും പ്രതിരോധപ്രവർത്തനങ്ങളും കാര്യങ്ങൾ പഴയനിലയിലാക്കി. ഗുരുതരമായ അവസ്ഥയിലുള്ളവരല്ലാതെ രോഗികൾപോലും ആശുപത്രിയിലെത്താൻ മടിച്ച കാലംകൂടിയായിരുന്നു അത്. പക്ഷേ അതും രോഗം പടരുന്നത് തടയുന്നതിൽ ഫലത്തിൽ ഗുണം ചെയ്തു. ഇവാക്വുവേഷൻ എന്ന മറ്റ് രാജ്യങ്ങളിൽ നടപ്പാക്കിയ രീതി,കോഴിക്കോട്ട് ജനം സ്വയം പുറത്തിറങ്ങാതായതോടെ ഫലത്തിൽ നടപ്പാവുകായിരുന്നു. വ്യക്തി ശുചിത്വത്തിലും പൊതു ശുചിത്വത്തിലും അത്രയേറെ മുൻപന്തിയിൽ അല്ലാത്ത ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ മറ്റോ ആണ് നിപ്പ പൊട്ടിപ്പുറപ്പെടുന്നതെങ്കിൽ ഇതിന്റെ എത്രയോ ഇരട്ടി മരണം ഉണ്ടാകുമായിരുന്നു.

പകർച്ചാ നിരക്ക് താരതമമ്യേന കുറവ്

വളരെക്കുറച്ച് ആളുകളിലേക്കേ ഈ രോഗം പടരുന്നുള്ളൂ എന്നാണ് നിപ്പബാധയുണ്ടായ സ്ഥലങ്ങളിൽ പിന്നീടു നടന്ന പഠനങ്ങൾ വ്യക്തമാക്കുന്നത്. കോഴിക്കോട്ടും ഇത വ്യക്തമാണ്. രോഗം സ്വയം നിയന്ത്രണവിധേയമാവുന്നു എന്നാണ് ഇതു തെളിയിക്കുന്നത്. രോഗസ്ഥിരീകരണം നടന്നാൽ ശ്രദ്ധിക്കേണ്ടതു രോഗപ്രതിരോധത്തിലാണ്. രോഗിയുമായി അടുത്ത് ഇടപഴകിയ ആളുകളുടെ പട്ടിക തയാറാക്കി അവരെ നിരീക്ഷിക്കണം. രോഗലക്ഷണങ്ങൾ കണ്ടാൽ സ്രവങ്ങൾ പരിശോധനയ്ക്ക് അയയ്ക്കുകയും ഇവരെ ഐസൊലേഷൻ വാർഡുകളിലേക്കു മാറ്റുകയും വേണം.

രോഗാണു ശരീരത്തിൽ പ്രവേശിച്ചാൽ 5 മുതൽ 15 വരെ ദിവസങ്ങൾക്കു ശേഷമാണു രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചുതുടങ്ങുക. ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതുവരെ രോഗം മറ്റുള്ളവരിലേക്കു പടരൻ സാധ്യതയില്ല. രോഗലക്ഷണങ്ങളില്ലാത്ത ആളുകളിൽനിന്നു രോഗം പടരില്ലെന്നു ചുരുക്കം. തലച്ചോറിനെയോ ശ്വാസകോശങ്ങളെയോ ആണ് രോഗം ബാധിക്കുക. ശ്വാസകോശത്തിനു രോഗം ബാധിച്ചവരിൽ നിന്നാണു രോഗവ്യാപനത്തിനുള്ള സാധ്യത കൂടുതൽ.തലച്ചോറിനു മാത്രം രോഗം ബാധിച്ചവരിൽനിന്ന് നിപ്പ പടരാനുള്ള സാധ്യത കുറവാണ്.

ആശുപത്രികളെ 'സൂക്ഷിക്കുക'

കഴിഞ്ഞ വർഷം രോഗം ബാധിച്ച 18 പേർക്കും രോഗവ്യാപനമുണ്ടായത് ആശുപത്രികളിൽനിന്നാണ്. സർക്കാർ ആശുപത്രികളിലെ അണുനിർണയ മാർഗങ്ങളുടെ ആവശ്യകതയിലേക്കാണ് ഇതു വിരൽചൂണ്ടുന്നത്.എന്നാൽ, 5 പേരെ ചികിത്സിച്ച സ്വകാര്യ ആശുപത്രിയിൽ വച്ച് ഒരാൾക്കും അണുബാധ വന്നിട്ടില്ല എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. സ്വകാര്യ ആശുപത്രികളിലേതുപോലുള്ള കർശനമായ അണുവിമുക്ത സംവിധാനങ്ങൾ സർക്കാർ ആശുപത്രിയിലേക്കും വ്യാപിപ്പിക്കേണ്ടതുണ്ട്. പക്ഷേ ഇവിടെയും കഴിഞ്ഞതവണത്തെ പാഠങ്ങൾ നമുക്ക് തുണയാവും. ആശുപത്രികൾ അണുവിമുക്തമാക്കേണ്ടതിന്റെ ആവശ്യകത ഇപ്പോൾ ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. കഴിഞ്ഞ തവണത്തേതിന്റെ പശ്ചാത്തലത്തിൽ ഈ വിഷയത്തിൽ നാം ജാഗരൂഗരാണ്.

സോപ്പും ചൂടുവെള്ളവും ഏറ്റവും നല്ല പ്രതിരോധ മാർഗം

നിപ്പയെ തടയുവാനുള്ള എറ്റവും നല്ല മാർഗങ്ങൾ സോപ്പും ചൂടുവെള്ളവുതന്നെയാണെന്നാണ് നാഷണൽ വൈറോളജി ഇൻസ്റ്റിയിറ്റിയൂട്ടിലെ വിദഗ്ദ്ധർ പറയുന്നത്. കോഴിക്കോടിനെ രക്ഷിച്ചതും ഇതുതന്നെയാണ്.സോപ്പുവെള്ളത്തിലെ ക്ഷാരത്തിന്റെ സാന്നിധ്യത്തിൽ വൈറസ് നിർജീവമാകും. പരാമാധി നാൽപ്പതു സെക്കൻഡ്വരെ നന്നായി കൈ കെഴുകുകയും, സോപ്പവെള്ളത്തിൽ കുളിക്കുക അടക്കമുള്ള കാര്യങ്ങളും രോഗപ്രതിരോധത്തിൽ നിർണ്ണായകമാണ്. 22-39 ഡിഗ്രി സെൽഷ്യസാണ് വൈറസിന് അനുകൂലമായ ഊഷ്മാവ്. ഈർപ്പമില്ലാത്ത അവസ്ഥയിലും വൈറസിനു ജീവിക്കാനാകില്ല.

അതുകൊണ്ടുതന്നെ ചൂടാക്കൽ നിപ്പയെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ്. തണുത്ത ഭക്ഷണങ്ങൾ ഒന്നും കഴിക്കാതിരിക്കുക, യാത്രകഴിഞ്ഞ് വന്നാൽ വസ്ത്രങ്ങൾ ചൂടുവെള്ളത്തിൽ അലക്കുക തുടങ്ങിയവയൊക്കെ മികച്ച പ്രതിരോധ നടപടികളാണ്. ഇതോടൊപ്പം ആവശ്യമുള്ളിടത്ത് മാസ്‌ക്കും, കൈയറുകളും ധരിക്കുന്നതും അത്യാവശ്യമാണ് .എന്നാൽ മുഖം ആകെ മൂടിക്കെട്ടി ഭീതി പരത്തിക്കൊണ്ട് പൊതു സ്ഥലങ്ങളിൽ നടക്കേണ്ട കാര്യമില്ലെന്നാണ് ആരോഗ്യ വിധഗ്ധർ പറയുന്നത്. നിങ്ങൾ രോഗിയുമായോ രോഗ സാധ്യതയുള്ള പ്രദേശത്ത് എത്തുമ്പോൾ മാത്രമേ മാസ്‌ക്ക് ഉപയോഗികേണ്ടതുള്ളൂ.

നിപ്പാ വൈറസ്സ് ബാധക്ക് കൃത്യമായ ചികിത്സ ലോകത്തൊരിടത്തും ഇതുവരെ നിലവിൽ വന്നിട്ടില്ല. ലക്ഷണങ്ങൾക്ക് മാത്രമായുള്ള ചികിത്സയാണ് ഇന്ന് നിലവിലുള്ളത്. എന്നാൽ രോഗപ്രതിരോധശേഷി കൂടുതൽ ഉള്ളവർക്ക് നിപ്പയെ അതിജീവിക്കാനാവും. ഇങ്ങനെ നിരവധിപേർ കേരളത്തിലടക്കം നിപ്പയെ അതിജീവിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ രോഗം വന്നാൽപോലും പൂർണ്ണമായും ആശവെടിയേണ്ടെന്ന് ചുരുക്കം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വവ്വാലുകൾ കഴിച്ച പഴങ്ങൾ ഒരു കാരണവശാലും ഭക്ഷിക്കരുത്.

വൃത്തിയായി കഴുകിയശേഷം മാത്രമേ പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കാവൂ.

ശ്വസനസംബന്ധമായ രോഗങ്ങളുമായി വരുന്നവരെ പരിശോധിക്കുമ്പോൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണം.

ചുമയുമായി വരുന്നവരെ 'കഫ് കോർണറി' ലേക്കു മാറ്റണം.

ഇവർക്കു ധരിക്കാൻ മാസ്‌ക് കൊടുക്കണം.

ചുമയുള്ളവർ മറ്റുള്ളവരുമായി ഇടപഴകുമ്പോൾ തൂവാല ഉപയോഗിച്ചു വായ മൂടണം.

പക്ഷികളുടെ കാഷ്ഠം വീഴാൻ സാധ്യതയുള്ള കിണറ്റിലെ വെള്ളം നന്നായി തിളപ്പിച്ച് മാത്രം ഉപയോഗിക്കുക

രോഗിയെ പരിചരിക്കുമ്പോൾ

നിപ്പ വൈറസ് ബാധിച്ച രോഗിയുമായി അടുത്തിടപഴകാതിരിക്കുക. രോഗിയുടെ ശരീരസ്രവങ്ങളുമായി നേരിട്ട് ബന്ധപ്പെടുമ്പോഴാണ് രോഗം പകരുന്നത്. അതായത്, അവർ തുമ്മുകയോ ചുമയ്ക്കുകയോ സംസാരിക്കുകയോ ചെയ്യുമ്പോൾ നമ്മുടെ ശ്വസനവ്യവസ്ഥയിലേക്കെത്തുന്ന രോഗിയുടെ തുപ്പലിൻെയോ മൂക്കിലെ സ്രവങ്ങളുടേയോ അംശത്തിലുള്ള വൈറസുകളാണ് രോഗം പടർത്തുന്നത്. രോഗിയുമായി ഒരു മീറ്റർ അകലമെങ്കിലും പാലിക്കണം. രോഗിയെ ശുശ്രൂഷിക്കുമ്പോൾ മാസ്‌കും കയ്യുറകളും ധരിച്ചിരിക്കണം. അതിനുശേഷം ചുരുങ്ങിയത് നാൽപത് സെക്കന്റ് എടുത്ത് കൈപ്പത്തിയുടെ എല്ലാ ഭാഗത്തും സോപ്പ് എത്തുന്ന വിധത്തിൽ നന്നായി കൈ കഴുകുക. ഭക്ഷണം ഉണ്ടാക്കുന്നതിന് മുൻപും ശേഷവും നന്നായി കൈ സോപ്പുപയോഗിച്ച് കഴുകുക. രോഗിയെ പരിചരിച്ച ശേഷം കുളിച്ച് വസ്ത്രം മാറുക. രോഗിയുടെയും പരിചാരകന്റേയും വസ്ത്രങ്ങൾ വൃത്തിയായി ഡിറ്റർജെന്റ് ഉപയോഗിച്ച് കഴുകുക. മുറിയുടെ നിലം അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കുക. രോഗിയുടെ വിസർജ്യങ്ങളുമായുള്ള സമ്പർക്കവും ഒഴിവാക്കണം.

രോഗലക്ഷണങ്ങൾ

മറ്റു പനികളുടേതിനു സാമനമായ രോഗലക്ഷണങ്ങൾ തന്നെയാണ് ഇതിനും പ്രകടമാകുന്നത്. രോഗലക്ഷണങ്ങൾ പ്രകടമായ ശേഷമേ വൈറസ് മറ്റൊരാളിലേക്കു പകരൂ. വവ്വാലിന്റെ ഉമിനീരിലും വിസർജ്യവസ്തുക്കളിലും നിപ്പ വൈറസ് സാന്നിധ്യമുണ്ട്. വവ്വാൽ കടിച്ച പഴത്തിൽ നിപ്പ വേഗമെത്തും. ഇതിലെ പഞ്ചസാരയും പുളിയും നൽകുന്ന കുറഞ്ഞ പിഎച്ച് കാരണം 3 ദിവസംവരെ ജീവനോടെ ഇരിക്കാനും അനുകൂല സാഹചര്യമൊരുങ്ങും.

ഈ പഴം ഒരാൾ കഴിച്ചെന്നിരിക്കട്ടെ, അയാളുടെ ശ്വാസനാളത്തിലേക്കുള്ള വഴിയാണ് നിപ്പയ്ക്കു തുറന്നുകിട്ടുക. അവിടെ എത്തിയതിനുശേഷം, ശ്വാസകോശത്തിലെ രക്തക്കുഴലിൽ കാണുന്ന എഫ്രിൻ ബിടുവിൽ പറ്റിപ്പിടിച്ച് ഉള്ളിൽ കടക്കുകയും പെരുകുകയും ചെയ്യും. രണ്ടാഴ്ചയ്ക്കുള്ളിൽ രോഗിക്കു തുമ്മലും ചുമയും കടുക്കും. രക്തത്തിലേക്കു പുതിയ നിപ്പകൾ എത്തി വൈറീമിയ എന്ന അവസ്ഥയ്ക്കു തുടക്കമിടും. രക്തത്തിൽ വൈറസ് കലരുന്ന അവസ്ഥയാണിത്. തുടർന്നു രക്തത്തിലൂടെ യാത്രചെയ്തു നിപ്പകൾ തലച്ചോറിലെത്തും. തലച്ചോറിലെ നാഡീകോശങ്ങളിലുള്ള എഫ്രിൻ ബിടുവിൽ കടന്നു മസ്തിഷ്‌കജ്വരം വരുത്തും.

എന്താണ് നിപ്പ?

നിപാ വൈറസ് (ഇംഗ്ലീഷ്: Nipah Virus AYhm NiV) ഹെനിപാ വൈറസ് (Henipavirus) ജീനസിലെ ഒരു ആർഎൻഎ വൈറസ് ആണ്. മലേഷ്യയിലെ സുങകായ് നിപ്പാ എന്ന സ്ഥലത്താണ് ഈ വൈറസ് ബാധമൂലമുള്ള ആദ്യത്തെ സംഭവം രേഖപ്പെടുത്തിയത് എന്നതുകൊണ്ടാണ് പേരു വന്നത്. മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്കോ, മൃഗങ്ങളിൽ നിന്ന് മൃഗങ്ങളിലേക്കോ മൃഗങ്ങളിൽ നിന്ന് മനുഷ്യനിലേക്കോ ഈ വൈറസ് പടരാം. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നും, പന്നികളിൽ നിന്നും, രോഗമുള്ള മനുഷ്യരിൽ നിന്നും നിപാ വൈറസ് പകരുന്നത്.

മലേഷ്യയിലെ നിപ്പാ എന്ന ഗ്രാമത്തിൽ 1998 ലാണ് ഈ രോഗബാധ സ്ഥിരീകരിക്കപ്പെടുന്നതും പിന്നീട് 1999 -ൽ വൈറസിനെ വേർതിരിച്ചെടുക്കുന്നതും. ആ ഗ്രാമത്തിലെ പന്നിവളർത്തുന്ന കർഷകരിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. പന്നികൾക്ക് ഈ രോഗം ബാധിക്കപ്പെട്ടിരിക്കാം എന്നു കരുതി രോഗ സംക്രമണം തടയാൻ ദശലക്ഷക്കണക്കിനു പന്നികളെ അക്കാലത്ത് മലേഷ്യയിൽ കൊന്നൊടുക്കുകയുണ്ടായി. കുറേ ജീവനുകൾ എന്നിട്ടും പൊലിഞ്ഞു. പക്ഷേ പിന്നീടാണ് അസുഖം നിപ്പയാണെന്ന് തിരിച്ചറിയുന്നത്. പിന്നീട് ലോകത്തിന്റെ പല ഭാഗത്തും നിപ്പബാധയുണ്ടായി. പക്ഷേ ഇന്ന്  അതിനെ അതിജീവിക്കാനും പ്രഹരശേഷി കുറക്കാനും ശാസ്ത്രലോകത്തിന് കഴിഞ്ഞിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP