Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ലോകത്തിന്റെ ഏത് കോണിലും കിട്ടാവുന്ന ഏറ്റവും നല്ല ചികിത്സ ഇവിടെ ലഭ്യമാക്കും; മോഹനൻ വൈദ്യർ എന്നയാൾ എവിടെ നിന്നോ പെറുക്കി കൊണ്ടു വന്ന മാമ്പഴം കടിച്ചു കാണിച്ചിട്ട്, വൗവ്വാൽ കടിച്ചതൊക്കെ ഞാൻ കടിച്ചു തിന്നും നിങ്ങളും തിന്നോളൂ എന്ന് നേരത്തെ പറഞ്ഞിരുന്നു; അമ്മാതിരി എങ്ങാനും ഇത്തവണയും ഉണ്ടായാൽ കർശന നടപടി നേരിടേണ്ടി വരും'; നിപ സ്ഥിരീകരിച്ചിരിക്കുന്ന വേളയിൽ അബദ്ധങ്ങളും തെറ്റിദ്ധാരണകളും പരത്തിയാൽ കർശന നടപടിയെന്ന് കെ.കെ ശൈലജ ടീച്ചർ

'ലോകത്തിന്റെ ഏത് കോണിലും കിട്ടാവുന്ന ഏറ്റവും നല്ല ചികിത്സ ഇവിടെ ലഭ്യമാക്കും; മോഹനൻ വൈദ്യർ എന്നയാൾ എവിടെ നിന്നോ പെറുക്കി കൊണ്ടു വന്ന മാമ്പഴം കടിച്ചു കാണിച്ചിട്ട്, വൗവ്വാൽ കടിച്ചതൊക്കെ ഞാൻ കടിച്ചു തിന്നും നിങ്ങളും തിന്നോളൂ എന്ന് നേരത്തെ പറഞ്ഞിരുന്നു; അമ്മാതിരി എങ്ങാനും ഇത്തവണയും ഉണ്ടായാൽ കർശന നടപടി നേരിടേണ്ടി വരും'; നിപ സ്ഥിരീകരിച്ചിരിക്കുന്ന വേളയിൽ അബദ്ധങ്ങളും തെറ്റിദ്ധാരണകളും പരത്തിയാൽ കർശന നടപടിയെന്ന് കെ.കെ ശൈലജ ടീച്ചർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നിപ വൈറസ് സ്ഥിരീകരിച്ചതിന് പിന്നാലെ ആർക്കും ഭീതി വേണ്ടെന്നും ജാഗ്രത പാലിക്കണമെന്നും അറിയിച്ചിരിക്കുന്ന വേളയിലാണ് തെറ്റിധാരണകളും അബദ്ധങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി എടുക്കുമെന്നറിയിച്ച് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ രംഗത്തെത്തിയിരിക്കുന്നത്. എറണാകുളത്തെ വിദ്യാർത്ഥിക്ക് നിപ രോഗബാധയാണെന്ന് സ്ഥിരീകരണം വന്നിരുന്നു. ഇതിന് പിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ വർഷം കോഴിക്കോട് നിപ് ബാധിച്ച സമയത്ത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച വാർത്തകളെ ഉദ്ദേശിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം.

അന്ന് ആരോഗ്യ വകുപ്പിനെ തള്ളിപ്പറഞ്ഞ് അവകാശ വാദങ്ങൾ പരത്തി മോഹൻ വൈദ്യർ, ജേക്കബ് വടക്കഞ്ചേരി എന്നിവർ രംഗത്തെത്തിയിരുന്നു. ഇതിനു സമാനമായി തന്നെ ഇക്കുറിയും ചിലർ രംഗത്തെത്തിയിട്ടുണ്ടെന്നും എറണാകുളത്ത് നിപ ബാധ എന്നത് വെറും തട്ടിപ്പാണെന്നും പിന്നിൽ മരുന്ന് മാഫിയയാണെന്നും അവകാശപ്പെട്ട് ജേക്കബ് വടക്കഞ്ചേരി സമൂഹ മാധ്യമത്തിൽ സെൽഫി വീഡിയ പങ്കുവെച്ചിരുന്നു. ഇയാൾ പ്രകൃതി ചികിത്സകനാണെന്നാണ് അവകാശപ്പെടുന്നത്.

വൗവ്വാലുകൾ ഭക്ഷിച്ചതിന്റെ ബാക്കിയെന്ന അവകാശവാദത്തോടെ മാമ്പഴങ്ങൾ മുറിച്ച് കഴിക്കുന്നതിന്റെ വീഡിയോ മോഹൻ വൈദ്യരും കഴിഞ്ഞ വർഷം പ്രചരിപ്പിച്ചിരുന്നു. എന്നാൽ ഇത്തരത്തിൽ ആശങ്ക പടർത്തുന്ന സന്ദേശങ്ങൾ പങ്കുവെക്കുവർക്കെതിരെ കർശന നടപടിയെടുക്കുമെന്നാണ് ആരോഗ്യ മന്ത്രി അറിയിച്ചിരിക്കുന്നത്.

ശൈലജ ടീച്ചറിന്റെ വാക്കുകളിങ്ങനെ:

നമ്മളിതിനെ നേരിടും, അക്കാര്യത്തിൽ യാതൊരു സംശയവുമില്ല. ലോകത്തിന്റെ ഏതു കോണിലും കിട്ടാവുന്ന ഏറ്റവും നല്ല ചികിത്സ ഇവിടെ ലഭ്യമാക്കും. മറ്റൊരാളിലേക്ക് പകരാതിരിക്കാനുള്ള എല്ലാ സംവിധാനവും സ്വീകരിക്കും. അതിനുള്ള കാര്യങ്ങളെല്ലാം സജ്ജമാണ്. അതുകൊണ്ട് ആരും ഭയപ്പെടരുത്. ജനങ്ങളെ ഭയപ്പെടുത്തുന്ന തരത്തിൽ നവമാധ്യമങ്ങളിൽ അബദ്ധങ്ങൾ ആരും പ്രചരിപ്പിക്കുകയുമരുത്. ഇത് സർക്കാർ കർശനമായി നൽകുന്ന നിർദ്ദേശമാണ്. മോഹനൻ വൈദ്യർ എന്ന് വിശേഷിപ്പിക്കപ്പെടുന്നയാൾ കഴിഞ്ഞ തവണ എവിടെ നിന്നോ പെറുക്കി കൊണ്ടു വന്ന മാമ്പഴം കടിച്ചു കാണിച്ചിട്ട്, വൗവ്വാൽ കടിച്ചതൊക്കെ ഞാൻ കടിച്ചു തിന്നും നിങ്ങളും തിന്നോളൂ എന്നു പറഞ്ഞിരുന്നു.

അമ്മാതിരി എങ്ങാനും ഇത്തവണയും ഉണ്ടായാൽ കർശന നടപടി നേരിടേണ്ടി വരും. വളരെയേറെ ശ്രദ്ധവേണ്ടി വരുന്ന ഒരു സമയത്ത് ഇതുപോലുള്ള അബദ്ധജടിലമായിട്ടുള്ള കാര്യങ്ങൾ പ്രചരിപ്പിക്കുന്നവരെ നാട്ടുകാർ ബഹിഷ്‌കരിക്കണം. അങ്ങനെയുള്ളവർ പറയുന്നതൊന്നും കേൾക്കരുത്. സംസ്ഥാന ആരോഗ്യവകുപ്പും കേന്ദ്ര ആരോഗ്യവകുപ്പും നൽകുന്ന മുന്നറിപ്പുകളും നിർദ്ദേശങ്ങളും എല്ലാവരും അനുസരിക്കണം. പൊതുവായൊരു മാർഗനിർദ്ദേശം എല്ലാവരും സ്വീകരിച്ച് മുന്നോട്ടു പോണം. നമുക്ക് ഒരുമിച്ച് നിന്ന് ഇതിനെ നേരിടാം; ശൈലജ ടീച്ചറുടെ വാക്കുകൾ.

അഞ്ചോ ആറോ ഇടങ്ങളിൽ മാത്രമാണ് ലോകത്ത് നിപ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇത് പുതിയതായി ഉണ്ടായിട്ടുള്ളൊരു ജന്തുജന്യരോഗമായി ആരോഗ്യ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്ന ഒന്നാണ് നിപ. മൃഗങ്ങളിലേക്ക് കൂടി ഇത് പകരാതിരിക്കാൻ വെറ്റിനറി വിഭാഗത്തിന്റെ സഹായം തേടുന്നുണ്ട്. വൗവ്വാലുകളുടെ ഉമിനീരു വഴിയാണ് ഈ വൈറസ് പടരുന്നതെന്ന് ലോകത്ത് കണ്ടുപിടിച്ചിട്ടുണ്ട്.

ബംഗ്ലാദേശിൽ വൗവ്വാൽ മൊത്തിയ പാത്രത്തിൽ നിന്നും കള്ള് കുടിച്ചവർ നിപ വൈറസ് ബാധിച്ചതായി കണ്ടെത്തിയിരുന്നു. വൗവ്വാലുകളുടെ സാന്നിധ്യമുള്ളിടത്ത് സുരക്ഷിതമായി വയ്ക്കാത്ത ഭക്ഷണസാധങ്ങൾ കഴിക്കാതിരുക്കുക. വൗവ്വാലുകൾ കടിച്ചുപേക്ഷിച്ച മാമ്പഴങ്ങൾ കഴിക്കാതിരിക്കുക. പഴങ്ങൾ നന്നായി കഴുകി വൃത്തിയാക്കി വേണം കഴിക്കാൻ.

നിപ്പയുടെ ഓർമ്മകളുള്ള 2018

2018 മേയിലാണ് കോഴിക്കോട്ടു നിപ്പ സ്ഥിരീകരിച്ചത്. ആ സമയത്ത് ചികിത്സാസംഘത്തിലുണ്ടായിരുന്ന ഡോക്ടർമാർക്കു നിപ്പയെക്കുറിച്ചു പുസ്തകങ്ങളിൽ വായിച്ച അറിവല്ലാതെ, ഈ രോഗം ചികിത്സിച്ചു പരിചയമുണ്ടായിരുന്നില്ല. ഇത്തരം രോഗികളെത്തിയാൽ പരിചരിക്കാനുള്ള സൗകര്യം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഉണ്ടായിരുന്നുമില്ല. എന്നാൽ, ഇത്തരം പരിമിതികളൊക്കെ ഉണ്ടായിരുന്നിട്ടും നിപ്പയെ കേരളം നിയന്ത്രണവിധേയമാക്കി. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളെ ചികിത്സിക്കാനുള്ള ഐസൊലേഷൻ വാർഡുകളൊരുക്കി.

കൃത്യമായ പ്രതിരോധപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും ഏകോപിപ്പിച്ചു നടപ്പിലാക്കാനും സാധിച്ചു. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടുതന്നെ ഈ രോഗിയുമായി സമ്പർക്കം പുലർത്തിയ രണ്ടായിരത്തിലധികം ആളുകളുടെ പട്ടിക തയാറാക്കുകയും അവരെ നിരീക്ഷണവിധേയരാക്കുകയും ചെയ്തു.അവർ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചാൽ പെട്ടെന്നു വൈദ്യസഹായം നൽകാനുള്ള സംവിധാനങ്ങളും ഒരുക്കി. അതുകൊണ്ടുതന്നെ മരണസംഖ്യ 17ലും രോഗികളുടെ എണ്ണം 19ലും ഒതുക്കിനിർത്താൻ സാധിച്ചുവെന്നാണ് ഈ രോഗം ആദ്യമായി സ്ഥിരീകരിച്ച കോഴിക്കോട് ബേബി മെമോറിയൽ ഹോസ്പിറ്റലിലെ ഡോ അനൂപ് കുമാറൊക്കെ പന്നീട് എഴുയിയത്.

ഒരു വർഷം കഴിയുമ്പോൾ സാഹചര്യങ്ങളേറെ മാറി. നമ്മുടെ മുന്നിൽ ഒരു വിജയകഥയുണ്ട്, പരിചയമുണ്ട്. ഈ രോഗത്തെ എങ്ങനെ അതിജീവിക്കാം എന്നതിനെപ്പറ്റി വളരെ വ്യക്തമായ ധാരണ സർക്കാരിനും ആരോഗ്യവകുപ്പിനുമുണ്ടെന്നതാണ് നമ്മുടെ കരുത്ത്. അതേസമയം വ്യാജവാർത്തകൾ പ്രചരിപ്പിക്കാതിരിക്കുക എന്നത് ഇതിൽ ഏറ്റവും പ്രാധാനമാണ്.രോഗീ പരിചരണത്തിലടക്കം കടുത്ത ജാഗ്രതയും സൂക്ഷ്മതയും പുലർത്തിയാലും നിപ്പയെ അതിജീവിക്കാൻ കഴിയുമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദ്ധർ പറയുന്നത്.

രോഗബാധ തടയാനെന്ന പേരിൽ മാസ്‌ക് ധരിക്കുന്നതു ഭീതി പരത്താൻ മാത്രമേ ഉപകരിക്കൂ. രോഗിയുമായി അടുത്ത് ഇടപഴകുന്നവർ മാത്രമേ മാസ്‌ക് ധരിക്കേണ്ടതുള്ളൂവെന്നുമാണ് ആരോഗ്യ പ്രവർത്തകരും ഡോക്ടർമാരും പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP