Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സുബ്രഹ്മണ്യ ഭാരതിയെ കാവിയണിയിച്ചതിൽ തമിഴ്‌നാട്ടിൽ വ്യാപക പ്രതിഷേധം; കറുത്ത കോട്ടും വെള്ള തലപ്പാവും മാത്രം ധരിച്ച സുബ്രഹ്മണ്യ ഭാരതിക്ക് കാവി തലപ്പാവ് നൽകി തമിഴ്‌നാട് വിദ്യാഭ്യാസ വകുപ്പ്; കാവി തലപ്പാവ് ധരിച്ച ഭാരതിയെ ആരെങ്കിലും കണ്ടിട്ടുണ്ടോയെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി തങ്കം തെന്നരസു; ദേശീയ പതാകയുടെ നിറം നൽകുക മാത്രമാണ് ചെയ്തതെന്ന് ഡിസൈനർ കതിർ അറുമുഖം

സുബ്രഹ്മണ്യ ഭാരതിയെ കാവിയണിയിച്ചതിൽ തമിഴ്‌നാട്ടിൽ വ്യാപക പ്രതിഷേധം; കറുത്ത കോട്ടും വെള്ള തലപ്പാവും മാത്രം ധരിച്ച സുബ്രഹ്മണ്യ ഭാരതിക്ക് കാവി തലപ്പാവ് നൽകി തമിഴ്‌നാട് വിദ്യാഭ്യാസ വകുപ്പ്; കാവി തലപ്പാവ് ധരിച്ച ഭാരതിയെ ആരെങ്കിലും കണ്ടിട്ടുണ്ടോയെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി തങ്കം തെന്നരസു; ദേശീയ പതാകയുടെ നിറം നൽകുക മാത്രമാണ് ചെയ്തതെന്ന് ഡിസൈനർ കതിർ അറുമുഖം

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: സുബ്രഹ്മണ്യഭാരതിയെ കാവിയുടുപ്പിച്ച തമിഴ്‌നാട് വിദ്യാഭ്യാസ വകുപ്പിനെതിരെ വ്യാപക പ്രതിഷേധം. സ്‌കൂൾ വിദ്യാഭ്യാസ വകുപ്പും എജ്യുക്കേഷണൽ സർവീസ് കോർപ്പറേഷനും ചേർന്നിറക്കിയ 12ാം ക്ലാസ് പുസ്തകത്തിന്റെ കവർ ചിത്രത്തിലാണ് സുബ്രഹ്മണ്യ ഭാരതിയുടെ തലപ്പാവിന് കാവി നിറം നൽകിയിരിക്കുന്നത്. സുബ്രഹ്മണ്യ ഭാരതിയുടെ എല്ലാ ചിത്രങ്ങളും കറുത്ത കോട്ടും, വെള്ള തലപ്പാവും ആയിരിക്കെയാണ് ഈ നിറ വ്യത്യാസം.

വർണാഭമായ കവർപേജാണ് പുസ്തകത്തിനുള്ളത്. ഭാരതിയുടേതു കൂടാതെ ശാസ്ത്രീയ നൃത്തം, നാടോടി നൃത്തം, ക്ഷേത്രങ്ങൾ എന്നിയാണ് കവർ പേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തലപ്പാവിന് കാവി നിറം നൽകിയതിനെതിരെ ഡിഎംകെ പ്രതിഷേധം ആരംഭിച്ചു. കാവി തലപ്പാവ് ധരിച്ച ഭാരതിയെ ആരെങ്കിലും കണ്ടിട്ടുണ്ടോയെന്ന് ഡിഎംകെ എംഎൽഎയും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ തങ്കം തെന്നരസു ചോദിച്ചു.

എന്നാൽ ദുരുദ്ദേശത്തോടെയല്ല ചിത്രം വരച്ചതെന്ന് പേജ് ഡിസൈൻ ചെയ്ത കതിർ അറുമുഖം പറഞ്ഞു. ദേശീയ പതാകയുടെ നിറങ്ങളാണ് ചിത്രങ്ങൾക്ക് നൽകിയിരിക്കുന്നത്. തലപ്പാവിന് നൽകിയിരിക്കുന്ന നിറം കാവിയല്ല ഓറഞ്ചാണെന്നും അദ്ദേഹം പറഞ്ഞു. കാവിവത്കരണത്തിനെതിരെ അദ്ധ്യാപകരടക്കമുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

പ്രമുഖനായ കവി,സ്വതന്ത്രസമര സേനാനി,അനാചാരങ്ങൾക്കെതിരെ പോരാടിയ സാമൂഹിക പരിഷ്‌കർത്താവ് എന്നീ നിലകളിൽ പ്രശസ്തനാണ് സുബ്രഹ്മണ്യ ഭാരതി. അദ്ദേഹം രചിച്ച കൃതികൾ ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെ വളർച്ചക്ക് ആക്കം കൂട്ടിയിട്ടുണ്ട്.

കോൺഗ്രസ്സിലൂടെയാണ് ഭാരതി രാഷ്ട്രീയപ്രവേശനം നടത്തുന്നത്. 1908 ൽ അദ്ദേഹത്തിനെതിരേ ബ്രിട്ടീഷ് സർക്കാർ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും, അതേതുടർന്ന് ഭാരതി പോണ്ടിച്ചേരിയിലേക്കു പലായനം ചെയ്യുകയുമായിരുന്നു. 1918 വരെയുള്ള പത്തു വർഷക്കാലം ഭാരതി ജീവിച്ചത് പോണ്ടിച്ചേരിയിലായിരുന്നു.

രാഷ്ട്രീയം, മതം, സാമൂഹികം എന്നിങ്ങനെ നിരവധി വിഷയങ്ങളിൽ ഭാരതി കൃതികൾ രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കാവ്യരചനകൾ ഇപ്പോഴും, സിനിമകളിലും, കർണ്ണാടകസംഗീതത്തിലും ഉപയോഗിച്ചു വരുന്നുണ്ട്. 1921 സെപ്റ്റംബർ 11 ന് ഭാരതി അന്തരിച്ചു.

തമിഴ്‌നാട്ടിലെ എട്ടയപുരത്തിൽ 1882 ഡിസംബർ 11ന് ജനിച്ചു. ചിന്നസ്വാമി സുബ്രഹ്മണ്യ അയ്യരും, ലക്ഷ്മി അമ്മാളുമായിരുന്നു മാതാപിതാക്കൾ. മകൻ ഒരു എഞ്ചിനീയറാവണമെന്നതായിരുന്നു പിതാവ് ചിന്നസ്വാമി സുബ്രഹ്മണ്യ അയ്യരുടെ ആഗ്രഹം. എന്നാൽ ഒരു സ്വപ്നജീവിയായിരുന്ന ഭാരതി പഠനകാര്യങ്ങളിൽ തീരെ ശ്രദ്ധിച്ചിരുന്നില്ല. തന്റെ അഞ്ചാമത്തെ വയസ്സിൽ ഭാരതിക്ക് അമ്മയേയും, പതിനാറാമത്തെ വയസ്സിൽ പിതാവിനേയും നഷ്ടപ്പെട്ടു. തിരുനെൽവേലിയിലുള്ള എം.ഡി.ടി.ഹിന്ദു കോളേജ് എന്നറിയപ്പെട്ടിരുന്ന ഒരു സ്‌കൂളിലായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം.

എഴാം വയസ്സിൽത്തന്നെ കവിതകൾ രചിക്കാൻ തുടങ്ങി. 11 വയസ്സാവുമ്‌ബോഴേക്കും വിദ്യാദേവി സരസ്വതിയുടെ മറ്റൊരു പേരായ 'ഭാരതി' എന്ന നാമത്തിൽ അറിയപ്പെടാൻ തുടങ്ങി. പതിനഞ്ചാം വയസ്സിൽ ചെല്ലമ്മാളെ വിവാഹം ചെയ്തു, വിവാഹസമയത്ത് ചെല്ലമ്മാൾക്ക് ഏഴു വയസ്സായിരുന്നു പ്രായം. 29 ഇന്ത്യൻ ഭാഷകളും, 3 വിദേശ ഭാഷകളും ഉൾപ്പെട്ടെ, 32 ഭാഷകൾ ഭാരതി സ്വായത്തമാക്കിയിരുന്നു.

1898 മുതൽ രണ്ടു വർഷം വാരണാസിയിൽ താമസിക്കുകയും, അവിടെ വെച്ച് സംസ്‌കൃതവും ഹിന്ദിയും പഠിക്കുകയും ചെയ്തു. വാരണാസി കാലഘട്ടത്തിൽവച്ചാണ് ഭാരതി ഹൈന്ദവ ആത്മീയതയുമായി അടുക്കുന്നത്. ദേശീയപ്രസ്ഥാനത്തിലേക്കുള്ള കാൽവെയ്പും ഈ കാലഘട്ടത്തിൽ തന്നെയായിരുന്നു. തിരിച്ചു വന്നതിനുശേഷം മധുരയിൽ അദ്ധ്യാപകനായി ജോലി ചെയ്തു. പിന്നെ ചെന്നൈയിൽ തമിഴ് പത്രമായ സ്വദേശമിത്രനിൽ പത്രപ്രവർത്തകനായി ജോലി നോക്കി. ഇന്ത്യ എന്ന തമിഴ് വാരിക പുറത്തിറക്കുകയും സ്വാതന്ത്ര്യത്തിനായി പ്രവർത്തിക്കുകയും ചെയ്തു.

1905 ൽ വാരണാസിയിൽ വച്ചു നടന്ന കോൺഗ്രസ്സിന്റെ അഖിലേന്ത്യാ സമ്മേളനത്തിൽ ഭാരതി മുഴുവൻ സമയവും പങ്കെടുത്തു. തിരികെ വീട്ടിലേക്കു മടങ്ങുന്ന വഴിയാണ് ഭാരതി സിസ്റ്റർ.നിവേദിതയുമായി പരിചയപ്പെടുന്നത്. അവരുമായുള്ള അടുപ്പം സ്ത്രീ ശാക്തീകരണത്തിനുവേണ്ടി പ്രവർത്തിക്കാൻ ഭാരതിയെ പ്രേരിപ്പിച്ചു. ബ്രിട്ടീഷുകാർ തടങ്കലിൽ ആക്കാതിരിക്കാൻ വേണ്ടി പോണ്ടിച്ചേരിയിലേക്ക് താമസം മാറ്റി.

പോണ്ടിച്ചേരിയിലെ ജീവിത കാലത്താണ് അദ്ദേഹത്തിൽ നിന്നും പ്രധാനപ്പെട്ട രചനകൾ ഉണ്ടായത്. കൃഷ്ണനെ സ്തുതിച്ചുകൊണ്ട് 'കണ്ണ ഗീതങ്ങളും', പാഞ്ചാലിയുടെ ശപഥത്തെ അടിസ്ഥാനമാക്കി 'പാഞ്ചാലി ശപഥവും' രചിച്ചു. കുയിൽപ്പാട്ട് എന്ന കൃതിയും രചിച്ചു.1918-ൽ പോണ്ടിച്ചേരി വിടുകയുകയും തടങ്കലിൽ ആവുകയും ചെയ്തു. പെട്ടെന്ന് തന്നെ വിട്ടയച്ചു. അതിനു ശേഷം ഭാര്യയുടെ ജന്മനാട്ടിൽ താമസം തുടരുകയും രചനകൾ തുടരുകയും ചെയ്തു.

സുബ്രഹ്മണ്യ ഭാരതി കൃഷ്ണനെക്കൂടാതെ, അല്ലാഹുവിനെയും, കൃസ്തുവിനെയും, മറ്റു ദൈവങ്ങളേയും പറ്റി കൃതികൾ രചിച്ചു. കവിത കൂടാതെ ചെറുകഥകളും പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്.ഇന്ത്യൻ ഭാഷകൾ കൂടാതെ ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ, റഷ്യൻ എന്നീ ഭാഷകളിലേക്കും ഭാരതിയുടെ കൃതികൾ തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്.

1921 സെപ്റ്റംബർ 11-ന് തന്റെ 39-ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു. ദിവസവും ദർശനത്തിന് പോയിരുന്ന തിരുവള്ളിക്കേണി പാർത്ഥസാരഥിക്ഷേത്രത്തിൽ വച്ച് ഒരു കൊമ്പനാനയുടെ അടിയേറ്റതായിരുന്നു മരണകാരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP